ചെറുപ്പക്കാര്‍ക്കിടയില്‍ ഉയര്‍ന്നുവരുന്ന മാനസികസമ്മര്‍ദവും പോഷകക്കുറവും മാറിമറിയുന്ന ജീവിത ശൈലിയുമാണ് അകാലനരയിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങളെന്ന് പഠനം. മൂന്ന് കാര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിലൂടെ മുടി നരയ്ക്കുക എന്ന പ്രക്രിയ മന്ദഗതിയിലാക്കാന്‍ സാധിക്കുമത്രെ. രക്തപരിശോധനയിലൂടെ പോഷകക്കുറവു കണ്ടെത്താവുന്നതാണ്. ഇരുമ്പ്, കോപ്പര്‍, വിറ്റാമിന്‍ ബി12, തൈറോയ്ഡ് എന്നിവയുടെ അളവിലുള്ള ഏറ്റക്കുറച്ചിലുകള്‍ അകാല നരയിലേക്ക് നയിക്കാം. ഇവയുടെ അഭാവം പരിഹരിക്കുന്നത് മുടിക്ക് കറുത്ത നിറം ലഭ്യമാകാന്‍ സഹായിക്കും. പോഷകക്കുറവ് പരിഹരിക്കുന്നതിന് ചീര, മുരിങ്ങയില, നെല്ലിക്ക, നാരങ്ങ, മാതളം, ഈന്തപ്പഴം, ബദാം, വാല്‍നട്സ് എന്നിവ ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്. വിട്ടുമാറാത്ത മാനസിക സമ്മര്‍ദം അകാലനരയ്ക്ക് കാരണമാകുമെന്ന് നിരവധി പഠനങ്ങള്‍ തെളിയിക്കുന്നു. സമ്മര്‍ദം കൂടുമ്പോള്‍ മുടിയുടെ പിഗ്നെന്റേഷന്‍ കുറയുകയും മുടി നരയ്ക്കുകയും ചെയ്യുന്നു. മിക്കവാറും ആളുകള്‍ ഇത് കാര്യമാക്കാറില്ല. സമ്മര്‍ദം നിയന്ത്രിക്കുകയും മനസ് ശാന്തമാവുകയും ചെയ്യുന്നത് മുടിയുടെ കറുത്ത നിറം വീണ്ടെടുക്കാന്‍ സഹായിക്കും. യോഗ, മെഡിറ്റേഷന്‍, സംഗീതം, ജേണലിങ്, പ്രത്യേക ഹോബി വികസിപ്പിക്കുക തുടങ്ങിയവ മാനസിക സമ്മര്‍ദം കുറയ്ക്കാനും സന്തോഷിക്കാനും സഹായിക്കും. അമിതമായ പുകവലി മൂലമുണ്ടാകുന്ന ഓക്സിഡേറ്റീവ് സ്ട്രെസ് പിഗ്മെന്റ് കോശങ്ങളെ നശിപ്പിക്കുകയും മുടിയുടെ വേരിനെ നശിപ്പിക്കുകയും ചെയ്യുന്നു. ഇത് അകാലനരയ്ക്കുള്ള മറ്റൊരു പ്രധാന ഘടകമാണ്. മാത്രമല്ല, അമിതമായി സൂര്യപ്രകാശമേല്‍ക്കുന്നതും മുടിയുടെ ആരോഗ്യത്തിന് ഹാനികരമാകാം. ഇത് അകാലനരയ്ക്ക് കാരണമാകും.
അകാലനര ഒഴിവാക്കാം, ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍!
