ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം അതി തീവ്ര ന്യൂന മർദ്ദമായി മാറിയതോടെ വീണ്ടും മഴ ഭീഷണി ശക്തമാകുന്നു. ഇന്ന് രാത്രിയോടെ അതിതീവ്ര ന്യൂനമർദ്ദം ഒഡിഷ – ആന്ധ്രാ തീരത്ത് ഗോപാൽപൂരിനും പരദ്വീപിനും ഇടയിൽ കര തൊടുമെന്നാണ് പ്രവചനം. ഈ സാഹചര്യത്തിൽ ആന്ധ്രയിലും ഒഡിഷയിലും ശക്തമായ മഴക്കാണ് സാധ്യത. കേരളത്തിൽ വടക്കൻ ജില്ലകളിലും മഴ കനക്കാൻ സാധ്യതയുണ്ട്.
കൂത്തുപറമ്പില്‍ നാട്ടുകാര്‍ കയ്യേറ്റം ചെയ്തതില്‍ പ്രതികരിച്ച് കെപി മോഹനന്‍ എംഎല്‍എ. നാട്ടുകാർ പ്രതിഷേധിച്ച രീതി ശരിയായില്ലെന്ന് എംഎൽഎ പറഞ്ഞു. കുറച്ചു ദിവസങ്ങൾക്കു മുമ്പ് മാത്രമാണ് മാലിന്യ പ്രശ്നം തന്നെ അറിയിച്ചതെന്നും പ്രതിഷേധിച്ചവർക്കെതിരെ പരാതിയില്ല, ജനപ്രതിനിധിയെ തടഞ്ഞുവച്ചതിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. എംഎൽഎ കയ്യേറ്റം ചെയ്ത സംഭവത്തിൽ 20 ഓളം പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ചൊക്ലി പൊലീസാണ് സ്വമേധയാ കേസെടുത്തത്.
ബന്ധുക്കൾക്കോ, കുടുംബാംഗങ്ങൾക്കോ ചികിത്സയ്ക്കായി രക്തം ആവശ്യം വന്നാൽ ഇനി പേടിക്കേണ്ട. ബന്ധുക്കൾക്കോ, കുടുംബാംഗങ്ങൾക്കോ വേണ്ടി രക്തം തേടി അലയുന്നവർക്ക് സഹായവുമായി പൊലീസ് സേന. പൊലീസുമായി ബന്ധപ്പെട്ട മൊബൈൽ ആപ്ലിക്കേഷനായ ‘പോൽ’ ആപ്പിന്റെ സഹായത്തോടെ രക്തം ആവശ്യമുള്ളവർക്ക് അപേക്ഷിക്കാം, പോൽ ബ്ലഡ് സുസജ്ജമാണ്. കേരള പൊലീസിന്റെ ഔദ്യോഗിക മൊബൈൽ അപ്ലിക്കേഷൻ ആയ പോൽ ആപ്പിന്റെ സഹായത്തോടുകൂടിയാണ് പോൽ ബ്ലഡിന്റെ പ്രവർത്തനം.
തദ്ദേശ തെരഞ്ഞെടുപ്പിൽ പരമാവധി സീറ്റുകളിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പി വി അൻവർ. യുഡിഎഫുമായി ഇതുവരെ ചർച്ചകൾ നടന്നിട്ടില്ലെന്നും മുഖ്യമന്ത്രി കേരളത്തെ ദുരന്തത്തിലേക്ക് തള്ളിവിടുകയാണെന്നും പി വി അൻവർ പറഞ്ഞു. മുഖ്യമന്ത്രിക്ക് നേരെ രൂക്ഷമായ വിമര്‍ശനമാണ് പിവി അന്‍വര്‍ നടത്തിയത്. വർഗീയ ധ്രുവീകരണം നടത്തുന്നു എന്നും അധികാരത്തിന് വേണ്ടി തരം താഴുന്ന രീതിയിലേക്ക് മുഖ്യമന്ത്രി മാറുന്നു എന്നും അന്‍വര്‍ പറഞ്ഞു.
സ്വർണ്ണപ്പാളി വിവാദത്തില്‍ പ്രതികരിച്ച് സ്പോൺസർമാരിൽ ഒരാളായ രമേഷ് റാവു. ദ്വാരപാലകശില്പം പൊതിയാൻ സ്വർണ്ണം കൊടുത്തു എന്നും സ്വർണ്ണം പൂശിയത് താനും ഉണ്ണികൃഷ്ണൻ പോറ്റിയും അനന്ത സുബ്രഹ്മണ്യവും ചേർന്നാണെന്നും രമേഷ് റാവു പറഞ്ഞു.
ശബരിമല സ്വർണ്ണപ്പാളി വിവാദത്തില്‍ വിജിലൻസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചാല്‍ ഹാജരാകുമെന്ന് സ്പോൺസര്‍മാരില്‍ ഒരാളായ ഉണ്ണികൃഷ്ണൻ പോറ്റി. ശബരിമല സ്വർണപ്പാളിയുടെ പേരിൽ വ്യാപകമായി പണപ്പിരിവ് നടത്തിയെന്ന് ദേവസ്വം വിജിലൻസിന്‍റെ കണ്ടെത്തലില്‍ പ്രതികരണം തേടിയ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഉണ്ണികൃഷ്ണൻ പോറ്റി.
ശബരിമലയില്‍ നടന്നത് ആസൂത്രിതമായ തട്ടിപ്പും കളവുമാണെന്നും ഭക്തര്‍ നല്‍കിയ സ്വര്‍ണ്ണം ദേവസ്വം ബോര്‍ഡിന്റെയും ഇടനിലക്കാരന്റെയും അറിവോടെ കവര്‍ന്നെടുക്കുകയായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മോഷ്ടാക്കളെ സഹായിക്കുന്ന നിലപാടാണ് മുന്‍ സര്‍ക്കാരും ഇപ്പോഴത്തെ സര്‍ക്കാരും സ്വീകരിക്കുന്നതെന്നും സതീശൻ ആരോപിച്ചു.
സംസ്ഥാന സർക്കാർ സ്ഥാപനമായ സപ്ലൈകോയിൽ പൊതുവിപണയെ അപേക്ഷിച്ച് മികച്ച അവശ്യസാധനങ്ങൾക്ക് വൻ വിലക്കുറവ്. 2025 സെപ്റ്റംബർ 29-ലെ കണക്കനുസരിച്ചുള്ള ഈ വിലക്കുറവ് സാധാരണക്കാർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. സബ്‌സിഡി നിരക്കിൽ സാധനങ്ങൾ വാങ്ങുന്നതിനായി ഉപഭോക്താക്കൾ റേഷൻ കാർഡ് കരുതേണ്ടതുണ്ട്.
ആലപ്പുഴയിൽ റോഡിലെ കുഴിയിൽ വീണ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. കായംകുളം കാക്കനാട് സ്വദേശി തുളസിയാണ് മരിച്ചത്. 72 വയസായിരുന്നു. കായംകുളം കാക്കനാട് – കാങ്കാലിൽ റോഡിലായിരുന്നു അപകടം ഉണ്ടായത്. ഇന്നലെ ബന്ധുവിനൊപ്പം ബൈക്കിൽ പോകവേ റോഡിലെ കുഴിയിൽ വീണിരുന്നു തുളസി. ഗുരുതര പരിക്കേറ്റ് ചികിത്സയിലിരിക്കെ ഇന്ന് വൈകീട്ടോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
എറണാകുളം പിറവം രാമമംഗലത്ത് മൂവാറ്റുപുഴയാറിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. ചോറ്റാനിക്കര സ്വദേശി ആൽബിനാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന വയനാട് സ്വദേശി അർജുനായി തെരച്ചിൽ തുടരുകയാണ്.
തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രി കെട്ടിടത്തിന്റെ കോൺക്രീറ്റ് പാളി അടർന്ന് വീണ് രോഗിയുടെ ബന്ധുവിന് പരിക്ക്. നെടുമങ്ങാട് ജില്ലാ ആശുപത്രിയുടെ കെട്ടിടത്തിന്റെ കോൺക്രീറ്റിൽ നിന്ന് പാളികൾ വീണാണ് രോഗിയുടെ ബന്ധുവിന് പരിക്കേറ്റത്. ശാന്തിഗിരി സ്വദേശി നൗഫിയ നൗഷാദിന് (21) കയ്യിലാണ് പരിക്കേറ്റു. ബന്ധുവിനെ പിഎംആർ ഒപിയിൽ ഡോക്ടറെ കാണിക്കാൻ ഇരിക്കുന്നതിനിടെയാണ് സംഭവം.
വിജയദശമി ആഘോഷങ്ങൾക്കിടെ മധ്യപ്രദേശിൽ ദുരന്തം. ഖാണ്ഡ്വ ജില്ലയിൽ ട്രാക്ടർ ട്രോളി പുഴയിലേക്ക് മറിഞ്ഞ് 11 പേര്‍ മരിച്ചു. വിഗ്രഹ നിമജ്ജനം കഴിഞ്ഞ് മടങ്ങിയ സംഘമാണ് അപകടത്തിൽ പെട്ടത്. മരിച്ചവരില് 6 പെൺകുട്ടികളാണ്. 25 പേർ അപകടസമയത്ത് ട്രോളിയില് ഉണ്ടായിരുന്നു. അപകടത്തില്‍ പെട്ട കൂടുതൽ പേർക്കായി തെരച്ചിൽ തുടരുകയാണ്.
ഇന്ത്യ–പാക് അതിർത്തി മേഖലയായ ഗുജറാത്തിലെ സർ ക്രീക്ക് കേന്ദ്രീകരിച്ച് സൈനിക വിന്യാസം നടത്തുന്ന പാകിസ്ഥാന് കടുത്ത മുന്നറിയിപ്പുമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. പാകിസ്ഥാന്റെ ഭാഗത്ത് നിന്നുള്ള ഏത് അതിസാഹസികതയ്ക്കും കനത്ത വില നൽകേണ്ടിവരുമെന്ന് പ്രതിരോധമന്ത്രി വ്യക്തമാക്കി. ഭുജിലെ സൈനിക കേന്ദ്രത്തിൽ വിജയദശമി ദിനത്തിൽ ജവാന്മാരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
കരൂർ ആൾക്കൂട്ട ദുരന്തത്തിന് മുൻപ് ടിവികെ സ്ഥാപക നേതാവും നടനുമായ വിജയ്‍ക്ക് നേരെ ചെരുപ്പെറിയുന്ന ആളുടെ ദൃശ്യങ്ങൾ പുറത്ത്. ഒരു യുവാവ് ചെരുപ്പെറിയുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. വിജയ്ക്ക് പിന്നിൽ നിന്നാണ് ഇയാൾ ചെരുപ്പെറിയുന്നത്. യുവാവ് എറിയുന്ന ചെരുപ്പ് വിജയ്‌യുടെ അടുത്ത് കൂടിയാണ് പോകുന്നത്. ആസൂത്രിതമായി ചെരുപ്പേറുണ്ടായി എന്നാണ് ടിവികെയുടെ പരാതി.
വിവാഹ വാഗ്ദാനം നൽകി യൂറോപ്യൻ യുവതിയെ ബലാത്സംഗം ചെയ്ത് ഒരു ലക്ഷം യൂറോ തട്ടിയെടുത്ത കേസിൽ ഒരാൾക്ക് 10 വർഷം കഠിന തടവ് ശിക്ഷ പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതി ചൊവ്വാഴ്ച വിധിച്ചു. കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചതിന് യുവാവിന്റെ അമ്മയ്ക്ക് അഞ്ച് വർഷം തടവും, ഇരുവർക്കും യഥാക്രമം 7.90 ലക്ഷം രൂപയും 5.90 ലക്ഷം രൂപയും പിഴയും കോടതി വിധിച്ചു.
ബ്രിട്ടണെ നടുക്കി മാഞ്ചസ്റ്ററിൽ ജൂതരുടെ പുണ്യദിനത്തിൽ സിനഗോഗിന് മുന്നിൽ ആക്രമണം. മാഞ്ചസ്റ്ററിലെ മിഡിൽടൺ റോഡിലെ ഹീറ്റൺ പാർക്ക് ഹീബ്രു കോൺഗ്രിഷേഷൻ സിനഗോഗിന് മുന്നിലാണ് പ്രാദേശിക സമയം രാവിലെ ഒമ്പതരയോടെ ആക്രമണമുണ്ടായത്. ജനക്കൂട്ടത്തിന് നേരെ അക്രമി കാറോടിച്ച് കയറ്റുകയായിരുന്നു. ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് അതീവ ഗുരുതരമായി പരുക്കേറ്റെന്ന് പൊലീസ് വ്യക്തമാക്കി. അക്രമിയെ വെടിവച്ച് വീഴ്ത്തിയെന്ന് പൊലീസ് അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്.
തായ്‌വാന് മേൽ വീണ്ടും സമ്മർദ്ദ തന്ത്രവുമായി ചൈന. ഇന്നർ മംഗോളിയയിലുള്ള സുരിഹെ പരിശീലന കേന്ദ്രത്തിൽ ചൈന അധിനിവേശ പരിശീലനം ഊർജ്ജിതമാക്കിയതായി റിപ്പോർട്ട്. തായ്‌വാന്റെ തലസ്ഥാനമായ തായ്‌പേയിലെ സർക്കാർ കെട്ടിടങ്ങളുടെ ഒരു വലിയ മാതൃക (മോക്ക്-അപ്പ്) വികസിപ്പിച്ചുകൊണ്ട് ചൈന സൈനിക തയ്യാറെടുപ്പുകൾ ശക്തമാക്കുന്നതായാണ് റിപ്പോർട്ട്.
ഗാസയിലേക്ക് അവശ്യ സഹായങ്ങളുമായി എത്തിയ സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ ത്യുന്‍ബെ അടക്കമുള്ളവരെ നാടുകടത്തുമെന്ന് ഇസ്രയേൽ അറിയിച്ചു. ഗ്രെറ്റയും സംഘവും അവശ്യ സാധനങ്ങളുമായി എത്തിയ ‘ഗ്ലോബൽ സുമുദ്’ ബോട്ടുകൾ ഇസ്രയേൽ കസ്റ്റഡിയിലെടുത്തിരുന്നു. ഗ്രെറ്റയെയും സംഘത്തെയും ഇസ്രയിലേക്ക് കൊണ്ടുപോയി. ഇവരെ അവരവരുടെ രാജ്യങ്ങളിലേക്ക് നാടു കടത്തുമെന്നാണ് ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നത്.
ഗുജറാത്ത് തീരത്തോട് ചേർന്നുള്ള സർ ക്രീക്ക് മേഖലയിൽ പാകിസ്ഥാൻ സൈനിക സാന്നിധ്യവും അടിസ്ഥാനസൗകര്യങ്ങളും വിപുലീകരിച്ചതിനെതിരെ കടുത്ത മുന്നറിയിപ്പുമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് രംഗത്ത്. പാകിസ്ഥാൻ ഈ മേഖലയിൽ ഏതെങ്കിലും തെറ്റായ നീക്കം നടത്തിയാൽ, അത് ‘ചരിത്രവും ഭൂമിശാസ്ത്രവും മാറ്റിമറിക്കുന്ന’ ശക്തമായ പ്രതികരണത്തിന് കാരണമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ‘കറാച്ചിയിലേക്കുള്ള ഒരു വഴി സർ ക്രീക്ക് മേഖലയിലൂടെയാണ്’ എന്ന് പാകിസ്ഥാൻ ഓർക്കണമെന്നും ഇന്ത്യയുടെ ഭാഗത്ത് നിന്ന് ശക്തമായ പ്രതികരണം ഉണ്ടാകുമെന്നും പ്രതിരോധ മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ ആറു മാസത്തിനുള്ളിൽ മൂന്ന് തവണ അമേരിക്കയിലെത്തിയ പാകിസ്ഥാൻ കരസേനാ മേധാവി ഫീൽഡ് മാർഷൽ അസിം മുനീറിനെതിരെ സ്വന്തം രാജ്യത്തു നിന്ന് വിമർശനം. ഏറ്റവും ഒടുവിലെ സന്ദർശനത്തിനിടെ പാകിസ്ഥാനിലെ ധാതുക്കളുടെ സാമ്പിൾ അടങ്ങിയ പെട്ടി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് മുന്നിൽ തുറന്നതാണ് രാഷ്ട്രീയ കോളിളക്കത്തിന് കാരണം. രാഷ്ട്രീയമായി പാകിസ്ഥാന് നാണക്കേടായി മാറിയ പ്രവൃത്തി എന്നാണ് പാർലമെന്റിൽ ഉയർന്ന വിമർശനം.
പാക് അധീന കശ്മീരില്‍ ക്രമസമാധാനനില വഷളാകുന്നതില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ച് പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്. പാക് അധീന കശ്മീരിലെ സംഘര്‍ഷഭരിതമായ പ്രതിഷേധത്തിന് പരിഹാരം കാണാന്‍ രൂപം കൊടുത്ത മധ്യസ്ഥ സമിതി അദ്ദേഹം വിപുലീകരിക്കുകയും ചെയ്തു. ദിവസങ്ങളായി പാക് അധീന കശ്മീരില്‍ പാക് സര്‍ക്കാരിനെതിരേ കടുത്ത പ്രതിഷേധമാണ് നടക്കുന്നത്.
ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയില്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ഒക്ടോബര്‍ അവസാനത്തോടെ പുനരാരംഭിക്കാന്‍ കഴിയുമെന്ന് വിദേശകാര്യ മന്ത്രാലയം. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ക്രമേണ സാധാരണ നിലയിലാക്കുന്നതിനുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ സമീപനത്തിന്റെ ഭാഗമായാണ് പുതിയ നീക്കം.
അസമീസ് ഗായകന്‍ സുബീന്‍ ഗാര്‍ഗിന്റെ മരണത്തില്‍ ഗാര്‍ഗിന്റെ മാനേജര്‍ സിദ്ധാര്‍ഥ് ശര്‍മയ്ക്കും സിംഗപൂരിലെ നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവല്‍ സംഘാടകന്‍ ശ്യാംകാനു മഹന്തയ്ക്കുമെതിരെ കൊലപാതക കുറ്റം ചുമത്തി അസം പോലീസ്. ഇരുവരെയും ബുധനാഴ്ച പോലീസ് അറസ്റ്റ് ചെയ്തു.
ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ജനാധിപത്യത്തിനെതിരായ ആക്രമണമാണെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കൊളംബിയയിലെ ഇഐഎ സര്‍വകലാശാലയിലെ സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വോട്ട് കൊള്ളയെക്കുറിച്ച് സൂചിപ്പിച്ച് നരേന്ദ്ര മോദി സര്‍ക്കാരിനെ ലക്ഷ്യംവെച്ചുകൊണ്ടുള്ളതായിരുന്നു രാഹുലിന്റെ വാക്കുകള്‍.
ആർഎസ്എസിന്‍റെ സംഭാവനകൾ ഉയർത്തിക്കാട്ടി സ്മാരക തപാൽ സ്റ്റാമ്പും നാണയവും പുറത്തിറക്കിയ കേന്ദ്ര സർക്കാരിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് പവൻ ഖേര. സവർക്കർ ബ്രിട്ടീഷുകാരിൽനിന്ന് പെൻഷനായി കൈപ്പറ്റിയിരുന്ന തുകയായ 60 രൂപയുടെ നാണയമാണ് പുറത്തിറക്കേണ്ടിയിരുന്നതെന്ന് പവൻ ഖേര എക്സിൽ പങ്കുവെച്ച കുറിപ്പിൽ പരിഹസിച്ചു.
