ശബരിമലയിലെ സ്പോട്ട് ബുക്കിങിൽ ഇളവുവരുത്തി ഹൈക്കോടതി. സ്പോട്ട് ബുക്കിങ് എത്രപേര്‍ക്ക് നൽകണെന്നത് സാഹചര്യം പരിഗണിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും ശബരിമലയിലെ പൊലീസ് ചീഫ് കോര്‍ഡിനേറ്റര്‍ക്കും തീരുമാനിക്കാമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. സ്പോട്ട് ബുക്കിങ് എത്രവേണെന്നത് ഒരോ സമയത്തെയും തിരക്ക് നോക്കി തീരുമാനമെടുക്കാനാണ് നിര്‍ദേശം. സ്പോട്ട് ബുക്കിങ് 5000 ആയി നിജപ്പെടുത്താൻ കഴിഞ്ഞ ദിവസം കോടതി നിർദേശിച്ചിരുന്നു.
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ റിമാന്‍ഡിലായ മുൻ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ ആറന്മുളയിലെ വീട്ടിൽ എസ്.ഐ.ടി പരിശോധന തുടരുന്നു. കഴിഞ്ഞ രണ്ടു മണിക്കൂറായി റെയ്ഡ് തുടരുകയാണ്. ഉണ്ണികൃഷ്ണൻ പോറ്റിയെ സഹായിക്കാൻ പത്മകുമാർ നടത്തിയ ഇടപെടലുകൾക്ക് വ്യക്തമായ തെളിവുണ്ടെന്നാണ് റിമാൻഡ് റിപ്പോർട്ട്.ഉണ്ണികൃഷ്ണൻ പോറ്റിക്ക് പാളികൾ കൈമാറാൻ പത്മകുമാർ ദേവസ്വം മിനുട്സിൽ സ്വന്തം കൈപ്പടയിൽ ചെമ്പ് പാളികളെന്ന് എഴുതിച്ചേർത്തെന്നാണ് എസ്ഐടിയുടെ നിർണായക കണ്ടെത്തൽ.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഇടതുപക്ഷം ഐക്യപ്പെട്ടു നിൽക്കുന്ന തെരഞ്ഞെടുപ്പാണിതെന്നും, വികസനം ഇല്ലെന്നാണ് പ്രതിപക്ഷം പറയുന്നത്. ജനത്തിന് വസ്തുത ബോധ്യമുണ്ട്. മതനിരപേക്ഷതക്ക് പകരം പ്രതിപക്ഷം പ്രോത്സാഹിപ്പിക്കുന്നത് മത തീവ്രവാദ നിലപാടാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.ശബരിമല വിഷയത്തിലും എംവി ഗോവിന്ദൻ മാധ്യമങ്ങളോട് പ്രതികരിച്ചു. സിപിഎം അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു എന്നും അയ്യപ്പന്റെ ഒരു തരി നഷ്ടമാകരുത് എന്ന് തന്നെയാണ് നിലപാട്.കുറ്റം ചെയ്ത ആർക്കും സംരക്ഷണമില്ല എന്നും എംവി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനസമയം കൂട്ടുന്ന കാര്യം ആലോചിക്കണമെന്ന് ഹൈക്കോടതി. തന്ത്രിയുമായി ആലോചിച്ച് തീരുമാനമെടുക്കണമെന്നും ക്യൂ സംവിധാനത്തിൽ ശാസ്ത്രീയമായ പരിഷ്കാരങ്ങൾ വരുത്തണം, നിലവിലെ രീതി സ്ത്രീകൾക്കും പ്രായമായവർക്കും കുട്ടികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് എന്നും കോടതി വ്യക്തമാക്കി. ആഴ്ചയിൽ രണ്ട് ദിവസം ഓൺലൈൻ ബുക്കിങ് വഴി വരുന്നവർക്ക് മാത്രമായി മാറ്റിവെക്കണം. സ്പോട്ട് ബുക്കിങ്ങിന് തിരിച്ചറിയൽ രേഖ നിർബന്ധമാക്കണം. പ്രായമായവർ, ഭിന്നശേഷിക്കാർ, ഗർഭിണികൾ, ശിശുക്കളോടൊപ്പമുള്ള അമ്മമാർ എന്നിവർക്ക് പ്രത്യേക പരിഗണന നൽകണമെന്നും കോടതി നിർദേശിച്ചു.
ബിന്ദു അമ്മിണി എൽഡിഎഫ് സ്ഥാനാർത്ഥിയെന്ന വ്യാജ പ്രചരണത്തിൽ പത്തനംതിട്ട ജില്ലാകളക്ടർക്ക് പരാതി നൽകി സിപിഎം. റാന്നി പഞ്ചായത്ത് ഇരുപതാം വാർഡിൽ ബിന്ദു അമ്മിണി മത്സരിക്കുന്നതായിട്ടാണ് സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചരണം നടക്കുന്നത്. പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം ആണ് കലക്ടർക്ക് പരാതി നൽകിയിരിക്കുന്നത്. ശബരിമല പോരാട്ട നായിക എന്ന തലക്കെട്ടോടെയാണ് കാർഡ് പ്രചരിക്കുന്നത്.
ആലപ്പുഴ ജില്ലാ പഞ്ചായത്ത് വയലാർ ഡിവിഷനിലേക്ക് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥി ട്രാൻസ് വുമൺ അരുണിമ എം കുറുപ്പ് നാമനിർദേശ പത്രിക നൽകി. നിയമപരമായ തടസങ്ങൾ ഇല്ലെന്നും പാർട്ടിയുടെ പൂർണപിന്തുണയുണ്ടെന്നും അരുണിമ പ്രതികരിച്ചു. അരുണിമയുടെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് പല തരത്തിലുളള പ്രചാരണങ്ങൾ പുറത്തുവന്നിരുന്നു. ആലപ്പുഴ കളക്ടറേറ്റിലെത്തിയാണ് നാമനിർദേശപത്രിക സമർപ്പിച്ചിരിക്കുന്നത്.
കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് വൈസ് ചാന്‍സിലര്‍ ഡോ. മോഹൻ കുന്നുമ്മൽ. സിന്‍ഡിക്കേറ്റിൽ നല്ല രാഷ്ട്രീയക്കാരില്ലെന്ന് വിസി വിമര്‍ശിച്ചു. തെരഞ്ഞെടുപ്പിൽ മൽസരിച്ചാൽ ജയിക്കാത്തവരാണ് കേരള സര്‍വകലാശാലയിലെ സിന്‍ഡിക്കേറ്റിലുള്ളതെന്നും കേരള സർവകലാശാലയിൽ അക്കാദമിക് നിലവാരം കുറഞ്ഞതിന്റെ കാരണം രാഷ്ട്രീയക്കാരാണെന്നും മോഹൻ കുന്നുമ്മൽ വിമര്‍ശിച്ചു.
വിഴിഞ്ഞം തുറമുഖത്ത് രാജ്യാന്തര യാത്രക്കാരുടെ സഞ്ചാരത്തിനും ചരക്ക് നീക്കാനുമുള്ള “ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റിന്’ (ഐസിപി) കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അംഗീകാരം. ഐസിപി പദവി ലഭിച്ചതോടെ ഇപ്പോള്‍ നടക്കുന്ന ‘ട്രാന്‍സ്ഷിപ്മെന്റി’ന് പുറമേയുള്ള പ്രവര്‍ത്തനങ്ങളിലേക്കു തുറമുഖത്തിനു കടക്കാന്‍ കഴിയും. റോഡ്, റെയില്‍ മാര്‍ഗത്തിലൂടെയുള്ള ചരക്കുനീക്കവും ക്രൂ ചെയ്ഞ്ചും ആരംഭിക്കാന്‍ കഴിയുമെന്നതാണ് പ്രത്യേകത. അന്താരാഷ്ട്ര തുറമുഖ ഭൂപടത്തിലെ വിഴിഞ്ഞത്തിന്റെ വളർച്ചയെ ത്വരിതപ്പെടുത്താൻ ഈ അംഗീകാരം സഹായകരമാകുമെന്ന് തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.
തൃശ്ശൂർ ഇരിങ്ങാലക്കുട എടതിരിഞ്ഞി സ്വദേശിയായ സ്വകാര്യ ബസ് ഉടമ മോഹനൻ കാട്ടിക്കുളത്തെ കാണാനില്ല. 2022 മുതൽ സ്വകാര്യ ബസ് സർവീസ് നടത്തുന്ന മോഹനൻ കാട്ടിക്കുളത്തയാണ് കാണാതായത്.മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥരുടെ മാനസിക പീഡനത്തിൽ മനംനൊന്താണ് നാട് വിട്ടതെന്ന് കുടുംബം ആരോപിച്ചു.. 67 കാരനായ മോഹനനെ എത്രയും വേഗം കണ്ടെത്തണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
യുവമോർച്ച എറണാകുളം ജില്ല ജനറൽ സെക്രട്ടറി ഗോപു പരമശിവനെതിരെ പങ്കാളിയായ യുവതി. ഗോപു നിരന്തരം മർദിക്കാറുണ്ടായിരുന്നെന്ന് യുവതി പറഞ്ഞു. ചാർജർ കേബിൾ ഉപയോഗിച്ച് മർദിച്ചു. ഗോപുവിൽ നിന്ന് വധഭീഷണി ഉണ്ടായിരുന്നുവെന്നും വീട്ടിൽ നിന്ന് ഇറങ്ങിയത് ജീവൻ രക്ഷിക്കാനാണെന്നും യുവതി പറഞ്ഞു. വൈദ്യ പരിശോധനയ്ക്ക് കൊണ്ടു പോവുമ്പോഴാണ് യുവതി മാധ്യമങ്ങളോട് പ്രതികരിച്ചത്. പങ്കാളിയെ ക്രൂരമായി മർദിച്ചെന്ന പരാതിയിൽ യുവമോർച്ച എറണാകുളം ജില്ല ജനറൽ സെക്രട്ടറി ഗോപു പരമശിവനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മുൻ എംഎൽഎ പിവി അൻവറിന്റെ വീട്ടിലും സ്ഥാപനങ്ങളിലും സുഹൃത്തുക്കളുടെ വീട്ടിലും രാവിലെ മുതൽ ആരംഭിച്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ് തുടരുന്നു.കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനിലെ വായ്പാ തട്ടിപ്പും കള്ള പണ ഇടപാടുകളുമെന്ന പരാതിയിലുമാണ് ഇ ഡി റെയ്ഡ്. ഉദ്യോഗസ്ഥരെ സ്വാധീനിച്ച് അൻവർ ഒരേ ഭൂമിയിൽ രണ്ടു വായ്പ എടുത്തുവെന്നാണ് പരാതി. കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ നിന്നും വായ്പാ തട്ടിപ്പ് നടത്തിയെന്ന പരാതിക്കുപിന്നാലെയാണ് പി വി അൻവറിന്റെ വീട്ടിലും സ്ഥാപനങ്ങളിലും ഇ ഡി റെയ്ഡ് നടത്തുന്നത്.
വിവാഹ ദിനത്തിൽ അപ്രതീക്ഷിതമായി വന്ന അപകടത്തിൽ ആവണിക്ക് നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റെന്ന് വിപിഎസ് ലേക്ഷോർ ആശുപത്രിയിലെ ന്യൂറോ സർജറി വിഭാഗം മേധാവി ഡോ.സുധീഷ് കരുണാകരൻ. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ നിശ്ചയിച്ച മുഹൂർത്തത്തിൽ തന്നെ ആവണിയുടെയും ഷാരോണിന്റെയും വിവാഹം നടന്ന ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. ആവണി അപകടനില തരണം ചെയ്തെങ്കിലും നട്ടെല്ലിനേറ്റ പരിക്ക് സാരമുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു.
എസ്ഐആര്‍ നടപടികള്‍ക്കിടെ ഗുജറാത്തിലും ബിഎൽഒയുടെ ആത്മഹത്യ. മാനസിക സമ്മര്‍ദം താങ്ങാനാവാതെ സ്കൂള്‍ അധ്യാപകനായ ബിഎൽഒ ജീവനൊടുക്കി. ഗുജറാത്ത് കൊടിനാർ ദേവ്ലി സ്വദേശിയായ പ്രൈമറി സ്കൂൾ അധ്യാപകൻ അരവിന്ദ് വധേർ ആണ് മരിച്ചത്. ജോലിഭാരവും മാനസിക സമ്മർദ്ദവും താങ്ങാൻ ആവുന്നില്ലെന്നാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്. ഇന്ന് രാവിലെയാണ് അധ്യാപകനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കർണാടകയിൽ കോൺഗ്രസ് സർക്കാറിലെ നേതൃമാറ്റത്തെക്കുറിച്ച് അഭ്യൂഹങ്ങൾക്കിടെ പ്രതികരണവുമായി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ഒരു ഗ്രൂപ്പ് ഉണ്ടാക്കുക എന്നത് എന്റെ രക്തത്തിൽ ഇല്ലെന്നും സംസ്ഥാനത്തെ 140 കോൺഗ്രസ് എംഎൽഎമാരും എന്റെയും കൂടിയാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിനെയും മന്ത്രിസഭയെയും പുനഃസംഘടിപ്പിക്കാൻ മുഖ്യമന്ത്രി തീരുമാനിച്ചു. നിരവധി എംഎൽഎമാർ മന്ത്രിമാരാകാൻ താൽപ്പര്യപ്പെടുന്നു. അതിനായി അവർ ദില്ലിയിൽ പോയി നേതാക്കളെ കാണുന്നത് സ്വാഭാവികമാണ് എന്നും അദ്ദേഹം പറഞ്ഞു.
പുതിയ നാല് തൊഴിൽ നിയമങ്ങൾ രാജ്യത്ത് പ്രാബല്യത്തിൽ കൊണ്ടുവന്ന് കേന്ദ്രസർക്കാർ. ഇന്ന് മുതൽ പുതിയ നാല് ലേബർ കോഡുകൾ പ്രാബല്യത്തിലാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് അറിയിച്ചത്. സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും ശക്തവും സമഗ്രവുമായ തൊഴിൽ കേന്ദ്രീകൃത പരിഷ്കാരമെന്നും ഇതുവഴി ഈസ് ഓഫ് ഡൂയിംഗ് ബിസിനസിന് കാര്യമായ പ്രോത്സാഹനം ലഭിക്കും എന്നും മോദി പറഞ്ഞു. വേതനം സംബന്ധിച്ച കോഡ്, വ്യാവസായിക ബന്ധം സംബന്ധിച്ച കോഡ്, സാമൂഹിക സുരക്ഷ സംബന്ധിച്ച കോഡ്, തൊഴിൽപരമായ ആരോഗ്യം, സുരക്ഷ, ജോലി സാഹചര്യങ്ങൾ എന്നിവ സംബന്ധിച്ച കോഡ് എന്നിവയാണ് ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നത്.
ജി 20 ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണാഫ്രിക്കയിലെത്തി. ഇന്ത്യൻ സമയം വൈകിട്ട് അഞ്ചരയ്ക്കാണ് മോദി ദക്ഷിണാഫ്രിക്കയിൽ എത്തിയത്. ഇന്ത്യൻ സമൂഹം മോദിക്ക് വൻ സ്വീകരണം നല്കി. ഈജിപ്തിൽ നടന്ന പശ്ചിമേഷ്യ സമാധാന ഉച്ചകോടിയിൽ നിന്നും മലേഷ്യയിലെ ആസിയാൻ ഉച്ചകോടിയിൽ നിന്നും നരേന്ദ്ര മോദി മാറി നിന്നിരുന്നു. അമേരിക്കൻ പ്രസിഡൻറ് ഡോണാൾഡ് ട്രംപ് ഉച്ചകോടിക്കെത്തില്ലെന്ന് പ്രഖ്യാപിച്ചിരുന്നു.
തെലങ്കാന ആഭ്യന്തര വകുപ്പിൽ വൻ അഴിച്ചുപണി. ചീഫ് സെക്രട്ടറി പുറപ്പെടുവിച്ച ഒറ്റ ഉത്തരവിൽ 32 ഐപിഎസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനായ ദേവേന്ദ്ര സിംഗ് ചൗഹാനെ (1997) ഡിജിപി ഓഫീസിൽ അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (പേഴ്സണൽ) ആയി നിയമിച്ചു. ഹൈദരാബാദിലെ മൾട്ടിസോൺ-II യുടെ എഡിജിപിയുടെ പൂർണ്ണ അധിക ചുമതലയും അദ്ദേഹം വഹിക്കും. ചീഫ് സെക്രട്ടറി കെ. രാമകൃഷ്ണ റാവുവാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ദുബായ് എയര്‍ഷോയ്ക്കിടെ ഇന്ത്യയുടെ തേജസ് യുദ്ധവിമാനം തകര്‍ന്ന സംഭവം സ്ഥിരീകരിച്ച് വ്യോമസേന. വ്യോമസേനയുടെ തേജസ് യുദ്ധവിമാനം തകര്‍ന്ന സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു. അപകടകാരണം എന്താണെന്ന് അറിയാൻ അന്വേഷണം നടത്തുമെന്ന് വ്യോമസേന അറിയിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പൈലറ്റ് വീരമൃത്യുവരിച്ചുവെന്നും വ്യോമസേന സ്ഥിരീകരിച്ചു. അതേസമയം, അപകടത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.
ഇന്ത്യൻ നാവികസേനയുടെ കപ്പലുകളുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ പാകിസ്ഥാനുമായി പങ്കുവെച്ച രണ്ട് പേരെ മാൽപെ പൊലീസ് അറസ്റ്റ് ചെയ്തു. ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകാൻ സാധ്യതയുള്ള വിവരങ്ങളാണ് ഇവർ കൈമാറിയത്. ഉത്തർപ്രദേശ് സ്വദേശികളായ രോഹിത് (29), ശാന്ത്രി (37) എന്നിവരാണ് അറസ്റ്റിലായത്. കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലഗതാഗത മന്ത്രാലയത്തിന് കീഴിലുള്ള സ്ഥാപനമായ ഉഡുപ്പി കൊച്ചിൻ ഷിപ്പ്യാർഡിന്റെ സിഇഒ സമർപ്പിച്ച പരാതി പ്രകാരമായിരുന്നു അറസ്റ്റ്.
ചെങ്കോട്ട സ്ഫോടന കേസില്‍ അറസ്റ്റിലായവർ ബോംബുണ്ടാക്കാൻ ഉപയോഗിച്ച മെഷീനുകൾ കണ്ടെത്തി. ഗ്രൈൻഡിംഗ് മെഷീൻ അടക്കമാണ് അന്വേഷണ സംഘം കണ്ടെടുത്തത്. യൂറിയ അടക്കം പൊടിക്കാൻ ഇതുപയോഗിച്ചെന്നാണ് സൂചന. അറസ്റ്റിലായ മുസമ്മിലിന്റെ സുഹൃത്തായ ടാക്സി ഡ്രൈവറുടെ ഫരീദാബാദിലെ വീട്ടിൽ നിന്നാണ് ഇത് കണ്ടെത്തിയത്.
ടിവികെ അധ്യക്ഷൻ വിജയ്യുടെ കരൂരിലെ റാലിക്കിടെയുണ്ടായ ആള്‍ക്കൂട്ട ദുരന്തത്തിന് പിന്നാലെ യുവജന വിപ്ലവത്തിന് ആഹ്വാനം ചെയ്തിന് ടിവികെ ജനറൽ സെക്രട്ടറി ആധവ് അര്‍ജുനക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ മദ്രാസ് ഹൈക്കോടതി റദ്ദാക്കി. നേപ്പാൾ, ശ്രീലങ്ക മാതൃകയിൽ ജെൻ സി പ്രക്ഷോഭം വേണമെന്നായിരുന്നു ആധവിന്റെ പോസ്റ്റ്. പോസ്റ്റ് വിവാദമായതോടെ പോസ്റ്റ് നീക്കം ചെയ്തു.
രാഷ്ട്രീയ റാലികൾ നടത്തുന്നതിനുള്ള നിർദ്ദേശങ്ങളടങ്ങിയ മാർഗരേഖയുടെ കരട് നടൻ വിജയുടെ പാർട്ടിയായ ടി വി കെയ്ക്കും നൽകണമെന്ന് മദ്രാസ് ഹൈക്കോടതി. സർക്കാരിന്റെ എതിർപ്പ് തള്ളിയാണ് ചീഫ് ജസ്റ്റിസിന്റെ നിർദ്ദേശം. ടി വി കെയുടെ ആദ്യ ഹർജിയിൽ മാർഗരേഖയുടെ പകർപ്പ് ആവശ്യപ്പെട്ടിരുന്നില്ലെന്നും ഓരോ ഘട്ടത്തിലും ടിവികെ ആവശ്യങ്ങൾ വിപുലീകരിക്കുകയാണെന്നും സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ മാർഗരേഖ നിലവിൽ വരും മുൻപേ തങ്ങൾക്ക് മുന്നിൽ പൊലീസ് നിബന്ധനകൾ വയ്ക്കുന്നതായി ടി വി കെ കോടതിയിൽ ചൂണ്ടിക്കാട്ടി.
വർഷങ്ങളായി പ്രവർത്തനം നിർത്തിയിരുന്ന ലോകത്തിലെ ഏറ്റവും വലിയ ആണവ നിലയം വീണ്ടും പ്രവർത്തനം ആരംഭിക്കുന്നു. 2011 ൽ ദുരന്തത്തെ തുടർന്ന് അടച്ച ഫുക്കുഷിമയിലെ കാഷിവാസാക്കി – കരിവ ആണവ പ്ലാന്റിൻ്റെ പ്രവർത്തനം പുനരാരംഭിക്കുന്നതിന് ഫുക്കുഷിമയിലെ തദ്ദേശ സ്ഥാപനങ്ങൾ അനുമതി നൽകി. പ്ലാൻ്റ് ഉൾപ്പെടുന്ന നിഗറ്റ പ്രവിശ്യയുടെ ഗവർണറാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ഇടതടവില്ലാതെ മഴ. വിയറ്റ്നാമിൽ മരിച്ചത് 41 പേർ. കഴിഞ്ഞ വാരാന്ത്യത്തിൽ ആരംഭിച്ച മഴയാണ് വിയറ്റ്നാമിൽ നിർത്താതെ പെയ്യുന്നതെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വെള്ളപ്പൊക്കത്തിൽ 52000 വീടുകൾ മുങ്ങിപ്പോയി. തുടർച്ചയായ മഴയ്ക്ക് പിന്നാലെ അരലക്ഷത്തിലേറെ വീടുകളിൽ വൈദ്യുതി നിലച്ച അവസ്ഥയാണുള്ളത്. പതിനായിര കണക്കിന് ആളുകളെയാണ് പ്രളയബാധിത മേഖലയിൽ നിന്ന് മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്.
ഓപ്പറേഷൻ സിന്ദൂർ നിറുത്തിയതായി മോദി തന്നെ നേരിട്ട് വിളിച്ചറിയിച്ചു എന്ന യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദത്തിൽ പ്രധാനമന്ത്രി മൗനം വെടിഞ്ഞ് പ്രതികരിക്കണമെന്ന് കോൺഗ്രസ്. ട്രംപ് പങ്കെടുക്കാത്തതിനാൽ സുരക്ഷിതമെന്ന് കണ്ടാണ് മോദി ജി 20 ഉച്ചകോടിക്കായി ദക്ഷിണാഫ്രിക്കയിലേക്ക് പോയതെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് പരിഹസിച്ചു. ഈജിപ്തിൽ നടന്ന പശ്ചിമേഷ്യ സമാധാന ഉച്ചകോടിയിൽ നിന്നും മലേഷ്യയിലെ ആസിയാൻ ഉച്ചകോടിയിൽ നിന്നും നരേന്ദ്ര മോദി മാറി നിന്നിരുന്നതടക്കം ചൂണ്ടിക്കാട്ടിയാണ് പരിഹാസം
കൈവശപ്പെടുത്തിയ വെസ്റ്റ് ബാങ്കിലെ ഒരു പ്രധാന ചരിത്രകേന്ദ്രം പിടിച്ചെടുക്കാൻ ഇസ്രായേൽ പദ്ധതിയിടുന്നതായി സർക്കാർ രേഖകൾ വെളിപ്പെടുത്തുന്നതായി റിപ്പോര്‍ട്ട്. ഈ നീക്കം പാലസ്തീൻ ഭൂമി ഇസ്രായേൽ അനധികൃതമായി കൈവശപ്പെടുത്തുന്നതിൻ്റെ ഏറ്റവും പുതിയ സംഭവമാണെന്നാണ് അൽ ജസീറ റിപ്പോര്‍ട്ടിൽ പറയുന്നത്.
മഹാരാഷ്ട്രയില്‍ പ്രധാന രാഷ്ട്രീയ ശക്തിയായി മാറാന്‍ ഉദ്ധവ് താക്കറെയും രാജ് താക്കറെയും തയ്യാറെടുക്കുന്നതായി സൂചന. ശിവസേന (യു.ബി.ടി) നേതാവ് ഉദ്ദവ് താക്കറെ, കസിനും മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന (എം.എന്‍.എസ്) തലവനുമായ രാജ് താക്കറെയുമായി സഖ്യമുണ്ടാക്കാനുള്ള ലക്ഷ്യത്തിലേക്ക് അടുത്തുവെന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്.
അടുത്ത അഞ്ച് വർഷത്തേക്ക് തന്റെ വരുമാനത്തിന്റെ 90 ശതമാനവും പ്രസ്ഥാനത്തിന് സംഭാവനയായി നൽകുമെന്ന് പ്രഖ്യാപിച്ച് ജൻ സുരാജ് പാർട്ടി സ്ഥാപകൻ പ്രശാന്ത് കിഷോർ… ബിഹാറിലെ വെസ്റ്റ് ചമ്പാരനിലുള്ള ഭിതിഹാർവ ഗാന്ധി ആശ്രമത്തിൽ നടത്തിവന്ന ഒരു ദിവസത്തെ മൗനോപവാസം അവസാനിപ്പിച്ചു കൊണ്ടായിരുന്നു വെള്ളിയാഴ്ച പ്രശാന്തിന്റെ..പ്രഖ്യാപനം.
ബിഹാർ മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി നിതീഷ് കുമാർ. ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സമ്രാട്ട് ചൗധരിക്കാണ് ആഭ്യന്തര വകുപ്പിന്റെ ചുമതല. ആഭ്യന്തര വകുപ്പ് വിട്ടുകൊടുക്കാൻ ജെഡിയു വിമുഖത കാണിച്ചതിനെ തുടർന്ന് എൻഡിഎ സഖ്യകക്ഷികൾക്കിടയിലെ മന്ത്രിസഭാ രൂപീകരണ ചർച്ചകൾ താൽക്കാലികമായി സ്തംഭിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
