കേരള സർവ്വകലാശാലയിലെ വിസി- രജിസ്ട്രാർ തർക്കം ഒത്തുതീർപ്പിലേക്കെത്തുന്നു. ഇതിന്റെ ഭാ​ഗമായി വിസി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദുവിന്റെ വസതിയിലേക്കെത്തി. മന്ത്രി നേരിട്ട് വിസിയെ വസതിയിലേക്ക് ക്ഷണിച്ചിരുന്നു. ഗവർണറു‌ടെ നിർദേശ പ്രകാരമാണ് വിസി മന്ത്രിയുമായി കൂ‌‌ടിക്കാഴ്ച ന‌ടത്തിയത്.

കേരള സ‍ർവകലാശാലയിലെ വിസി -റജിസ്ട്രാർ പോര് അവസാനിപ്പിക്കാൻ സർക്കാർ ഇടപെടുന്നു. പ്രശ്ന പരിഹാരം ലക്ഷ്യമിട്ട് നിലപാട് മയപ്പെടുത്തി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു . വിസി മോഹനൻ കുന്നുമ്മലുമായി താൻ നേരിട്ട് സംസാരിച്ചെന്നും അദ്ദേഹം സർവകലാശാലയിലേക്ക് തിരികെ വന്നത് ഈ ചർച്ചയുടെ അടിസ്ഥാനത്തിലെന്നും മന്ത്രി തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കേരള’ തർക്കത്തിൽ വിസിയുമായി അഭിപ്രായ ഐക്യത്തിലെത്തിയെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു വാർത്ത സമ്മേളനത്തിൽ പറഞ്ഞു. പ്രശ്ന പരിഹാരത്തിനായി സിൻഡിക്കേറ്റ് വിളിക്കാനും തീരുമാനമായി. സിൻഡിക്കേറ്റിന് മുൻപായി സമവായ ചർച്ചകൾ ഉണ്ടാകാമെന്നും മന്ത്രി സൂചിപ്പിച്ചു.തർക്കത്തിൽ പരിഹാരം വേണമെന്ന് വിസിയും ആവശ്യപ്പെ‌ട്ടു. അതിനാൽ സിൻഡിക്കേറ്റ് വിളിക്കുന്നതിൽ വിസി തയാറാകുകയും ചെയ്തു.

യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യൻ നഴ്‌സ് നിമിഷ പ്രിയയ്ക്ക് മാപ്പ് നൽകാനുള്ള ശ്രമങ്ങൾ അവരുടെ കുടുംബം മാത്രമേ നടത്താവൂ എന്നും ബാഹ്യ സംഘടനകളുടെ ഇടപെടൽ ​ഗുണം ചെയ്യില്ലെന്നും കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. നല്ല ഉദ്ദേശ്യത്തോടെയാണെങ്കിൽ പോലും പുറത്തുനിന്നുള്ള ആരും ഇതിൽ ഉൾപ്പെടരുതെന്നും അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണി നിർദേശിച്ചു. കുടുംബത്തിന് ഇതിനകം തന്നെ പവർ ഓഫ് അറ്റോർണിയെ നിയമിച്ചിട്ടുണ്ടെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.

കൊല്ലം തേവലക്കര സ്കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ സ്കൂൾ പ്രധാന അധ്യാപികയെ സസ്പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കി. എസ് സുജയെ ആണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. ഹൈസ്കൂൾ മാനേജരാണ് ഉത്തരവ് പുറത്തിറക്കിയത്. സ്കൂളിൽ കുട്ടികൾക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിൽ പ്രധാന അധ്യാപിക വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്പെൻഷൻ. സീനിയർ അധ്യാപികയായ ജി മോളിക്ക് ആയിരിക്കും ഇനി എച്ച്എം ചുമതല ഉണ്ടായിരിക്കുക.

കൊല്ലം തേവലക്കരയില്‍ വിദ്യാര്‍ഥി ഷോക്കേറ്റുമരിച്ച സ്‌കൂള്‍ സന്ദര്‍ശിച്ച് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയും ധനകാര്യമന്ത്രി കെ.എന്‍. ബാലഗോപാലും. മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രിയുമായി കൂടിയാലോചിച്ച് കുടുംബത്തിന് വേണ്ട സഹായങ്ങളെല്ലാം ചെയ്യുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. വിദ്യാഭ്യാസവകുപ്പിന്റെ അന്വേഷണറിപ്പോര്‍ട്ട് കിട്ടിയിട്ടുണ്ടെന്നും ഇതനുസരിച്ച് പ്രാഥമിക നടപടികള്‍ എടുത്ത് തുടങ്ങിയതായും വിദ്യാഭ്യാസമന്ത്രി അറിയിച്ചു.

കൊല്ലം തേവലക്കരയില്‍ വിദ്യാര്‍ഥി സ്‌കൂളില്‍ ഷോക്കേറ്റുമരിച്ച സംഭവത്തില്‍ കുടുംബത്തിനുള്ള ധനസഹായം കൈമാറി കെഎസ്ഇബി. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് ഷോക്കേറ്റ് മരിച്ച മിഥുന്റെ വീട്ടിലെത്തി കെഎസ്ഇബി ചീഫ് എന്‍ജിനീയര്‍ ആണ് അഞ്ചുലക്ഷംരൂപയുടെ ചെക്ക് കൈമാറിയത്. മിഥുന്റെ അമ്മ സുജയുടെ പേരിലാണ് ചെക്ക്.

സംസ്ഥാനത്തെ പ്രധാന റെയില്‍വേ സ്റ്റേഷനുകള്‍ക്കു സമീപം പ്രവര്‍ത്തിക്കുന്ന കേറ്ററിംഗ് സ്റ്റാളുകളിലും, ഐആര്‍സിടിസി ഭക്ഷണശാലകളിലും റെയില്‍വേ പോലീസ് മിന്നല്‍ പരിശോധന നടത്തി. പാചകശാലകളിലെ ശുചിത്വം, ശുദ്ധജല വിതരണം, പാക്കേജംഗിന്‍റെ സുരക്ഷിതത്വം എന്നിവ പരിശോധിക്കുകയും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തതായി റെയില്‍വേ പോലീസ് സൂപ്രണ്ട് അറിയിച്ചു.

വയനാട്ടിൽ നാളെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. റെഡ് അലര്‍ട്ട് മുന്നറിയിപ്പുള്ളതിനാലും കനത്ത മഴ തുടരുന്നതിനാലുമാണ് അവധി പ്രഖ്യാപിച്ചത്.

വീട്ടിൽ പ്രസവിച്ച അതിഥിതൊഴിലാളിയായ യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. പശ്ചിമ ബംഗാൾ സ്വദേശിയും നിലവിൽ കരമന തമലത്ത് താമസിക്കുന്നതുമായ കബിത (26) ആണ് വീട്ടിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം.

മെഡിക്കൽ സ്റ്റോറിലേക്കെന്ന വ്യാജേന ഓൺലൈനിൽ ബുക്ക് ചെയ്ത് കൊറിയർ സർവിസ് വഴി ലഹരിമരുന്ന് കടത്തിയ കേസിലെ പ്രതികൾക്ക് 10വർഷം കഠിനതടവും ഒരുലക്ഷം വീതം പിഴയും. പ്രതികളായ കൊല്ലം വടക്കേവിള തണ്ടാശേരിവയലിൽ അമീർഷാൻ (25), മുള്ളുവിള നഗർ ദീപം വീട്ടിൽ ശിവൻ (33) എന്നിവരെ ആലപ്പുഴ അഡീഷണൽ സെക്ഷൻസ് കോടതി രണ്ട് ജഡ്ജി എസ് ഭാരതിയാണ് ശിക്ഷിച്ചത്.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാം ഓർമ്മദിനത്തിൽ അദ്ദേഹത്തെ അനുസ്മരിച്ച് ബിനീഷ് കോടിയേരി വൈകാരികമായ കുറിപ്പും വീഡിയോയും പങ്കുവെച്ചു. ‘വിശ്രമിച്ചാൽ ക്ഷീണം വരുന്ന ഒരേ ഒരാൾ, ജന സ്നേഹത്തിന് തന്നെ സമർപ്പിച്ചു യാത്രയായതിന്റെ ഓർമ്മ ദിനം, ഉമ്മൻ ചാണ്ടി അങ്കിൾ നന്ദി തന്ന സ്നേഹത്തിന്’ എന്നായിരുന്നു ബിനീഷ് ഫേസ്ബുക്കിൽ കുറിച്ചത്.

തിരുവനന്തപുരത്ത് ധാന്യം പൊടിക്കുന്ന യന്ത്രത്തിൽ ഷാൾ കുരുങ്ങി ജീവനക്കാരി മരിച്ചു. കാരേറ്റ് പുളിമാത്ത് സ്വദേശി ബീന (44) ആണ് മരിച്ചത്. വെഞ്ഞാറമൂട്ടിലാണ് സംഭവം. ജോലി ചെയ്യുന്നതിനിടെ ഷാൾ മെഷീനിൽ കുരുങ്ങുകയായിരുന്നു. തല ശരീരത്തിൽ നിന്നും വേർപെ‌ട്ടു പോയി. സംഭവം നടക്കുമ്പോൾ കൂടെ രണ്ട് ജീവനക്കാരും ഉണ്ടായിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ.

കോഴിക്കോട് കാവിലുംപാറ പഞ്ചായത്തിൽ വീണ്ടും കാട്ടാന ആക്രമണം. വീട്ടുമുറ്റത്ത് നിന്നവരെയാണ് ആന ആക്രമിച്ചത്. കരിങ്ങാട് മുട്ടിച്ചിറ സ്വദേശി തങ്കച്ചൻ, ഭാര്യ ആനി എന്നിവർക്ക് ആനയുടെ ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. രണ്ടുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ആഴ്ചയും ഇതേ പഞ്ചായത്തിലുണ്ടായ കാട്ടാന ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റിരുന്നു.

കെഎസ്ആർടിസിയുടെ നൂതന സേവന സംവിധാനങ്ങളെ ഏറ്റെടുത്ത് പൊതു സമൂഹം. യാത്രകൾ കൂടുതൽ സുഗമമാക്കാനും ചില്ലറയുടെ പ്രശ്നങ്ങൾ ഒഴിവാക്കാനും സഹായിക്കുന്ന കെഎസ്ആർടിസി ട്രാവൽ കാർഡ് ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ സ്വന്തമാക്കിയത് 1,00,961 പേർ. കാർഡിന് അപേക്ഷിച്ചിരിക്കുന്നവരുടെ എണ്ണം അധികരിച്ചതിനാൽ 5 ലക്ഷത്തോളം ട്രാവൽ കാർഡുകളാണ് കെഎസ്ആർടിസി ഉടൻ എത്തിക്കുന്നത്.

കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിൻ്റെ ഭാഗമായി വിവിധ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. നാളെ (19/07) മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ഞായറാഴ്ച കണ്ണൂർ, കാസർഗോഡ് ജില്ലകളിലുമാണ് റെഡ് അലർട്ട്.

