എ.ഐയുടെ സഹായത്തോടെ ആരോഗ്യ പരിപാലന മേഖലയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായി പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുകയാണ് ആപ്പിള്‍. പുതിയ ഫീച്ചറുകള്‍ക്ക് ‘പ്രോജക്ട് മള്‍ബറി’ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. നിലവില്‍ ഇത് പരീക്ഷണഘട്ടത്തിലാണ്. ഉപയോക്താക്കളുടെ ആരോഗ്യവിവരങ്ങള്‍ മനസ്സിലാക്കി ഉപദേശങ്ങളിലൂടെ സഹായിക്കുക എന്നതാണ് ഈ പ്രോജക്ടിന്റെ ലക്ഷ്യം. ആപ്പിള്‍ വാച്ചില്‍ അവ അണിയുന്ന ആളുടെ ഹൃദയമിടിപ്പ്, രക്തത്തിലെ ഓക്സിജന്റെ അളവ് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ കാണാന്‍ സാധിക്കും. പുതിയ ഹെല്‍ത്ത് ആപ്പ് വരുന്നതോടെ ഈ ഡേറ്റകള്‍ പരിശോധിച്ച് വ്യക്തിയുടെ ആരോഗ്യത്തെക്കുറിച്ചുള്ള പൂര്‍ണമായ അറിവ് ലഭിച്ചേക്കും. കഴിക്കുന്ന ഭക്ഷണമടക്കം ട്രാക്ക് ചെയ്യാനും വേണ്ട ക്രമീകരണങ്ങള്‍ പറഞ്ഞു തരാനും സാധിക്കുമെന്നാണ് പ്രതീക്ഷ. ഇതിനായി എ.ഐ ഏജന്റ് പ്രയോജനപ്പെടുത്തും. അടുത്തിടെ ഇറങ്ങിയ പവര്‍ബീറ്റ്സ് പ്രോ 2 ഇയര്‍ഫോണിലും ഹാര്‍ട്ട് റേറ്റ് മോണിട്ടര്‍ ഉണ്ട്. ഐഫോണ്‍, ആപ്പിള്‍ വാച്ച്, എയര്‍പോഡ്സ് തുടങ്ങിയ ഉപകരണങ്ങളില്‍ അത് പ്രവര്‍ത്തിച്ചേക്കും. എന്നാല്‍, ഈ സേവനങ്ങള്‍ ലഭ്യമാകുന്നത് ഹെല്‍ത്ത് പ്ലസ് സബ്സ്ക്രിപ്ഷന് ഉള്ളവര്‍ക്ക് മാത്രമായിരിക്കുമെന്നാണ് സൂചന.
‘പ്രോജക്ട് മള്‍ബറി’ ഹെല്‍ത്ത് ആപ്പുമായി ആപ്പിള്‍
