എകെ ഷാനിബിന്റെ മത്സര രംഗത്തുനിന്നുള്ള പിന്മാറ്റം അൻവറിന്റെയും യുഡിഎഫിന്റെയും പോലെ ഒളിച്ചുകളി രാഷ്ട്രീയമല്ലെന്ന് പി സരിൻ. കോൺഗ്രസുകാർ ആർക്കാണ് വോട്ട് ചെയ്യാൻ പോകുന്നത് എന്നതിന്റെ ഉത്തരമാണ് ഷാനിബിന്റെ പിന്മാറ്റം. എൽഡിഎഫ് കൺവെൻഷനിൽ കോൺഗ്രസ്സ് പ്രവർത്തകരും എത്തിയിട്ടുണ്ടെന്നും സരിൻ പറഞ്ഞു. കേരളത്തെ വീണ്ടെടുക്കാനുള്ള അവസരമാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പ്.പാലക്കാട് ജനത രാഷ്ട്രീയ വഞ്ചനക്ക് മറുപടി പറയും. പാർട്ടി മാറ്റം രക്തം രക്തത്തെ തിരിച്ചറിഞ്ഞതുപോലെയാണ്. അതിൽ അഭിമാനിക്കുന്നുവെന്നും സരിൻ പറഞ്ഞു.തന്റെ ഭാര്യ ഡോ. സൗമ്യ വ്യക്തമായ കാഴ്ചപ്പാടുകൾ ഉള്ള ഒരാളാണ്. തിരക്കുകൾ കാരണം സൗമ്യയ്ക്ക് ഇവിടേക്ക് വരാൻ പറ്റാത്തതിൽ ഞാൻ ഖേദം പ്രകടിപ്പിക്കുന്നു. മുഖ്യമന്ത്രി പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് യോഗത്തിൽ സൗമ്യ പങ്കെടുക്കും. കോൺഗ്രസ്സ് പ്രവർത്തകർ വേട്ടയാടൽ നിർത്തിയാൽ സൗമ്യയുടെ വരവും വൈകുമെന്നും സരിൻ പറഞ്ഞു.