വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്രം നല്‍കിയ മുന്നറിയിപ്പ് കേരളം അവഗണിച്ചുവെന്ന ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവന വസ്തുതാവിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുന്നറിയിപ്പ് നല്‍കുന്നതില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണവകുപ്പിന് ഉണ്ടായ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി, പ്രശ്‌നമുണ്ടാകുമ്പോള്‍ ആരുടെയെങ്കിലും പിടലിയില്‍ വെച്ചുകെട്ടരുതെന്നും ആവശ്യപ്പെട്ടു. ദുരന്തമുണ്ടായ പ്രദേശങ്ങളില്‍ ഓറഞ്ച് അലേര്‍ട്ടാണ് ആ ഘട്ടത്തിലുണ്ടായിരുന്നത്. 115 -നും 204 മി.മീറ്ററിനും ഇടയില്‍ മഴപെയ്യും എന്നായിരുന്നു മുന്നറിയിപ്പ്. എന്നാൽ 48 മണിക്കൂറിനുള്ളില്‍ 572 മി.മീറ്റര്‍ മഴയാണ് പെയ്തത്. മുന്നറിയിപ്പ് നല്‍കിയതിനും എത്രയോ അധികമായിരുന്നു അത്. ദുരന്തമുണ്ടായിരുന്ന പ്രദേശത്ത് അപകടമുണ്ടാകുന്നതുവരെ റെഡ് അലേര്‍ട്ട് നല്‍കിയിരുന്നില്ല. അപകടമുണ്ടായതിന് ശേഷം രാവിലെ ആറ് മണിയോട് കൂടിയാണ് റെഡ് അലേര്‍ട്ട് നല്‍കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.