ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിന് ഉപയോഗിച്ച വെള്ള ഹ്യൂണ്ടായ് ഐ20 കാര്‍, ഏകദേശം 12 ദിവസത്തോളം ഹരിയാനയിലെ ഫരീദാബാദിലുള്ള അല്‍ ഫലാഹ് മെഡിക്കല്‍ കോളേജ് കാമ്പസില്‍ പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്നു എന്ന് വിവരം. ചാവേറെന്ന് സംശയിക്കുന്ന ഡോ. ഉമര്‍ നബി, ആക്രമണം നടന്ന നവംബര്‍ 10-ന് രാവിലെ .പരിഭ്രാന്തനായി കോളേജ് കാമ്പസില്‍ നിന്ന് കാര്‍ പുറത്തേക്ക് ഓടിച്ചുപോയെന്ന് അന്വേഷണോദ്യോഗസ്ഥർക്ക് വിവരം ലഭിച്ചിട്ടുണ്ട്.

 

ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ അമോണിയം നൈട്രേറ്റ് മാത്രമല്ല ഉയർന്ന സ്ഫോടനനിലവാരമുള്ള വസ്തുക്കളും ഉപയോഗിച്ചിരുന്നതായി ഫൊറൻസിക് സംഘം. സംഭവസ്ഥലത്ത് നിന്ന് ശേഖരിച്ച സ്ഫോടകവസ്തു സാമ്പിളുകളിലൊന്ന് അമോണിയം നൈട്രേറ്റിനേക്കാൾ ശക്തിയേറിയതാണെന്നാണ് നിഗമനം. സ്ഫോടകവസ്തുവിന്റെ സ്വഭാവം ലബോറട്ടറി പരിശോധനയ്ക്കുശേഷം സ്ഥിരീകരിക്കും.

 

ദില്ലി ചെങ്കോട്ടയിൽ സ്ഫോടനം നടന്ന സമയത്തെ ട്രാഫിക് സിസിടിവി ദൃശ്യങ്ങൾ പുറത്ത്. സ്ഫോടനം നടന്ന ശേഷം സിസിടിവികൾ നിശ്ചലമാവുകയായിരുന്നു. റെഡ് ഫോർട്ട് ചൗക്ക് ട്രാഫിക് സി​ഗ്നലിലെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അതേസമയം, ഡോ. മുസമ്മിൽ ഒളിച്ചു താമസിച്ചത് ഹരിയാനയിലെ ഫരീദാബാദിലെ താ​ഗ ​ഗ്രാമത്തിലാണെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ഈ ഒളിത്താവളത്തിൽ നിന്നും 2600 കിലോ സ്ഫോടക വസ്തുക്കളാണ് കണ്ടെത്തിയിരുന്നത്.

 

ദില്ലി ചെങ്കോട്ടയിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് ഫരീദാബാദിലെ അൽ ഫലാഹ് സർവ്വകലാശാലയിൽ പരിശോധനകൾ തുടരുന്നതായി പൊലീസ്. ഇവിടുത്തെ പള്ളിയിലെ പുരോഹിതനെ ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്തു. ശ്രീനഗർ സ്വദേശി മുഹമ്മദ് ഇഷ്താഖാണ് കസ്റ്റഡിയിലായത്. സർവകലാശാലയിലെ 70 പേരെ ചോദ്യം ചെയ്തതായും സർവ്വകലാശാലയിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചതായും പൊലീസ് അറിയിച്ചു.

