Untitled design 20250112 193040 0000 2

 

നെന്മാറ ഇരട്ട കൊലപാതകം സംസ്ഥാനത്തെ പൊലീസ് സംവിധാനത്തിന്റെ തകര്‍ച്ച വ്യക്തമാക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വധഭീഷണി മുഴക്കിയ ചെന്താമരയെ പട്ടിൽ പൊതിഞ്ഞ ശകാരം നടത്തി പറഞ്ഞുവിടുകയായിരുന്നു പൊലീസ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. പ്രിയങ്ക ഗാന്ധിക്കെതിരെ കരിങ്കൊടി കാട്ടിയതിലും പാലക്കാട് ബ്രൂവറി വിവാദത്തിലും പ്രതിപക്ഷ നേതാവ് രൂക്ഷ വിമർശനം ഉന്നയിച്ചു.

നെന്മാറ ഇരട്ട കൊലപാതകത്തിൽ വീഴ്ച സംഭവിച്ചെന്ന എസ്‌പിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ നെന്മാറ എസ്എച്ച്ഒ മഹേന്ദ്ര സിംഹനെ സർവീസിൽ നിന്ന് സസ്പെൻ്റ് ചെയ്തു. പ്രതി ചെന്താമര ജാമ്യ വ്യവസ്ഥ ലംഘിച്ചിട്ടും കോടതിയെ അറിയിക്കാത്തത് വലിയ പിഴവെന്ന് കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. പൊലീസിൽ വിശ്വാസം നഷ്ടപ്പെട്ടതായി കൊല്ലപ്പെട്ട സുധാകരൻ്റെ മക്കൾ പറഞ്ഞു.

 

നെന്മാറ ഇരട്ടക്കൊല കേസ് പ്രതി ചെന്താമര കൂടാരഞ്ഞിയിൽ എത്തിയതായി സംശയം. ചെന്താമരയെ കണ്ടെന്ന് നാട്ടുകാർ പൊലീസിന് വിവരം നൽകി. മേഖലയിലെ സിസിടിവികൾ കേന്ദ്രീകരിച്ച് പൊലീസ് തിരച്ചിൽ വ്യാപിപ്പിച്ചു. ഇതിന് പിന്നാലെ പാലക്കാട് പോത്തുണ്ടിയിൽ ചെന്താമരയെ കണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഇവിടെയും പൊലീസ് തെരച്ചിൽ തുടങ്ങി.

 

എലപ്പുള്ളിയിൽ ബ്രൂവറി വേണ്ടെന്ന സിപിഐ തീരുമാനത്തോട് പ്രതികരിക്കാതെ എക്സൈസ് മന്ത്രി എംബി രാജേഷ്. ഭൂഗർഭ ജലചൂഷണം ഉണ്ടാകില്ലെന്ന് ഉറപ്പ് നൽകി സിപിഐയെ അനുനയിപ്പിക്കാനാണ് സിപിഎം നീക്കം. അതേസമയം, ബ്രൂവറിയിലെ അനുമതി കൂടിയാലോചന ഇല്ലാതെയാണെന്നതിൻ്റെ തെളിവുകൾ നാളെ പുറത്തുവിടുമെന്നാണ് പ്രതിപക്ഷ നേതാവിൻ്റെ മുന്നറിയിപ്പ്.

 

കേരളത്തിലെ മുന്നാക്ക സമുദയങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്ന് 2024 ജനുവരി ഒന്നിനും ഡിസംബർ 31 നുമിടയിൽ വിവാഹിതരായ പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് വിവാഹ ധനസഹായം അനുവദിക്കുന്ന മംഗല്യ സമുന്നതി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.ഒരു ലക്ഷം രൂപ വരെ കുടുംബ വാർഷിക വരുമാനമുള്ള മുൻഗണന എഎവൈ, മുൻഗണന വിഭാഗങ്ങളിൽ ഉൾപ്പെടുന്നവർക്ക് അപേക്ഷിക്കാം.

 

മതിയായ തുകയില്ലാത്തത് വയനാട്ടിലെ വന്യജീവി പ്രതിരോധ സംവിധാനം ഫലപ്രദമാക്കുന്നതിനു തടസ്സമെന്നു പ്രിയങ്ക ഗാന്ധി. കേന്ദ്രസർക്കാർ പണം നൽക്കാത്ത വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്നും സ്വന്തം നിലക്ക് സിഎസ്ആർ ഫണ്ടുകൾ എത്തിക്കാൻ ശ്രമിക്കുമെന്നും പ്രിയങ്ക ​ഗാന്ധി പറഞ്ഞു. പഞ്ചാരക്കൊല്ലിയിൽ കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീടും എംപി സന്ദർശിച്ചു.

 

ലൈംഗിക പീഡന പരാതിയെ തുടർന്ന് മുൻ ഡിവൈഎഫ് ഐ നേതാവും അധ്യാപകനുമായ സുജിത് കൊടക്കാട് നീണ്ട നിർബന്ധിത അവധിയിൽ പ്രവേശിച്ചു. നിർബന്ധിത ദീർഘകാല അവധിയിൽ പോകാൻ ഉദിനൂർ സെൻട്രൽ എയുപി സ്കൂൾ മാനേജ്മെൻ്റ് നിർദ്ദേശിക്കുകയായിരുന്നു. സുജിത് കൊടക്കാടിനോട് വിശദീകരണം തേടാനും സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. ഡിവൈഎഫ്ഐ തൃക്കരിപ്പൂർ ബ്ലോക്ക് സെക്രട്ടറിയായിരുന്ന ഇയാളെ നേരത്തെ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു.

 

വയനാട്ടിൽ വന്യജീവി ആക്രമണമടക്കമുള്ള ഏത് വിഷയമുയർന്നാലും സിപിഎമ്മിന്‍റെ ആക്രോശങ്ങൾ ആദ്യമുയരുന്നത് പ്രിയങ്ക ഗാന്ധിക്കെതിരെയാണെന്ന് വി ടി ബൽറാം. സംസ്ഥാന ഭരണകൂടത്തിൽ ഒരു മന്ത്രിയടക്കം ആ ജില്ലയിൽ നിന്നുണ്ട്. എന്നാൽ എംപിയെവിടെ എന്ന് സിപിഎമ്മുകാർ പതിവായി വെല്ലുവിളിക്കും. എംപി സംഭവസ്ഥലത്ത് വന്നാൽ അവരെ റോഡ് സൈഡിൽ നിന്ന് കരിങ്കൊടി കാണിക്കും. ഉളുപ്പില്ലായ്മയും രാഷ്ട്രീയ ഉള്ളടക്കമില്ലായ്മയുമാണ് ഇന്നത്തെക്കാലത്തെ സിപിഎമ്മുകാരുടെ മുഖമുദ്രയെന്നും അദ്ദേഹം പറഞ്ഞു.

 

കേരള കയറ്റുമതി പ്രോത്സാഹന നയം 2025 മന്ത്രിസഭായോഗം അംഗീകരിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് കേരള കയറ്റുമതി പ്രോത്സാഹന നയത്തിന് അംഗീകാരം നൽകിയത്. ആഗോള കയറ്റുമതി രംഗത്ത്‌ കേരളത്തെ ഒരു പ്രമുഖ കയറ്റുമതി കേന്ദ്രമാക്കുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ്‌ കയറ്റുമതി പ്രോത്സാഹന നയം രൂപീകരിക്കുന്നതെന്ന് പിണറായി സർക്കാർ അറിയിച്ചു.കൂടാതെ ഹൈക്കോടതി പ്ലീഡര്‍മർക്ക് വേതന പരിഷ്കരണം നടപ്പാക്കാനും കായികതാരങ്ങള്‍ക്ക് നിയമനം നൽകാനും ഭാസ്കര കാരണവര്‍ വധക്കേസിലെ പ്രതി ഷെറിന് ശേഷിക്കുന്ന ശിക്ഷാ കാലയളവ് ഇളവ് ചെയ്ത് അകാലവിടുതൽ അനുവദിക്കുന്നതിന് ഗവർണർക്ക് ഉപദേശം നൽകാനും ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനമെടുത്തിട്ടുണ്ട്.

പാതയോരത്തെ ബോർഡുകൾ നീക്കം ചെയ്തതിന്‍റെ പേരിൽ കണ്ണൂർ പിണറായി ഗ്രാമപഞ്ചായത്ത് ജീവനക്കാർക്ക് സിപിഎം നേതാക്കളുടെ ഭീഷണി. കയ്യും കാലും വെട്ടുമെന്ന് ഓഫീസിൽ കയറി ഭീഷണിപ്പെടുത്തിയതിൽ , ജീവനക്കാർ വാമൂടിക്കെട്ടി പ്രതിഷേധിച്ചു. സിപിഎം ലോക്കൽ സെക്രട്ടറി ഉൾപ്പെടെയുളളവർക്കെതിരെയായിരുന്നു മുഖ്യമന്ത്രിയുടെ നാട്ടിൽ സർക്കാർ ജീവനക്കാരുടെ പരസ്യപ്രതിഷേധം. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് പാതയോരങ്ങളിലെ ബോർഡുകളും മറ്റും പഞ്ചായത്ത് ജീവനക്കാർ നീക്കം ചെയ്തിരുന്നു ഇതിനെ തുടർന്നാണ് സിപിഎമ്മിന്റെ ഭീഷണി .

 

കുടിവെള്ളത്തിൽ ബി ജെ പി വിഷം കലക്കിയെന്ന പ്രസ്താവനയിൽ ദില്ലി മുൻ മുഖ്യമന്ത്രിയും എ എ പി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാളിനെതിരെ ബി ജെ പി പരാതി നൽകി. കെജ്രിവാളിനെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ നിന്നും വിലക്കണം എന്നാവശ്യപ്പെട്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ബി ജെ പി പരാതി നൽകിയത്. ദില്ലിയിലേക്കുള്ള കുടിവെള്ളത്തിൽ ബി ജെ പി നേതൃത്വം നൽകുന്ന ഹരിയാന സർക്കാർ വിഷം ചേർക്കുന്നുവെന്ന പ്രസ്താവനയിലാണ് ​കെജ്രിവാളിനെതിരെ പരാതി ഉയർന്നിരിക്കുന്നത്.

 

ഭക്തരായ രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ച സംഭവത്തിൽ ശിക്ഷയിൽ കഴിഞ്ഞിരുന്ന ദേരാ സച്ചാ സൗദ തലവൻ ഗുർമീത് സിംഗ് റഹിം സിങ്ങിന് ചൊവ്വാഴ്ച പരോൾ അനുവദിച്ചു. 30 ദിവസത്തെ പരോളാണ് ലഭിച്ചത്. ശിക്ഷയിൽ കഴിയുന്നതിനിടയിൽ ഇത് 12-ാം തവണയാണ് ഗുർമീതിന് പരോൾ ലഭിക്കുന്നത്. ദില്ലിയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാൻ ഒരാഴ്ച ബാക്കി നിൽക്കെയാണ് ഗുർമീതിന്റെ പരോൾ.

ദില്ലി മുഖ്യമന്ത്രി അതിഷി മർലേനക്ക് ആശ്വാസം. ബി ജെപി നൽകിയ അപകീർത്തിക്കേസ് ദില്ലി കോടതി തള്ളി. ഇ ഡിയുമായി ബന്ധപ്പെട്ട നടത്തിയ പരാമർശത്തിലാണ് ബി ജെ പി, ദില്ലി മുഖ്യമന്ത്രിക്കെതിരെ പരാതി നൽകിയത്. എന്നാൽ ഇത് നിലനിൽക്കുന്നതല്ലെന്ന് ചൂണ്ടികാട്ടിയ ദില്ലി കോടതി, അപകീർത്തിക്കേസ് തള്ളിക്കളയുകയായിരുന്നു.

 

ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ കുത്തിയ കേസിൽ പുതിയ വിവരങ്ങൾ പുറത്തുവിട്ട് പോലീസ്. കേസിൽ അറസ്റ്റിലായിരിക്കുന്ന മൊഹമ്മദ് ഷെരീഫുൾ ഇസ്ലാമിനെതിരെ തെളിവുകളുണ്ടെന്ന് പോലീസ് അറിയിച്ചു. സെയ്ഫ് അലി ഖാന്റെ വീട്ടിൽനിന്ന് ലഭിച്ച വിരലടയാളങ്ങൾ ഷെരീഫുളിന്റേതുമായി സാമ്യമില്ല എന്ന റിപ്പോർട്ട് പുറത്തുവന്നതിനിടെയാണ് പോലീസ് ഇക്കാര്യം അറിയിച്ചത്.

 

അനധികൃത കുടിയേറ്റത്തെ അനുകൂലിച്ച് കോൺഗ്രസ് മുതിർന്ന നേതാവും രാഹുൽ ഗാന്ധിയുടെ അടുത്ത അനുയായിയുമായ സാം പിത്രോദ. ഡൽഹി തിരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുമ്പാണ് പിത്രോദയുടെ വിവാദ പരാമർശം. ദരിദ്രരും വിശക്കുന്നവരുമായ കുടിയേറ്റക്കാരെ വേട്ടയാടുന്നതിനേക്കാൾ ആഗോളതാപനം പോലുള്ള വിഷയങ്ങളിൽ സർക്കാർ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് പിത്രോദ പറഞ്ഞു.

 

ക്ലോറേറ്റ് എന്ന രാസവസ്തു ഉയര്‍ന്ന അളവില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്ന് കൊക്ക കോള അതിന്റെ ചില ശീതള പാനീയങ്ങള്‍ പിന്‍വലിച്ചു. ബെല്‍ജിയത്തിലെ ഒരു പ്രൊഡക്ഷന്‍ പ്ലാന്റില്‍നിന്നുള്ള കുപ്പികളിലും കാനുകളിലുമുള്ള പാനീയത്തിലാണ് ഇത്തരത്തില്‍ ഉയര്‍ന്ന അളവില്‍ രാസവസ്തു കണ്ടെത്തിയത്. ബെല്‍ജിയം, ലക്‌സംബര്‍ഗ്, നെതര്‍ലന്‍ഡ്‌സ് തുടങ്ങിയ രാജ്യങ്ങളില്‍നിന്നാണ് പ്രധാനമായും ഉത്പന്നങ്ങള്‍ പിന്‍വലിക്കപ്പെട്ടതെന്നാണ് കൊക്ക കോളയുടെ വിശദീകരണം.

 

ട്വന്റി20 പരമ്പരയിലെ മൂന്നാംമത്സരത്തില്‍ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് മികച്ച തുടക്കംകിട്ടിയെങ്കിലും ഒടുവില്‍ വിക്കറ്റ് വീഴ്ച. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു.16.2 ഓവര്‍ പിന്നിടുമ്പോള്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ടിന് 139 റണ്‍സാണ് എടുക്കാനായത്.

 

ഐസിസി പുരുഷ ക്രിക്കറ്റര്‍ക്കുള്ള സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് അവാര്‍ഡ് സ്വന്തമാക്കി ഇന്ത്യന്‍ പേസര്‍ ജസ്പ്രിത് ബുംറ. 2024-ല്‍ ക്രിക്കറ്റിന്റെ വിവിധ ഫോര്‍മാറ്റുകളില്‍ നടത്തിയ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ബുംറയെ പുരസ്‌കാരത്തിനര്‍ഹനാക്കിയത്.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *