Untitled design 20250112 193040 0000 1

 

 

ഇസ്രായേലിലെ സിയോണിസ്റ്റും ഇന്ത്യയിലെ ആർ എസ് എസും ഇരട്ടപെറ്റ സഹോദരങ്ങളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിനീത ദാസനാണ്. ആത്മാഭിമാനമുള്ള രാഷ്ട്രമാണെങ്കിൽ ചോര തിളക്കും. ഇന്ത്യക്ക് നേരെ ട്രംപ് താരീഫ് ഉയര്‍ത്തിയപ്പോഴും മോദി പ്രതികരിച്ചില്ലെന്നും പിണറായി കുറ്റപ്പെടുത്തി. തലശ്ശേരിയില്‍ നടന്ന കോടിയേരി ബാലകൃഷ്ണന്‍ അനുസ്മരണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.

 

വയനാട് പുനർനിർമാണത്തിന് സഹായം അനുവദിച്ച് കേന്ദ്രം. 260.56 കോടി രൂപയാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതല സമിതി അനുവദിച്ചത്. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിലെ പുനർ നിർമ്മാണ പ്രവർത്തനങ്ങൾക്കായി ദേശീയ ദുരന്ത നിവാരണ നിധിയിൽ നിന്നാണ് തുക അനുവദിച്ചിരിക്കുന്നത്. അസമിന് 1270.788 കോടിയും അനുവദിച്ചിട്ടുണ്ട്. 9 സംസ്ഥാനങ്ങൾക്കായി ആകെ 4645.60 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്.

 

തിരുവനന്തപുരത്ത് റോഡ് കയ്യേറി പ്രവർത്തിക്കുന്ന തട്ടുകടകൾ അടപ്പിച്ച് പൊലീസ്. കോട്ടൺഹിൽ, വെള്ളയമ്പലം, ശാസ്തമംഗലം ഭാഗത്തെ തട്ടുകടകളാണ് അടപ്പിച്ചത്. റോഡിലേക്ക് ഇറക്കിയാണ് ഈ കടകൾ കെട്ടിയിരുന്നതെന്ന് പൊലീസ് പറയുന്നു. കോട്ടൻഹിൽ റോഡിൽ 20 ഓളം കടകൾ അടപ്പിച്ചു. ഭക്ഷണം പാഴക്കാതിരിക്കാൻ ഇന്ന് ചില കടകൾക്ക് 11 മണി വരെ പ്രവർത്തിക്കാൻ പൊലീസ് അനുമതി നൽകിയിട്ടുണ്ട്.സംഭവത്തെ തുടർന്ന് പ്രതിഷേധവുമായി മുന്നോട്ട് പോകുകയാണ് തട്ടുകടക്കാർ.

 

വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടർന്ന് ബാങ്ക് കൈവശപ്പെടുത്തിയ വീടിനുള്ളിൽ അകപ്പെട്ടുപോയ വളർത്തുപൂച്ചയെ ഉടമയ്ക്ക് തിരികെ നൽകാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് നിർദ്ദേശം നൽകി കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. വായ്പ കുടിശ്ശിക വരുത്തിയതിനെ തുടർന്ന് ബാങ്ക് കൈവശപ്പെടുത്തിയ വീടിനുള്ളിൽ തന്‍റെ വളർത്തുപൂച്ച കുടുങ്ങിപ്പോയതായി കാണിച്ച് ഹർജിക്കാരൻ കോടതിയെ സമീപിക്കുകയായിരുന്നു.

 

കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്കെതിരെ സിപിഐ. ജനങ്ങളെ പരിഹസിക്കുന്ന കേന്ദ്രമന്ത്രിയെ തിരുത്താൻ എന്തുകൊണ്ട് ബിജെപി തയ്യാറാകുന്നില്ലെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എയിംസ് വിവാദമാക്കുന്നതിലൂടെ കേരളത്തിന് എയിംസ് നഷ്ടമാകാനാണ് സാധ്യത. എൽഡിഎഫ് രാഷ്ട്രീയം ശരിയാണ്. പക്ഷെ, സിപിഐ ആരുടെയും ബി ടീമല്ലെന്നും ബിനോയ് വിശ്വം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

 

വിജയദശമിയുടെ ഭാഗമായി എറണാകുളം പള്ളിക്കരയിൽ ആർഎസ്എസ് പഥസഞ്ചലനത്തിൽ പങ്കെടുത്ത് മുൻ ഡിജിപി ജേക്കബ് തോമസ്. ആർഎസ്എസ് ഗണവേഷത്തിലാണ് ജേക്കബ് തോമസ് പങ്കെടുത്തത്. ആർഎസ്എസിൻ്റെ മുഴുവൻ സമയ പ്രവർത്തകനാകുകയാണെന്ന് ജേക്കബ് തോമസ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഓരോ വ്യക്തിയും ശക്തിയാർജിക്കുകയാണ് ആർഎസ്എസ് ലക്ഷ്യമെന്നും ആർഎസ്എസിന് മതമോ പ്രാദേശികതയോ ഇല്ലെന്നും ജേക്കബ് തോമസ് അധ്യക്ഷ പ്രസംഗത്തിൽ അവകാശപ്പെട്ടു

 

എസ്‍എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തി മന്ത്രി വി എൻ വാസവനും ​ഗവർണറും. എസ്എൻഡിപി യോഗം ശിവഗിരി യൂണിയൻ മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് ഇരുവരും വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തിയത്. പകരക്കാരനില്ലാത്ത അമരക്കാരനാണ് വെള്ളാപ്പള്ളി നടേശനെന്ന് മന്ത്രി വി എൻ വാസവൻ ചടങ്ങിൽ പറഞ്ഞു.ഇങ്ങനെ ഒരു നേതാവിനെ മറ്റൊരു സംഘടനയിലും കാണാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.

 

കേസുകളിൽ പ്രതി ചേർക്കപ്പെട്ട വിദ്യാർത്ഥികൾക്ക് അഡ്മിഷൻ നൽകരുതെന്ന കേരള സർവകലാശാല വിസി ഡോ. മോഹൻ കുന്നുമ്മലിന്‍റെ സർക്കുലറിനെതിരെ എസ്എഫ്ഐ. ചരിത്ര നിഷേധ ഉത്തരവുകൾ പൊതുജനങ്ങൾ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സഞ്ജീവ് പി എസ് പ്രതികരിച്ചു . വൈസ് ചാൻസലറുടെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുമെന്നും സഞ്ജീവ് വ്യക്തമാക്കി.

 

 

മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികൾക്കായി സർവീസ് നടത്തുന്ന കെഎസ്ആര്‍ടിസി ഡബിള്‍ ഡക്കര്‍ ബസിലെ കണ്ടക്ടറെ സസ്പെൻഡ് ചെയ്തു. മൂന്നാർ യൂണിറ്റിലെ ഡ്രൈവർ കം കണ്ടക്ടർ പ്രിൻസ് ചാക്കോയെയാണ് സസ്പെൻഡ് ചെയ്തത്. 27-ാം തീയതി നടത്തിയ പരിശോധനയിൽ ഇതര സംസ്ഥാനക്കാരിയായ യാത്രക്കാരിയിൽ നിന്നും 400 രൂപ വാങ്ങിയ ശേഷം ടിക്കറ്റ് നൽകാത്തതിനെ തുടർന്നാണ് വിജിലൻസ് കസ്റ്റഡിയിൽ എടുത്തത്.

 

കെഎസ്ആര്‍ടിസി ബസ് തടഞ്ഞു നിര്‍ത്തി മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ മിന്നല്‍ പരിശോധന. കൊല്ലം ആയൂരിൽ വെച്ചായിരുന്നു സംഭവം. ബസിൻ്റെ മുൻവശത്ത് പ്ലാസ്റ്റിക് മാലിന്യം കണ്ടതോടെ ഔദ്യോഗിക വാഹനത്തിൽ മന്ത്രി പിന്നാലെ എത്തുകയായിരുന്നു. ബസുകൾ വൃത്തിയായി സൂക്ഷിക്കണമെന്ന് സിഎംഡിയുടെ നോട്ടീസ് ഉണ്ടെന്നും ഡ്രൈവർക്കും കണ്ടക്ടർക്കും എതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

 

ആലപ്പുഴയിൽ യുവതിയെ പെട്രോൾ ഒഴിച്ച് തീ കൊളുത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. പ്രതി ജോസ് (57) ആണ് പൊലീസ് സ്റ്റേഷനിൽ കൈഞരമ്പ് മുറിച്ച് ആത്മ​ഹത്യയ്ക്ക് ശ്രമിച്ചത്. പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലപ്പുഴയിൽ 18 കാരിയായ പെൺകുട്ടിയെയാണ് ജോസ് തീ കൊളുത്തി കൊല്ലാൻ ശ്രമിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.

 

ക്രിമിനൽ കേസ് പ്രതികളായാൽ അഡ്മിഷൻ ഇല്ലെന്ന തീരുമാനവുമായി കേരള വി സി മുന്നോട്ട്. വിഷയത്തിൽ കോളേജുകൾക്ക് വിസി മോഹൻ കുന്നുമ്മൽ സർക്കുലർ അയച്ചിരിക്കുകയാണ്. പ്രവേശനം നേടുന്നവർ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടില്ല എന്ന് സത്യവാങ്മൂലം നൽകണമെന്നും സര്‍ക്കുലറിലുണ്ട്.

 

ആലപ്പുഴയിൽ അമ്മയെ 17 കാരിയായ മകൾ കുത്തി പരിക്കേല്പിച്ചു. ആലപ്പുഴ വാടയ്ക്കൽ ആണ് സംഭവം. മഹിളാ കോൺഗ്രസ്‌ നേതാവിനാണ് മകളുടെ കുത്തേറ്റത്. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ യുവതിയെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫോൺ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

 

മലപ്പുറം ജില്ല വിഭജിക്കണമെന്ന മുസ്ലീം ലീഗ് നേതാവുകൂടിയായ തിരൂര്‍ എംഎല്‍എ കുറുക്കോളി മൊയ്തീന്‍റെ ആവശ്യം തള്ളി മുസ്ലീം ലീഗ്. മലപ്പുറം ജില്ലാ വിഭജനമെന്ന ആവശ്യം മുസ്ലീം ലീഗ് ചര്‍ച്ച ചെയ്യുകയോ തീരുമാനമെടുക്കുകയോ ചെയ്തിട്ടില്ലെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. കുറുക്കോളി മൊയ്തീൻ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണെന്നും അദ്ദേഹം പറഞ്ഞു.

 

 

സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരായ ലൈംഗികാതിക്രമ കേസിൽ ശ്രീ ശാർദ ഇൻസ്റ്റിറ്റ്യൂട്ടിൽ വീണ്ടും തെളിവെടുപ്പ് നടത്തി അന്വേഷണ സംഘം. ചൈതന്യാനന്ദയെയും പിടിയിലായ രണ്ട് വനിത കൂട്ടാളികളെയും സ്ഥാപനത്തിൽ എത്തിച്ചായിരുന്നു തെളിവെടുപ്പ്. ഇവർ സ്ഥാപനത്തിലെ മുൻ ജീവനക്കാരാണെന്നാണ് സൂചന. ഇന്ന് നടത്തിയ പരിശോധനയിൽ സ്ഥാപനത്തിൽ നിന്നും നിരവധി സീഡികളും കണ്ടെടുത്തു.

 

 

യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവെച്ച ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന പദ്ധതിക്ക് പിന്തുണ നൽകിയ മുസ്ലീം പങ്കാളികൾക്ക് കനത്ത തിരിച്ചടി. ‘ഉമ്മത്തിന്‍റെ’ (മുസ്ലീം സമൂഹം) സംരക്ഷകരായി സ്വയം അവകാശപ്പെടുന്ന പാകിസ്ഥാൻ ഉൾപ്പെടെയുള്ള അറബ് രാജ്യങ്ങൾ സദുദ്ദേശത്തോടെയാണ് ഇതിന് പിന്തുണ നൽകിയതെങ്കിലും, അറബ്-ഇസ്ലാമിക ലോകത്തെ നേതാക്കൾ ഇപ്പോൾ കടുത്ത വിമർശനമാണ് നേരിടുന്നത്. പലസ്തീൻ പ്രശ്നത്തിന്‍റെ ‘ഒറ്റുകാർ’ എന്നും ‘ചതിച്ചവർ’ എന്നുമാണ് സോഷ്യൽ മീഡ‍ിയയില്‍ ഇപ്പോൾ ഇവർ മുദ്രകുത്തപ്പെടുന്നത്.

 

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് പേസ്‍മേക്കർ ഘടിപ്പിച്ചു. പനിയും ശ്വാസതടസ്സവും കാരണം ഖാർ​ഗെയെ ബംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇദ്ദേ​ഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഹൃദയമിടിപ്പിൽ നേരിയ വ്യത്യാസം കണ്ടതിനെ തുടർന്നാണ് പേസ്‍മേക്കർ ഘടിപ്പിച്ചത്.

 

യുഎൻ സമാധാനസേനയുടെ ഭാഗമായുള്ള മുപ്പത് രാജ്യങ്ങളുടെ കരസേന മേധാവിയുടെ കോൺക്ലേവിന് ഇന്ത്യ വേദിയാകുന്നു. ഈ മാസം പതിനാല് മുതൽ രണ്ട് ദിവസമാണ് പരിപാടി നടക്കുക. ഇന്ത്യൻ കരസേനയുടെ ആഗോളസഹകരണം ഊട്ടി ഉറപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് പരിപാടി ഇന്ത്യയിൽ നടക്കുന്നതെന്ന് കരസേന ഡെപ്യൂട്ടി ചീഫ് ലഫ് ജനറൽ രാകേഷ് കപൂർ പറഞ്ഞു. രണ്ട് ദിവസം നീണ്ടു നിൽക്കുന്ന പ്രധാനപ്പെട്ട ഉച്ചകോടിയ്ക്കാണ് ഈ മാസം രാജ്യം വേദിയാകുന്നത്. ഐക്യരാഷ്ട്രസഭയുടെ സമാധാനസേനയിൽ പ്രധാനപങ്കാളിത്തമുള്ള രാജ്യമാണ് ഇന്ത്യ.

 

കേന്ദ്രസർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ക്ഷാമബത്ത (ഡി എ) 3 ശതമാനം വർധിപ്പിക്കാൻ ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. ജൂലൈ 1 മുതൽ മുൻകാല പ്രാബല്യത്തോടെ ഈ തീരുമാനം നടപ്പാക്കുമെന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ക്ഷാമബത്ത വർധനയിലൂടെ ലക്ഷക്കണക്കിന് കേന്ദ്രസർക്കാർ ജീവനക്കാർക്കും വിരമിച്ചവർക്കും ആനുകൂല്യം ലഭിക്കും.

 

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ടിവികെ അധ്യക്ഷൻ വിജയ് അവ​ഗണിച്ചതായി റിപ്പോർട്ട്. കരൂർ ദുരന്തത്തിന് പിന്നാലെ അമിത് ഷാ വിജയ് യെ ബന്ധപ്പെടാൻ ശ്രമിച്ചെന്നാണ് സൂചന. ദുരന്തത്തിന്റെ പിറ്റേന്ന് അമിത് ഷായുടെ ഓഫീസ് ബന്ധപ്പെടാൻ ശ്രമിച്ചു. ഫോൺ സംഭാഷണ‍ത്തിന് വഴിയൊരുക്കാൻ ആവശ്യപ്പെട്ടെന്നും എന്നാൽ സംസാരിക്കാൻ താത്പര്യമില്ലെന്ന് വിജയ് പറഞ്ഞുവെന്നുമുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്.

 

ഇന്ത്യ – പാക് സംഘർഷം അവസാനിപ്പിച്ചത് താനാണെന്ന് പലതവണ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ആവർത്തിച്ചു. ഇന്ത്യ ഈ അവകാശവാദം തള്ളിക്കളയുകയും ചെയ്തു. യുദ്ധം തടഞ്ഞതിലൂടെ താൻ ലക്ഷക്കണക്കിന് ജീവൻ രക്ഷിച്ചു എന്ന് പാക് സൈനിക മേധാവി അസിം മുനീർ പറഞ്ഞതായി ട്രംപ് അവകാശപ്പെട്ടു. അടുത്തിടെ വൈറ്റ് ഹൌസിൽ നടന്ന കൂടിക്കാഴ്ചയിൽ അസിം മുനീർ തന്നെ അഭിനന്ദിച്ചെന്നാണ് ട്രംപ് പറഞ്ഞത്.

 

പാകിസ്താനിൽ പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ചു. പാകിസ്താൻ ധനകാര്യ മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനം അനുസരിച്ച് പെട്രോളിന് ലിറ്ററിന് 4.07 രൂപയും ഹൈ-സ്പീഡ് ഡീസലിന് 4.04 രൂപയുമാണ് വർധിപ്പിച്ചിരിക്കുന്നത്. ഇതോടെ പെട്രോൾ വില ലിറ്ററിന് 268.68 രൂപയായി. പെട്രോൾ, ഡീസൽ വില വർധിപ്പിച്ചതിന് പിന്നാലെ പാകിസ്താനിൽ സര്‍ക്കാരിനെതിരെ വ്യാപകമായ പൊതുജനരോഷം ഉയർന്നിരിക്കുകയാണ്.

 

റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിൻ 23-ാമത് ഇന്ത്യ-റഷ്യ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഡിസംബർ അഞ്ച്, ആറ് തീയതികളിൽ ഇന്ത്യ സന്ദർശിക്കാൻ സാധ്യത. 2022 ഫെബ്രുവരിയിൽ റഷ്യ-യുക്രൈൻ യുദ്ധം ആരംഭിച്ച ശേഷം ഇത് ഇന്ത്യയിലേക്കുള്ള പുടിന്‍റെ ആദ്യ യാത്രയായിരിക്കും. നേരത്തെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം പുടിൻ സ്വീകരിച്ചതായി ക്രെംലിൻ സ്ഥിരീകരിച്ചിരുന്നെങ്കിലും തീയതികൾ അന്തിമമായി തീരുമാനിച്ചിരുന്നില്ല.

 

ദോഹയിൽ നടത്തിയ ആക്രമണത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ഖത്തറിനോട് മാപ്പു പറഞ്ഞിരുന്നു. ഖത്തര്‍ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനിയെ ഫോണില്‍ വിളിച്ചാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മാപ്പ് പറഞ്ഞത്. ഖത്തറിന്റെ പരമാധികാരം ലംഘിച്ചതിൽ ഖേദിക്കുന്നുവെന്നായിരുന്നു പ്രതികരണം. വൈറ്റ്ഹൗസില്‍ നിന്നാണ് നെതന്യാഹു ഫോണ്‍ ചെയ്തതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

 

ഏഷ്യാ കപ്പ് സമ്മാനദാന ചടങ്ങുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ക്കു ശേഷം ആദ്യമായി പ്രതികരിച്ച് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ (എസിസി) പ്രസിഡന്റും പാകിസ്താന്‍ മന്ത്രിയുമായ മൊഹ്‌സിന്‍ നഖ്‌വി. എക്‌സില്‍ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

 

കര്‍ണാടകയില്‍ മുഖ്യമന്ത്രി പദത്തില്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുമെന്ന് സിദ്ധരാമയ്യ. കാലാവധി പൂര്‍ത്തിയാക്കുന്നതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

 

ആർ‌എസ്‌എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഭാരതാംബയുടെ ചിത്രം ആലേഖനം ചെയ്ത 100 രൂപയുടെ നാണയവും പ്രത്യേക തപാൽ സ്റ്റാമ്പും പുറത്തിറക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതാദ്യമായാണ് ഭാരതാംബയുടെ ചിത്രം ആലേഖനം ചെയ്ത നാണയം പുറത്തിറക്കുന്നത്.

 

ആര്‍എസ്എസ് സ്ഥാപകന്‍ കേശവ് ബലിറാം ഹെഡ്‌ഗേവാറിന് ഇന്ത്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌ന നല്‍കുന്നത് പരിഗണിക്കണമെന്ന് ബിജെപി നേതാവും പാര്‍ട്ടിയുടെ ന്യൂനപക്ഷ വിഭാഗം തലവനുമായ ജമാല്‍ സിദ്ദിഖി. രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് ഇക്കാര്യം ആവശ്യപ്പെട്ട് സിദ്ദിഖി കത്തെഴുതി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *