ലഹരിവസ്തുക്കൾ കൈവശം വെച്ചതിന് കഴിഞ്ഞ ദിവസം പിടികൂടിയ കൂപ്രസിദ്ധ ഗുണ്ട നേതാവ് ഓം പ്രകാശിനെതിരായ ലഹരിക്കേസിലെ റിമാൻഡ് റിപ്പോർട്ടിൽ മലയാളം സിനിമാ താരങ്ങളായ നടി പ്രയാഗ മാർട്ടിന്റെയും നടൻ ശ്രീനാഥ് ഭാസിയുടെയും പേരുകൾ. ഇവർ ഓം പ്രകാശിന്റെ മുറി സന്ദർശിച്ചുവെന്നാണ് പൊലീസ് റിപ്പോർട്ടിലുളളത്. ഇവർക്ക് പുറമേ സ്ത്രീകളടക്കം 20 ഓളം പേർ ഓം പ്രകാശിന്റെ മുറിയിൽ എത്തിയിട്ടുണ്ട്. ബോബി ചലപതി എന്നയാളുടെ പേരിലാണ് മുറി ബുക്ക് ചെയ്തത്. ലഹരി വിൽപ്പന നടന്നുവെന്ന് കരുതുന്ന ഓം പ്രകാശിന്റെ മുറിയിലെത്തിയ ആളുകളെ ചോദ്യം ചെയ്യണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം. ഓം പ്രകാശിന്റെയും സുഹൃത്തായ ഷിഹാസിന്റെയും ജാമ്യ ഹർജി പരിഗണിക്കവേയാണ് പൊലീസ് കോടതിയിൽ റിമാൻഡ് റിപ്പോർട്ട് സമർപ്പിച്ചത്. ഈ റിമാൻഡ് റിപ്പോർട്ടിലാണ് സിനിമാ താരങ്ങളുടെ പേരുളളത്. താരങ്ങളെന്തിനെത്തി എന്ന് അറിയാൻ പ്രതികളായ ഷിഹാസിനെയും ഓം പ്രകാശിനെയും കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും ഇരുവർക്കും ജാമ്യം ലഭിച്ചു.