നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു നട്സാണ് ബദാം. നമ്മളില്‍ പലരും ബദാം രാത്രി മുഴുവന്‍ കുതിര്‍ത്ത് പിറ്റേന്ന് രാവിലെ തൊലി കളഞ്ഞതിന് ശേഷമാകും കഴിക്കുന്നത്. എങ്കില്‍, അത് നിര്‍ത്തുക എന്നാണ് ന്യൂട്രീഷ്യനിസ്റ്റായ ലവ്നീത് ബത്ര പറയുന്നത്. കാരണം ബദാമിന്റെ തൊലിയില്‍ പോളിഫെനോള്‍സ്, വിറ്റാമിന്‍ ഇ, ഡയറ്ററി ഫൈബര്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ ദഹനം മുതല്‍ ഹൃദയാരോഗ്യത്തിന് വരെ ഗുണം ചെയ്യും. ദിവസവും ബദാം കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങള്‍ പലതാണ്. മഗ്നീഷ്യം ധാരാളം അടങ്ങിയ ബദാം കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ബദാമില്‍ ട്രിപ്റ്റോഫാന്‍ എന്ന അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് മാനസികാവസ്ഥയെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു. കുറഞ്ഞ കാര്‍ബോഹൈഡ്രേറ്റ് ഉള്ളടക്കവും ഉയര്‍ന്ന അളവിലുള്ള പ്രോട്ടീനും നാരുകളും ഉള്ളതിനാല്‍, ബദാം വിശപ്പ് കുറയ്ക്കാനും വയറു നിറയ്ക്കാനും സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ബദാം സഹായിക്കും. ഇവയില്‍ അടങ്ങിയിരിക്കുന്ന നാരുകളാണ് ഇതിന് സഹായിക്കുന്നത്. ബദാം കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും ഗുണകരമായ ബാക്ടീരിയകളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കാനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
ബദാം തൊലി കളഞ്ഞ് കഴിക്കരുത്!
