Screenshot 2024 02 27 20 21 14 990 com.android.chrome edit

 

വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല, മേപ്പാടി നിവാസികളുടെ നഷ്ടപ്പെട്ട രേഖകള്‍ വീണ്ടെടുക്കുന്നതിന് മേപ്പാടി ഗവ. ഹൈസ്‌കൂള്‍, സെന്റ് ജോസഫ് യു.പി സ്‌കൂള്‍, മൗണ്ട് താബോര്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ നാളെ പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കും. ദുരന്തത്തില്‍ രേഖകള്‍ നടഷ്ടപ്പെട്ടവര്‍ ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു.

 

വയനാട്ടിലെ ദുരന്തത്തെത്തുടര്‍ന്ന് ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് താല്‍ക്കാലിക പുനരധിവാസത്തിനായുള്ള സജ്ജീകരണങ്ങള്‍ ഒരുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീയുടെ നേതൃത്വത്തില്‍ അഞ്ചംഗ സമിതി രൂപീകരിച്ചു. തദ്ദേശ സ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടര്‍, ഒരു ഡെപ്യൂട്ടി കളക്ടര്‍, പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എന്നിവര്‍ അംഗങ്ങളും വൈത്തിരി തഹസില്‍ദാര്‍ കണ്‍വീനറുമായ സമിതിയാണ് രൂപീകരിച്ചിട്ടുള്ളത്.

 

വയനാട് മുണ്ടക്കൈയിൽ മഴ ശക്തമായതോടെ മൂന്ന് മണിയോടെ ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ചു. ഇന്നത്തെ ജനകീയ തെരച്ചിലിൽ മൂന്ന് ശരീരഭാഗങ്ങൾ കിട്ടിയതായി അധികൃതർ അറിയിച്ചു. പരപ്പൻപാറയിൽ സന്നദ്ധ പ്രവർത്തകരും ഫോറസ്റ്റ് സംഘവും നടത്തിയ തെരച്ചിലിലാണ് ശരീരഭാഗങ്ങൾ കണ്ടെടുത്തത്. പരപ്പൻപാറയിലെ പുഴയോട് ചേർന്നുള്ള ഭാഗത്ത് നിന്ന് രണ്ട് ശരീരഭാഗങ്ങളും പരപ്പൻ പാറയിലെ മറ്റൊരു സ്ഥലത്ത് നിന്നും ഒരു ശരീര ഭാഗവുമാണ് കണ്ടുകിട്ടിയത്.

 

ഉരുള്‍പൊട്ടല്‍ ദുരന്തത്തിനുശേഷമുള്ള പ്രദേശത്തെ അവസ്ഥയും ദുരന്തസാധ്യതകളും വിലയിരുത്തുന്നതിനായി ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനായ ജോണ്‍ മത്തായി അടങ്ങുന്ന അഞ്ചംഗ വിദഗ്ധസംഘം ചൂരല്‍മല, മുണ്ടക്കൈ, പുഞ്ചിരിമട്ടം, അട്ടമല എന്നീ പ്രദേശങ്ങള്‍ ഈ മാസം 19ന് സന്ദര്‍ശിക്കുമെന്ന് മന്ത്രിമാര്‍ അറിയിച്ചു.

വയനാട് ദുരന്തമേഖലയിലെ ജനകീയ തെരച്ചിൽ നാളെയും തുടരുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ദുരന്തത്തിൽ മരിച്ചവരുടെ ഡിഎന്‍എ ഫലങ്ങള്‍ കിട്ടി തുടങ്ങിയെന്നും നാളെ  മുതൽ പരസ്യപ്പെടുത്താമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.മഴയെ തുടര്‍ന്നാണ് ഇന്നത്തെ തെരച്ചിൽ നിര്‍ത്തിയത്.നാളെയും മറ്റന്നാളും ചാലിയാറിൽ വിശദമായ തെരച്ചിൽ നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

പൂക്കോട്ട്മല മേഖലയിലും തെരച്ചിൽ തുടരുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് വാര്‍ത്താസമ്മേളനത്തില്‍ പറ‍ഞ്ഞു. ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ 229 പേരുടെ മരണമാണ് ഔദ്യോഗിക കണക്കില്‍ സ്ഥിരീകരിച്ചത്. 178 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. 51 മൃതദേഹവും 200 ഓളം ശരീര ഭാഗങ്ങളും തിരിച്ചറിഞ്ഞില്ല. കാണാതെ ആയവരുടെ കരട് പട്ടികയിൽ ഇപ്പോൾ 130 പേരാണ് ഉള്ളത് എന്നും മന്ത്രി വിശദീകരിച്ചു.

 

കല്‍പറ്റ ജനറല്‍ ആശുപത്രിയിൽ നടന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തില്‍ സംസാരിക്കവെ വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ പകര്‍ച്ചവ്യാധി വ്യാപനം തടയാന്‍ മുന്‍കരുതല്‍ വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. അതോടൊപ്പം ക്യാമ്പംഗങ്ങള്‍ക്ക് മാനസിക പിന്തുണ കൊടുക്കുന്ന കൗണ്‍സലര്‍മാരെ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ജോലി ചെയ്യിക്കണമെന്നും മന്ത്രി പറഞ്ഞു. കൂടാതെ മാതാപിതാക്കളെ നഷ്ടപ്പെട്ട കുഞ്ഞുങ്ങള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കണം. നിലവില്‍ കുഞ്ഞുങ്ങളെല്ലാം അടുത്ത ബന്ധുക്കള്‍ക്കൊപ്പമാണെന്നും മന്ത്രി പറഞ്ഞു.

 

വയനാട്ടിലെ ദുരിതബാധിതരെ സന്ദർശിച്ച് വനംമന്ത്രി എകെ ശശീന്ദ്രൻ. ദുരന്ത ബാധിതരുടെ അനുഭവങ്ങൾ കേട്ട് അദ്ദേഹത്തിൻ്റെ കണ്ണു നിറഞ്ഞു. വല്ലാത്തൊരു അനുഭവമായിപ്പോയി എന്നും ഇങ്ങനെയൊരു കാഴ്ചക്ക് സാക്ഷിയാകേണ്ടി വരുമെന്ന് ജീവിതത്തിൽ ഒരിക്കലും ചിന്തിച്ചതല്ല. അവരുടെ ചോദ്യത്തിന് ഉത്തരമില്ല. അവരുടെ രക്ഷക്കായി ശ്രമിക്കുക എന്നത് മാത്രമേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

 

സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ നികുതി കൂട്ടാൻ സമ്മതിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നികുതി പണം പിരിച്ചെടുക്കുകയാണ് വേണ്ടത്, സിപിഎമ്മിന്‍റെ പിആര്‍ വർക്ക് കൊണ്ട് വിശപ്പ് തീരില്ലെന്നും, സംസ്ഥാനം കടന്നു പോകുന്നത് രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണെന്നും വിഡി സതീശന്‍ പറഞ്ഞു. ഇനി നികുതി വർധിപ്പിച്ചാൽ ജനങ്ങൾക്ക് ജീവിക്കാൻ സാധിക്കില്ല. ധനകാര്യ വകുപ്പ് എല്ലാം വെട്ടി കുറക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

കേരളാ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുല്ലപ്പെരിയാര്‍ ഏകോപന സമിതി ചെയർമാൻ അഡ്വക്കേറ്റ് റസ്സൽ ജോയ്. മുല്ലപ്പെരിയാറിൻ്റെ സുരക്ഷയുമായി ബന്ധപ്പെട്ട കേസുകളിൽ കോടതിയിൽ തമിഴ് നാടിന്റെ വാദങ്ങൾ ജയിക്കാനാണ് കേരള സർക്കാർ ആഗ്രഹിക്കുന്നതെന്ന് അഡ്വ. റസ്സൽ ജോയ് കുറ്റപ്പെടുത്തി. വിഷയത്തിൽ ഇടത്-വലത് മുന്നണികൾ രാഷ്ട്രീയം കളിക്കുകയാണെന്നും, മുല്ലപെരിയാർ ഡാം ഡീകമ്മിഷൻ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുല്ലപ്പെരിയാർ ഏകോപന സമിതി ജനകീയ പ്രതിഷേധം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

മലപ്പുറത്തിന്റെ മലയോര പ്രദേശമായ കരുവാരകുണ്ട് മേഖലയിൽ ശക്തമായ മഴയെ തുടർന്ന് മലവെള്ളപ്പാച്ചിൽ. ഒലിപ്പുഴ, കല്ലൻ പുഴ തുടങ്ങിയ പുഴയിലും തോടുകളിലുമാണ് വലിയ മലവെള്ളപ്പാച്ചിലുണ്ടായത്. കേന്ദ്ര കാലാവസ്ഥാവകുപ്പ് മലപ്പുറത്തും, പാലക്കാടും ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

 

ആലപ്പുഴ വണ്ടേപുറം പാട ശേഖരത്തിന് സമീപം കുഴിച്ചുമൂടിയ നിലയിൽ നവജാത ശിശുവിനെ കണ്ടെത്തിയതായി ആലപ്പുഴ എസ് പി ചൈത്ര തെരേസ സ്ഥിരീകരിച്ചു. കൊല്ലനാടി പാട ശേഖരണം തെക്കേ ബണ്ടിൽ നിന്നാണ് മൃതശരീരം കണ്ടെത്തിയത്. കുട്ടിയുടെ അമ്മ നിരീക്ഷണത്തിലാണ്. സുഹൃത്തുക്കളായ രണ്ടു പേര് കസ്റ്റഡിയിലുണ്ടെന്നും പൊലീസ് സ്ഥിരീകരിച്ചു. കുട്ടിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയതിനുശേഷം മാത്രമേ കൊലപാതകമാണോ എന്ന് അറിയാൻ കഴിയുകയുള്ളൂ എന്നും പോലീസ് പറഞ്ഞു .

 

വിലങ്ങാട്  ഉരുൾപൊട്ടലിന് നൂറിൽ അധികം പ്രഭവ കേന്ദ്രങ്ങൾ എന്ന് കണ്ടെത്തൽ. ഡ്രോൺ പരിശോധനയിലാണ് വിലങ്ങാട് ഉണ്ടായ ഉരുൾപൊട്ടലിന്റെ വ്യാപ്തി വ്യക്തമായത്. ഉരുൾപ്പൊട്ടലുണ്ടായ മേഖലയിൽ ശാസ്ത്രീയ പരിശോധന നടത്തുന്നതിനായി വിദഗ്ധ സംഘം നാളെ സ്ഥലത്ത് എത്തും.മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ നടത്തിയ അവലോകന യോഗത്തിലാണ് ഉരുൾപൊട്ടലിന്റെ വ്യാപ്തി വ്യക്തമാക്കുന്ന റിപ്പോർട്ട് അവതരിപ്പിച്ചത്.

സംസ്ഥാനത്ത് ഈ മാസം14 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത. മണിക്കൂറിൽ 30-40 km വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലിന്റെ ഭാഗമായുള്ള ജാഗ്രതാ നിർദേശവും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.മധ്യകേരളത്തിലും തെക്കൻ കേരളത്തിലും വ്യാപക മഴയ്ക്ക് സാധ്യയെന്നും മുന്നറിയിപ്പുണ്ട്.

 

കണ്ണൂരിൽ റെയിൽവേ ജോലി വാഗ്ദാനംചെയ്ത് കോടികളുടെ തട്ടിപ്പ് നടന്നതോടെ പുതിയ പോസ്റ്ററുമായി റെയിൽവേ. റെയിൽവേ നിയമനങ്ങൾ യോഗ്യതയ്ക്കനുസരിച്ച് നിയമവിധേയമായി മാത്രമേ ലഭിക്കൂവെന്നാണ് പോസ്റ്റ്. റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡിന്റെ സൈറ്റ് ഓപ്പണായി വരുമ്പോൾ ആദ്യം തന്നെ കാണിക്കുന്നത് ഈ മുന്നറിയിപ്പ് പോസ്റ്ററാണ്. കഴിവിന്റെ അടിസ്ഥാനത്തിൽ മാത്രമേ റെയിൽവേയിൽ ജോലി ലഭിക്കുകയുള്ളുവെന്നും. സംശയങ്ങൾക്ക് ഹെൽപ്പ് ലൈൻ നമ്പറായ 182-ൽ വിളിക്കാനും നിർദേശിക്കുന്നു.

 

കോഴിക്കോട് താമരശ്ശേരിയിൽ വീട്ടിൽ കയറി ആക്രമണം. വീട്ടുടമ ഉൾപ്പെടെ നാല് പേർക്ക് പരിക്കേറ്റു. വാഹന വില്പനയുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് ആക്രമണമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താമരശ്ശേരി ചുങ്കം സ്വദേശി അഷ്റഫിന്റെ വീട്ടിലാണ് 20 ലധികം വരുന്ന സംഘമെത്തി ആക്രമണം നടത്തിയത്.

പത്തനംതിട്ട സീതത്തോട്ടിൽ കാട്ടുപന്നിയിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ നഴ്സിന് പരിക്ക്. ചിറ്റാർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ നഴ്സ് പ്രിയ പ്രസാദിനാണ് പരിക്കേറ്റത്. ഇന്ന് രാവിലെ സ്കൂട്ടറിൽ ജോലിക്ക് പോകുമ്പോഴാണ് ചിറ്റാറിൽ വച്ച് കാട്ടുപന്നി ഇടിച്ചു വീഴ്ത്തിയത്. പ്രിയയുടെ കൈക്കും കാലിനും ഗുരുതരമായ പരിക്കുണ്ട്.

 

കോഴിക്കോട് ജില്ലാ കോടതി സമുച്ചയത്തില്‍ വ്യവഹാരത്തിനെത്തുന്നവര്‍ക്ക് ശുചിമുറി ഉപയോഗിക്കണമെങ്കില്‍ പണം നല്‍കണമെന്ന് പരാതി. മണിക്കൂറുകള്‍ നീളുന്ന കോടതി നടപടിക്രമങ്ങള്‍ക്കിടെ അത്യാവശ്യമായി ആര്‍ക്കെങ്കിലും ശുചിമുറി ഉപയോഗിക്കേണ്ടി വന്നാല്‍ 5, 10 രൂപ നിരക്കിലാണ് ചാര്‍ജ്ജ് ഈടാക്കുന്നതെന്നും പരാതിക്കാർ പറയുന്നു.

 

സസ്യ ഗവേഷകര്‍  കടലോരമേഖലയിൽനിന്ന് പുതിയ സസ്യം കണ്ടെത്തി. ചീരയുടെ ഇനത്തിൽ പെട്ടതാണ് ഈ സസ്യം.   പാലക്കാട് ആൾമാനിയ ജനുസിലെ രണ്ടാമത്തെ സസ്യ ഇനം കണ്ടെത്തി രണ്ട് വർഷത്തിന് ശേഷമാണ് പുതിയ കണ്ടെത്തൽ. ‘അൾമാനിയ ജാനകീയ’ എന്ന് പേരിട്ട സസ്യത്തെ കുറിച്ചുള്ള പഠനം അന്താരാഷ്ട്ര ജേണലായ ’ഫൈറ്റോ ടാക്‌സ’യുടെ ജൂലൈ ലക്കത്തിൽ പ്രസിദ്ധീകരിച്ചു.ഇത് ഭക്ഷ്യയോഗ്യമാണോ എന്ന കാര്യത്തിൽ കൂടുതൽ ഗവേഷണം ആവശ്യമാണെന്നും ഇവര്‍ പറയുന്നു.

 

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി അര്‍ജുന് വേണ്ടിയടക്കമുളള തിരച്ചിൽ പുനരാരംഭിക്കുന്നതിൽ തീരുമാനം ചൊവ്വാഴ്ചയെന്ന് ജില്ലാ കളക്ടർ ലക്ഷ്മി പ്രിയ അറിയിച്ചു. നിലവിൽ വെള്ളത്തിന്റെ അടിയൊഴുക്ക് 5.4 നോട്ട് വേഗതയിലാണ്. ഈ വേഗതയിൽ ഡ്രഡ്ജിംഗോ, ഡൈവിംഗോ സാധ്യമാകില്ല. പുഴയിലെ ഒഴുക്കിന്റെ വേഗം 3.5 നോട്ട് എങ്കിലുമെത്തിയാൽ ഡ്രഡ്ജിംഗിന് ശ്രമിക്കുമെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി.

 

പാലക്കാട് ചിറ്റൂർ നല്ലേപ്പിള്ളിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് ഇരുപത് പേർക്ക് പരിക്കേറ്റു. കൊഴിഞ്ഞാമ്പാറയിൽ നിന്നും തൃശൂരിലേക്കും ചിറ്റൂരിൽ നിന്നും കൊഴിഞ്ഞാമ്പാറയിലേക്കും സഞ്ചരിച്ച സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ബസ് പൊളിച്ചാണ് ഡ്രൈവറെ ഉൾപ്പെടെ പുറത്തെടുത്തത്. പരുക്കേറ്റവരെ ചിറ്റൂർ താലൂക്ക് ആശുപത്രിയിലും പാലക്കാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

 

വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ പുലികളി വേണ്ടെന്നുവച്ച തീരുമാനം ഏകപക്ഷീയമെന്ന് സംഘാടക സമിതി ആരോപിച്ചു. കോർപ്പറേഷൻ നിലപാട് തിരുത്തണമെന്നും, സംസ്ഥാന സർക്കാരിന്‍റെ പ്രസ്താവന തൃശൂർ മേയർ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും സംഘാടക സമിതി.9 ടീമുകൾ പുലികളിക്ക് രജിസ്റ്റർ ചെയ്തു കഴിഞ്ഞു. ഓരോ ടീമും 4 ലക്ഷം രൂപ വീതം ചെലവഴിച്ചു. പുലികളി നടത്തിയില്ലെങ്കിൽ വലിയ സാമ്പത്തിക നഷ്ടം ഉണ്ടാകുമെന്നും, നാളെ ഇത് സംബന്ധിച്ച് ജില്ലാ കളക്ടർക്കും മേയർക്കും നിവേദനം നൽകുമെന്നും സംഘാടക സമിതി അറിയിച്ചു.

 

പുലികളി സംഘങ്ങൾക്ക് പിന്നാലെ കുമ്മാട്ടി സംഘങ്ങളും കോർപ്പറേഷൻ്റെ തീരുമാനത്തിനെതിരെ രംഗത്ത്. ഓണനാളിൽ കുമ്മാട്ടി നടത്തും എന്ന് സംഘങ്ങൾ അറിയിച്ചു. കോർപറേഷന്‍റെ തീരുമാനം ഏകപക്ഷീയമാണ്. കുമ്മാട്ടി ആചാരത്തിന്‍റെ ഭാഗമാണ്. കുമ്മാട്ടി സംഘങ്ങളെയോ പുലികളി സംഘങ്ങളെയോ വിളിച്ച് അഭിപ്രായം തേടിയല്ല തീരുമാനമെടുത്തതെന്നും അവർ വ്യക്തമാക്കി.

 

തൃശൂരിലെ തീരദേശ മേഖലയില്‍ വീണ്ടും അവയവ കച്ചവടക്കാര്‍ പിടിമുറുക്കുന്നതായി പരാതി. കൊടുങ്ങല്ലൂരിനടുത്ത് ശ്രീനാരായണപുരം പഞ്ചായത്തില്‍ ഒരു കൊല്ലത്തിനിടെ കിഡ്നി വാഗ്ദാനം ചെയ്തത് ഏഴുപേരാണെന്നും. പഞ്ചായത്ത് അനുമതിക്കായി കൂട്ടത്തോടെ ആളുകളെത്തിയതിനെത്തുടര്‍ന്നാണ് അവയവക്കച്ചവടമെന്ന സംശയം ഉയരുന്നതെന്നും പഞ്ചായത്ത് പ്രസിഡന്‍റ് വ്യക്തമാക്കി.

 

നെല്ല്‌ സംഭരണത്തിന്‌ സംസ്ഥാന സിവിൽ സപ്ലൈസ്‌ കോർപറേഷന്‌ 50 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. നെല്ല്‌ സംഭരണത്തിനുള്ള കേന്ദ്ര സർക്കാർ വിഹിതത്തിൽ 207 കോടി രുപ കുടിശിക നിലനിൽക്കുന്ന സാഹചര്യത്തിലാണ്‌ നിലവിലെ സീസണിലെ നെല്ലിന്റെ വില കർഷകർക്ക്‌ വിതരണം ചെയ്യുന്നുവെന്ന്‌ ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ തുക അനുവദിച്ചത്‌.

 

മുൻ തദ്ദേശഭരണ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു. 70 വയസായിരുന്നു. തിരൂരങ്ങാടി, താനൂർ എംഎൽഎ ആയിരുന്നു. നേരത്തെ, വാഹനാപകടത്തിൽ കഴുത്തിന് ഗുരുതരമായി പരിക്കേറ്റതോടെ സജീവ രാഷ്ട്രീയത്തിൽ നിന്ന് പിൻമാറുകയായിരുന്നു. എങ്കിലും പ്രാദേശിക തലത്തിൽ ഇടപെടലുകൾ നടത്തിയിരുന്നു. പ്രാദേശികമായി ഉയർന്നുവന്ന നേതാവായിരുന്നു കുട്ടി അഹമ്മദ് കുട്ടി.

 

തൃശ്ശൂരിൽ പന്തുകളിക്കിടെ പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു. സെന്റ് തോമസ് കോളേജ് ഒന്നാം വർഷ ബികോം വിദ്യാർത്ഥി മാധവ് ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് മണ്ണുത്തി പെൻഷൻമൂല ടർഫിൽ കൂട്ടുകാർക്കൊപ്പം പന്ത് കളിക്കുമ്പോഴായിരുന്നു പന്ത് അടിച്ചുകൊണ്ട് പരിക്കേറ്റത്. പരിക്കേറ്റ മാധവിനെ തൊട്ടടുത്ത ആശുപത്രിയിലേക്ക് കൊണ്ടുപോയി. ചികിത്സയിലിരിക്കേ രാത്രിയോടെയാണ് മരണം സംഭവിച്ചത്.

 

മലപ്പുറം തിരൂരിൽ അഞ്ച് വയസുകാരിയെ കുളത്തിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. ഇടിയാട്ട് പറമ്പിൽ പ്രഭിലാഷിന്റെ മകൾ ശിവാനിയാണ് മരിച്ചത്. വീടിന് സമീപത്തെ കുളത്തിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തിരൂർ ജില്ല ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് കുളത്തിൽ നിന്ന് മൃതദേഹം കണ്ടത്.

 

ജമ്മു കശ്മീരിലെ അനന്തനാഗിലും, കിഷ്ത്വറിലും സുരക്ഷസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. അനന്തനാഗിന് പിന്നാലെയാണ് ജമ്മുവിലെ കിഷ്ത്വറിൽ ഏറ്റുമുട്ടൽ തുടങ്ങിയത്. ഇവിടെ രണ്ട് ഭീകരരർ ഒളിച്ചിരിക്കുന്നു എന്നാണ് വിവരം. ഇവരെ കണ്ടെത്താൻ ഊർജ്ജിത നടപടി തുടരുകയാണ്. ഇവർ ഒളിച്ചിരിക്കുന്ന പ്രദേശം സേന പൂർണ്ണമായി വളഞ്ഞു. ഏറ്റുമുട്ടലിൽ ഹവീൽദാർ ദീപക് കുമാർ യാദവ്, ലാൻസ് നായിക് പ്രവീൺ ശർമ്മ എന്നിവർ വീരമൃത്യു വരിച്ചിരുന്നു. പരിക്കേറ്റ ഒരു നാട്ടുകാരൻ മരിച്ചു. രണ്ട് നാട്ടുകാരുടെ നില ഗുരുതരമായി തുടരുകയാണ്.

 

കർണാടകയിലെ കൊപ്പൽ ജില്ലയിലുള്ള തുംഗഭദ്ര ഡാമിന്റെ ഗേറ്റ് തകർന്നു. 19-ാമത് ഗേറ്റാണ് പൊട്ടി വീണത്. ഡാമിൽ നിന്ന് വൻ തോതിൽ വെള്ളം ഒഴുകുകയാണ്. രാത്രി 12 മണിയോടെ ആണ് ഗേറ്റ് പൊട്ടി വീണത്. 35000 ക്യുസക്സ് വെള്ളം ഒഴുകിപ്പോയി. ഭീഷണി ഒഴിവാക്കാനായി ഡാമിന്‍റെ 33 ഗേറ്റുകളും തുറന്നു വെള്ളം പുറത്ത് വിട്ടുകൊണ്ടിരിക്കുകയാണ്. കൊപ്പൽ, വിജയനഗര, ബെല്ലാരി, റായിച്ചൂർ ജില്ലകളിൽ അതീവ ജാഗ്രത നിർദേശം നല്‍കിയിട്ടുണ്ട്. മുല്ലപ്പെരിയാർ കഴിഞ്ഞാൽ രണ്ടാമത്തെ വലിയ സുർക്കി അണക്കെട്ടാണ് തുംഗഭദ്ര.

 

ഹിൻഡെൻബർഗ് റിസർച്ചിന്റെ പുതിയ വെളിപ്പെടുത്തലിൽ പ്രതിപക്ഷം അന്വേഷണം ആവശ്യപ്പെട്ടു. അദാനിഗ്രൂപ്പുമായി ബന്ധപ്പെട്ട കമ്പനികളുടെ ഓഹരിക്രമക്കേടിൽ സെബി ചെയർപേഴ്സൺ മാധബി പുരി ബുച്ചിനുനേരേ ഉയർന്ന ഗുരുതര ആരോപണത്തിൽ പാർലമെന്റ് സംയുക്ത സമിതി അന്വേഷിക്കണമെന്നാണ് ഇന്ത്യ സഖ്യത്തിന്റെ ആവശ്യം.

 

അദാനി കുംഭകോണവുമായി ബന്ധപ്പെട്ട റിപ്പോർട്ടിന്മേലുള്ള അന്വേഷണത്തിൽ തുടരുന്ന വിചിത്രമായ വിമുഖത സുപ്രീം കോടതിയുടെ വിദഗ്ധസമിതിയുടെ ഭാഗത്ത് നിന്ന് മാത്രമല്ലെന്നും ഇത് വളരെക്കാലമായി ശ്രദ്ധിക്കപ്പെടുന്നുണ്ടെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് വ്യക്തമാക്കി. സെബി നടത്തുന്ന അന്വേഷണത്തിലെ എല്ലാ വൈരുധ്യങ്ങളും ഇല്ലാതാക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്നും അഴിമതിയാരോപണത്തിന്റെ യാഥാർത്ഥ്യം പുറത്തുകൊണ്ടുവരാൻ പാർലമെന്റ് സംയുക്ത സമിതി രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

ഹിൻഡൻബർഗിൻ്റെ ആരോപണത്തിനെതിരെ പ്രതികരണവുമായി അദാനി ഗ്രൂപ്പ്. ഹിൻഡൻബർഗ് ആരോപണം അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമാണെന്ന് അദാനി ഗ്രൂപ്പ് പ്രതികരിച്ചു. ഇന്ത്യൻ നിയമങ്ങൾ ലംഘിച്ച ഹിൻഡൻബർഗ് രക്ഷപ്പെടാൻ നടത്തുന്ന നീക്കമാണിതെന്നും അദാനി ഗ്രൂപ്പ് പറയുന്നു. തെളിയിക്കാനാകാത്ത ആരോപണങ്ങൾ ഹിൻഡൻബർഗ് വിണ്ടും ഉന്നയിക്കുകയാണെന്നും മാധബി ബുച്ചമായി ബിസിനസ് ബന്ധമില്ലെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കി.

 

ഹീൻഡൻബർഗ് റിപ്പോർട്ടിൽ അദാനിക്കെതിരെയടക്കം ജോയിന്‍റ് പാർലമെന്‍ററി സമിതി  അന്വേഷണം എന്ന ആവശ്യം ശക്തമാക്കുകയാണ് കോൺഗ്രസും പ്രതിപക്ഷവും. സെബിയെ അറിയിച്ച സുതാര്യ നിക്ഷേപങ്ങളേ തനിക്കുള്ളു എന്നും ഹിൻഡൻബർഗ് വ്യക്തിഹത്യ നടത്തുന്നു എന്ന് പറ‌ഞ്ഞുകൊണ്ട് റിപ്പോർട്ട് തള്ളിക്കളഞ്ഞ് മാധബി ബുച്ചും രംഗത്തെത്തിയിട്ടുണ്ട്.എന്നാൽ വിദേശത്തെ ദുരൂഹ കമ്പനികളിൽ എന്തിന് നിക്ഷേപം നടത്തിയെന്ന് മാധബി വിശദീകരിച്ചില്ല.

 

പറന്നുയര്‍ന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്‍റെ വാതില്‍ തുറക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ മലയാളി യുവാവിനെതിരെ കേസ്. കാസര്‍കോട് ബോവിക്കാനം സ്വദേശി ടി സുധീഷിനെതിരെ എയര്‍പോര്‍ട്ട് പൊലീസാണ് കേസെടുത്തത്. ദമ്മാമില്‍ നിന്ന് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പറന്ന വിമാനത്തില്‍ വെള്ളിയാഴ്ചയാണ് സംഭവം ഉണ്ടായത്.

 

പശ്ചിമ ബംഗാളിൽ മെഡിക്കൽ കോളേജിൽ പിജി ഡോക്ടറെ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയതിൽ രാജ്യവ്യാപക പ്രതിഷേധം. അന്വേഷണം കേന്ദ്ര ഏജൻസികൾക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ഡോക്ടർമാരുടെ സംഘടനകൾ കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നദ്ദയെ കാണും. നാളെ രാജ്യവ്യാപകമായി സമരം ചെയ്യുമെന്ന് ഫെഡറേഷൻ ഓഫ് റെസിഡന്‍റ് ഡോക്ടേഴ്സ് അസോസിയേഷൻ അറിയിച്ചു.

 

മൃതദേഹങ്ങളുടെ ഘോഷയാത്ര കാണാതിരിക്കാനാണ് താൻ രാജി വെച്ചതെന്ന് ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. സെൻ്റ് മാർട്ടിൻ ദ്വീപിൻ്റെ പരമാധികാരം യുഎസിന് നൽകിയിരുന്നെങ്കിൽ തനിക്ക് അധികാരത്തിൽ തുടരാമായിരുന്നു. ബംഗാൾ ഉൾക്കടലിലും സ്വാധീനമുറപ്പിക്കാൻ അനുവദിച്ചില്ല. രാജിക്ക് മുൻപ് രാജ്യത്തെ അഭിസംബോധന ചെയ്യാൻ തയ്യാറാക്കിയ പ്രസംഗത്തിലായിരുന്നു ഷെയ്ഖ് ഹസീന ഇക്കാര്യങ്ങൾ വിശദമാക്കിയത്.

 

കർണാടകയിലെ കൊപ്പാൽ ജില്ലയിൽ കുട്ടികൾക്ക് ഭക്ഷണത്തിനൊപ്പം നൽകിയ മുട്ട അടിച്ച് മാറ്റിയ അംഗനവാടി ജീവനക്കാർക്കെതിരെ നടപടി. അംഗനവാടിയിലെത്തിയ കുട്ടികൾക്ക് പാത്രത്തിൽ ഭക്ഷണത്തിനൊപ്പം മുട്ട നൽകിയ ശേഷം ജീവനക്കാർ ഇത് തിരികെയെടുക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് നടപടി.

തീവ്ര വലതുപക്ഷത്തിന്‍റെ നേതൃത്വത്തിൽ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭം നിലനിൽക്കുന്ന ബ്രിട്ടനിൽ എതിർ പ്രക്ഷോഭങ്ങളും ശക്തമാകുന്നു. വംശീയതയ്ക്ക് എതിരായ മുദ്രാവാക്യവുമായി നിരവധി പേർ ലിവർപൂളിൽ അണിനിരന്നു. അഭയാർത്ഥികളെ സ്വാഗതം ചെയ്യുന്ന പോസ്റ്റർ ഉയ‍ർത്തിപ്പിടിച്ച ഇവർ, കുടിയേറ്റങ്ങളിൽ തുറന്ന സമീപനം വേണമെന്ന് ആവശ്യപ്പെട്ടു. ലണ്ടൻ, എഡിൻബർഗ്, കാർഡിഫ് തുടങ്ങിയ പട്ടണങ്ങളിലും നഗരങ്ങളിലും കുടിയേറ്റ വിരുദ്ധതയ്ക്കെതിരെ വൻ ജനക്കൂട്ടം തടിച്ചുകൂടിയെന്നാണ് റിപ്പോർട്ട്.

 

മൊബൈൽ ഫോണും വാട്സാപ്പും ഹാക്ക് ചെയ്യപ്പെട്ടതായി എൻസിപി എംപിയും ശരദ് പവാറിന്റെ മകളുമായ സുപ്രിയ സുലേ. ദയവായി എന്നെ വിളിക്കുകയോ മെസേജ് ചെയ്യുകയോ അരുതെന്നും ഫോൺ ഹാക്ക് ചെയ്യപ്പെട്ടിരിക്കുകയാണ്. വിവരം പൊലീസിൽ അറിയിച്ചതായും സുപ്രിയ സുലേ സമൂഹ മാധ്യമമായ എക്സിൽ കുറിച്ചു. ആരാണ് ഫോൺ ഹാക്ക് ചെയ്തതെന്നതിൽ വിശദമായ അന്വേഷണം വേണമെന്നും സുപ്രിയ സുലെ ആവശ്യപ്പെട്ടു.

 

പ്രമുഖ അമേരിക്കന്‍ ബഹുരാഷ്‌ട്ര നെറ്റ്‌വര്‍ക്കിംഗ്-ഇന്‍റര്‍നെറ്റ് ഉപകരണ നിര്‍മാതാക്കളായ സിസ്‌കോ കൂടുതല്‍ തൊഴിലാളികളെ പിരിച്ചുവിടുമെന്ന് റിപ്പോര്‍ട്ട്. സിസ്‌കോ സിസ്റ്റംസില്‍ ഈ വര്‍ഷം നടക്കുന്ന രണ്ടാമത്തെ പിരിച്ചുവിടലാണിത്. സാങ്കേതികരംഗത്ത് സമീപകാലത്ത് കൂടുതല്‍ വളര്‍ച്ചയുള്ള സൈബര്‍‌സെക്യൂരിറ്റി, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് തുടങ്ങിയ മേഖലകളില്‍ ശ്രദ്ധപതിപ്പിക്കുന്നതിന് വേണ്ടിയാണ് ഈ തീരുമാനമെന്നാണ് സൂചന.

 

ലോകമെമ്പാടും ചെലവ് കുറഞ്ഞ ഇന്‍റര്‍നെറ്റ് ലഭ്യമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി അടുത്ത കൂട്ടം കൃത്രിമോപഗ്രഹങ്ങള്‍ വിക്ഷേപിച്ച് സ്വകാര്യ കമ്പനിയായ സ്പേസ് എക്‌സ്. 21 സ്റ്റാര്‍ലിങ്ക് കൃത്രിമ ഉപഗ്രഹങ്ങളാണ് സ്പേസ് എക്‌സ് ബഹിരാകാശത്തേക്ക് കഴിഞ്ഞ ദിവസം ഒന്നിച്ച് അയച്ചത്. മോശം കാലാവസ്ഥ മൂലം ഒരു ദിവസം വൈകിയാണ് കൃത്രിമ ഉപഗ്രഹങ്ങളുടെ വിക്ഷേപണം നടന്നത്. വിക്ഷേപണത്തിന്‍റെ ആദ്യഘട്ടം പൂര്‍ത്തിയാക്കി ഏകദേശം എട്ട് മിനുറ്റുകള്‍ക്കുള്ളില്‍ ഫാള്‍ക്കണ്‍ റോക്കറ്റിന്‍റെ ഒരു ഭാഗം അറ്റ്‌ലാന്‍റിക് സമുദ്രത്തിലെ പ്രത്യേക തറയില്‍ വിജയകരമായി ലാന്‍ഡ് ചെയ്തു എന്നും സ്പേസ് എക്‌സ് അറിയിച്ചു.

 

പാരിസ് ഒളിംപിക്സിന് ഇന്ന് കൊടിയിറങ്ങും. സെന്‍ നദിക്കരയില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ നിന്ന് വ്യത്യസ്തമായി സ്റ്റേഡിയത്തിലേക്ക് തിരിച്ചെത്തുന്ന സമാപന ചടങ്ങുകൾ എണ്‍പതിനായിരം പേർക്കൊരുമിച്ച് കാണാൻ സാധിക്കും. ഉദ്ഘാടന ചടങ്ങിലൂടെ ലോകത്തെ വിസ്മയിപ്പിച്ച തോമസ് ജോളിതന്നെയാണ് സമാപനത്തിനും ദൃശ്യാവിഷ്‌കാരമൊരുക്കുന്നത്. ഹോളിവുഡ് താരം ടോം ക്രൂസും ബെൽജിയൻ ഗായിക ആഞ്ജലെയുമെല്ലാം ആഘോഷ രാവിനായി എത്തിച്ചേരും. താരങ്ങളുടെ പരേഡിനുശേഷം ഒളിംപിക് പതാക അടുത്ത വിശ്വകായിക മാമാങ്ക വേദിയായ ലൊസാഞ്ചൽസിന് കൈമാറും. ഇന്ത്യൻ സംഘത്തിന്‍റെ പതാക വാഹകരായി മലയാളി താരം പി ആർ ശ്രീജേഷും മനു ഭാക്കറും മുന്നില്‍ നിന്ന് നയിക്കും.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *