ദില്ലിയിലെ ചെങ്കോട്ട സ്ഫോടനക്കേസിലെ മുഖ്യപ്രതിയായ ഉമറിനും സംഘത്തിനും പിന്നിൽ പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്‌ഐ ആണെന്നും അവരുടെ സഹായം സംഘത്തിനു ലഭിച്ചതായും അന്വേഷണ ഏജൻസികളുടെ അനുമാനം. ഉമർ വീഡിയോ ചിത്രീകരിച്ചതിന് പിന്നിലും ഐഎസ്‌ഐയുടെ പങ്ക് പരിശോധിക്കുന്നുണ്ട്. സ്ഫോടനത്തിന് ശേഷം അൽ ഫലാഹ് സർവകലാശാലയിലെ മസ്ജിദിനോട് ചേർന്ന ഗേറ്റിലൂടെയാണ് ഉമർ രക്ഷപ്പെട്ടത്. തുടർന്ന് ഒൻപത് ദിവസം ഇയാൾ ഹരിയാനയിലെ നൂഹിൽ ഒളിവിൽ താമസിച്ചു. ഫോൺ ചാർജ്ജ് ചെയ്യാനായി ഒരു മെഡിക്കൽ സ്റ്റോറിൽ കയറിയതടക്കമുള്ള ഉമറിൻ്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഉമറിനെ വാഹനത്തിൽ കൊണ്ടുനടന്ന മെഡിക്കൽ കോളേജിലെ നേഴ്സായ ഷൊയിബിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ചെങ്കോട്ട സ്ഫോടനക്കേസിൽ നിരവധി പേരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും, ഭീകരവാദ ബന്ധമുള്ളവരെ പിടികൂടുകയും ചെയ്തതോടെ അന്വേഷണം കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ്.
ചെങ്കോട്ട സ്ഫോടനത്തിൽ ഐഎസ്‌ഐ സഹായം ലഭിച്ചെന്ന് അനുമാനം
