എ ഡി എം നവീൻ ബാബുവിൻ്റെ മരണത്തിൽ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന ജില്ലാ പഞ്ചായത്ത് മുൻ അധ്യക്ഷ പി.പി.ദിവ്യയുടെ ജാമ്യാപേക്ഷയിൽ തലശേരി ജില്ലാ കോടതി വെള്ളിയാഴ്ച വിധി പറയും. ദിവ്യയുടെയും പ്രോസിക്യൂഷൻ്റെയും എഡിഎമ്മിൻ്റെ കുടുംബത്തിൻ്റെയും വാദം കേട്ട ശേഷം കേസ് വിധിപറയാനായി മാറ്റുകയായിരുന്നു. ഇന്ന് കോടതിയിൽ ശക്തമായ വാദപ്രതിവാദമാണ് നടന്നത്. ദിവ്യക്ക് ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കുമെന്നും ജാമ്യം നൽകരുതെന്നും കോടതിയിൽ പ്രോസിക്യൂഷൻ വാദിച്ചു. ദിവ്യ കീഴടങ്ങിയത് നന്നായി അല്ലങ്കിൽ പൊലീസും ദിവ്യയും തമ്മിലെ ഒളിച്ചു കളി തുടർന്നേനെയെന്നും കളക്ടറുടെ മൊഴി ദിവ്യയുമായി ചേർന്നുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും കളക്ടറുടെ ഫോൺ രേഖകൾ പരിശോധിക്കണമെന്നും നവീൻ ബാബുവിൻ്റെ കുടുംബത്തിൻ്റെ അഭിഭാഷകൻ വാദിച്ചു.