 

 

ദില്ലി ചെങ്കോട്ട സ്ഫോടനവുമായി ബന്ധമില്ലെന്ന് അൽഫല സർവകലാശാല. ചെങ്കോട്ട സ്ഫോടനത്തെ അപലപിച്ച് സർവകലാശാല പ്രസ്താവന പുറത്തിറക്കി. സ്ഫോടനത്തിൽ ഉൾപ്പെട്ട ഡോക്ടർമാർ സർവകലാശാലയിലെ ജീവനക്കാർ മാത്രമായിരുന്നു എന്നാണ് പ്രസ്താവനയിൽ പറയുന്നത്. സ്ഫോടനവുമായി സർവകലാശാലയ്ക്ക് ബന്ധമുണ്ടെന്ന വാർത്തകളെ സർവ്വകലാശാല നിഷേധിക്കുകയും സ്ഫോടനത്തിൽ ഉപയോഗിച്ച തരത്തിലുള്ള രാസവസ്തുക്കളോ മറ്റു സാമഗ്രികളോ സർവകലാശാലയിൽ സൂക്ഷിച്ചിട്ടില്ലെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

 

ദില്ലി ചെങ്കോട്ടയിലുണ്ടായ സ്ഫോടനത്തെക്കുറിച്ച് അന്വേഷിക്കാൻ 10 അംഗ സംഘം രൂപീകരിച്ച് എൻ.ഐ.എ. എൻ.ഐ.എ അഡീഷണൽ ഡയറ്കടർ ജനറൽ വിജയ് സാഖ്റെയ്ക്കാണ് അന്വേഷണ സംഘത്തിന്‍റെ ചുമതല. കേസ് ആഭ്യന്തര മന്ത്രാലയം ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറിയതിന് പിന്നാലെ ജമ്മു കശ്മീർ, ദില്ലി പൊലീസിൽ നിന്ന് എൻഐഎ കേസിന്റെ രേഖകൾ ഏറ്റെടുത്തു. അന്വേഷണത്തിന്‍റെ ഭാഗമായി അടുത്ത മൂന്ന് ദിവസത്തേക്ക് ചെങ്കോട്ടയില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കില്ല.

 

ദില്ലി ചെങ്കോട്ട സ്ഫോടന കേസിലെ പ്രതികൾ കൂടുതൽ വാഹനങ്ങൾ വാങ്ങിയതായി സൂചന. സ്ഫോടനത്തിന് ഉപയോഗിച്ച ഹ്യുണ്ടായി ഐ20 ക്ക് പുറമേ രണ്ട് കാറുകൾ കൂടി ഉമറും മുസമിലും വാങ്ങിയതായാണ് സൂചന. കാറുകൾ കണ്ടെത്താൻ അന്വേഷണം നടക്കുന്നതായാണ് റിപ്പോർട്ട്. സ്ഫോടനം നടന്ന സമയത്തെ ട്രാഫിക് സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. റെഡ് ഫോർട്ട് ചൗക്ക് ട്രാഫിക് സി​ഗ്നലിലെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

 

ശബരിമല സ്വര്‍ണക്കൊള്ളയിൽ മുന്‍ ദേവസ്വം പ്രസിഡന്‍റ് എന്‍ വാസുവിന്‍റെ അറസ്റ്റിന് പിന്നാലെ കൂടുതൽ ഉന്നതങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് പ്രത്യേക അന്വേഷണ സംഘം. 2019ൽ എ പത്മകുമാർ അധ്യക്ഷനായ ദേവസ്വം ബോര്‍ഡ് കേസിൽ പ്രതിപ്പട്ടികയിലുണ്ട്. പത്മകുമാറിന്‍റെ പ്രൈവറ്റ് സെക്രട്ടറിയെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. അക്കാലയളവിലെ സെക്രട്ടറിമാർ, ഉദ്യോഗസ്ഥർ, മറ്റ് ജീവനക്കാർ എന്നിവരുടെ മൊഴി അന്വഷണ സംഘം ശേഖരിച്ചു വരികയാണ്.

 

ശബരിമല സ്വർണക്കൊള്ള കേസിൽ അഴിമതി നിരോധന വകുപ്പ്കൂടി ചുമത്തി എസ്ഐടി. എസ്ഐടി ഇന്നലെ പത്തനംതിട്ട കോടതിയിലാണ് അധിക റിപ്പോർട്ട് നൽകിയത്. സർക്കാർ ഉദ്യോഗസ്ഥരായ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും പ്രതിനിധികളും അഴിമതി നടത്തിയെന്ന് എസ്ഐടി പറയുന്നു. കേസ് കൊല്ലം വിജിലൻസ് കോടതിയിലേക്ക് മാറ്റാനാണ് തീരുമാനം.

