ലക്കി ഭാസ്കറിലെ പ്രധാന കഥാപാത്രങ്ങളിലൊന്നാണ് നിസാന്‍ പട്രോള്‍. ഭാസ്കറിന്റെ അഭിമാനമായ ഈ എസ്യുവി ദുല്‍ഖറിന്റെ സ്വകാര്യ കളക്ഷനിലേതാണ്. തന്റെ ഒരു വാഹനം ചിത്രത്തില്‍ ഉപയോഗിക്കുന്നുണ്ടെന്ന് ചിത്രത്തിന്റെ പ്രമോഷന് പരിപാടിയില്‍ ദുല്‍ഖര്‍ പറഞ്ഞിരുന്നു. നിസാന്റെ ഐതിഹാസിക എസ്യുവിയായ പട്രോളിന്റെ 1993 മോഡലാണ് ഇത്. വൈ60 എന്ന കോഡ് നാമത്തില്‍ അറിയപ്പെടുന്ന കാറിന്റെ പെട്രോള്‍ എന്ജിന് മോഡലാണ് ഇത് എന്നാണ് കരുതുന്നത്. ചിത്രത്തിനു വേണ്ടി വാഹനം റീസ്റ്റോര്‍ ചെയ്തു എന്നാണ് ദുല്‍ഖര്‍ പറഞ്ഞ്. കെഎല്‍07 ഡിഡി 0369 എന്ന നമ്പറില്‍ റീ റജിസ്ട്രേഷന് ചെയ്ത വാഹനം എവിടെനിന്നാണ് ദുല്‍ഖര്‍ സ്വന്തമാക്കിയതന്നു വ്യക്തമല്ല. പട്രോളിന്റെ നാലാം തലമുറയാണ് ഈ മോഡല്‍. 1988 മുതല്‍ 1998 വരെയാണ് ഈ വാഹനം പുറത്തിറങ്ങിയത്. മൂന്നു ലീറ്റര്‍, 4.2 ലീറ്റര്‍ പെട്രോള്‍, 2.8 ലീറ്റര്‍, 4.2 ലീറ്റര്‍ ഡീസല്‍ എന്‍ജിനുകള്‍ ഈ വാഹനത്തിനുണ്ട്. ഇതു കൂടാതെ ലാന്‍ഡ് റോവര്‍, ബീറ്റില്‍, ടൊയോട്ട സുപ്ര തുടങ്ങി വിന്റേജ് വാഹനങ്ങളുടെ വലിയ ശേഖരവുമുണ്ട് ദുല്‍ഖര്‍ സല്മാന്.