mid day hd 1

വയനാട്ടിൽ നിന്നും ആശ്വാസ വാർത്ത. രക്ഷാപ്രവർത്തനത്തിന്റെ നാലാം ദിവസം സൈന്യത്തിന്റെ തിരച്ചിലിൽ നാല് പേരെ ജീവനോടെ രക്ഷപ്പെടുത്തി. കാഞ്ഞിരക്കത്തോട്ട് കുടുംബത്തിലെ ജോണി, ജോമോൾ, എബ്രഹാം, ക്രിസ്റ്റി എന്നിവരെയാണ് പടവെട്ടിക്കുന്ന് എന്ന സ്ഥലത്തെ തകർന്ന വീട്ടിൽ കണ്ടെത്തിയത്. ഉരുൾപ്പൊട്ടലിൽ പകുതി തകർന്ന് പോയ വീട്ടിൽ നാല് ദിവസമായി പുറത്തിറങ്ങാനാകാതെ കുടുങ്ങിക്കിടക്കുകയായിരുന്നു കുടുംബം.

 

 

ചൂരൽമലയിലെ സൂചിപ്പാറ വെള്ളച്ചാട്ടത്തിന് അടിവാരത്തിൽ വനത്തിനുള്ളിൽ കുടുങ്ങിയ ഒരു കുടുംബത്തിലെ മൂന്ന് കുട്ടികളെയടക്കം ജീവിതത്തിലേക്ക് തിരികെയെത്തിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ. എട്ട് മണിക്കൂർ നീണ്ട ദൗത്യത്തിന് ഒടുവിലാണ് ഇവരെ രക്ഷിച്ചത്. ഏറാട്ട്കുണ്ട് കോളനിയിലെ കൃഷ്ണനും മക്കളുമാണ് കോളിനിയിൽ രണ്ട് ദിവസമായി കുടുങ്ങിയത്. രണ്ട് ദിവസം കനത്ത മഴയിൽ മൺതിട്ടയിൽ താമസിച്ചിരുന്ന കുടുംബം ഭക്ഷണം ഇല്ലാതായതോടെ കാട്ടിലേക്കിറങ്ങുകയായിരുന്നു.

 

 

 

 

വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണസംഖ്യ 300 കടന്നു. 206 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് വിവരം. 1700 പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയാണ്. ഇന്ന് ദുരന്ത മേഖലയിൽ ആറ് സോണുകളായി തിരിച്ചാണ് പരിശോധന. ബെയ്‍ലി പാലത്തിലൂടെ യന്ത്രങ്ങളും ആംബുലൻസുകളും എത്തിച്ചു. ചാലിയാർ

പുഴയുടെ 40 കിലോമീറ്റർ പരിധിയിലും തിരച്ചിൽ നടക്കുകയാണ്

 

 

മുണ്ടക്കൈ ഉരുൾപൊട്ടലിൽ 49 കുട്ടികളെ കാണാതാവുകയോ മരിക്കുകയോ ചെയ്തെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പ്രദേശത്തെ രണ്ട് സ്കൂളുകൾ തകർന്നിട്ടുണ്ടെന്നും, പഠനത്തിനുള്ള ബദൽ ക്രമീകരണങ്ങൾ മന്ത്രിതല ഉപസമിതിയുമായി ചർച്ച ചെയ്ത ശേഷമായിരിക്കുമെന്നും മന്ത്രി അറിയിച്ചു.

 

 

 

കൊച്ചുമകളുടെ വിവാഹം നടക്കാതെ പോയതടക്കമുള്ള പരാതികളാണ് മേപ്പാടിയിലെ ദുരിതാശ്വാസ ക്യാംപിലെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയോട് അമ്മമാർ വിശദമാക്കിയത്. വിഷമിക്കരുതെന്നും വീട് വച്ചുനൽകുമെന്നും കൊച്ചുമകളുടെ വിവാഹം നടത്താനുള്ള സഹായം നൽകുമെന്ന ഉറപ്പും നൽകിയാണ് രാഹുൽ ക്യാപിൽ നിന്ന് മടങ്ങിയത്. രാഹുൽ ഗാന്ധി നൽകിയ ഉറപ്പ് ഏറ്റെടുത്ത് നടത്തുമെന്ന് രാഹുൽ ഗാന്ധിക്കൊപ്പമുണ്ടായിരുന്ന വിഡി സതീശനും ടി സിദ്ദിഖും വ്യക്തമാക്കി.

 

 

 

വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ അകപ്പെട്ട കുടുംബങ്ങളിലെ കുട്ടികളുടെ തുടർ വിദ്യാഭ്യാസം പൂർണമായും ഏറ്റെടുക്കാൻ സന്നദ്ധത വ്യക്തമാക്കി ഡബ്ല്യുഎംഒ. വിദ്യാർത്ഥികൾക്ക് കുടുംബത്തോടൊപ്പമോ ഡബ്ല്യുഎംഒ സ്ഥാപനങ്ങളിലോ താമസിച്ച് ജില്ലയിലോ ജില്ലയ്ക്ക് പുറത്തോ തുടർപഠനം നടത്താനുള്ള അവസരമാണ് ഡബ്ല്യുഎംഒ മുന്നോട്ട് വയ്ക്കുന്നത്. ഡബ്ല്യുഎംഒ എക്സിക്യുട്ടീവ് യോഗത്തിലാണ് തീരുമാനം.

 

 

 

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ വയനാട് സന്ദ‌ർശനത്തെ വിമർശിച്ച് ബിജെപി. രാഹുൽ വയനാട് യാത്രയും ഫോട്ടോ എടുക്കാനുള്ള അവസരമാക്കിയെന്ന് അമിത് മാളവ്യ പറഞ്ഞു. മുതല കണ്ണീർ ഒഴുക്കിയതുകൊണ്ട് ദുരിതബാധിതർക്ക് സഹായമാകില്ല, ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം മാധവ് ​ഗാഡ്​ഗിൽ റിപ്പോർട്ട് കുഴിച്ച് മൂടിയത് യുപിഎ സർക്കാറാണ്. മേപ്പാടിയിലെ അടക്കം പ്രകൃതിക്കെതിരായ പ്രവർത്തനങ്ങൾ പാർലമെന്റിൽ ഉന്നയിക്കുന്നതിൽ രാഹുൽ ഗാന്ധി പരാജയപ്പെട്ടുവെന്നും അമിത് മാളവ്യ ആരോപി്ച്ചു.

 

 

 

 

 

 

വയനാട്ടിൽ ഉരുൾപൊട്ടിയ സ്ഥലത്ത് നിന്ന് ഇന്ന് രാവിലെ നടത്തിയ തിരച്ചിലിൽ നാല് മൃതദേഹങ്ങളും മൂന്ന് ശരീരഭാഗങ്ങളും കണ്ടെത്തി. മേപ്പാടി ആശുപത്രിയിലാണ് ഇവ സൂക്ഷിച്ചിരിക്കുന്നത്. നിലമ്പൂർ ആശുപത്രിയിൽ 2 മൃതദേഹങ്ങളുണ്ട്. 105 മൃതദേഹങ്ങള്‍ ഇതുവരെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. 279 മൃതദേഹങ്ങളും ശരീര ഭാഗങ്ങളും പോസ്റ്റ്മോര്‍ട്ടം ചെയ്തു. 206 പേരെ ഇപ്പോഴും കാണാനില്ലെന്നാണ് ഒദ്യോഗിക കണക്ക്. കാണാതായവരുടെ മൊബൈല്‍ ലൊക്കേഷന്‍ നോക്കി പരിശോധന നടത്താനാണ് തീരുമാനം.

 

 

 

 

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വിഭാഗത്തിൻ്റെ മുന്നറിയിപ്പ്. കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെ ന്യുന മർദ്ദ പാത്തി സ്ഥിതി ചെയ്യുന്നുവെന്നും. പശ്ചിമ ബംഗാളിനും ജാർഖണ്ഡിനും മുകളിലായി ന്യുന മർദ്ദവും രൂപപ്പെട്ടിട്ടുണ്ടെന്നും ഇതിന്റെ ഫലമായാണ് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

 

 

 

 

സ്കൂൾ സമയമാറ്റം നിലവിലെ അജണ്ടയിൽ ഇല്ലെന്ന് വിദ്യാഭ്യാസ മന്ത്രിവി ശിവൻകുട്ടി. ഗുണമേന്മയുള്ള വിദ്യാഭ്യാസം സംബന്ധിച്ച ശുപാർശകൾക്കായി നിയോഗിച്ച കമ്മിറ്റിയാണ് ഖാദർ കമ്മിറ്റി. രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയായി സ്കൂള്‍ സമയം ക്രമീകരിക്കണമെന്നാണ് ഖാദർ കമ്മിറ്റി ശുപാർശ. പ്രാദേശിക ആവശ്യങ്ങൾ പരിഗണിച്ച് സമയം ക്രമീകരിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു. അതോടൊപ്പം ശനിയാഴ്ചകളിലെ പ്രവൃത്തി ദിവസം സംബന്ധിച്ച് ചർച്ച ചെയ്ത് പുതിയ കലണ്ടർ തയ്യാറാക്കണമെന്നാണ് ഹൈക്കോടതിയുടെ നിർദ്ദേശമെന്ന് മന്ത്രി പറഞ്ഞു. ശനിയാഴ്ച പ്രവൃത്തി ദിനം സംബന്ധിച്ച് രണ്ട് സിംഗിൾ ബഞ്ചുകൾ വ്യത്യസ്ത അഭിപ്രായം പറഞ്ഞതാണ് അത്ഭുതപ്പെടുത്തുന്നത്. അപ്പീൽ പോകാൻ നിലവിൽ തീരുമാനമില്ലെന്നും മന്ത്രി വ്യക്തമാക്കി.

 

 

 

കോഴിക്കോട് കക്കയം ഡാം സൈറ്റിലെ റോഡിരികിലെ പാറക്കൂട്ടം ഇടിഞ്ഞ് വീണു. വനംവകുപ്പിന്‍റെ ഇക്കോ ടൂറിസം ടിക്കറ്റ് കൗണ്ടറിനും ഒന്നാം വളവിനും ഇടയിലാണ് സംഭവം. വിനോദ സഞ്ചാരികളും കെഎസ്ഇബി, ഡാം സേഫ്റ്റി, ഹൈഡല്‍ ഇക്കോ ടൂറിസം ജീവനക്കാരും യാത്രക്ക് ആശ്രയിക്കുന്ന ഏക റോഡാണിത്.

 

 

 

കെഎസ്ആര്‍ടിസിയ്ക്ക് 30 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ജീവനക്കാരുടെ ശമ്പളവും പെന്‍ഷനുമടക്കം മുടക്കം കൂടാതെയുള്ള വിതരണം ഉറപ്പാക്കാന്‍ കൂടിയാണ് സ‍ര്‍ക്കാര്‍ സഹായം ലഭ്യമാക്കുന്നത്. ഇപ്പോള്‍ പ്രതിമാസം 50 കോടി രൂപയെങ്കിലും കോര്‍പ്പറേഷന് സര്‍ക്കാര്‍ സഹായമായി നല്‍കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

 

 

 

നടൻ ഹരിശ്രീ അശോകന്‍റെ വീടിന്‍റെ നിർമ്മാണത്തിൽ വരുത്തിയ ഗുരുതരമായ പിഴവിന് 17, 83, 641 രൂപ നഷ്ടപരിഹാരമായി നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്‌തൃ തർക്ക പരിഹാര കോടതി. ഇൻവോയ്‌സും വാറന്‍റി രേഖകളും ടെസ്റ്റ് റിപ്പോർട്ടും നൽകാതെ ഉപഭോക്താവിനെ കബളിപ്പിക്കുകയും ഉപഭോക്തൃ സംരക്ഷണ നിയമം അനുശാസിക്കുന്ന അറിയാനുള്ള അടിസ്ഥാന അവകാശം ലംഘിക്കുകയും ചെയ്ത എതിർ കക്ഷികളുടെ പ്രവൃത്തി അധാർമ്മിക വ്യാപാര രീതിയുടെയും സേവനത്തിലെ ന്യൂനതയുടെയും നേർചിത്രമാണെന്ന് കോടതി വിലയിരുത്തി.

 

 

 

കാക്കനാട് ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടില്‍ പുതിയ മോട്ടോര്‍വാഹന ചട്ടമനുസരിച്ചുള്ള മോട്ടോര്‍ സൈക്കിള്‍ വിത്ത് ഗിയര്‍ വിഭാഗത്തിലെ ലൈസന്‍സ് ടെസ്റ്റിൽ ആദ്യദിനം 48 പേരില്‍ ആകെ പാസായത് 18 പേർ മാത്രം. ബാക്കി 30 പേരും പരാജയപ്പെട്ടു. ടൂവിലര്‍ ലൈസന്‍സ് എടുക്കാന്‍ കാല്‍പാദം ഉപയോഗിച്ച് പ്രവര്‍ത്തിക്കാവുന്ന ഗിയര്‍ സംവിധാനമുള്ള ഇരുചക്ര വാഹനമാണ് വ്യാഴാഴ്ച മുതല്‍ എറണാകുളം ആര്‍.ടി.ഓഫീസിന് കീഴിലുള്ള ഈ ടെസ്റ്റ് ഗ്രൗണ്ടില്‍ ഉപയോഗിച്ചത്.

 

 

 

തൃശ്ശൂർ വലപ്പാട് ഹോട്ടലിൽ പാചകം ചെയ്യുന്നതിനിടെ പ്രെഷർ കുക്കർ പൊട്ടിത്തെറിച്ച് രണ്ട് സ്ത്രീകൾക്ക് പരിക്കേറ്റു. വലപ്പാട് ഗ്രാമ പഞ്ചായത്തിന് കീഴിൽ വലപ്പാട് ചന്തപ്പടിയിൽ പ്രവർത്തിക്കുന്ന ജനകീയ ഹോട്ടലിലാണ് അപകടമുണ്ടായത്. പാചകം ചെയ്യുന്നതിനിടെയാണ് പ്രെഷർ കുക്കർ പൊട്ടിത്തെറിക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

 

 

കബനി ദളത്തിലെ അവശേഷിക്കുന്ന കണ്ണിയും മാവോവാദി നേതാവുമായ സി.പി. മൊയ്തീൻ തീവ്രവാദവിരുദ്ധസേനയുടെ പിടിയിൽ. ആലപ്പുഴ കെ.എസ്.ആർ.സി ബസ് സ്റ്റാന്‍ഡില്‍നിന്നാണ് ഇയാളെ അറസ്റ്റുചെയ്തത്. ഇയാൾ കഴിഞ്ഞദിവസം അങ്കമാലിയിലെത്തിയതായും തുടർന്ന്, മറ്റൊരിടത്തേക്ക് മാറിയതായും വിവരം ലഭിച്ചിരുന്നു. തുടർന്ന് ആലപ്പുഴയിലും എറണാകുളത്തുമടക്കം തിരച്ചില്‍ വ്യാപിപ്പിച്ചിരുന്നു.

 

 

ആൾതാമസം ഉള്ള വീടുകളിൽ മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് പൊലീസ് പിടിയിൽ. മാള കുന്നിശ്ശേരി കൊടിയൻ വീട്ടിൽ ജോമോൻ ദേവസിയെയാണ് നെടുമ്പാശ്ശേരി പൊലീസ് പിടികൂടിയത്. അകപ്പറമ്പ് ഭാഗത്തെ ജിപ്പൂ വർക്കി എന്നയാളുടെ വീട്ടിൽനിന്നും ഒരുലക്ഷത്തിലേറെ രൂപയാണ് ഇയാൾ മോഷ്ടിച്ചത്.

 

 

 

കവിയും പരിഭാഷകനും അധ്യാപകനുമായിരുന്ന പ്രഫസര്‍ സി.ജി.രാജഗോപാല്‍ അന്തരിച്ചു. 93 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യആശുപത്രിയിലായിരുന്നു അന്ത്യം . തുളസീദാസിന്‍റെ ശ്രീരാമചരിത മാനസം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തതിലൂടെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ കോളജുകളില്‍ സേവനമനുഷ്ഠിച്ചിരുന്നു. സംസ്ക്കാരം ഇന്ന് വൈകിട്ട് അഞ്ചിന് ശാന്തികവാടത്തില്‍ നടക്കും.

 

 

 

തൃശൂര്‍ മാപ്രാണത്ത് പാടശേഖരത്തിലെ വെള്ളക്കെട്ടില്‍ വീണ് യുവാവ് മരിച്ചു. ഇരിങ്ങാലക്കുട നഗരസഭ 6-ാം വാര്‍ഡ് മാപ്രാണം പീച്ചാംപ്പിള്ളികോണം ചര്‍ച്ച് റോഡ് സ്വദേശി അമയംപറമ്പില്‍ രമേഷാണ് മരിച്ചത്. മൃതദേഹം ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലേയ്ക്ക് മാറ്റി.

 

 

 

വീടിന്റെ ഗേറ്റ് മറിഞ്ഞ് ദേഹത്തേക്ക് വീണ് മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം. പുണെ പിംപ്രി ചിഞ്ച് വാഡിലാണ് അപകടമുണ്ടായത്. കുട്ടി സൈക്കിൾ വീടിന്റെ മുറ്റത്തേക്ക് കയറ്റിവെച്ച ശേഷം ഗെയിറ്റ് അടയ്ക്കുകയായിരുന്നു. ഗേറ്റ് പെട്ടന്ന് റോഡിലേക്ക് മറിഞ്ഞു. ഈ സമയത്ത് റോഡിലൂടെ വരികയായിരുന്നു മൂന്ന് വയസുകാരിയുടെ മുകളിലേക്കാണ് ഗേറ്റ് മറിഞ്ഞ് വീണത്. കുട്ടി തൽക്ഷണം മരിച്ചു.

 

 

എഐസിസി സംഘടനാ ജനറൽ സെക്രട്ടറിയും ആലപ്പുഴ എംപിയുമായ കെസി വേണുഗോപാലിനെ പാർലമെൻ്റ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ അധ്യക്ഷനാക്കിയേക്കും. ഇത് സംബന്ധിച്ച് കോൺഗ്രസ് നൽകിയ ശുപാർശ സ്പീക്കർ അംഗീകരിച്ചു. ടിആർ ബാലു, ധർമ്മേന്ദ്ര യാദവ്, സൗഗത റോയ് തുടങ്ങിയ പ്രതിപക്ഷ അംഗങ്ങളും സമിതിയിൽ ഉണ്ടാകും.

 

 

പാർലമെൻ്റിലെ തൻ്റെ പ്രസംഗത്തിൽ കുപിതരായ കേന്ദ്ര സർക്കാർ തനിക്കെതിരെ ഇഡിയെ അയച്ച് റെയ്‌ഡ് നടത്താൻ തീരുമാനിച്ചതായി ഏജൻസിക്ക് അകത്ത് നിന്ന് വിവരം ലഭിച്ചെന്ന് രാഹുൽ ഗാന്ധി. ഇഡിയെ കാത്തിരിക്കുകയാണെന്നും ചായയും ബിസ്ക്കറ്റും തരാമെന്നും സമൂഹ മാധ്യമത്തിൽ അദ്ദേഹം പോസ്റ്റ് ചെയ്തു. പാർലമെൻറിലെ തൻറെ ചക്രവ്യൂഹം പ്രസംഗത്തിൽ പ്രകോപിതരായ രണ്ടിൽ ഒരാളാണ് അന്വേഷണ ഏജൻസികളോട് റെയ്‌ഡ് നടത്താൻ ആവശ്യപ്പെട്ടതെന്നാണ് രാഹുൽ ഗാന്ധിയുടെ ആരോപണം.

 

 

 

 

 

നീറ്റ് പരീക്ഷ നടത്തിപ്പില്‍ വീഴ്ചകള്‍ ആവര്‍‌ത്തിക്കരുതെന്ന് കേന്ദ്രത്തിനും ദേശിയ പരീക്ഷ ഏജന്‍സിക്കും സുപ്രീം കോടതിയുടെ മുന്നറിയിപ്പ്. പാളിച്ചകള്‍ ഒഴിവാക്കണമെന്ന് നിർദ്ദേശിച്ച കോടതി സർക്കാർ നിയോഗിച്ച സമിതിയുടെ പരിഗണനാ വിഷയങ്ങളും നിശ്ചയിച്ചു. നീറ്റ് പരീക്ഷയടക്കം കേന്ദ്രീകൃത ദേശീയ പരീക്ഷകളെ സംബന്ധിച്ച് ഉയരുന്ന പരാതികൾ പരിഹരിക്കാന്‍ ഈ വർഷം തന്നെ തിരുത്തല്‍ നടപടികളെടുക്കണമെന്ന് കോടതി നിർദ്ദേശിച്ചു.

 

 

 

2023-ൽ 2,16,000 ഇന്ത്യക്കാർ പൗരത്വം ഉപേക്ഷിച്ചതായി സർക്കാർ രാജ്യസഭയിൽ അറിയിച്ചു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പൗരത്വം ഉപേക്ഷിച്ച ഇന്ത്യൻ പൗരന്മാരുടെ എണ്ണം സംബന്ധിച്ച് രേഖാമൂലമുള്ള മറുപടിയിലാണ് വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ് ഇക്കാര്യം പറഞ്ഞത്. എഎപി അംഗം രാഘവ് ഛദ്ദയാണ് ചോദ്യം ചോദിച്ചത്. പൗരത്വമുപേക്ഷിക്കുന്നതിലൂടെ രാജ്യത്ത് നിന്നുള്ള സാമ്പത്തികവും ബൗദ്ധികവുമായ ഒഴുക്കിനെ സംബന്ധിച്ച് എന്തെങ്കിലും വിലയിരുത്തൽ നടന്നിട്ടുണ്ടോയെന്നും രാഘവ് ഛദ്ദ ചോദിച്ചു. എന്നാൽ പൗരത്വം ഉപേക്ഷിക്കുന്നതും നേടുന്നതും വ്യക്തിപരമായ കാര്യമാണെന്ന് മന്ത്രി പ്രതികരിച്ചു.

 

 

 

ജൂലൈ 30ന് മൈക്രോസോഫ്റ്റിന്‍റെ ക്ലൗഡ് കമ്പ്യൂട്ടിങ്ങ് സേവനമായ അസ്യൂർ ഉള്‍പ്പടെ പ്രവർത്തനരഹിതമായതായി റിപ്പോർട്ട്. ഡിസ്‌ട്രിബ്യൂട്ടഡ് ഡിനയില്‍-ഓഫ്-സര്‍വീസ്-അറ്റാക്ക് വിഭാഗത്തിലുള്ള സൈബര്‍ ആക്രമണത്തെ തുടര്‍ന്നാണ് അസ്യൂറിന്‍റെ സേവനങ്ങളില്‍ തടസം നേരിട്ടത് എന്ന് മൈക്രോസോഫ്റ്റ് സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്.

 

 

രാഹുൽ ഗാന്ധിയുടെ സന്ദർശനത്തോടെ തന്റെ ജീവിതമാകെ മാറിയെന്ന് സുൽത്താൻപുരിലെ ചെരുപ്പ്കുത്ത് ജോലി ചെയ്യുന്ന റാം ചേത്. രാഹുൽ തുന്നിയ ചെരുപ്പിന് 10 ലക്ഷം രൂപ വരെ വില പറഞ്ഞു. പക്ഷേ വിൽക്കുന്നില്ല. ആ ചെരിപ്പ് ചില്ലുകൂട്ടിൽ സൂക്ഷിക്കുമെന്നും റാം ചേത് പറഞ്ഞു. ‌സുൽത്താൻപുരിലെ കോടതിയിൽ ഹാജരായി മടങ്ങുംവഴിയാണ് രാഹുൽ വഴിയരികിൽ ചെരിപ്പു തുന്നുന്ന റാം ചേതിന്റെ കടയിൽ കയറിയത്.

 

 

 

 

വിവിധ സംസ്ഥാനങ്ങളുടെ ഗവർണർമാരുടെ രണ്ട് ദിവസത്തെ സമ്മേളനം ഇന്ന് തുടങ്ങും. രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ഗവർണർമാരെ കൂടാതെ പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഉപ രാഷ്ട്രപതി ജഗ്ദീപ് ധൻകർ, വിവിധ കേന്ദ്രമന്ത്രിമാർ, നിതി ആയോഗ് പ്രതിനിധികൾ തുടങ്ങിയ മുതിർന്ന ഉദ്യോഗസ്ഥരടക്കം പങ്കെടുക്കും. പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങൾ നടപ്പാക്കൽ, ഉന്നത വിദ്യാഭ്യാസ രം​ഗത്തിന്റെ പരിഷ്കരണം, വിവിധ കേന്ദ്രസർക്കാർ പദ്ധതികളുടെ പ്രചാരണം തുടങ്ങിയവയാണ് യോ​ഗത്തിലെ പ്രധാന അജണ്ടകൾ.

 

 

 

ഇന്ത്യയിലെ ഡിജിറ്റല്‍ വിപ്ലവത്തെയും ഉള്‍നാടന്‍ ഗ്രാമീണ മേഖലയിലേക്കുള്ള ബാങ്കിങ് സേവനങ്ങളുടെ വ്യാപനത്തേയും പ്രകീര്‍ത്തിച്ച് ഐക്യരാഷ്ട്ര സഭ ജനറല്‍ അസംബ്ലി പ്രസിഡന്റ് ഡെന്നിസ് ഫ്രാന്‍സിസ്. കഴിഞ്ഞ ആറ് വര്‍ഷക്കാലത്തിനിടെ വെറും സ്മാര്‍ട്‌ഫോണുകള്‍ ഉപയോഗിച്ച് 80 കോടി പേരെ ദാരിദ്ര്യത്തില്‍ നിന്ന് ഇന്ത്യ കരകയറ്റിയെന്ന് അദ്ദേഹം പറഞ്ഞു. മറ്റ് ആഗോള ദക്ഷിണ രാജ്യങ്ങളും ഡിജിറ്റലൈസേഷനില്‍ ഇന്ത്യയെ മാതൃകയാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *