കർണാടകയിലെ ഷിരൂരിൽ കുന്നിടിഞ്ഞ് കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനുള്ള തിരച്ചിലിനായി പ്രാദേശിക മുങ്ങൽവിദഗ്ധരും മത്സ്യത്തൊഴിലാളികളും എത്തും. ഉടുപ്പിക്ക് സമീപം മാൽപെയിൽ നിന്നുള്ള സംഘം ഷിരൂരിലേക്കെത്തുമെന്നാണ് വിവരം. തീരദേശ കർണാടയിലെ പുഴകളുടെ സ്വഭാവം കൃത്യമായി ഇവർക്കറിയാം. ശക്തമായ അടിയൊഴുക്കിലും ആഴത്തിലേക്ക് ചെല്ലാനുള്ള കഴിവും പരിചയസമ്പത്തും ഉള്ളവരാണിവർ. പുഴയുടെ ശക്തമായ അടിയൊഴുക്കിൽ കഴിഞ്ഞദിവസങ്ങളിൽ നാവികസേനയുടെ രക്ഷാപ്രവർത്തനം പ്രതിസന്ധിയിലായിരുന്നു. നേവിയുടെ സ്ക്യൂബ സംഘത്തിന് പുഴയിലേക്ക് ഇറങ്ങാൻ സാധിച്ചിരുന്നില്ല. ഇതോടെ പുതിയ സംവിധാനമായ പോന്റൂൺ സ്ഥാപിച്ച് നാവികസേനയുടെ മുങ്ങൽവിദഗ്ധർ ഇറക്കാനുള്ള നീക്കവും ഇന്ന് നടന്നേക്കും.