 

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പദ്മകുമാറിന് കുരുക്കായി എൻ വാസുവിൻ്റെ റിമാൻ്റ് റിപ്പോർട്ട്. എൻ വാസു സ്വർണം ചെമ്പാണെന്ന് രേഖപ്പെടുത്തിയത് ദേവസ്വം ബോർഡിന്റെ അറിവോടെയെന്നാണ് റിമാൻ്റ് റിപ്പോർട്ടിലുള്ളത്. സ്വർണം പൂശിയെന്ന പരാമർശം കമ്മീഷണർ മന:പൂർവ്വം ഒഴിവാക്കുകയായിരുന്നു. ദേവസ്വം ബോർഡിൻ്റെ പങ്ക് വ്യക്തമാക്കിയാണ് റിമാൻ്റ് റിപ്പോർട്ട് എന്നതാണ് ശ്രദ്ധേയം. ദേവസ്വം ഉദ്യോഗസ്ഥർ, പോറ്റി എന്നിവരുടെ മൊഴിയിൽ വാസുവിൻ്റെ പങ്ക് വ്യക്തമാണെന്നും അന്വേഷണ സംഘത്തിൻ്റെ റിപ്പോർ‌ട്ടിൽ പറയുന്നു.

 

ഏറ്റുമാനൂർ ഉത്സവത്തിന് ആനകളെ വാടകയ്ക്കെടുത്ത വകയിൽ 23.57 ലക്ഷം രൂപ തിരുവിതാംകൂർ ദേവസ്വം ബോർഡ് നൽകണമെന്ന് ആവശ്യപ്പെട്ട് നൽകിയ രേഖ പുറത്ത്. ശബരിമല സ്വർണക്കവർച്ച കേസിൽ അറസ്റ്റിലായ ദേവസ്വം ഉദ്യോഗസ്ഥൻ മുരാരിബാബുവായിരുന്നു ഉത്സവ നടത്തിപ്പിന്റെ സ്പെഷ്യൽ ഓഫീസർ. ഇക്കഴിഞ്ഞ ഉത്സവവുമായി ബന്ധപ്പെട്ടുണ്ടായ ചെലവ് തുക ആവശ്യപ്പെട്ടാണ് ബോർഡിന് റിപ്പോർട്ട് കൊടുത്തത്.

 

ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി. എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം, ഐസിയുകള്‍, ന്യൂറോ കാത്ത് ലാബ്, മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്ക്, നൂക്ലിയര്‍ മെഡിസിന്‍ വിഭാഗം, സിടി സ്‌കാന്‍, വാര്‍ഡുകള്‍ എന്നിവ സന്ദര്‍ശിച്ചു. ജീവനക്കാരുമായും രോഗികളുമായും അവരുടെ ബന്ധുക്കളുമായും മന്ത്രി സംസാരിച്ചു.

 

മൂലമറ്റം ജലവൈദ്യുത നിലയം ഒരു മാസത്തേക്ക് പ്രവർത്തനം നിർത്തിയതായി അധികൃതർ. ഇന്ന് പുലർച്ചെ മുതൽ ആണ് ഉത്പാദനം നിർത്തിവച്ച് അറ്റകുറ്റപ്പണിക്ക് തുടക്കമിട്ടത്. ഇന്നലെ മുതൽ ഡിസംബർ 10 വരെ നിർത്തിവയ്ക്കാൻ ആയിരുന്നു തീരുമാനം. പ്രവർത്തനം നിർത്തുമ്പോൾ കുടിവെള്ള പദ്ധതികളെ ബാധിക്കുമെന്ന ആശങ്ക ഉണ്ടായിരുന്നു. ഇതിൽ ബദൽ മാർഗങ്ങൾ സ്വീകരിച്ച ശേഷമാണ് നിലയം അടക്കാൻ തീരുമാനം ആയത്.

 

റോഡിൽ അപകടമുണ്ടാകുമ്പോൾ നാട്ടുകാരുടെ കണ്ണുവെട്ടിക്കാൻ പിൻഭാഗത്ത് നമ്പർ പ്ലേറ്റ് മറച്ച് പായുന്ന ചരക്കുലോറികളെ പൂട്ടാൻ മോട്ടോർ വാഹന വകുപ്പ്. അപകടമുണ്ടാക്കിയാലും പിടിക്കപ്പെടാതിരിക്കാനാണ് നമ്പർ മറച്ചുള്ള ഈ തന്ത്രം. മറ്റു വാഹനങ്ങളെ ഇടിച്ചിട്ട്‌ നിർത്താതെ മുങ്ങി ഇപ്പോഴും പിടികിട്ടാപ്പുള്ളികളായി വിലസുന്ന വാഹനങ്ങളിൽ അധികവും ഇങ്ങനെ നമ്പർ മറച്ചാണ്‌ രക്ഷപ്പെടുന്നതെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ പറഞ്ഞു.

 

കോർപ്പറേഷനിൽ ഒന്നാംഘട്ട സ്ഥാനാർഥി ലിസ്റ്റ് ഇറക്കി യുഡിഎഫ്. 40 സ്ഥാനാർഥികളുടെ ലിസ്റ്റാണ് ആദ്യഘട്ടത്തിൽ പുറത്തുവിട്ടത്. നിലവിലെ കൗൺസിലിൽ നയിക്കുന്ന പ്രമുഖ നേതാക്കളെല്ലാം ലിസ്റ്റിലുണ്ട്. ഇടതുമുന്നണിയുടെ ആദ്യഘട്ട സ്ഥാനാർഥി ലിസ്റ്റ് പൂർത്തിയാവുകയും സ്ഥാനാർഥികൾ പല ഡിവിഷനിലും രംഗത്തിറങ്ങുകയും ചെയ്തെങ്കിലും ഔദ്യോഗിക പ്രഖ്യാപനം നടന്നിട്ടില്ല.

 

 

പുത്തൂർ സുവോളജിക്കൽ പാർക്കിൽ നായ്ക്കളുടെ കടിയേറ്റ് മാനുകൾ ചത്ത സംഭവത്തിൽ ജീവനക്കാരുടെ വീഴ്ച ഉൾപ്പടെ പരിശോധിക്കുമെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്ണൻ. ജീവനക്കാർ വാതിൽ തുറന്നിട്ടോ എന്നതും പരിശോധിക്കും. മരണകാരണം ” ക്യാപ്ചർ മയോപ്പതി ” എന്നും ലൈഫ് വാർഡൻ പറഞ്ഞു. സുരക്ഷാ പഴുതുകൾ പരിഹരിക്കുമെന്നും മാൻകൂട്ടിലും സിസിടിവി ക്യാമറയ്ക്ക് ശുപാർശ നൽകുമെന്നും പിഴവ് ആവർത്തിക്കാതിരിക്കാനുള്ള കരുതലെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേ‌‌ർത്തു.

 

തദ്ദേശ തെര‍ഞ്ഞെടുപ്പ് അടുത്തിരിക്കെ പാലക്കാട് നഗരസഭയിൽ സ്ഥാനാർത്ഥി നിർണയത്തിൽ ബിജെപിയിൽ ഭിന്നത. ഭൂരിഭാഗവും സംസ്ഥാന വൈസ് പ്രസിഡൻറ് സി കൃഷ്ണകുമാർ പക്ഷത്തിന്റെ സ്ഥാനാർത്ഥികളെന്നാണ് മറുഭാഗം ഉന്നയിക്കുന്നത്.സംഭവത്തിൽ സംസ്ഥാന നേതൃത്വത്തെ വിളിച്ചു ഒരു വിഭാഗം പരാതി പറഞ്ഞതായാണ് റിപ്പോർട്ട്.

