ബ്രെഡ് ഓംലെറ്റ് ഒരു ഹെല്‍ത്തി ബ്രെക്ക്ഫാസ്റ്റ് ആണ്. എന്നാല്‍ അതിലെ ചേരുവകളുടെ അടിസ്ഥാനത്തിലാണ് അവയുടെ പോഷകമൂല്യം അളക്കേണ്ടതെന്ന് പോഷകാഹാര വിദഗ്ധര്‍ പറയുന്നു. ചേരുവകളും അളവും ബാലന്‍സ്ഡ് ആണെങ്കില്‍, എല്ലാ ദിവസവും പ്രഭാതഭക്ഷണത്തിന് ബ്രെഡ് ഓംലെറ്റ് കഴിക്കുന്നത് ശരീരത്തിന് തികച്ചും ആരോഗ്യകരമാണ്. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണമാണ് ഓംലറ്റ്. ആരോഗ്യകരമായ കൊഴുപ്പുകളും അവശ്യ അമിനോ ആസിഡുകളും വിറ്റാമിന്‍ ബി 12, വിറ്റാമിന്‍ ഡി എന്നിവയും ഇതിലുണ്ട്. ബ്രെഡില്‍ ഊര്ജ്ജിത്തിനായുള്ള കാര്‍ബോഹൈഡ്രേറ്റുകളും അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും ചേരുമ്പോള്‍ മാക്രോന്യൂട്രിയന്റുകള്‍, പ്രോട്ടീന്‍, കാര്‍ബ്സ്, കൊഴുപ്പ് തുടങ്ങി ഒരു ദിവസം തുടങ്ങാന്‍ ശരീരത്തിനാവശ്യമായതെല്ലാം ലഭിക്കുന്നു. മുഴുധാന്യ ബ്രഡും മള്‍ട്ടി ഗ്രെയ്ന്‍ ബ്രഡും നാരുകള്‍ ധാരാളം അടങ്ങിയതാണ്. ഇവ ദഹനത്തിന് സഹായിക്കുന്നതോടൊപ്പം ഏറെ നേരം വയര്‍ നിറഞ്ഞ തോന്നലും ഉണ്ടാക്കുന്നു. എന്നാല്‍ വൈറ്റ് ബ്രെഡ് മൈദ കൊണ്ടുണ്ടാക്കിയതാണ്. ഇതില്‍ നാരുകളില്ലെന്നു മാത്രമല്ല വളരെ പെട്ടെന്ന് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടാനും കാരണമാകും. അതുപോലെ വളരെ കൂടിയ അളവില്‍ എണ്ണയും ബട്ടറും ചേര്‍ത്ത് ഓംലറ്റ് ഉണ്ടാക്കുന്നതും അനാരോഗ്യകരമാണ്. ഓംലെറ്റ് ഉണ്ടാക്കുമ്പോള്‍ സവാളയ്ക്കും പച്ചമുളകിനുമൊപ്പം പച്ചച്ചീര, തക്കാളി തുടങ്ങിയവ ചേര്‍ക്കുന്നത് അതിന്റെ പോഷകമൂല്യം വര്‍ധിപ്പിക്കാന്‍ സഹായിക്കും. മുട്ടയും ബ്രെഡും ജലാംശം കുറഞ്ഞ ഭക്ഷണങ്ങളാണ്. ഇവ കഴിക്കുമ്പോള്‍ ശരീരത്തില്‍ ജലാംശം നിലനിര്‍ത്തേണ്ടതും പ്രധാനമാണ്. ബ്രേക്ക്ഫാസ്റ്റിന് ചായ, കാപ്പി പോലുള്ള കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ ഒഴിവാക്കി ചെറു ചൂടുവെള്ളം കുടിക്കുന്നതാണ് നല്ലത്. കഫീന്‍ നിര്‍ജ്ജലീകരണം വഷളാക്കും.
ബ്രെഡ് ഓംലെറ്റ് ഒരു ഹെല്‍ത്തി ബ്രെക്ക്ഫാസ്റ്റ്
