അച്ചടക്ക ലംഘനത്തെ തുടർന്ന് നിര്‍മ്മാതാവ് സാന്ദ്ര തോമസിനെ പുറത്താക്കി മലയാള സിനിമയിലെ നിര്‍മ്മാതാക്കളുടെ സംഘടന. സംഘടനയുടെ നേതൃത്വത്തിലുള്ളവര്‍ക്കെതിരെ നേരത്തെ സാന്ദ്രാ തോമസ് പരാതി നല്‍കിയിരുന്നു ഇതിന് പിന്നാലെയാണ് നടപടി. സ്വേഛാധിപത്യ തീരുമാനമാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നടപ്പാക്കുന്നതെന്ന് സാന്ദ്രാ തോമസ് ആരോപിച്ചിരുന്നു. അസോസിയേഷനില്‍ താര സംഘടനയായ അമ്മയുടെ സ്വാധീനം ശക്തമാണെന്നും താരങ്ങള്‍ക്ക് വേണ്ടിയാണ് സംഘടന പ്രവര്‍ത്തിക്കുന്നതെന്നും സാന്ദ്ര പറഞ്ഞിരുന്നു. സിനിമ സെറ്റുകളിൽ സ്ത്രീകൾ പേടിച്ച് നിൽക്കുന്ന അവസ്ഥ മാറണമെന്നും, സ്ത്രീകൾക്ക് സെറ്റിൽ വലിയ അവഗണന നേരിടേണ്ടി വരുന്നുവെന്നും പല സ്ത്രീ നിർമ്മാതാക്കൾക്കും മെന്റല്‍ ഹരാസ്മെൻ്റ് ഉണ്ടാകുന്നുണ്ടെന്നും സാന്ദ്ര പറഞ്ഞിരുന്നു. എന്നാൽ സാന്ദ്രാ തോമസിന്റെ പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും, അത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് പ്രൊഡ്യൂസേര്‍സ് അസോസിയേഷൻ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.