 

കേരള സെനറ്റ് യോഗത്തിൽ സിപിഎം അംഗങ്ങളും ബിജെപി അംഗങ്ങളും തമ്മിൽ വാക്കേറ്റം. ദീർഘമായ ഒരു ഇടവേളയ്ക്ക് ശേഷംമാണ് കേരള സർവകലാശാല സെനറ്റ് യോഗം ആരംഭിച്ചത്. ഇതിനിടെ ഇടത് സിൻഡിക്കേറ്റ് അം​ഗങ്ങൾ പ്ലക്കാർഡ് ഉയർത്തി പ്രതിഷേധിക്കുകയായിരുന്നു. ഗവേഷക വിദ്യാർത്ഥിയെ ജാതി പീഡനം നടത്തിയ കെ വിജയകുമാരിയെ പുറത്താക്കുക, ഡീൻ സ്ഥാനത്തു നിന്ന് പുറത്താക്കുക എന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

 

കോഴിക്കോട് ന​ഗരത്തിലെ പുനരധിവാസ കേന്ദ്രത്തിൽ നിന്നും മൂന്ന് കുട്ടികളെ കാണാതായി. ഫ്രീ ബേർഡ്സ് പുനരധിവാസ കേന്ദ്രത്തിൽ നിന്നുള്ള പെൺകുട്ടികളെയാണ് കാണാതായത്. 11, 12,13 വയസ്സുള്ള പെൺകുട്ടികളെയാണ് കാണാതായിരിക്കുന്നത്. ഇവർ രാവിലെ സ്കൂളിലേക്ക് പോയതായിരുന്നു. എന്നാൽ, മൂവരും സ്കൂളിലെത്തിയിട്ടില്ലെന്നാണ് വിവരം. രണ്ട് കുട്ടികൾ നടക്കാവ് ഗേൾസ് സ്കൂളിലും ഒരാൾ ചാലപ്പുറം സ്കൂളിലും ആണ് പഠിക്കുന്നത്. സംഭവത്തിൽ കസബ പൊലീസ് അന്വേഷണം ആരംഭിച്ചു.

 

ടിപി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന പ്രതി കൊടിസുനിയെ ജയിൽ മാറ്റണമെന്ന് ആവശ്യപ്പെട്ട് അമ്മ ഹൈക്കോടതിയിൽ. തവനൂർ ജയിലിൽ നിന്നും കണ്ണൂരിലേക്ക് മാറ്റണമെന്നാണ് കൊടിസുനിയുടെ അമ്മയുടെ ആവശ്യം. ഹർജിയിൽ കോടതി സർക്കാരിൻ്റെ വിശദീകരണം തേടി.

 

എരുമേലിയിലും ശബരിമലയിലും കൃത്രിമ കുങ്കുമം അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി, ഇവയ്ക്ക് ഏർപ്പെടുത്തിയ നിരോധനം തുടരും, ഉത്തരവ് പുനപരിശോധിക്കേണ്ട സാഹചര്യം ഇല്ല, നിറം കലർത്തിയ കൃത്രിമ കുങ്കുവം കച്ചവർക്കാർ നൽകിയ ഹർജിയാണ് ഹൈക്കോടതി തളളിയത്, സ്വോഭാവിക കുങ്കുമം വിൽക്കുന്നതിന് തടസമില്ല. രാസവസ്തുക്കൾ കലർന്ന കൃത്രിമ കുങ്കുമം മനുഷ്യനും ജീവഡാലങ്ങൾക്കും മാത്രമല്ല പരിസ്ഥിതിക്കും കോട്ടമുണ്ടാക്കുമെന്നും ദേവസ്വം ബെ‌ഞ്ച്. വ്യക്തമാക്കി

 

കേരള സര്‍വകലാശാലയില്‍ എസ്എഫ്ഐ പ്രവർത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷം. സെനറ്റ് യോഗത്തിന് ശേഷം പുറത്തിറങ്ങിയ വൈസ്ചാന്‍സിലറുടെ വാഹനം എസ്എഫ്ഐ പ്രവര്‍ത്തകർ തടഞ്ഞതോടെയാണ് സംഘര്‍ഷ സാഹചര്യമുണ്ടായിത്. വിസിയെ പുറത്തേക്ക് പോകാൻ അനുവദിക്കാതെ തടഞ്ഞിരിക്കുകയാണ് പ്രവര്‍ത്തകര്‍. സര്‍വകലാശാലയില്‍ തൊട്ട് മുന്‍പ് നടന്ന സെനറ്റ് യോഗത്തിൽ നാടകീയ രംഗങ്ങളാണ് ഉണ്ടായത്.

 

താമരശ്ശേരി ഫ്രഷ് കട്ട് സംഘർഷവുമായി ബന്ധപ്പെട്ട് ഡിജിപി യതീഷ് ചന്ദ്രക്കെതിരായ പരാതി ഐജി റാങ്കിന് മുകളിലുള്ള ഉദ്യോഗസ്ഥന്‍ ആന്വേഷിക്കണമെന്ന് ആവശ്യം.മേലുദ്യോഗസ്ഥനെതിരായ പരാതി കീഴുദ്യോഗസ്ഥന്‍ അന്വേഷിച്ചാല്‍ നിക്ഷ്പക്ഷത ഉണ്ടാകില്ലെന്ന് പരാതിക്കാരന്‍ പറയുന്നു. ഈ ആവശ്യം ഉന്നയിച്ച് വീണ്ടും ഡിജിപിക്ക് കത്തയച്ചു. കര്‍ഷക കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് ബിജു കണ്ണന്തറയാണ് പരാതി നല്‍കിയത്.

 

മലപ്പുറം എടപ്പാളിൽ മകളെ കൊന്ന ശേഷം അമ്മ ആത്മഹത്യ ചെയ്തു. കണ്ടനകം സ്വദേശിനി അനിതാകുമാരി (57)യാണ് സെറിബ്രൽ പൾസി ബാധിച്ച മകൾ അഞ്ജന (27) യെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. മകളെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങി മരിച്ചെന്നാണ് പൊലീസിൻ്റെ നിഗമനം.

 

ചെങ്കോട്ട സ്ഫോടനത്തിൽ സൈന്യം ഉപയോഗിക്കുന്ന തരം രാസവസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടോ എന്ന് സംശയം ഉയരുന്നു. അമോണിയം നൈട്രേറ്റിൻ്റെ സാന്നിധ്യമാണ് സ്ഥലത്ത് നിന്ന് കണ്ടെത്തിയത്. ട്ട്ഫരീദാബാദിലെ അറസ്റ്റുകൾ അറിഞ്ഞ ഇയാൾ പരിഭ്രാന്തിയിലായെന്നും ഇല്ലെങ്കിൽ ഇതിലും വലിയ ആക്രമണത്തിന് സാധ്യതയുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു.

 

ദില്ലി സ്ഫോടനത്തെക്കുറിച്ച് പാകിസ്ഥാൻ മാധ്യമങ്ങൾ കള്ളപ്രചാരണം നടത്തുന്നു എന്ന് കേന്ദ്ര സർക്കാർ.സ്ഫോടനം ഇന്ത്യയുടെ നാടകം എന്നാണ് പാക് പ്രചാരണം.ഇസ്ലാമാബാദിലെ സ്ഫോടനം ഇന്ത്യ താലിബാൻ കൂട്ടുകെട്ട് ആസൂത്രണം ചെയ്തതെന്നാണ് പാക് മാധ്യമ പ്രചാരണം.അക്രമണത്തിൽ പാക് ഭീകര സംഘടന ആയ ജയ്ഷേ മുഹമ്മദിന്റെ പങ്ക് സംശയിക്കുമ്പോഴും ഇതുവരെയും സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.

 

ബിഹാറിൽ വോട്ടെടുപ്പ് പൂർത്തിയായതിനു പിന്നാലെ കോൺഗ്രസ്‌ നേതാവ് ഷക്കീൽ അഹമ്മദ്പാർട്ടിയിൽ നിന്നും രാജിവെച്ചു, നേതൃത്വത്തിൽ ഉള്ള ചില നേതാക്കളുമായുള്ള അഭിപ്രായ വ്യത്യാസമാണ് പാർട്ടി വിടാൻ കാരണമെന്ന് രാജിക്കത്തിൽ പറയുന്നു. മറ്റു പാർട്ടിയിൽ ചേരില്ലെന്നും അന്ത്യം വരെ കോൺഗ്രസ് ആശയങ്ങളിൽ അടിയുറച്ചു നിൽക്കുമെന്നും അഹമ്മദ് വ്യക്തമാക്കി.

 

ചൊവ്വാഴ്ച ഇസ്ലാമാബാദിൽ 12 പേരുടെ മരണത്തിനിടയാക്കിയ ചാവേർ ബോംബാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പാക് താലിബാൻ. തങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് തെഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ എന്നറിയപ്പെടുന്ന പാകിസ്ഥാൻ താലിബാൻ അവകാശവാദമുന്നയിച്ചു. പാകിസ്ഥാനിലെ അനിസ്ലാമിക നിയമങ്ങൾ പ്രകാരം വിധികൾ നടപ്പിലാക്കിയ ജഡ്ജിമാർ, അഭിഭാഷകർ, ഉദ്യോഗസ്ഥർ എന്നിവരെയാണ് ലക്ഷ്യമിട്ടതെന്ന് ടിടിപി പ്രസ്താവനയിൽ പറഞ്ഞു.

 

കാനഡയിലേക്ക് വിസിറ്റിംഗ് വിസയ്ക്ക് അപേക്ഷിക്കുന്ന ഇന്ത്യൻ പൗരന്മാർ ഇപ്പോൾ നേരിടുന്നത് ശരാശരി 99 ദിവസത്തെ പ്രോസസ്സിംഗ് സമയം. ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡയുടെ ഡാറ്റ അടിസ്ഥാനമാക്കി ഒന്‍റാറിയോ ആസ്ഥാനമായുള്ള വാർത്താ വെബ്‌സൈറ്റായ ‘ഇമിഗ്രേഷൻ ന്യൂസ് കാനഡ’ ആണ് ഈ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.

 

മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഇന്ത്യയുടെ ആദ്യ ദൗത്യമായ ഗഗന്‍യാനിന്റെ ക്രൂ മൊഡ്യൂളിന്റെ ഭാഗമായുള്ള പ്രധാന പാരഷൂട്ടുകളില്‍ നിര്‍ണായക പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി ഐഎസ്ആര്‍ഒ. പൂര്‍ണമായി തുറക്കുന്നതില്‍ രണ്ട് പ്രധാനപാരഷൂട്ടുകള്‍ തമ്മില്‍ കാലതാമസമുണ്ടാകുമ്പോള്‍ മൊഡ്യൂള്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്യുന്ന പരീക്ഷണമാണ് നടത്തിയത്.

 

ചൈനയിൽ നിർമാണം പൂർത്തിയായി ഉദ്ഘാടനം ചെയ്ത പാലം മാസങ്ങൾക്ക് ശേഷം തകർന്നുവീണു. തെക്കുപടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയിലാണ് പാലം തകർന്നുവീണത്. എൻജിനീയറിങ് മികവിൽ ഏറെ പ്രശംസ നേടിയ ഹോങ്കി പാലമാണ് തകർന്നത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *