ഇസ്രായേൽ ദീർഘകാലം നിലനിൽക്കില്ലെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി. ഗ്രാന്‍ഡ് മൊസല്ല പള്ളിയില്‍ നടന്ന വെള്ളിയാഴ്ച പ്രാർത്ഥനകൾക്ക് നേതൃത്വം നൽകിയ ശേഷം ആയിരങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഖമേനി. ഇസ്രായേലിനെതിരെ ഇറാൻ അടുത്തിടെ നടത്തിയ മിസൈൽ ആക്രമണം ഇസ്രായേൽ ഭരണകൂടത്തിന്റെ കുറ്റകൃത്യങ്ങൾക്ക് ഇറാൻ സായുധ സേന നൽകിയ ഏറ്റവും കുറഞ്ഞ ശിക്ഷയാണെന്നായിരുന്നു ഖമേനിയുടെ വാക്കുകൾ. ഇസ്രായേലിനെ ആക്രമിക്കാനുള്ള നേതൃത്വത്തിൻ്റെ തീരുമാനത്തെ സാധാരണ ജനങ്ങൾ പിന്തുണച്ചുവെന്നും അതിന് തെളിവാണ് ചടങ്ങിൽ പങ്കെടുത്ത വൻ ജനക്കൂട്ടമെന്നും ഖമേനി കൂട്ടിച്ചേർത്തു. ജനങ്ങളെ അഭിസംബോധന ചെയ്യുമ്പോൾ ഖമേനിയുടെ കൈവശം റഷ്യൻ നിർമ്മിത ഡ്രാഗുനോവ് റൈഫിൾ ഉണ്ടായിരുന്നുവെന്നാണ് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. ഇസ്രായേൽ ആക്രമണത്തിന് മുന്നിൽ ഇറാൻ മുട്ടുമടക്കില്ലെന്ന് വ്യക്തമാക്കിയ ഖമേനി അചഞ്ചലമായ വിശ്വാസം ശക്തിപ്പെടുത്തിക്കൊണ്ട് ശത്രുവിനെതിരെ നിലകൊള്ളണമെന്ന് ഇറാനിലെ ജനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു.
.