24 മണിക്കൂർ അഖിലേന്ത്യാ പണിമുടക്ക് തുടരുന്നു. രാജ്യവ്യാപകമായി 25 കോടി തൊഴിലാളികൾ പണിമുടക്കിന്റെ ഭാഗമാകുമെന്ന് തൊഴിലാളി സംഘടനകൾ. രാജ്യത്തെ പല സംസ്ഥാനങ്ങളിലും ജന ജീവിതം സാധാരണ നിലയിലാണെങ്കിലും ചിലയിടങ്ങളിൽ ട്രെയിനടക്കം തടയുന്ന സാഹചര്യമുണ്ട്. ബംഗളൂരുവിൽ ജനജീവിതം സാധാരണ നിലയിലാണ്. എന്നാൽ ബിഹാറിൽ വന്ദേ ഭാരത് ട്രെയിൻ തടഞ്ഞു. ആർജെഡി കോൺഗ്രസ് നേതാക്കൾ സംയുക്തമായാണ് ട്രെയിൻ തടഞ്ഞത്. ബിഹാറിൽ പണിമുടക്ക് ശക്തമായി തുടരുകയാണ്. ഹാജിപൂരിൽ റോഡിൽ ടയറുകൾ കത്തിച്ചു. പശ്ചിമ ബംഗാളിൽ സർക്കാർ ബസ് സർവീസുകളെയും പണിമുടക്ക് ബാധിച്ചു. ഹൈദരാബാദിലും വിജയവാഡയിലും ചെന്നൈയിലും ജനജീവിതം സാധാരണ നിലയിൽ തുടരുകയാണ്. ദില്ലിയിൽ ഉച്ചയ്ക്ക് പ്രതിഷേധ സംഗമമുൾപ്പെടെ സംഘടിപ്പിച്ചിട്ടുണ്ട്. വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ 2 മണിക്ക് ജന്ദർ മന്ദറിൽ പ്രതിഷേധിക്കും. രണ്ടരയ്ക്ക് കേരള ഹൗസിൽനിന്നും ജന്ദർ മന്ദറിലേക്ക് മാധ്യമപ്രവർത്തകരും മാർച്ച് നടത്തും.
24 മണിക്കൂർ അഖിലേന്ത്യാ പണിമുടക്ക് തുടരുന്നു