വയനാട് തിരുനെല്ലിയിലെ ബഡ്സ് പാരഡൈസ് സ്പെഷ്യൽ സ്കൂളിൽ അപകടാവസ്ഥയിലായിരുന്ന കെ‌ട്ടിടത്തോ‌ട് ചേർന്നുള്ള ഹട്ടുകൾ പൊളിച്ചുനീക്കാൻ തുടങ്ങി. മണ്ണ് കൊണ്ട് നിർമിച്ച ഹട്ടുകളാണ് പൊളിക്കുന്നത്. സ്കൂളിലെ കെ‌ട്ടി‌ടം ​ഗുരുതരാവസ്ഥയിലാണെന്ന് പഞ്ചായത്ത് എഞ്ചിനീയറിങ് വിഭാഗം റിപ്പോർട്ട് നൽകിയിരുന്നു.ഓട് മേഞ്ഞ സ്കൂൾ കെട്ടിടമാണ് അപകടാവസ്ഥയിലുള്ളതെന്നും അടിയന്തരമായി പൊളിക്കണം എന്നുമാണ് എൻജിനീയറിങ് വിഭാഗം ഇന്നലെ റിപ്പോർട്ട് നൽകിയത്.

മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിൽ ‘ഇസ്ലാംപുർ എന്ന സ്ഥലത്തിന്റെ പേര് ഈശ്വര്‍പുർ എന്നാക്കി പുനർനാമകരണം ചെയ്യുമെന്ന് മഹാരാഷ്ട്ര സർക്കാർ. മന്ത്രിസഭാ യോ​ഗത്തിലാണ് തീരുമാനം. സ്ഥലത്തിന്റെ പേര് മാറ്റാൻ തീരുമാനിച്ചതായി ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ഛഗൻ ഭുജ്ബൽ നിയമസഭയിൽ പറഞ്ഞു. സംസ്ഥാന സർക്കാർ മന്ത്രിസഭാ തീരുമാനം കേന്ദ്രത്തിന്റെ അംഗീകാരത്തിനായി അയയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

പഹൽഗാം ആക്രമണത്തിന് പിന്നിലുള്ള ടിആർഎഫിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച അമേരിക്കയുടെ നടപടിയെ സ്വാഗതം ചെയ്ത് രാജേഷ് നര്‍വാൽ. പഹൽഗാം ഭീകരാക്രമത്തിൽ കൊല്ലപ്പെട്ട നാവികസേന ഉദ്യോഗസ്ഥൻ ലെഫ്റ്റ്നന്‍റ് വിനയ് നര്‍വാലിന്‍റെ പിതാവായ രാജേഷ് നര്‍വാൽ പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീറിനെതിരെയും തുറന്നടിച്ചു. ടിആര്‍എഫിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചാൽ മാത്രം പോരെന്നും പൂര്‍ണമായും ഇല്ലായ്മ ചെയ്യണമെന്നും രാജേഷ് നര്‍വാൽ പറഞ്ഞു.

ഉത്തർപ്രദേശിലെ ഗാസിയാബാദിലെ ഇന്ദിരാപുരത്ത് കെ‌എഫ്‌സി ഔട്ട്‌ലെറ്റിന് പുറത്ത് ഹിന്ദു രക്ഷാ ദൾ പ്രവർത്തകരുടെ പ്രതിഷേധം. കൻവാർ യാത്രക്കിടെ ഔട്ട്ലെറ്റിൽ മാംസാഹാരം വിളമ്പരുതെന്നും സസ്യാഹാരം മാത്രമേ വിളമ്പാവൂവെന്നും ആവശ്യപ്പെട്ടാണ് ഹിന്ദുരക്ഷാ ദൾ പ്രവർത്തകർ സമരം നടത്തിയത്.ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 223 പ്രകാരം തിരിച്ചറിയാത്ത 10 വ്യക്തികൾക്കെതിരെ സ്വമേധയാ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.

സംസ്ഥാന വാണിജ്യവകുപ്പ് നോട്ടീസ് അയച്ചതിൽ പ്രതിഷേധിച്ച് യുപിഐ വഴി പണം സ്വീകരിക്കുന്നത് നിർത്തി കർണാടകയിൽ വ്യാപാരികളുടെ പ്രതിഷേധം. ഒരുവിഭാ​ഗം വ്യാപാരികളാണ് പ്രതിഷേധിക്കുന്നത്. കർണാടകയിൽ സംസ്ഥാന വാണിജ്യനികുതി വകുപ്പ് 13,000ഓളം ചെറുകിട വ്യാപാരികൾക്ക് നോട്ടിസ് അയച്ചതിനു പിന്നാലെയാണ് ബഹിഷ്കരണം. പ്രതിഷേധ സൂചകമായി നിരവധി വ്യാപാരികൾ സ്ഥാപനങ്ങളിൽ കറൻസി നോട്ടുകൾ മാത്രമേ സ്വീകരിക്കൂ എന്ന ബോർഡ് സ്ഥാപിച്ചു.

ദക്ഷിണ കന്നടയിലെ ധര്‍മ്മസ്ഥലയിൽ നടന്നുവെന്ന് പറയപ്പെടുന്ന കൂട്ടക്കൊല, കൂട്ട ബലാത്സംഗം, കൂട്ട ശവസംസ്കാരം എന്നിവ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിക്കുന്നത് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. എസ്ഐടി രൂപീകരിക്കുന്നതിൽ സർക്കാരിന് എതിർപ്പില്ല. സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തി പൊലീസ് റിപ്പോർട്ട് നൽകിയതിനു ശേഷം ഇക്കാര്യം പരിഗണിക്കുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി.

പാകിസ്ഥാൻ വിമാനക്കമ്പനികൾക്കുള്ള അഞ്ച് വർഷത്തെ വിലക്ക് നീക്കി യുകെ. വ്യോമയാന സുരക്ഷാ മാനദണ്ഡങ്ങളിൽ പുരോ​ഗതി ഉണ്ടായെന്ന് ബ്രിട്ടന് ബോധ്യം വന്നതിന് പിന്നാലെയാണ് വിലക്ക് പിൻവലിച്ചതെന്നാണ് റിപ്പോർട്ട്. യുകെയിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിക്കാൻ പാകിസ്ഥാൻ വിമാനക്കമ്പനികൾക്ക് അപേക്ഷ നൽകാൻ യുകെ അനുമതി നൽകിയിട്ടുണ്ട്.

ഓട്ടിസം ബാധിച്ചവരെ പരിചരിക്കാൻ പുതിയ റോബോട്ട്. ‘ഓട്ടിസം റോബോട്ട്’ എന്ന പേരിൽ നജ്‌റാൻ സർവകലാശാലയാണ് വികസിപ്പിച്ചെടുത്തത്. ഓട്ടിസം ബാധിച്ച കുട്ടികൾക്ക് സുരക്ഷിതമായി ആശയവിനിമയം നടത്താനും സ്വയം പ്രകടിപ്പിക്കാനും സഹായിക്കുന്നതാണിത്. സൗദി സർവകലാശാലകളുടെ ഇടയിൽ ഒരു പുതിയ റെക്കോർഡായി ഈ ശാസ്ത്രീയ നേട്ടത്തെ വിലയിരുത്തുന്നത്.

കരസേനയ്ക്ക് വേണ്ടിയുള്ള കവചിത വാഹന പദ്ധതിയില്‍നിന്ന് യുഎസിന്റെ സ്‌ട്രൈക്കറിനെ ഇന്ത്യ ഒഴിവാക്കി. സൈന്യത്തിന്റെ ആവശ്യങ്ങള്‍ തൃപ്തിപ്പെടുത്താനുള്ള പ്രകടനം കാഴ്ചവെയ്ക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് തീരുമാനം. ഇനി തദ്ദേശീയമായി വികസിപ്പിച്ച കേസ്‌ട്രെല്‍ എന്ന കവചിത വാഹനമാകും സൈന്യം വാങ്ങുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഫ്രീ സ്റ്റൈല്‍ ഗ്രാന്‍സ്ലാം ചെസ് ടൂറിൽ ചരിത്രം കുറിച്ച് ഇന്ത്യന്‍ താരം അര്‍ജുന്‍ എരിഗാസി. മിന്നും ജയത്തോടെ അർജുൻ സെമിയിലെത്തി. ക്വാർട്ടറിൽ ഉസ്‌ബെക്കിസ്താന്റെ നോദിർബെക് അബ്ദുസത്താറോവിനെയാണ് അര്‍ജുന്‍ കീഴടക്കിയത്.

ഒരു കോടി രൂപ തട്ടിയ ‘ഡിജിറ്റല്‍ അറസ്റ്റ്’ തട്ടിപ്പുകേസില്‍ ഒമ്പതു പേരെ കല്യാണി സബ്-ഡിവിഷണല്‍ കോടതി കുറ്റക്കാരായി കണ്ടെത്തി. ‘ഡിജിറ്റല്‍ അറസ്റ്റ്’ കേസില്‍ ഇന്ത്യയിലെ ആദ്യത്തെ കോടതി വിധിയാണിത്. മഹാരാഷ്ട്രയില്‍ നിന്നുള്ള നാല് പേര്‍, ഹരിയാണയില്‍നിന്നുള്ള മൂന്ന് പേര്‍, ഗുജറാത്തില്‍ നിന്നുള്ള രണ്ട് പേര്‍ എന്നിവരെയാണ് കുറ്റക്കാരായി കണ്ടെത്തിയത്.

ഏതൊരു രാജ്യത്തിന്റെയും പുരോഗതിക്ക് സ്ത്രീ ശാക്തീകരണം അത്യന്താപേക്ഷിതമാണെന്നും അവരെ പിന്തിരിപ്പൻ ആചാരങ്ങളിൽനിന്നും പാരമ്പര്യങ്ങളിൽനിന്നും മോചിപ്പിക്കണമെന്നും ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്.പുരുഷനില്ലാത്ത ഒരു അധികഗുണം സ്ത്രീക്കുണ്ട്; സ്ത്രീകള്‍ അവര്‍ക്കിഷ്ടമുള്ളത് ചെയ്യട്ടെ എന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

ബിജെപിയുടെ തിരഞ്ഞെടുപ്പ് വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നിര്‍ണായക പങ്കുണ്ടെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ. മുന്‍പ് ബിജെപിക്ക് വോട്ട് ചെയ്യാതിരുന്ന പല വിഭാഗങ്ങളും ഇപ്പോള്‍ പാര്‍ട്ടിയെ പിന്തുണയ്ക്കുന്നുണ്ടെന്നും പല സംസ്ഥാനങ്ങളിലും പാര്‍ട്ടി പുതിയ മുന്നേറ്റങ്ങള്‍ നടത്തിയെന്നും അദ്ദേഹം .പറഞ്ഞു.

രാജ്യ തലസ്ഥാനത്തെ 45 സ്‌കൂളുകള്‍ക്കും മൂന്ന് കോളേജുകള്‍ ബോംബ് ഭീഷണി ഉയര്‍ന്നതിനെത്തുടര്‍ന്ന് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പരിഭ്രാന്തരായി. വിശദപരിശോധനയില്‍ ഭീഷണി വ്യാജമായിരുന്നെന്ന് കണ്ടെത്തി. ഈ ആഴ്ചയില്‍ തന്നെ ഇത്തരത്തിലിത് നാലാമത്തെ സംഭവമാണിത്.

ഭര്‍ത്താവിന് ശാരീരിക ബന്ധം നിഷേധിക്കുന്നതും വിവാഹേതര ബന്ധമുണ്ടെന്ന് ഭാര്യ സംശയിക്കുന്നതും വിവാഹമോചനത്തിനുള്ള കാരണമായി കണക്കാക്കാമെന്ന് ബോംബെ ഹൈക്കോടതി..വിവാഹമോചനം അനുവദിച്ചുകൊണ്ട് പുണെയിലെ കുടുംബകോടതി പുറപ്പെടുവിച്ച ഉത്തരവ് ചോദ്യംചെയ്തുകൊണ്ടുള്ള യുവതിയുടെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

Sharing is caring!

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *