Screenshot 20250705 135848 2

കെടിയു-ഡിജിറ്റൽ സർവകലാശാലകളിൽ താൽക്കാലിക വിസിമാരെ നിയമിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആ‌ർലേക്കർ. ഡോ. സിസ തോമസിനെ ഡിജിറ്റൽ വിസിയായും കെ ശിവപ്രസാദിനെ കെടിയു വിസിയുമാക്കിയാണ് വീണ്ടും നിയമിച്ചത്. അതേസമയം, ഗവര്‍ണറുടെ നടപടിക്കെതിരെ സർക്കാർ രംഗത്തെത്തി. ഗവർണറുടെ നടപടി സുപ്രീം കോടതിവിധിയുടെ ലംഘനമാണെന്നാണ് സർക്കാർ നിലപാട്. വിസിമാരുടെ പുനർനിയമനം സർക്കാർ ശുപാർശ അനുസരിച്ചാകണമെന്ന വിധി ഗവർണർ അംഗീകരിച്ചില്ലെന്നാണ് സര്‍ക്കാര്‍ വാദം.

 

ആർഎസ്എസ് വിധേയർ വിസിമാരാകുന്നുവെന്ന് മന്ത്രി ആർ ബിന്ദു. വിസി നിയമനം ഗവർണറുടെ ഏകപക്ഷീയ തീരുമാനമാണെന്നും കോടതി വിധികൾ ഗവർണർ അവഗണിച്ചുവെന്നും മന്ത്രി പറഞ്ഞു. സർക്കാർ നിയമോപദേശം തേടിയിട്ടുണ്ട്. ഗവർണർക്ക് കത്തു നൽകും. സർക്കാർ നൽകിയ പട്ടികയിൽ നിന്ന് വിസിയെ നിയമിക്കണമെന്നും മന്ത്രി പറഞ്ഞു.

 

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യൂറോളജി വകുപ്പിൽ ചില ഉപകരണങ്ങൾ ബോധപൂർവ്വം കേടാക്കി എന്നും കാണാതായെന്നും, കാണാതായതിൽ പൊലീസ് അന്വേഷണം വേണമെന്നും ആരോഗ്യ വകുപ്പിന്‍റെ വിലയിരുത്തല്‍. 20 ലക്ഷത്തോളം രൂപ വിലമതിക്കുന്ന ഓസിലോസ്കോപ്പ് ഉപകരണമാണ് കാണാതായത്. ശശി തരൂർ എംപിയുടെ വികസന ഫണ്ടിൽ നിന്ന് അനുവദിച്ച തുകയ്ക്കാണ് ഉപകരണം വാങ്ങിയത്. എന്നാൽ സമിതി റിപ്പോർട്ടിൽ എന്താണെന്ന് തനിക്കറിയില്ലെന്നും കത്ത് കൊടുത്ത കാലയളവിനിടെ ഉപകരണം കിട്ടിയിട്ടില്ല, കത്ത് പ്രിന്റ് ചെയ്യാനുള്ള പേപ്പർ വരെ പൈസ കൊടുത്ത് താൻ വാങ്ങണം അത്രയും ഗതികേടാണെന്നും ഡോ.ഹാരിസ് വ്യക്തമാക്കി.

 

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗത്തിലെ ഡോ ഹാരിസിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയത് സ്വാഭാവിക നടപടിയാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. അച്ചടക്കലംഘനം ഉണ്ടായിട്ടുണ്ടെന്നും അന്വേഷണ റിപ്പോർട്ടിൽ ഏറെ ശുപാർശകളുണ്ടെന്നും മന്ത്രി പറഞ്ഞു.

 

ഡോ ഹാരിസിനെതിരായ കാരണം കാണിക്കൽ നോട്ടീസിൽ പ്രതികരണവുമായി ഡോക്ടർമാരുടെ സംഘടന രംഗത്തെത്തി. നടപടി ഉണ്ടായാൽ ശക്തമായ പ്രതിഷേധമുണ്ടാവുമെന്ന് കെജിഎംസിടിഎ (KGMCTA) വ്യക്തമാക്കി. നോട്ടീസിനെ നടപടിക്രമങ്ങളുടെ ഭാഗമായി കാണുന്നുവെന്നും അതിനപ്പുറമുള്ള നടപടി ഉണ്ടായാൽ ശക്തമായ പ്രതികരിക്കുമെന്നും കെജിഎംസിടിഎ അറിയിച്ചു

 

ഡോക്ടർ ഹാരിസിനെ മോഷണക്കേസിൽ കുടുക്കാനാണ് ആരോഗ്യവകുപ്പ് ശ്രമിക്കുന്നതെന്ന് മുന്‍ എംഎല്‍എ പിവി അന്‍വര്‍. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ചില ഉപകരണങ്ങൾ കാണാതായെന്ന വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിലാണ് പ്രതികരണം. ഉപകരണങ്ങൾ കാണാതായെന്ന മന്ത്രിയുടെ പ്രസ്താവനയിൽ ദുസ്സൂചനയുണ്ടെന്നും അൻവർ പറഞ്ഞു.

 

ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകളുടെ മോചനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ അടുത്ത് നിന്നും ഉറപ്പ് ലഭിച്ചെന്ന് രാജീവ് ചന്ദ്രശേഖർ. കന്യാസ്ത്രീകളുടെ മോചനം ഉടൻ തന്നെ ഉണ്ടാകുമെന്നും ഇതിൽ രാഷ്ട്രീയമില്ലെന്നും അദ്ദേഹം പറഞ്ഞു. മാർ ആൻഡ്രൂസ് താഴത്തിലുമായി നടത്തിയ കൂടിക്കാഴ്ച്ചക്ക് ശേഷമാണ് ബിജെപി അധ്യക്ഷൻ്റെ പ്രതികരണം. അതിനിടെ, രാജീവ് ചന്ദ്രശേഖറെ അമിത് ഷാ ദില്ലിയിലേക്ക് വിളിപ്പിച്ചു. എത്രയും പെട്ടെന്ന് ദില്ലിയിൽ എത്താനാണ് നിർദേശം. ഇന്ന് ഉച്ചയോടെ രാജീവ് ചന്ദ്രശേഖർ ദില്ലിയിലേക്ക് പുറപ്പെടും.

 

ഛത്തീസ്ഗഢിൽ അറസ്റ്റിലായ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ എന്‍ഐഎ കോടതിയിൽ ജാമ്യ ഹർജി നൽകി. മുതിർന്ന അഭിഭാഷകൻ അമൃതോ ദാസ് ആണ് കന്യാസ്ത്രീകൾക്ക് വേണ്ടി കോടതിയില്‍ ഹാജരാവുക. വളരെ നീണ്ടുനിന്ന കൂടിയാലോചനകൾക്ക് ശേഷമാണ് ബിലാസ്പൂരിലെ എന്‍ഐഎ കോടതിയില്‍ തന്നെ ജാമ്യാപേക്ഷ നല്‍കാം എന്ന് സഭാനേതൃത്വം തീരുമാനിച്ചത്. ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയാല്‍ കാലതാമസം ഉണ്ടാകും എന്ന വിലയിരുത്തലിലാണ് നടപടി.

 

ഛത്തീസ്ഡില്‍ കന്യാസത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട വിവാദത്തില്‍ കെസി വേണുഗോപാലിന്‍റെ നേതൃത്വത്തിൽ നടക്കുന്ന ഇടപെടലിനെ അംഗീകരിക്കുന്നുവെന്നും അനുകൂലിക്കുന്നുവെന്നും സിപിഎം നേതാവ് പി ജയരാജന്‍. കേരളത്തിലെ ഒരു കോൺഗ്രസ്‌ എംപി കേന്ദ്ര സർക്കാരുമായി നടത്തിയ ചർച്ചയിൽ ഉണ്ടായില്ല, അത് വയനാട്ടിലെ എംപി പ്രിയങ്ക ഗാന്ധിയാണ്. ലോക്സഭയിലെ പ്രതിപക്ഷ നേതാവും ഇടപെട്ടില്ല. ഇത് കേരളത്തിലെ ഒരു വിഷയമല്ല, അഖിലേന്ത്യാ വിഷയമാണെന്നും അദ്ദേഹം പറഞ്ഞു.

 

ഛത്തീസ്ഗഢിൽ അറസ്റ്റിലായ കന്യാസ്ത്രീകളുടെ വീട്ടിലെത്തി അവരുടെ കുടുംബവുമായി താൻ സംസാരിച്ചിരുന്നുവെന്നുവെന്ന് ശോഭ സുരേന്ദ്രൻ വ്യക്തമാക്കി. കന്യാസ്ത്രീകളെ പാർപ്പിച്ച ജയിലിൽ പോയി ബിജെപി നേതാക്കൾ വിവരങ്ങൾ അന്വേഷിച്ച്, അവർക്ക് വേണ്ട വൈദ്യസഹായങ്ങൾ നൽകിയതിന് കുടുംബം തന്നോട് നന്ദി അറിയിക്കുകയാണ് ചെയ്തതെന്നും ശോഭാ സുരേന്ദ്രൻ വ്യക്തമാക്കി.

 

അവധിക്കാലം ജൂൺ, ജൂലൈ മാസത്തിലേക്ക് മാറ്റുന്നത് ഏകപക്ഷീയമായി അടിച്ചേല്പിക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. മഴക്കാലത്ത് മലയോര പ്രദേശത്തും, തീരദേശത്തുമുള്ള കുട്ടികൾക്ക് സ്കൂളിലെത്താൻ ബുദ്ധിമുട്ടാണ്. വിഷയത്തില്‍ ഗുണ-ദോഷങ്ങള്‍ ചര്‍ച്ച ചെയ്തു. പൊതുജനാഭിപ്രായം മുഖ്യമന്ത്രിയെ അറിയിച്ച് ചർച്ച ചെയ്യുമെന്ന് വി ശിവൻകുട്ടി പറഞ്ഞു. അതോടൊപ്പം നിർദ്ദേശം നല്ല ചുവട് വെപ്പാണെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് ഒറ്റയടിക്ക് തീരുമാനമെടുക്കരുതെന്നും ആവശ്യപ്പെട്ടു.

 

തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഎമ്മിന് അനുകൂലമായി തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാൻ പ്രവര്‍ത്തിച്ചുവെന്ന് യുഡിഎഫ് കോഴിക്കോട് ജില്ലാക്കമ്മറ്റിയുടെ ആരോപണം. ജൂലൈ 23 ന് പ്രസിദ്ധീകരിച്ച പട്ടിക വൻ അബദ്ധമാണെന്നും പുതിയ വോട്ടർമാരെ ചേർക്കാനുളള സമയം അനുവദിച്ചില്ല, നിരവധി വോട്ടർമാരുടെ പേരുകൾ പട്ടികയിൽ ഇല്ല എന്നാണ് പരാതി.

 

സ്മാർട്ട് സിറ്റി ക്യാമറകളിൽ ഭൂരിഭാഗവും പ്രവർത്തിക്കുന്നില്ലെന്ന കണ്ടെത്തലിന് പിന്നാലെ വിമർശനവുമായി പൊലീസ്. ക്യാമറകൾക്കൊപ്പം സ്ഥാപിക്കേണ്ടിയിരുന്ന അനുബന്ധ ഉപകരണങ്ങളും കാണാനില്ലെന്ന പരിശോധനാ റിപ്പോർട്ട് പുറത്ത് വന്നു. വയറിംഗ് ശരിയായ രീതിയിലല്ല നടത്തിയിരിക്കുന്നത്. ക്യാമറയിലെ ദൃശ്യങ്ങൾ വ്യക്തമല്ല. ആവശ്യത്തിന് ബാക്കപ്പ് സൗകര്യമില്ലെന്നും പൊലീസ് പരിശോധ സമിതി കണ്ടെത്തി.

 

നഗരത്തിലെ റോഡുകളിൽ സ്ഥാപിച്ച ക്യാമറകളിൽ വ്യക്തയില്ലെന്ന പൊലീസ് റിപ്പോർട്ടിൽ സ്മാര്‍ട്ട് സിറ്റിയോട് വിശദീകരണം തേടി തിരുവനന്തപുരം നഗരസഭാ മേയർ ആര്യ രാജേന്ദ്രൻ. പദ്ധതിയിലും ക്യാമറ സ്ഥാപിച്ചതിലും അടിമുടി പ്രശ്നങ്ങളെന്നാണ് പൊലീസ് റിപ്പോർട്ട്. എന്നാൽ പൊലീസ് റിപ്പോർട്ട് സ്മാർട്ട് സിറ്റി പൂർണമായും തള്ളുകയാണ്.

 

മലപ്പുറത്തെ മുസ്ലിം ലീഗ് ജില്ലാ പഞ്ചായത്ത് അംഗം ടിപി ഹാരിസ് മുംബൈ വിമാനത്താവളത്തിൽ നിന്ന് പൊലീസ് കസ്റ്റഡിയിലായി. മലപ്പുറം ജില്ലാ പഞ്ചായത്ത് പദ്ധതികളുടെ പേരിൽ ഹാരിസ് 25 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് പരാതി. ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതികളുടെ കരാർ നൽകാമെന്ന് വാഗ്ദാനം നൽകിയാണ് ഹാരിസ് പണം കൈക്കലാക്കിയത്. തുടർന്ന് വിദേശത്തു നിന്നും മടങ്ങി വരുന്നതിനിടെ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

 

നിമിഷ പ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട് വീണ്ടും പ്രതികരണവുമായി കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ. വധശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവെച്ചതിന് ശിക്ഷ റദ്ദാക്കി എന്നർത്ഥം ഇല്ലെന്ന് തലാലിൻ്റെ സഹോദരൻ ഫേസ്ബുക്കിൽ കുറിച്ചു. ഇതൊരു പുതിയ സംഭവം അല്ല, ചില കേസുകളിൽ ഇങ്ങിനെ സംഭവിക്കുമെന്നും തലാലിൻ്റെ സഹോദരൻ പറയുന്നു. ശിക്ഷ നടപ്പിലാക്കും എന്ന് തന്നെയാണ് പ്രതീക്ഷയെന്നും സഹോദരൻ്റെ പോസ്റ്റിലുണ്ട്.

 

മുണ്ടക്കൈ ചൂരൽമല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതർക്കായി നിർമിക്കുന്ന വീടിനെ ചൊല്ലി വിവാദം. ആയിരം ചതുരശ്രയടിയില്‍ നിർമിക്കുന്ന രണ്ട് മുറികളുള്ള വീടിന് 30 ലക്ഷം വളരെ കൂടുതലാണെന്നതാണ് ഉയരുന്ന വിമർശനം. വീടിന്‍റെ രൂപകല്‍പ്പനയിലും സൗകര്യങ്ങളിലും ആക്ഷേപം ഉയരുന്നുണ്ട്. ദുരന്തമുഖത്ത് ലാഭം കൊയ്യാൻ നോക്കരുതെന്ന് ദുരന്തബാധിതരുടെ ആക്ഷൻ കമ്മിറ്റി കുറ്റപ്പെടുത്തി. എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ ടൗണ്‍ഷിപ്പില്‍ മാതൃക വീടിന്‍റെ നിർമാണം പൂർത്തിയായതോടെയാണ് വിമർശനവും ശക്തമാകുന്നത്.

 

വയനാട് ഉരുൾപൊട്ടൽ ദുരിത ബാധിതരുടെ വായ്പ എഴുതിത്തളളലില്‍ അന്തിമതീരുമാനം ആയിട്ടില്ലെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി ദുരന്തം നടന്നിട്ട് ഒരു വ‍ർഷം കഴിഞ്ഞല്ലോയെന്ന് കോടതി ചോദിച്ചു എപ്പോൾ തീരുമാനം എടുക്കാനാകുമെന്നും കേന്ദ്ര സർക്കാരിനോട് ഡിവിഷൻ ബെഞ്ച് ചോദിച്ചു.കേന്ദ്ര തീരുമാനം വൈകരുതെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു.

 

റാപ്പർ വേടൻ്റെ ബലാത്സംഗ കേസിൽ തൃക്കാക്കര എസിപിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടക്കും. ഇൻഫോപാർക്ക് എസ്എച്ച്ഒയ്ക്കാണ് നിലവിലെ ചുമതല. രഹസ്യ മൊഴി പകർപ്പ് ലഭിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കും. ഇതിന് ശേഷമായിരിക്കും കേസിൽ വേടനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുക. പരാതിയുടെ അടിസ്ഥാനത്തിൽ കൊച്ചിയിലും, കോഴിക്കോടും പരിശോധനകൾ നടത്തും. അതേസമയം, വേടനുമായി യുവതിയുടെ സാമ്പത്തിക ഇടപാടുകൾ പൊലീസ് സ്ഥിരീകരിച്ചു.

 

സംസ്ഥാനത്തെ വസ്ത്ര വ്യാപാര സ്ഥാപനങ്ങളിൽ ഇൻകംടാക്സ് റെയ്ഡിൽ നെപ്റ്റോൺ സോഫ്ട് വെയർ വഴിയുള്ള വമ്പൻ തട്ടിപ്പ് കണ്ടെത്തി. സംസ്ഥാനത്തെ പത്ത് കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിൽ രേഖകളില്ലാതെ 1000 കോടിയോളം രൂപയുടെ കച്ചവടം നടത്തിയെന്ന് കണ്ടെത്തി. നെപ്റ്റോൺ എന്ന സോഫ്ട് വെയർ ഉപയോഗിച്ചാണ് വസ്ത്ര വ്യാപാര സ്ഥാപനങ്ങളിൽ തട്ടിപ്പ് നടക്കുന്നതെന്നും വ്യക്തമായിട്ടുണ്ട്.

 

നടൻ കൃഷ്ണ കുമാറിന്‍റെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ രണ്ട് മുന്‍ ജീവനക്കാര്‍ക്ക് കീഴടങ്ങി. വിനിത, രാധാകുമാരി എന്നീ പ്രതികളാണ് ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരായത്. ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് പ്രതികള്‍ കീഴടങ്ങയത്. അതേസമയം, ദിവ്യ എന്ന പ്രതി ഹാജരായിട്ടില്ല.

 

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. സെപ്റ്റംബർ 9നാണ് വോട്ടെടുപ്പ് നടക്കുക. അന്ന് തന്നെ ഫലം പ്രഖ്യാപിക്കും. രാവിലെ പത്ത് മണി മുതല്‍ വൈകീട്ട് 5 മണിവരെയാണ് തെരഞ്ഞെടുപ്പ്. അടുത്ത വ്യാഴാഴ്ച വിജ്ഞാപനം നിലവില്‍ വരും. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഈ മാസം 21 ആണ്. 22ന് സൂക്ഷ്മ പരിശോധന നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഇരുപത്തിയഞ്ചാണ്.

 

തിരുനെൽവേലി ദുരഭിമാനക്കൊലയിൽ കൊല്ലപ്പെട്ട കെവിന്റെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. മന്ത്രി കെഎൻ നെഹ്‌റുവിന്റെ സാന്നിധ്യത്തിൽ കെവിന്റെ അച്ഛനാണ് മൃതദേഹം ഏറ്റവാങ്ങിയത്. മൃതദേഹം തൂത്തുക്കുടിയിലെ വീട്ടിലെത്തിക്കും.ഈ കേസിൽ പ്രതി ചേർക്കപ്പെട്ട പെൺകുട്ടിയുടെ അച്ഛനെയും അമ്മയെയും അറസ്റ്റ് ചെയ്യണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. പെൺകുട്ടിയുടെ അച്ഛനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തതിനു ശേഷം നടത്തിയ പലവട്ട ചർച്ചകൾക്കൊടുവിലാണ് ഇപ്പോൾ ബന്ധുക്കൾ കെവിന്റെ മൃതദേഹം ഏറ്റുവാങ്ങിയത്.

 

യുഎഇയിൽ കനത്ത ചൂട്. വ്യാഴാഴ്ച 50.6 ഡിഗ്രി സെല്‍ഷ്യസാണ് രാജ്യത്ത് രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില. അല്‍ ഐനിലെ ഉമ്മു അസിമുലിലാണ് കനത്ത ചൂട് രേഖപ്പെടുത്തിയത്. ഇനി വരും ദിവസങ്ങളിലും കനത്ത ചൂടാണ് അനുഭവപ്പെടുകയെന്നാണ് പ്രവചനം.

 

ക്ഷേത്ര ദർശനത്തിനിടെ പൊലീസുദ്യോഗസ്ഥനെ മർദ്ദിച്ച് മന്ത്രിയുടെ സഹോദരൻ. ആന്ധ്രാപ്രദേശ് വനം, പരിസ്ഥിതി, ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ബി.സി. ജനാർദൻ റെഡ്ഡിയുടെ സഹോദരനാണ് പൊലീസ് ഉദ്യോഗസ്ഥനെ പൊതുജനമധ്യത്തിൽ വെച്ച് മർദ്ദിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്ത് വന്നതിന് പിന്നാലെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

 

ധർമ്മസ്ഥലയിൽ നിന്ന് കണ്ടെത്തിയ അസ്ഥി ഭാഗങ്ങൾ ഏതൊക്കെയെന്ന് തിരിച്ചറിഞ്ഞു. ഇവ പരിശോധിക്കുന്നത് ബെംഗളുരുവിലെ എഫ്എസ്എൽ ലാബിലാണ്. ശേഖരിച്ച അസ്ഥി ഭാഗങ്ങൾ ഇന്ന് തന്നെ ബെംഗളൂരുവിലേക്ക് അയക്കും.

 

ഓപ്പറേഷൻ മഹാദേവിലൂടെ കൊലപ്പെടുത്തിയ പാക് ഭീകരരുടെ കൈവശം ഇന്ത്യൻ ആധാർ കാർഡുകളടക്കം കണ്ടെത്തി. ശ്രീനഗർ, ഗന്ദർബാൽ എന്നിവിടങ്ങളിലെ വിലാസത്തിലുള്ള ആധാർ കാർഡുകളാണ് കണ്ടെത്തിയത്. ഭീകരർ ഇത് വ്യാജമായി സംഘടിപ്പിച്ചതെന്നാണ് സംശയം. മറ്റ് സാധ്യതകളടക്കം അന്വേഷിക്കുന്നുണ്ട്.

 

ഇലോൺ മസ്‌കിന്‍റെ കമ്പനിയായ സ്റ്റാർലിങ്കിന് ഇന്ത്യയിൽ ഉപഗ്രഹ ഇന്‍റര്‍നെറ്റ് സേവനം ആരംഭിക്കുന്നതിനുള്ള ലൈസൻസ് ഔദ്യോഗികമായി അനുവദിച്ചു. ഇതോടൊപ്പം, സ്‌പെക്ട്രം അനുവദിക്കുന്നതിനുള്ള നയ ചട്ടക്കൂടിനും ടെലികോം മന്ത്രാലയം അന്തിമരൂപം നൽകി. ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് കഴിഞ്ഞ ദിവസം ഇക്കാര്യം അറിയിച്ചത്.

 

റഷ്യയിലുണ്ടായ ഭൂകമ്പത്തിന് പിന്നാലെ സുനാമി ജാഗ്രത മുന്നറിയിപ്പുമായി ചിലി. പസഫിക് തീരത്തോട് ചേർന്ന് കിടക്കുന്ന തീരപ്രദേശങ്ങളിൽ ഭൂരിഭാഗത്തും സുനാമി സാധ്യതയുണ്ടെന്നാണ് ചിലിയുടെ മുന്നറിയിപ്പ്. തീരത്തിന്റെ ഭൂരിഭാഗത്തും മുന്നറിയിപ്പ് ഉയർത്തുകയും പ്രദേശവാസികളെ ഒഴിപ്പിക്കുന്നതിനും ചിലി ഭരണകൂടം ഉത്തരവിട്ടു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *