അമിതഭാരം കുറയ്ക്കാനും ചയാപചയവും പ്രതിരോധശേഷിയും മെച്ചപ്പെടുത്താനും പുളിപ്പിച്ച ഭക്ഷണങ്ങള്‍ സഹായിക്കുമെന്ന് പഠനം. തൈരും യോഗര്‍ട്ടും മാത്രമല്ല കൊറിയക്കാരുടെ കിംചി അടക്കമുള്ള വിഭവങ്ങള്‍ ഇക്കാര്യത്തില്‍ മികച്ചതാണ്. പുളിപ്പിച്ച ഭക്ഷണങ്ങളിലുള്ള നല്ല ബാക്ടീരിയയും യീസ്റ്റും വയറിലെയും കുടലുകളിലെയും സൂക്ഷ്മാണുക്കളുടെ സന്തുലനം നിലനിര്‍ത്തുന്നു. നല്ല ബാക്ടീരിയകളും ചീത്ത ബാക്ടീരിയകളും അടങ്ങുന്നതാണ് നമ്മുടെ ദഹനവ്യവസ്ഥ. ചീത്ത ബാക്ടീരിയയുടെ തോത് ഉയരുന്നത് ദഹനപ്രശ്‌നങ്ങളിലേക്ക് നയിക്കും. ഭക്ഷണത്തില്‍ കൂടുതല്‍ പുളിപ്പിച്ച ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുന്നതിലൂടെ കൂടുതല്‍ നല്ല ബാക്ടീരിയകളെ നാം ദഹനവ്യവസ്ഥയില്‍ എത്തിക്കുന്നു. പ്രോബയോട്ടിക് സപ്ലിമെന്റുകള്‍ക്ക് തുല്യമായ ഫലമാണ് പുളിപ്പിച്ച ഭക്ഷണങ്ങള്‍ ഉളവാക്കുന്നത്. എന്നാല്‍ പുളിപ്പിച്ച എല്ലാ ഭക്ഷണങ്ങളും ഒരേ സ്വാധീനമല്ല ശരീരത്തില്‍ ചെലുത്തുക. ചീസും യോഗര്‍ട്ടും പാല്‍ പുളിപ്പിച്ച് ഉണ്ടാക്കുന്നതാണെങ്കിലും ചീസ് യോഗര്‍ട്ടിന്റെയത്ര ആരോഗ്യപ്രദമല്ല. ചില ഭക്ഷണവിഭവങ്ങള്‍ പ്രകൃതിദത്തമായി അല്ലാതെ വിനാഗിരി പോലുള്ള പുറത്ത് നിന്നുള്ള വസ്തുക്കള്‍ ഉപയോഗിച്ച് പുളിപ്പിച്ച് എടുക്കുന്നതാണ്. ഇത്തരം ഉല്‍പന്നങ്ങളും അത്ര ആരോഗ്യപ്രദമല്ല. ആയുര്‍വേദ വിധിപ്രകാരം അമിതവണ്ണമുള്ളവര്‍ക്കും ചര്‍മ പ്രശ്‌നങ്ങളുള്ളവര്‍ക്കും തൈര് നല്ലതല്ല. പകരം മോരിന്‍വെള്ളം കുടിക്കുന്നത് ഗുണം ചെയ്യും. തൈരിന്റെ അതേ ഗുണങ്ങളുള്ള മോരിന്‍വെള്ളം ദഹിക്കാന്‍ എളുപ്പമാണെന്ന് ആയുര്‍വേദം പറയുന്നു.
ഭാരം കുറയ്ക്കണോ? കഴിക്കാം തൈരും യോഗര്‍ട്ടും
