Screenshot 2024 02 27 20 21 14 990 com.android.chrome edit

 

63ാം മത് സ്കൂൾ കലോത്സവത്തിലെ സ്വർണക്കപ്പ് സ്വന്തമാക്കി തൃശ്ശൂർ. കാൽനൂറ്റാണ്ടിന് ശേഷമാണ് കലാകിരീടം തൃശ്ശൂരിലെത്തുന്നത്. 1008 പോയിന്റ് നേടിയാണ് തൃശ്ശൂർ സ്വർണക്കപ്പ് സ്വന്തമാക്കിയത്. സ്കൂളുകളില്‍ ആലത്തൂര്‍ ഗുരുകുലം 12ാം തവണയും ചാംപ്യന്‍മാരായി. ഒരു പോയിന്‍റിന്‍റെ വ്യത്യാസത്തില്‍ 1007 പോയിന്‍റോടെയാണ് പാലക്കാട് രണ്ടാം സ്ഥാനത്തെത്തിയിരിക്കുന്നത്. തുടക്ക മുതല്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയിരുന്ന കണ്ണൂര്‍ ജില്ലയാണ് മൂന്നാം സ്ഥാനത്ത്. സമാപനസമ്മേളനത്തിൽ വിദ്യാർത്ഥികൾക്ക് ആവേശമായി ആസിഫ് അലിയും ടൊവിനോ തോമസും അതിഥികളായെത്തി.

ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജന്‍ ഖൊബ്രഗഡെയ്ക്ക് ഹൈക്കോടതിയുടെ അറസ്റ്റ് വാറണ്ട്. ഈ മാസം 20ന് അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ പൊലീസിന് ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നൽകി. ഭിന്നശേഷിക്കാരനായ ഡോക്ടര്‍ക്ക് പ്രൊമോഷന്‍ നല്‍കണമെന്ന ഉത്തരവിറക്കാത്തതിലാണ് കടുത്ത നടപടി.

 

സംസ്ഥാനം ഇക്കൊല്ലം അതിദാരിദ്ര്യ മുക്തമാകുമെന്നും അതിനുള്ള പ്രവര്‍ത്തനങ്ങളും പദ്ധതികളും എല്ലാ ജില്ലകളിലും കാര്യക്ഷമമായി നടപ്പിലാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തൈക്കാട് അതിഥി മന്ദിരത്തില്‍ രണ്ട് ദിവസമായി ചേരുന്ന ജില്ലാ കളക്ടര്‍മാരുടെയും വകുപ്പ് മേധാവികളുടെയും വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

 

വയനാട് ഡിസിസി ട്രഷറർ എം എൻ വിജയന്റെ മരണത്തിൽ നിർണായക നീക്കവുമായി പൊലീസ്. സംഭവത്തിൽ ആത്മഹത്യ പ്രേരണ കുറ്റം ചുമത്താനുള്ള നീക്കത്തിലാണ് പൊലീസ്. വിജയന്റെ കത്തിൽ പരാമർശിച്ചിരിക്കുന്ന വ്യക്തികൾക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തും.

 

വിജയന്റെ മരണത്തിലെ ആരോപണങ്ങൾ അന്വേഷിക്കാൻ കെപിസിസി നിയോ​ഗി​ച്ച സംഘം ഇന്ന് കുടുംബവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം കുടുംബാംഗങ്ങളെ കണ്ടു. കുടുംബത്തിന്റെ എല്ലാ പ്രശ്നവും പരിഹരിക്കുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു. പ്രയാസങ്ങളെല്ലാം മാറിയെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം കുടുംബാംഗങ്ങളും പ്രതികരിച്ചിരുന്നു.

 

നടി ഹണി റോസിന്റെ ലൈം​ഗികാധിക്ഷേപ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂർ അറസ്റ്റിൽ. കൊച്ചി സെൻട്രൽ പൊലീസാണ് ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് രാവിലെ വയനാട്ടിൽ നിന്നും കസ്റ്റഡിയിലെടുത്ത പ്രതിയെ കൊച്ചി പൊലീസ് 7 മണിയോടെയാണ് സെൻട്രൽ പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. ജാമ്യമില്ലാ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.

 

അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ തെളിവുകള്‍ ശേഖരിക്കാനുള്ള നിര്‍ണായക നീക്കവുമായി അന്വേഷണ സംഘം. അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിന്‍റെ മൊബൈൽ ഫോണ്‍ പൊലീസ് പിടിച്ചെടുത്തു. ബോബി ചെമ്മണ്ണൂര്‍ ഉപയോഗിച്ചിരുന്ന ഐ ഫോണ്‍ ആണ് പിടിച്ചെടുത്തത്. ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിനെ ഇന്ന് തന്നെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കും.

തനിക്കൊപ്പം നിന്ന എല്ലാവർക്കും നന്ദി പറഞ്ഞ് നടി ഹണി റോസ്. ലൈം​ഗികാധിക്ഷേപ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തതിന്റെ പശ്ചാത്തലത്തിലായിരുന്നു ഹണി റോസിന്റെ പ്രതികരണം. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഹണി നന്ദി അറിയിച്ചത്.

 

ശബരിമല മാസ്റ്റര്‍ പ്ലാനിന് അനുസൃതമായി തയ്യാറാക്കിയ സന്നിധാനത്തിന്‍റെയും പമ്പ ആൻഡ് ട്രക്ക് റൂട്ടിന്‍റെയും ലേ ഔട്ട് പ്ലാനിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. സന്നിധാനത്തിന്‍റെ വികസനത്തിനായി ആദ്യഘട്ടത്തിന് 600.47 കോടി രൂപയും 2028-33 വരെയുള്ള രണ്ടാം ഘട്ടത്തിന് 100.02 കോടി രൂപയും 2034-39 വരയുള്ള മൂന്നാം ഘട്ടത്തിന് 77.68 കോടി രൂപയും ഉള്‍പ്പെടെ ആകെ 778.17 കോടി രൂപയാണ് ലേഔട്ട് പ്ലാന്‍ പ്രകാരം ചെലവ് കണക്കാക്കിയിരിക്കുന്നത്.

 

ക്ഷീരമേഖലയിലെ സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുന്നതിനും കര്‍ഷകര്‍ക്കായുള്ള ക്ഷേമ പദ്ധതികള്‍ നടപ്പാക്കുന്നതിനുമായി കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ലിമിറ്റഡും (മില്‍മ) കേരള സംസ്ഥാന സഹകരണ ബാങ്ക് ലിമിറ്റഡും (കേരള ബാങ്ക്) തമ്മില്‍ ധാരണാപത്രം ഒപ്പുവച്ചു.

 

പാലക്കാട് പനയംപാടത്ത് ചരക്ക് ലോറി മറിഞ്ഞ് മരണമടഞ്ഞ നാല് വിദ്യാര്‍ത്ഥിനികളുടെ മാതാപിതാക്കള്‍ക്ക് 2 ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് ധനസഹായം പ്രഖ്യാപിച്ചത്. പാലക്കാട് – കോഴിക്കോട് ദേശീയ പാതയില്‍ പനയംപാടത്ത് പരീക്ഷ കഴിഞ്ഞ് മടങ്ങവെയാണ് അപകടമുണ്ടായത്. ഇര്‍ഫാന ഷെറിന്‍, റിദ ഫാത്തിമ, നിദ ഫാത്തിമ കെ.എം, ഐഷ എ.എസ് എന്നിവരുടെ മാതാപിതാക്കള്‍ക്കാണ് ധനസഹായം ലഭിക്കുക.

 

ഭരണഘടനാ ശില്‍പിയായ അംബേദ്കര്‍ വിഭാവനം ചെയ്ത സാഹോദര്യം രാജ്യത്ത് ഇതുവരെ കൈവരിക്കാനായില്ലെന്ന് ഡോ.ശശി തരൂര്‍ എംപി ആധുനിക ഇന്ത്യയ്ക്ക് പാത തെളിയിച്ച ആശയങ്ങളും ഇതിഹാസങ്ങളും എന്ന വിഷയത്തില്‍ കെഎല്‍ഐബിഎഫ് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

 

കമ്മീഷന്‍ മാത്രം ലക്ഷ്യമിട്ട് അനില്‍ അംബാനിയുടെ മുങ്ങിക്കൊണ്ടിരുന്ന കമ്പനിയില്‍ ഭരണത്തിലെ ഉന്നതരുടെയും ഉദ്യോഗസ്ഥരുടെയും അറിവോടെ നടത്തിയ നിക്ഷേപത്തിന്റെ ഉത്തരവാദിത്തം കെ.എഫ്.സിയുടെ മാത്രം തലയില്‍ കെട്ടിവയ്ക്കാനാണ് സര്‍ക്കാരും ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. അതിന്‍റെ ഭാഗമാണ് കെ.എഫ്.സി എം.ഡി ഇറക്കിയ വര്‍ത്താക്കുറിപ്പ്.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ സുരക്ഷയുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ്. അണക്കെട്ട് സുരക്ഷിതമാണെന്ന വിധി പുനഃപരിശോധിക്കണമെന്ന ഹര്‍ജിയിലാണ് കേന്ദ്ര സർക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചത്. ഡാം സുരക്ഷാ നിയമപ്രകാരം എന്തെല്ലാം നടപടികളെടുത്തുവെന്ന് അറിയിക്കാനാണ് കേന്ദ്രസർക്കാരിന് നൽകിയ നോട്ടീസിൽ സുപ്രീം കോടതി ആവശ്യപ്പെട്ടത്.

 

കാരുണ്യ ആരോഗ്യ ചികിത്സാ പദ്ധതിയിലേക്ക് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് 29 കോടി 10 ലക്ഷം രൂപ കൂടി നൽകി. ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാലാണ് ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോർജിന് തുക കൈമാറിയത്. സംസ്ഥാന ഭാഗ്യക്കുറിയുടെ കാരുണ്യ, കാരുണ്യ പ്ലസ് ടിക്കറ്റുകൾ വിറ്റു കിട്ടുന്ന മുഴുവൻ തുകയും കാരുണ്യ ആരോഗ്യ ചികിത്സാ പദ്ധതിയിലേക്കാണ് ഭാഗ്യക്കുറി വകുപ്പ് നൽകുന്നത്.

 

ഇന്ന് മുതൽ അഞ്ച് ദിവസം കേരളത്തിൽ വിവിധ ജില്ലകളിൽ മിതമായതോ നേരിയതോ ആയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ എന്നീ ജില്ലകളിലാണ് മിതമായ മഴയ്ക്ക് സാധ്യതയുള്ളത്.

 

താലിബാനുമായി ആദ്യമായി ഉന്നത തലത്തിൽ തുറന്ന ചർച്ച നടത്തി ഇന്ത്യ. താലിബാൻ ആക്ടിംഗ് വിദേശകാര്യമന്ത്രിയെ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി കണ്ടു. ദുബായിലാണ് വിദേശകാര്യ സെക്രട്ടറി താലിബാൻ പ്രതിനിധിയെ കണ്ടത്. അഫ്ഗാൻ അഭയാർത്ഥികളുടെ പുനരധിവാസത്തിന് സഹായം ഉണ്ടാകുമെന്ന് ഇന്ത്യ ഉറപ്പു നല്കി.

 

പ്രവാസികൾക്കായുള്ള പ്രത്യേക ടൂറിസ്റ്റ് ട്രെയിനായ ഉദ്ഘാടന പ്രവാസി ഭാരതീയ എക്സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും. അത്യാധുനിക ടൂറിസ്റ്റ് ട്രെയിൻ ​ദില്ലിയിലെ നിസാമുദ്ദീൻ സ്റ്റേഷനിൽ നിന്ന് പുറപ്പെടും. അടുത്ത മൂന്നാഴ്ചയ്ക്കുള്ളിൽ ഒന്നിലധികം സ്ഥലങ്ങളിലേക്ക് സർവീസുകൾ ആരംഭിക്കുമെന്നും റെയിൽവേ അറിയിച്ചു.

 

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ വ്യാജവോട്ടുകൾ ചേർക്കാൻ ബിജെപിയുടെ ഏഴ് എംപിമാര്‍ക്ക് പാര്‍ട്ടി നിർദേശം നല്‍കിയെന്ന് ആരോപിച്ച് ആംആദ്മി പാര്‍ട്ടി നേതാവുംമുന്‍ ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി അതിഷി സിങ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ കാണുമെന്നും അദ്ദേഹം ബുധനാഴ്ച എക്‌സില്‍ കുറിച്ചു.

 

സൈന്യത്തിന് യുദ്ധവിമാനങ്ങള്‍ കൈമാറുന്നതിലെ കാലതാമസത്തില്‍ അതൃപ്തി പരസ്യമാക്കി വ്യോമസേന തലവന്‍ എ.പി. സിങ്. 2009- 10 കാലത്ത് ഓര്‍ഡര്‍ നല്‍കിയ 40 തേജസ് യുദ്ധവിമാനങ്ങള്‍ ഇനിയും ലഭിച്ചിട്ടില്ലെന്ന് എ.പി. സിങ് പറഞ്ഞു.

 

മുന്‍ എം.പിയായ രമേശ് ബിധുരി തനിക്ക് എതിരായി നടത്തിയ സ്ത്രീവിരുദ്ധപരാമര്‍ശത്തില്‍ പ്രതികരണവുമായി വയനാട് എം.പി പ്രിയങ്ക ഗാന്ധി. ബിധുരിയുടെ പരാമർശത്തെ പരിഹാസ്യം എന്ന് വിശേഷിപ്പിച്ച പ്രിയങ്ക ഗാന്ധി, ഇത്തരം അപ്രസക്തമായ കാര്യങ്ങളല്ല ഡൽഹി തിരഞ്ഞെടുപ്പിൽ ചർച്ചചെയ്യേണ്ടതെന്നും പറഞ്ഞു.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *