തൃശൂര്‍ ആസ്ഥാനമായ സ്വകാര്യ ബാങ്കായ സൗത്ത് ഇന്ത്യന്‍ ബാങ്ക് വായ്പകളുടെ അടിസ്ഥാന പലിശ നിരക്കായ മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട്സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് വീണ്ടും കൂട്ടി. അടിസ്ഥാന നിരക്ക് ഉയര്‍ത്തിയതോടെ എം.സി.എല്‍.ആര് അധിഷ്ഠിതമായ വായ്പകളുടെ പ്രതിമാസ തിരിച്ചടവും കൂടും. സ്വര്‍ണപ്പണയം, ബിസിനസ് വായ്പ, വ്യാപാരികളുടെ ഓവര്‍ഡ്രാഫ്റ്റ്, ജി.എസ്.ടി ബിസിനസ് വായ്പ എന്നിവയ്ക്കാണ് സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ എം.സി.എല്‍.ആര് ബാധകം. പുതിയ നിരക്കു പ്രകാരം ഒറ്റനാള്‍ കാലാവധിയുള്ള വായ്പകളുടെ എം.സി.എല്‍.ആര് 7.95 ശതമാനത്തില്‍ നിന്ന് 8 ശതമാനമാകും. ഒരു മാസക്കാലാവധിയുള്ള വായ്പകളുടേത് 8.60 ശതമാനത്തില്‍ നിന്ന് 8.65 ശതമാനവും മൂന്ന് മാസക്കാലാവധിയുള്ള വായ്പകളുടേത് 9.90 ശതമാനത്തില്‍ നിന്ന് 9.95 ശതമാനവുമാക്കി ഉയര്‍ത്തി. ആറ് മാസക്കാലാവധിയുള്ള വായ്പകളുടെ പുതുക്കിയ എം.സി.എല്‍.ആര് 10 ശതമാനമാണ്. ഡിസംബറില്‍ ഇത് 9.95 ശതമാനമായിരുന്നു. ഒരു വര്‍ഷക്കാലാവധിയുള്ള വായ്പകളുടെ എം.സി.എല്‍.ആര് 10.05 ശതമാനത്തില്‍ നിന്ന് 10.10 ശതമാനമായി കൂട്ടി.
സൗത്ത് ഇന്ത്യന്‍ ബാങ്ക് വായ്പകളുടെ പലിശനിരക്ക് കൂട്ടി
