20251128 141206 0000

തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഏഴു ജില്ലകളിലും കനത്ത പോളിങ്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. പോളിങ് ബൂത്തുകളിൽ വോട്ടര്‍മാരുടെ നീണ്ട നിരയാണുള്ളത്. ഉച്ചയോടെ ആകെ പോളിങ് ശതമാനം 50 ശതമാനത്തോട് അടുത്തുവെന്നാണ് വിവരം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ 595 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്.

 

ഐതിഹാസിക തിരിച്ചുവരവുണ്ടാകുമെന്ന് വോട്ട് ചെയ്തശേഷം വിഡി സതീശൻ പ്രതികരിച്ചു. ജനങ്ങൾ യുഡിഎഫിന്‍റെ തിരിച്ചു വരവിന് കാത്തിരിക്കുകയാണ്.അയ്യപ്പന്‍റെ സ്വർണം കവർന്നവരെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്നും ഉന്നതരിലേക്ക് അന്വേഷണം പോകാതിരിക്കാൻ മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്ന് സമ്മർദ്ദമുണ്ടെന്നും തെരഞ്ഞെടുപ്പ് കഴിയും വരെ ഉന്നതരെ ചോദ്യം ചെയ്യാതിരിക്കാൻ സമ്മർദമുണ്ടെന്നും വിഡി സതീശൻ ആരോപിച്ചു.

 

എൽഡിഎഫ് ചരിത്ര വിജയം നേടുമെന്നും മികച്ച മുന്നേറ്റമുണ്ടാക്കുമെന്നും എംഎ ബേബി പറഞ്ഞു.തദ്ദേശ തെരഞെടുപ്പിൽ പൊതുവെ മികച്ച മുന്നേറ്റം ഇടതനുകൂലമായി ഉണ്ടാകാറുണ്ട്. അത് തന്നെ ഇത്തവണയും പ്രതീക്ഷിക്കുകയാണ്.പൊതു രാഷ്ട്രീയ സ്ഥിതി ചർച്ചയാകും. വർഗീയതക്കെതിരെ ജനവിധിയാണ് പ്രതീക്ഷിക്കുന്നത്. ശബരിമല സ്വർണ്ണക്കൊള്ള ചർച്ചയാകും.ഇടതുമുന്നണിക്ക് ഇക്കാര്യത്തിൽ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

നിർണായകമായ തെരഞ്ഞെടുപ്പാണെന്ന് വോട്ട് ചെയ്തശേഷം ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍. നാടിന്‍റെ ഒരു മാറ്റത്തിനായി വോട്ട് ചെയ്യണമെന്നും നാടിന് ഗുണം ചെയ്യുന്ന കാര്യത്തിനായി വോട്ട് ചെയ്യണമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

 

തെരഞ്ഞെടുപ്പ് ദിവസം ശാസ്തമംഗലം വാർഡിലെ ബിജെപി സ്ഥാനാർത്ഥിയും മുൻ ഡിജിപിയുമായ ആർ ശ്രീലേഖ പ്രീ പോൾ സർവേ ഫലം പങ്കുവച്ചത് പെരുമാറ്റ ചട്ട ലംഘനമെന്ന് മന്ത്രി വി ശിവൻകുട്ടി. ബന്ധപ്പെട്ട അധികൃതർ ഉചിതമായ നടപടികൾ സ്വീകരിക്കും എന്ന് പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.തിരുവനന്തപുരം കോർപറേഷനിൽ എൻഡിഎയ്ക്ക് മുൻതൂക്കം എന്ന സർവേ ഫലമാണ് ആർ ശ്രീലേഖ പങ്കുവച്ചത്. സി ഫോർ സർവേ പ്രീ പോൾ ഫലം എന്ന പേരിലാണ് ഇന്ന് രാവിലെ പോസ്റ്റർ പങ്കുവച്ചത്.

 

ബിജെപി സ്ഥാനാർത്ഥിയും മുൻ ഡിജിപിയുമായ ആർ ശ്രീലേഖയുടെ ‘പ്രീ പോൾ സർവേ’ പോസ്റ്റ്‌ വിവാദത്തിൽ. പോസ്റ്റിനെതിരെ നടപടി എടുക്കുമെന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ വ്യക്തമാക്കി. സൈബർ പൊലീസിന് റിപ്പോർട്ട്‌ ചെയ്തെന്നും പോസ്റ്റ് ഗൗരവമായി കാണുന്നുവെന്നും കമ്മീഷൻ അറിയിച്ചു. അതേസമയം, വിവാദമായതോടെ ശ്രീലേഖ പോസ്റ്റ്‌ ഡിലീറ്റ് ചെയ്തു.

 

തിരുവനന്തപുരം കോർപറേഷനിൽ ബിജെപി തിലകം അണിയുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വികസനം ഉയർത്തിയുള്ള ബിജെപിയുടെ പ്രചാരണത്തിൽ ജനങ്ങളിൽ നിന്ന് അനുകൂല പ്രതികരണം ഉണ്ടായിട്ടുണ്ടെന്നും തിരുവനന്തപുരത്ത് കേവല ഭൂരിപക്ഷമാണോ മികച്ച ഭൂരിപക്ഷമാണോയെന്ന് ജനങ്ങൾ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

വോട്ടെടുപ്പ് ദിനത്തിൽ എറണാകുളം മൂവാറ്റുപുഴ താലൂക്കിലെ പാമ്പാക്കുട പഞ്ചായത്തിലെ പത്താം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി സിഎസ് ബാബു മരിച്ചതിനെ തുടർന്ന് പാമ്പാക്കുട പഞ്ചായത്തിലെ പത്താം വാര്‍ഡിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. ഇന്ന് പുലര്‍ച്ചെ 2.30ന് ഹൃദയാഘാതത്തെതുടര്‍ന്നായിരുന്നു അന്ത്യം. പിറവം മര്‍ച്ചന്‍റ് അസോസിയേഷൻ മുൻ പ്രസിഡന്‍റാണ് സിഎസ് ബാബു.

 

വോട്ടർ പട്ടികയിൽ പേര് ചേർത്തിട്ടില്ലാത്തതിനാൽ നടൻ മമ്മൂട്ടി ഇത്തവണയും തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യില്ല. പനമ്പിള്ളി നഗറിൽ നിന്നും എളംകുളത്തേക്ക് മമ്മൂട്ടിയും കുടുംബവും താമസം മാറിയിരുന്നു. ഭാര്യ സുൽഫത്തിൻ്റെ വോട്ട് പനമ്പിള്ളി നഗറിലെ വോട്ടർ പട്ടികയിൽ ഉണ്ട്. എന്നാൽ മമ്മൂട്ടിയുടെ പേര് ഇല്ല. സാധാരണ മിക്കവാറും എല്ലാ തെരഞ്ഞെടുപ്പുകളിലും തിരക്കുകൾ മാറ്റിവച്ച് വോട്ട് ചെയ്യാൻ മമ്മൂട്ടി എത്താറുണ്ട്.

 

കേരളത്തിൽ എസ്ഐആർ നടപടികൾ രണ്ടു ദിവസത്തേക്ക് കൂടി നീട്ടാൻ നിർദ്ദേശം നൽകി സുപ്രീംകോടതി. രണ്ടാഴ്ചത്തേക്ക് നടപടി നീട്ടണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. കോടതി നിർദ്ദേശപ്രകാരം എന്യുമറേഷൻ ഫോം തിരികെ വാങ്ങുന്നതിനുള്ള സമയം 18 വരെ നീട്ടിയിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

 

നടിയെ ആക്രമിച്ച കേസിൽ തനിക്കെതിരായ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യവുമായി നിയമ നടപടിക്കൊരുങ്ങി നടൻ ദിലീപ്. അന്വേഷണ സംഘം മുഖ്യമന്ത്രിയെ ഉൾപ്പെടെ തെറ്റിദ്ധരിപ്പിച്ചുവെന്നും ഉദ്യോഗസ്ഥർ അവരുടെ നേട്ടത്തിനായി തന്നെ ബലിയാടാക്കിയെന്നുമാണ് ദിലീപ് പറയുന്നത്. ഇക്കാര്യത്തിൽ വിധി പകർപ്പ് ലഭിച്ചശേഷം തുടർനടപടി സ്വീകരിക്കാനാണ് ദിലീപിന്‍റെ നീക്കം.

 

നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിന് നീതി കിട്ടിയെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. കലാകാരൻ എന്ന നിലയിൽ മാത്രമല്ല, വ്യക്തിയെന്ന നിലയിലും ദിലീപിനെ സംബന്ധിച്ചിടത്തോളം നീതി ലഭ്യമായി എന്നും ദിലീപുമായി അടുത്ത ബന്ധമുണ്ട്, വ്യക്തിപരമായി സന്തോഷമുണ്ടെന്നും അടൂർ പ്രകാശ് പറഞ്ഞു. സർക്കാർ അറസ്റ്റ് രാഷ്ട്രീയനേട്ടത്തിന് ഉപയോഗിച്ചുവെന്നും സർക്കാർ അപ്പീൽ പോകുമല്ലോ, സർക്കാരിന് മറ്റു പണിയൊന്നുമില്ലല്ലോ, ആരെ ദ്രോഹിക്കാനുണ്ട് എന്നുള്ളതാണ് സർക്കാർ നോക്കുന്നത്, ആ സർക്കാരിനെ സംബന്ധിച്ചിടത്തോളം എന്ത് വേണമെങ്കിലും കെട്ടിച്ചമച്ചുണ്ടാക്കാൻ പറ്റുന്നതാണെന്നും അടൂർ പ്രകാശ് പറഞ്ഞു.

 

നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധിയിൽ നടൻ ദിലീപിനെ പിന്തുണച്ച് നടത്തിയ പരാമർശത്തിൽ മലക്കം മറിഞ്ഞ് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. കെപിസിസിയുടെ നിര്‍ദേശപ്രകാരമാണ് അടൂര്‍ പ്രകാശ് പ്രസ്താവന തിരുത്തിയതെന്നാണ് വിവരം. താൻ എന്നും

അതിജീവിതക്കൊപ്പമെന്ന് പറഞ്ഞ അടൂർ പ്രകാശ് മാധ്യമങ്ങൾ നൽകിയത് ഒരു വശം മാത്രമെന്നും വിമര്‍ശിച്ചു. തന്‍റെ പ്രസ്താവനയെ വളച്ചൊടിച്ചെന്നും അടൂര്‍ പ്രകാശ് ആരോപിച്ചു.

 

നടി ആക്രമിക്കപ്പെട്ട കേസ് പ്രോസിക്യൂഷൻ നന്നായി കൈകാര്യം ചെയ്തുവെന്നും നിയമപരമായ പരിശോധന നടത്തി തുടർ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അതിജീവിതയ്ക്ക് എല്ലാ പിന്തുണയും സർക്കാർ നൽകി ഇനിയും അത് തുടരുമെന്നും അടൂർ പ്രകാശിന്റെ പ്രസ്താവന യുഡിഎഫ് നിലപാടാണ് പൊതുസമൂഹം അങ്ങനെ ചിന്തിക്കുന്നില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.

 

അടൂർ പ്രകാശിനെ തള്ളി കെപിസിസി. കോൺഗ്രസ് അതിജീവിതക്കൊപ്പമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പ്രതികരിച്ചു. അടൂർ പ്രകാശിന്റെ പ്രതികരണം വ്യക്തിപരമെന്ന് എംഎം ഹസനും പറഞ്ഞു. കോൺഗ്രസ് വേട്ടക്കാരന് ഒപ്പമല്ലെന്നായിരുന്നു മുതിർന്ന കോൺഗ്രസ് നേതാവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയുടെ പ്രതികരണം. മുന്നണിയുടെ പേരിൽ അഭിപ്രായം വേണ്ടെന്ന് രാജ് മോഹൻ ഉണ്ണിത്താൻ വ്യക്തമാക്കി. അതിജീവിതയ്ക്ക് നീതി കിട്ടിയില്ലെന്ന തോന്നലുണ്ടെങ്കിൽ അപ്പീൽ പോകാമെന്ന് മുരളീധരൻ അഭിപ്രായപ്പെട്ടു. എന്നും എപ്പോഴും അതിജീവിതക്ക് ഒപ്പമെന്നായിരുന്നു വിഎം സുധീരന്‍റെ പ്രതികരണം.

 

നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയിൽ അതിജീവിതയ്ക്ക് സമ്പൂർണ്ണ നീതി ലഭിച്ചില്ലെന്ന് കോൺഗ്രസ് നേതാവും എം.എൽ.എയുമായ ഉമ തോമസ്. താൻ എന്നും അതിജീവിതയ്ക്ക് ഒപ്പമുണ്ടായിരിക്കുമെന്നും അവർ വ്യക്തമാക്കി. അതേസമയം ദിലീപിൻ്റെ മുൻ ഭാര്യ മഞ്ജു വാര്യർക്കെതിരായ ദിലീപിന്റെ പരാമർശം കേസിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും ഉമ തോമസ് ആരോപിച്ചു.

 

നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിന് നീതി ലഭിച്ചുവെന്ന യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പ്രസ്ഥാവന അങ്ങേയറ്റം സ്ത്രീവിരുദ്ധമായ പ്രതികരണമാണെന്ന് മന്ത്രി വീണാ ജോർജ്. അവൾക്കൊപ്പം തുടർന്നും ഉണ്ടാകും, അടൂർ പ്രകാശിന്റെ പ്രസ്ഥാനത്തിൻ്റെ സ്ത്രീവിരുദ്ധതയാണ് കണ്ടത്, കോൺഗ്രസിന്റെ സ്ത്രീവിരുദ്ധതയാണ് വാക്കുകളിലൂടെ വ്യക്തമാകുന്നത്, നടി അനുഭവിച്ച പീഡനവും അവർ എടുത്ത നിശ്ചയദാർഢ്യത്തോടെയുള്ള നിലപാടാണ് പോരാട്ടങ്ങളെ മുന്നോട്ടു നയിച്ചതെന്നും ‌മന്ത്രി വീണാ ജോർജ് പറഞ്ഞു.

 

ദിലീപിന് നീതി കിട്ടിയെന്ന് അടൂർ പ്രകാശ് പറഞ്ഞത് കോണ്‍ഗ്രസിന്‍റെ നിലപാടായിരിക്കുമെന്ന് വി. ശിവൻകുട്ടി വിമർശിച്ചു. അത് ശരിയാണോയെന്ന് ജനങ്ങൾ തീരുമാനിക്കട്ടെയെന്നും സർക്കാർ അതിജീവിതയ്ക്ക് ഒപ്പമാണ്, സർക്കാർ അപ്പീൽ പോകാൻ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കോടതി വിധിയെ മാനിക്കാതിരിക്കാൻ കഴിയുമോയെന്നും ഒരു നിരപരാധിയും ശിക്ഷിക്കപ്പെടാൻ പാടില്ലെന്നും നടനും എം എൽ എയുമായ മുകേഷ് പറഞ്ഞു. വിധി പകര്‍പ്പു ലഭിച്ചശേഷമെ കൂടുതൽ കാര്യം പറയാനാകുവെന്നും ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ അപ്പീൽ പോകുന്നതിലൊക്കെ സര്‍ക്കാര്‍ തന്നെ തീരുമാനം പറയുമെന്നും മുകേഷ് പറഞ്ഞു.

 

അടൂര്‍ പ്രകാശിന്‍റെ പ്രസ്താവനയോടെ യുഡിഎഫ് അതിജീവിതക്കൊപ്പം അല്ലെന്ന് വ്യക്തമായെന്ന് പി രാജീവ് പറഞ്ഞു. കേസിലെ വ്യക്തികള്‍ ആരെന്നത് സര്‍ക്കാരിന് പ്രധാനമല്ല. സര്‍ക്കാര്‍ തുടക്കം മുതൽ അതിജീവിതക്കൊപ്പമാണ്. ജഡ്ജിക്കെതിരെ നടക്കുന്ന വ്യക്തിപരമായ ആക്രമണങ്ങള്‍ അംഗീകരിക്കാനാവില്ല. വിധിയെ വിമര്‍ശിക്കാം, പക്ഷേ വ്യക്തിപരമായ വിമര്‍ശനങ്ങള്‍ പാടില്ലെന്നും മന്ത്രി പി രാജീവ് പറഞ്ഞു.

 

നടി ആക്രമിക്കപ്പെട്ട കേസിലെ വിധിയിൽ താൻ അതിജീവിതയ്ക്ക് ഒപ്പമാണെന്നും സർക്കാർ അപ്പീലിന് പോകുന്നതാണ് ശരിയെന്നും ശശി തരൂർ അഭിപ്രായപ്പെട്ടു. ഇതിൽ ന്യായത്തിന്റെ പക്ഷമാണ് പിടിക്കേണ്ടത്. ഏതെങ്കിലും ഒരു വശം പിടിക്കേണ്ടതില്ല. നീതി കിട്ടിയിട്ടില്ല എന്ന് നടിക്ക് തോന്നുന്നുണ്ടാകുമെന്നും നിയമനടപടികൾ നടക്കട്ടെയെന്നും തരൂർ കൂട്ടിച്ചേർത്തു. അതേസമയം യുഡിഎഫ് കൺവീനർ പറഞ്ഞത് അദ്ദേഹത്തോട് ചോദിക്കൂ എന്നായിരുന്നു തരൂരിന്റെ മറുപടി.

 

നടി ആക്രമിക്കപ്പെട്ട കേസിൽ കോടതിവിധിക്കെതിരെ മേൽക്കോടതിയിലേക്ക് പോവുകയാണെങ്കിൽ തനിക്ക് അറിയാവുന്ന എന്തെങ്കിലും പുതിയ കാര്യങ്ങൾ കൂടി ഉണ്ടെങ്കിൽ പറയാൻ തയ്യാറാണെന്ന് നടൻ ലാൽ. വിധി ശരിയാണോ തെറ്റാണോ എന്ന് പറയാൻ താൻ ആളല്ലെന്ന് ലാൽ പറഞ്ഞു. താൻ വല്ലാത്തൊരു സമാധാനക്കേടിലാണ്. അതുകൊണ്ട് പെൺകുട്ടിയെ വിധി വന്നശേഷം വിളിച്ചിട്ടില്ലെന്നും ലാൽ മാധ്യമങ്ങളോട് പ്രതികരിച്ചു.

 

അതിജീവിതക്ക് ഒപ്പമാണെന്നും കോടതിവിധിയെ മാനിക്കുന്നുവെന്നും നടൻ ആസിഫ് അലി പറഞ്ഞു. അതിജീവിതക്ക് നീതി ലഭിക്കണം എന്നായിരുന്നു തൻറെ നിലപാട്. അത് ആരെങ്കിലും ശിക്ഷിക്കപ്പെടണം എന്നല്ല. വിധിയെ കുറിച്ച് എന്തെങ്കിലും പറഞ്ഞാൽ കോടതി നിന്ദ ആകുമെന്നും ആസിഫ് അലി പറഞ്ഞു. അതേസമയം കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടു എന്നാണ് വിശ്വാസമെന്നും, ദിലീപ് കുറ്റവാളി അല്ല എന്നാണ് കോടതി പറഞ്ഞതെന്നും തിരക്കഥാകൃത്തും നടനുമായ രണ്‍ജി പണിക്കര്‍. വിധി എതിരായാൽ ഒരു ഭാഗത്തുള്ളവർക്ക് ആക്ഷേപം ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും രണ്‍ജി പണിക്കര്‍ പറഞ്ഞു.

 

നടിയെ ആക്രമിച്ച കേസിൽ ഗൂഢാലോചനയുണ്ടെങ്കിൽ സർക്കാർ തെളിയിക്കട്ടെയെന്ന് സംവിധായകൻ വിനയൻ. കോടതി നടപടിക്രമങ്ങളുമായി മുന്നോട് പോകട്ടെയെന്നും ഒരുപാട് ആരോപണങ്ങൾ ഉള്ള സ്ഥിതിക്ക് മേൽക്കോടതി വന്നാൽ കൂടുതൽ വിശ്വാസ്യത ഉണ്ടാകുമെന്നും വിനയൻ പറഞ്ഞു. ക്വട്ടേഷൻ ആണെന്ന് സർക്കാരാണ് പറഞ്ഞത് അത് തെളിയിക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്നും വിനയൻ മാധ്യമങ്ങളോട് പറഞ്ഞു.

 

നടൻ ദിലീപിനെ സംഘടനകളിലേക്ക് തിരിച്ചെടുക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് ഫെഫ്കയിൽ നിന്ന് രാജിവെച്ച് നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. അന്തിമ വിധിയെന്ന നിലയിൽ സംഘടനകൾ കാണുന്നുവെന്നും ഇനി ഒരു സംഘടനയുടെയും ഭാഗമാകില്ലെന്നും സംഘടനകൾക്കെതിരെ ഭാഗ്യലക്ഷ്മി തുറന്നടിച്ചു. ദിലീപ് നിരപരാധിയെന്ന് സുപ്രീം കോടതി പറയണം. നിലവിൽ വിധി പറഞ്ഞത് കീഴ്ക്കോടതി മാത്രമാണ്. അതിജീവിതയോട് സംസാരിക്കുക പോലും ചെയ്തില്ലെന്നും ഫെഫ്കയെ ഭാഗ്യലക്ഷ്മി വിമര്‍ശിച്ചു.

 

അയ്യപ്പനോട് കളിച്ചവരാരും ജയിച്ചിട്ടില്ലെന്ന് രമേശ് ചെന്നിത്തല. സർക്കാർ വിരുദ്ധ വികാരം ശക്തമാണ്, കോടിക്കണക്കിനു ആളുകളുടെ വികാരം വ്രണപ്പെടുത്തി, അന്തർ ദേശീയ സംഘങ്ങൾക്കുള്ള ബന്ധം അന്വേഷിക്കണമെന്നും എസ് ഐ റ്റി യ്ക്ക് അടുത്ത ദിവസം മൊഴി നൽകുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിമാരെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണ് മന്ത്രി അറിയാതെ ഒരു കൊള്ളയും നടക്കില്ല എന്നും അദ്ദേഹം പറഞ്ഞു.

 

ഇറാനിയന്‍ സംവിധായകന്‍ മുഹമ്മദ് റസൂലോഫ് 30ാമത് ഐ.എഫ്.എഫ്.കെയിലെ മല്‍സരവിഭാഗത്തിന്റെ ജൂറി ചെയര്‍പേഴ്‌സണ്‍ ആയി പ്രവര്‍ത്തിക്കും. കഴിഞ്ഞ വര്‍ഷത്തെ കാന്‍ ചലച്ചിത്രമേളയില്‍ നാല് പുരസ്‌കാരങ്ങള്‍ നേടിയ ‘ദ സീഡ് ഓഫ് ദ സേക്രഡ് ഫിഗ്’ ഉള്‍പ്പെടെ നാലു ചിത്രങ്ങളിലൂടെ എട്ട് പുരസ്‌കാരങ്ങള്‍ കാന്‍ മേളയില്‍നിന്ന് തന്നെ നേടിയ അപൂര്‍വം സംവിധായകരിലൊരാളാണ് റസൂലോഫ്.

 

എറണാകുളം പെരുമ്പാവൂർ വെങ്ങോലയിൽ വോട്ട് ചെയ്യാൻ എത്തിയ ആൾ കുഴഞ്ഞുവീണ് മരിച്ചു.പെരുമ്പാവൂർ വെങ്ങോലയിൽ ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. വെസ്റ്റ് വെങ്ങോല അമ്പലപ്പറമ്പിൽ വീട്ടിൽ രാഘവൻ നായർ (80) ആണ് മരിച്ചത്. ക്യൂവിൽ നിൽക്കുന്നതിനിടെ രാഘവൻ നായര്‍ കുഴഞ്ഞുവീഴുകയായിരുന്നു.

 

മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് ജി ആർ സ്വാമിനാഥനെതിരെ ഇമ്പീച്മെന്റ് പ്രമേയം അവതരിപ്പിക്കാൻ ഡിഎംകെ സഖ്യത്തിലെ എംപിമാരുടെ നീക്കം. മധുര തിരുപ്പരൻകുന്ദ്രം മലയിൽ ദീപം തെളിക്കാനുള്ള വിവാദ ഉത്തരവിനു പിന്നാലെയാണ് നീക്കം. ഹൈക്കോടതിയുടെ ഡിവിഷൻ ബഞ്ചിന്റെ 2017ലേ ഉത്തരവിനു വിരുദ്ധമായി സിക്കന്ദർ ദർഗയുടെ സമീപം ദീപം തെളിക്കാൻ ജസ്റ്റിസ് സ്വാമിനാഥൻ ഉത്തരവിട്ടന്നാണ് ആക്ഷേപം . എംപിമാരുടെ ഒപ്പ് ശേഖരണം തുടങ്ങിയതായാണ് സൂചന.

 

കർണാടകയിൽ വനിതാ ജീവനക്കാർക്ക് മാസത്തിൽ ഒരു ദിവസം ആർത്തവ അവധി നിർബന്ധമാക്കിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് ജ്യോതി എം ആണ് ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. സർക്കാർ വിജ്ഞാപനം നിയമപരമായി നിലനിൽക്കുന്നതല്ലെന്നും സ്വകാര്യ സ്ഥാപനങ്ങൾക്ക് മേൽ അമിതഭാരം അടിച്ചേൽപ്പിക്കുന്ന തീരുമാനമാണെന്നും ചൂണ്ടിക്കാട്ടി ബാംഗ്ലൂർ ഹോട്ടൽസ് അസോസിയേഷൻ ഉൾപ്പെടെയുള്ളവർ സമർപ്പിച്ച ഹർജികൾ പരിഗണിച്ചാണ് കോടതി ഉത്തരവ് സ്റ്റേ ചെയ്തത്.

 

പൗരത്വം നേടും മുൻപ് വോട്ടർ പട്ടികയിലിടം നേടിയെന്ന ഹർജിയിൽ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് നോട്ടീസ്. ദില്ലി റൗസ് അവന്യു കോടതിയാണ് സോണിയക്ക് നോട്ടീസ് അയച്ചത്. സോണിയ ഇന്ത്യൻ പൗരത്വം നേടിയത് 1983ലാണെന്നും 1980ൽ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടുവെന്നുമാണ് ഹർജിയിലെ വാദം. ഹർജി ജനുവരി 6ന് പരിഗണിക്കും.

 

ആഭ്യന്തര വിമാന സർവീസുകളിൽ ഇൻഡിഗോയുടെ കുത്തക ഒഴിവാക്കാൻ പത്തു ശതമാനം സർവീസുകൾ മറ്റ് എയർലൈൻസുകൾക്ക് കൈമാറാൻ സർക്കാർ നീക്കം. വിമാനങ്ങൾ റദ്ദാക്കിയതിനെത്തുടർന്ന് ഉണ്ടായ ഗുരുതരമായ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ, ആദ്യം 5 ശതമാനത്തിൽ തുടങ്ങി ആവശ്യമെങ്കിൽ തുടർന്നുള്ള ദിവസങ്ങളിൽ വീണ്ടും 5% എന്ന ക്രമത്തിൽ ഷെഡ്യൂൾ വെട്ടിച്ചുരുക്കി മറ്റ് എയർലൈൻസുകൾക്ക് നൽകാനാണ് നീക്കം.

 

ഇന്ത്യയ്ക്ക് മേൽ വീണ്ടും ഭീഷണിയുമായി ഡോണൾഡ് ട്രംപ്. ഇന്ത്യയിൽ നിന്നുള്ള അരിയടക്കം കാർഷിക ഉൽപ്പന്നങ്ങളുടെ ഇറക്കുമതിക്ക് പുതിയ താരിഫുകൾ ചുമത്തുമെന്നാണ് ഭീഷണി. ഇരു രാജ്യങ്ങളുമായുള്ള വ്യാപാര ചർച്ചകളിൽ കാര്യമായ പുരോഗതിയില്ലാത്ത സാഹചര്യത്തിലാണ് ട്രംപിന്റെ പുതിയ നീക്കം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *