◾https://dailynewslive.in/ കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ച മൂന്നാം എന്‍.ഡി.എ. സര്‍ക്കാരിന്റെ പ്രഥമ ബജറ്റിനെതിരെ കടുത്ത പ്രതിപക്ഷ പ്രതിഷേധം. ബജറ്റ് വിവേചനപരമാണെന്ന് ഇന്ത്യാ മുന്നണി നേതാക്കള്‍ വ്യക്തമാക്കി. ബജറ്റിനോടുള്ള അസംതൃപ്തിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യ മുന്നണി പാര്‍ലമെന്റിലേക്ക് ഇന്ന് പ്രതിഷേധ മാര്‍ച്ച് നടത്തുമെന്നും പാര്‍ലമെന്റിനകത്തും പ്രതിഷേധിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് പ്രമോദ് തിവാരി പറഞ്ഞു. ഇത് മുഴുവന്‍ രാജ്യത്തിന്റെയും ബജറ്റാണെന്നും എന്നാല്‍ ബി.ജെ.പിയുടെ ബജറ്റ് എന്ന പോലെയാണ് അവര്‍ അവതരിപ്പിച്ചതെന്നും തിവാരി കൂട്ടിച്ചേര്‍ത്തു. ബജറ്റ് എന്ന ആശയത്തെ ഇക്കൊല്ലത്തെ കേന്ദ്രബജറ്റ് തകര്‍ത്തുവെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും ആലപ്പുഴ എം.പിയുമായ കെ.സി. വേണുഗോപാല്‍ പറഞ്ഞു.
◾https://dailynewslive.in/ കേന്ദ്ര ബജറ്റില്‍ അവഗണന നേരിട്ടുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച വിളിച്ചുചേര്‍ത്ത നീതി ആയോഗ് യോഗം ബഹിഷ്‌കരിക്കും. രാജ്യത്തെ ഫെഡറല്‍ തത്വങ്ങള്‍ക്ക് വിരുദ്ധമായിരുന്നു ബജറ്റെന്നും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ കുറ്റപ്പെടുത്തി. ഇത്തരമൊരു ഭരണകൂടത്തിന്റെ വിവേചനപരമായ വശങ്ങള്‍ മറയ്ക്കുന്നതിന് വേണ്ടി മാത്രം രൂപകല്‍പ്പന ചെയ്തിട്ടുള്ള ഒരു പരിപാടിയില്‍ തങ്ങള്‍ പങ്കെടുക്കില്ലെന്ന് വേണുഗോപാല്‍ എക്സില്‍ കുറിച്ചു. ബജറ്റ് അവഗണനയില്‍ പ്രതിഷേധിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും നീതി ആയോഗ് യോഗം ബഹിഷ്‌കരിക്കും.
◾https://dailynewslive.in/ മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി. കസേര സംരക്ഷണ ബജറ്റാണിതെന്നും കോണ്‍ഗ്രസിന്റെ പ്രകടനപത്രിക കോപ്പിയടിച്ചതാണിതെന്നും സമൂഹമാധ്യമത്തില്‍ അദ്ദേഹം കുറിച്ചു. സഖ്യകക്ഷികളെ പ്രീണിപ്പിക്കുകയും, മറ്റ് സംസ്ഥാനങ്ങളുടെ ചെലവില്‍ അവര്‍ക്ക് പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കുകയാണെന്നും സാധാരണ ഇന്ത്യക്കാര്‍ക്ക് ആശ്വാസമില്ലാത്ത ബജറ്റാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
*ചില ബന്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും*
*പുളിമൂട്ടില്‍ സില്‍ക്‌സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷം*
മലയാളികളുടെ വിവാഹ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ 100 വര്‍ഷങ്ങള്‍. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമിനോടൊപ്പം തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com
◾https://dailynewslive.in/ കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ നിലനില്പിന് അനിവാര്യമായ പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളമുള്‍പ്പെടെയുള്ള ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളെയും അവഗണിക്കുകയാണെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ ആരോപിച്ചു. കേരളം പോലുള്ള സംസ്ഥാനങ്ങളുടെ മുന്നോട്ടുള്ള പ്രയാണം തടയുന്ന സമീപനമാണിത്. കേരളം നിരന്തരം ഉയര്‍ത്തിയ സുപ്രധാന ആവശ്യങ്ങള്‍ പരിഗണിക്കാന്‍ തയാറാകാത്തത് ഇന്നാട്ടിലെ ജനങ്ങളോടാകെയുള്ള വെല്ലുവിളിയാണ് എന്നും അദ്ദേഹം ആരോപിച്ചു.
◾https://dailynewslive.in/ ബജറ്റില്‍ കേരളത്തിനോട് അവഗണന ഇല്ലെന്ന് സുരേഷ് ഗോപി. കേരളത്തിലെ യുവാക്കള്‍ക്ക് വേണ്ടിയുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചില്ലേയെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചു. സംസ്ഥാന സര്‍ക്കാര്‍ എയിംസിന് മതിയായ സ്ഥലം നല്‍കിയിട്ടില്ല. കോഴിക്കോട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ 150 ഏക്കര്‍ സ്ഥലം മതിയാകില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
◾https://dailynewslive.in/ ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരാണ് മൂന്നാം മോദിസര്‍ക്കാരിന്റെ കന്നിബജറ്റെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി. രാജ്യത്തെ മതേതര രാഷ്ട്രീപാര്‍ട്ടികള്‍ സംയുക്തമായി ഈ വിവേചന നിലപാടിനെതിരെ പ്രക്ഷോഭം നടത്തണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ഒരു സഹായവും പ്രഖ്യാപിക്കാത്തത് നിരാശാജനകമാണെന്നും കേരളത്തിനോടുള്ള അവഗണനയ്ക്ക് എതിരെ എല്ലാവരുടേയും യോജിച്ചുള്ള സമരം അനിവാര്യമാണെന്നും സുധാകരന്‍ വ്യക്തമാക്കി.
◾https://dailynewslive.in/ ബജറ്റില്‍ കേരളത്തോട് കാണിച്ചത് ഇതുവരെ ഒരു ബജറ്റിലും കാണിക്കാത്തത്ര അവഗണനയെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ . ഇത്ര കേരളാ വിരുദ്ധമായ ഒരു ബജറ്റ് ഇത് വരെ ഉണ്ടായിട്ടില്ല. വലിയ പ്രതീക്ഷയോടെ ബജറ്റിനെ കാത്തിരുന്ന രാജ്യത്തിന് അങ്ങേയറ്റം നിരാശയാണുണ്ടാക്കിയത്. മോദി സര്‍ക്കാരിന്റെ ജീവന് വേണ്ടിയുള്ള രാഷ്ട്രീയ വ്യായാമം മാത്രമാണ് ബജറ്റില്‍ കണ്ടതെന്നും ബാലഗോപാല്‍ അഭിപ്രായപ്പെട്ടു.
◾https://dailynewslive.in/ രാഷ്ട്രീയ അസ്ഥിരത പരിഹരിക്കാനും അധികാരം നിലനിര്‍ത്താനുമുള്ള ഡോക്യുമെന്റാക്കി മോദി സര്‍ക്കാര്‍ ബജറ്റിനെ മാറ്റിയെന്ന് വിഡി സതീശന്‍. മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ ദേശീയ കാഴ്ച്ചപ്പാടല്ല സങ്കുചിത രാഷ്ട്രീയ താല്‍പര്യം മാത്രമാണുള്ളത്. ബീഹാറിനും ആന്ധ്രക്കും വാരിക്കോരി കൊടുത്തപ്പോള്‍ കേരളം എന്ന വാക്ക് ഉച്ചരിക്കാന്‍ പോലും ധനമന്ത്രി തയ്യാറാകാതിരുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും സതീശന്‍ വാാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.
◾https://dailynewslive.in/ മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യബജറ്റിനെ ഇന്ത്യയെ മറന്ന ബജറ്റെന്ന് വിശേഷിപ്പിച്ച് പികെ കുഞ്ഞാലിക്കുട്ടി. കേന്ദ്ര സര്‍ക്കാരിനു തന്നെ എങ്ങനെ മുന്നോട്ടു പോകുമെന്ന് നിശ്ചയമില്ലാത്ത ബജറ്റാണ് അവതരിപ്പിച്ചത് . ഭൂരിപക്ഷമില്ലാത്ത സര്‍ക്കാരിനെ തല്‍ക്കാലം താങ്ങി നിര്‍ത്താനുള്ള ബജറ്റാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തില്‍ നിന്ന് എംപിയെ കിട്ടിയപ്പോള്‍ കേരളത്തിന് ഒന്നുമില്ലെന്നും ഭീഷണിപ്പെടുത്തുന്നവര്‍ക്ക് മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ ബജറ്റ് വിഹിതം നല്‍കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.
◾https://dailynewslive.in/ മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് വികസിത ഭാരതത്തിലേക്കുള്ള ചുവടുവെപ്പാണെന്ന് കെ.സുരേന്ദ്രന്‍ .ബജറ്റിനെ പറ്റി പഠിക്കുന്നതിന് മുന്നേ സംസ്ഥാന ധനകാര്യമന്ത്രി കെഎന്‍ ബാലഗോപാല്‍ ബഡ്ജറ്റ് കേരള വിരുദ്ധമാണെന്ന് വിമര്‍ശനം നടത്തുന്നത് ശരിയല്ല. കഴിഞ്ഞ 10 വര്‍ഷമായിട്ട് ഒരു ബജറ്റിലും എംയിസ് പോലെയുള്ള പദ്ധതികള്‍ പ്രഖ്യാപിക്കാറില്ല. അതൊക്കെ പിന്നീടാണ് പ്രഖ്യാപിക്കാറുള്ളത്. കേരളത്തില്‍ എംയിസ് വരുമെന്നുറപ്പാണ് എന്നും അദ്ദേഹം വ്യക്തമാക്കി.
◾https://dailynewslive.in/ കേന്ദ്ര ബജറ്റിന് പിന്നാലെ കെ സുരേന്ദ്രനും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും തമ്മില്‍ വാക് പോര്. കേരളത്തിന് വേണ്ടി വകയിരുത്തുകയല്ല, വകവരുത്തുകയാണ് കേന്ദ്രം ചെയ്തതെന്നും സാമ്പത്തികമായി കേരളത്തെ കൊലപ്പെടുത്താന്‍ ആണ് കേന്ദ്രം ശ്രമിക്കുന്നതെന്നും മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ കേന്ദ്ര ബജറ്റിനെ ന്യായീകരിച്ച് രംഗത്തെത്തിയ സുരേന്ദ്രന്‍ കേരളം വേറൊരു രാജ്യമായി കാണാന്‍ ആഗ്രഹിക്കുന്ന ആളാണ് മുഹമ്മദ് റിയാസ് എന്ന് വാര്‍ത്താ സമ്മേളനത്തിനിടെ പറഞ്ഞു. സുരേന്ദ്രന്റെ പരാമര്‍ശത്തിന് മാലിന്യം നിറഞ്ഞ മനസാണ് സുരേന്ദ്രനെന്നായിരുന്നു റിയാസിന്റെ പ്രതികരണം. സുരേന്ദ്രന്റേത് നിലവാരം കുറഞ്ഞ മറുപടിയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ അര്‍ജുന് വേണ്ടിയുളള തെരച്ചിലിന്റെ എട്ടാം ദിവസം നിര്‍ണായക സൂചന ലഭിച്ചെന്ന് റിപ്പോര്‍ട്ടുകള്‍. ഗംഗാവാലി പുഴയില്‍ റഡാര്‍ സിഗ്നല്‍ ലഭിച്ച അതേ ഇടത്തു നിന്ന് തന്നെ സോണാര്‍ സിഗ്നലും ലഭിച്ചു. നാവികസേന നടത്തിയ തെരച്ചിലില്‍ ആണ് സോണാര്‍ സിഗ്നല്‍ കിട്ടിയത്. രണ്ട് സിഗ്നലുകളും ഒരു വലിയ വസ്തുവിന്റെ സാന്നിധ്യം സൂചിപ്പിക്കുന്നതിനാല്‍ അവിടെ ആകും ഇന്ന് തെരച്ചിലിന്റെ കേന്ദ്ര ബിന്ദുവെന്നും നാവിക സേന വ്യക്തമാക്കി
◾https://dailynewslive.in/ കര്‍ണാടകയിലെ ഷിരൂര്‍ മണ്ണിടിച്ചിലില്‍ ഗംഗാവലി നദിയിലേക്ക് പതിച്ച ടാങ്കര്‍ ലോറി പൊട്ടിത്തെറിച്ചുവെന്ന വാര്‍ത്തകള്‍ തള്ളി കാര്‍വാര്‍ എസ്പി നാരായണ. സ്ഫോടനം ഉണ്ടായിട്ടില്ലെന്നും വ്യാജവാര്‍ത്ത പ്രചരിപ്പിക്കരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. നദിയില്‍ നിന്നും കണ്ടെടുത്ത മൃതദേഹങ്ങളില്‍ പൊള്ളലേറ്റ പാടുകളില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
◾https://dailynewslive.in/ അര്‍ജുന് വേണ്ടിയുള്ള തെരച്ചിലിനായി ഇന്ന് ‘ഐബോഡ്’ സാങ്കേതിക സംവിധാനം ഉപയോഗിക്കുമെന്ന് റിട്ട. മേജര്‍ ജനറല്‍ എം ഇന്ദ്രബാലന്‍. ആകാശത്ത് നിന്ന് നിരീക്ഷിച്ച് ചെളിക്കടിയില്‍ പൂഴ്ന്ന് പോയ വസ്തുക്കളുടെ സിഗ്നലുകള്‍ കണ്ടെത്തുന്ന ഉപകരണമാണ് ‘ഐബോഡ്’.
◾https://dailynewslive.in/ അര്‍ജുനെ കണ്ടെത്താനുള്ള രക്ഷാ ദൗത്യം ഗൗരവമുള്ള വിഷയമെന്ന് കര്‍ണാടക ഹൈക്കോടതി. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. ഇരു സര്‍ക്കാരുകളോടും ഇന്ന് മറുപടി നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുവരെയുള്ള രക്ഷാ ദൗത്യത്തിന്റെ വിവരങ്ങള്‍ കര്‍ണാടക ഹൈക്കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചു. കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
◾https://dailynewslive.in/ കര്‍ണാടകയിലെ ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള തിരച്ചിലില്‍ തൃപ്തരാണെന്നും നല്ല രീതിയില്‍ തിരച്ചില്‍ നടക്കുന്നുവെന്ന് അര്‍ജുന്റെ സഹോദരി അഞ്ജു പറഞ്ഞു . ഇവിടെ നിന്നു പോയ സന്നദ്ധ പ്രവര്‍ത്തകരോട് നന്ദിയുണ്ടെന്നും സാധ്യമായ എല്ലാ യന്ത്രങ്ങളും തിരച്ചിലിനു ഉപയോഗിക്കണമെന്നും രക്ഷാപ്രവര്‍ത്തനം ഇതുപോലെ തന്നെ മുന്നോട്ട് പോകണമെന്നും കുടുംബം ആവശ്യപ്പെട്ടു.
◾https://dailynewslive.in/ കേരളത്തില്‍ വീണ്ടും അതിശക്ത മഴ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസത്തേക്കുള്ള കാലാവസ്ഥ പ്രവചനത്തിലാണ് വീണ്ടും അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലാണ് നാളെ അതിശക്ത മഴക്ക് സാധ്യതയുള്ളത്.
◾https://dailynewslive.in/ ഈ വര്‍ഷത്തെ സംസ്ഥാനതല ഓണാഘോഷ പരിപാടികള്‍ക്ക് സെപ്തംബര്‍ 13 ന് തിരുവനന്തപുരത്ത് തുടക്കമാവും. ഓണം മേളകള്‍, ഓണം മാര്‍ക്കറ്റുകള്‍, പച്ചക്കറി കൗണ്ടറുകള്‍, പ്രത്യേക സെയില്‍സ് പ്രൊമോഷന്‍ ഗിഫ്റ്റ് സ്‌കീമുകള്‍, ഓണക്കാല പ്രത്യേക സംഭരണ വിപണന പ്രവര്‍ത്തനങ്ങള്‍ മുതലായവ സംഘടിപ്പിക്കും. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പരിപാടി 19 ന് ഘോഷയാത്രയോടെ സമാപിക്കും. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആലോചിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യങ്ങളില്‍ തീരുമാനമായത്.
◾https://dailynewslive.in/ സംസ്ഥാന വനിത വികസന കോര്‍പറേഷനില്‍ നിന്നും 2010 മുതല്‍ 2016 വരെ വിതരണം ചെയ്ത വായ്പകളിലെ കുടിശികയുള്ളവയില്‍ പിഴപ്പലിശ പൂര്‍ണമായി ഒഴിവാക്കുന്നതിന് അനുമതി നല്‍കി ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഈ കാലയളവില്‍ വിവിധ കാരണങ്ങളാല്‍ കുടിശിക തീര്‍ക്കാതെ പോയ വായ്പകള്‍ക്കാണ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം ഇത് ബാധകമാകുന്നത്.
◾https://dailynewslive.in/ നിപ രോഗബാധയുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച പുറത്തു വന്ന 17 സ്രവ പരിശോധനാഫലങ്ങളും നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് . ഇതില്‍ അഞ്ചുപേര്‍ ഹൈ റിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെടുന്നവരാണ്. ഫലങ്ങള്‍ നെഗറ്റീവ് ആവുന്നു എന്നതുകൊണ്ട് നിയന്ത്രണങ്ങളില്‍ അയവ് വരുത്താനാവില്ലെന്നും പൊതുജനങ്ങള്‍ ജാഗ്രത തുടരണമെന്നും പൊതുസ്ഥലങ്ങളില്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും മന്ത്രി പറഞ്ഞു.
◾https://dailynewslive.in/ കൊച്ചിയില്‍ ഹോട്ടല്‍ ജീവനക്കാരിയെ വനിതാ കൗണ്‍സിലര്‍ മര്‍ദിച്ചതായി പരാതി. കൊച്ചി നഗരസഭയിലെ വനിതാ കൗണ്‍സിലര്‍ സുനിത ഡിക്സനെതിരെയാണ് പരാതി . ഹോട്ടലിന് സമീപത്തെ കാന പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് എത്തിയ കൗണ്‍സിലര്‍ വാക്കുതര്‍ക്കത്തിനൊടുവില്‍ ഹോട്ടല്‍ ജീവനക്കാരിയെ മര്‍ദ്ദിച്ചു എന്നാണ് പരാതി. താന്‍ മര്‍ദ്ദിച്ചിട്ടില്ലെന്നും വീഡിയോ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ മൊബൈല്‍ ഫോണ്‍ തട്ടി മാറ്റുകയായിരുന്നെന്നും ആരോപണ വിധേയയായ കൗണ്‍സിലര്‍ സുനിത പറഞ്ഞു. അതേസമയം കൗണ്‍സിലര്‍ സുനിത ഡിക്സണെതിരെ മരട് പൊലീസ് കേസെടുത്തു.
◾https://dailynewslive.in/ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന് എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷണലിന്റെ ലെവല്‍-2 എയര്‍പോര്‍ട്ട് കസ്റ്റമര്‍ എക്സ്പീരിയന്‍സ് അക്രഡിറ്റേഷന്‍ ലഭിച്ചു. യാത്രക്കാര്‍ക്ക് മികച്ച യാത്രാനുഭവം ഉറപ്പാക്കുന്നതിനായി നടത്തുന്ന ശ്രമങ്ങള്‍ വിലയിരുത്തിയാണ് അംഗീകാരം.
◾https://dailynewslive.in/ കണ്ണൂരില്‍ മിന്നല്‍ ചുഴലിയില്‍ വ്യാപക നാശനഷ്ടം. കരിയാട് പടന്നക്കരയിലും ചൊക്ലി ഒളവിലത്തുമാണ് ചുഴലിക്കാറ്റ് വീശിയടിച്ചത്. പടന്നക്കരയില്‍ നാല് വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്. ഒളവിലത്ത് അഞ്ചു വീടുകളും തകര്‍ന്നു. കൂറ്റന്‍ മരങ്ങള്‍ വീണാണ് വീടുകള്‍ തകര്‍ന്നത്. പ്രദേശത്ത് നിരവധി മരങ്ങളും കടപുഴകി വീണിട്ടുണ്ട്. വൈദ്യുതി തൂണുകള്‍ തകര്‍ന്നതോടെ പ്രദേശത്തെ വൈദ്യുതി ബന്ധവും തകരാറിലായി.
◾https://dailynewslive.in/ സ്‌കൂള്‍ കുട്ടികളില്‍ അടിക്കടി ഭക്ഷ്യവിഷബാധയുണ്ടാകുന്ന സാഹചര്യത്തില്‍ സ്‌കൂളുകളില്‍ പാചകത്തിനും കുടിക്കാനും ഉപയോഗിക്കുന്ന വെള്ളം ശുദ്ധീകരിച്ചതാകണമെന്ന് നിഷ്‌കര്ഷിച്ച് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അംഗം അഡ്വ ജലജ ചന്ദ്രന്‍. കുട്ടികള്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയ ആര്യാട് ലൂഥറന്‍സ് ഹൈസ്‌കൂളില്‍ അന്വേഷണത്തിന് എത്തിയതായിരുന്നു കമ്മീഷന്‍.
◾https://dailynewslive.in/ മലപ്പുറം ചങ്ങരംകുളം നരണിപ്പുഴയില്‍ പാലത്തില്‍ നിന്ന് ചാടി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. നരണിപ്പുഴ സ്വദേശി മമ്മസ്രായിലകത്ത് പരേതനായ സിദ്ദിക്കിന്റെയും ഫാത്തിമയുടേയും മകന്‍ ശിഹാബുദ്ധീന്റെ (38) മൃതദേഹമാണ് കണ്ടെത്തിയത്.
◾https://dailynewslive.in/ ബജറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ്. പരാജയപ്പെട്ട ബജറ്റാണിതെന്നും ഒരു വാറണ്ടിയുമില്ലാത്ത രണ്ട് സഖ്യകക്ഷികള്‍ക്ക് കൈക്കൂലി നല്‍കുന്ന ബജറ്റാണിതെന്നും സര്‍ക്കാരിന് തകര്‍ച്ചയുടെ സമയം നീട്ടി വാങ്ങാനുള്ള ബജറ്റാണിതെന്നും തൃണമൂല്‍ കോണ്‍ഗ്രസ് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
◾https://dailynewslive.in/ തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ 2024-ലെ കോണ്‍ഗ്രസ് ലോക്സഭാ പ്രകടനപത്രിക വായിച്ചുവെന്നറിഞ്ഞതില്‍ തനിക്ക് സന്തോഷമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം. കോണ്‍ഗ്രസ് മാനിഫെസ്റ്റോയുടെ പല പദ്ധതികളും ബജറ്റില്‍ അതേപടി തിരഞ്ഞെടുത്തതില്‍ അതിലേറെ സന്തോഷമുണ്ടെന്നും കോണ്‍ഗ്രസ് മാനിഫെസ്റ്റോയിലെ മറ്റുചില ആശയങ്ങള്‍ കൂടി ധനമന്ത്രി പകര്‍ത്തിയിരുന്നെങ്കിലെന്ന് താന്‍ ആഗ്രഹിക്കുന്നുവെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ വികസിത ഭാരതമെന്ന ആത്യന്തിക ലക്ഷ്യത്തിലേക്കുള്ള ബജറ്റാണ് ധനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചതെന്ന് മുന്‍ കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ഉയര്‍ന്ന വളര്‍ച്ച, കുറഞ്ഞ പണപ്പെരുപ്പം, ദാരിദ്ര്യം കുറയ്ക്കല്‍, നിക്ഷേപവും തൊഴിലവസരങ്ങളും വര്‍ദ്ധിപ്പിക്കല്‍ തുടങ്ങിയ പ്രധാനമന്ത്രി മോദിയുടെ കാഴ്ചപ്പാടുകള്‍ക്ക് ഈ ബജറ്റില്‍ തുടര്‍ച്ചയുണ്ട്. കഴിഞ്ഞ പത്തുവര്‍ഷത്തെ അത്തരം മികച്ച പ്രവര്‍ത്തനങ്ങളുടെ പിന്തുടര്‍ച്ചയെന്ന നിലക്ക് ശ്രദ്ധേയമായ ബജറ്റ് ആണിത് എന്നും അദ്ദേഹം വ്യക്തമാക്കി.
◾https://dailynewslive.in/ നീറ്റ് പരീക്ഷ റദ്ദാക്കില്ലെന്ന് സുപ്രീം കോടതി. വ്യാപക ചോദ്യപേപ്പര്‍ ചോര്‍ച്ച നടന്നെന്ന് കണ്ടെത്താനായില്ലെന്ന് കോടതി നിരീക്ഷിച്ചു. നീറ്റ് പരീക്ഷ റദ്ദാക്കണമെന്നും പുനഃപരീക്ഷ നടത്തണമെന്നും ആവശ്യപ്പെടുന്ന ഹര്‍ജികള്‍ ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡിന്റെ ബെഞ്ച് ഇന്നലെ പരിഗണിച്ച് വിധി പ്രഖ്യാപിച്ചു . വിധി പ്രസ്താവനയ്ക്കിടയിലാണ് നീറ്റ് പുനഃപരീക്ഷ നടത്തേണ്ടെന്ന് വ്യക്തമാക്കിയത്.
◾https://dailynewslive.in/ ജമ്മു കശ്മീരിലെ പൂഞ്ചില്‍ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ ഒരു ജവാന് വീരമൃത്യു. ലാന്‍സ് നായിക് സുഭാഷ് കുമാര്‍ ആണ് വീരമൃത്യു വരിച്ചത്. ഇന്നലെ പുലര്‍ച്ചെയായിരുന്നു സംഭവം. ഏറ്റുമുട്ടലില്‍ ഭീകരവാദികളും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
◾https://dailynewslive.in/ അമേരിക്കയുടെ സുരക്ഷ ഏജന്‍സിയായ യുഎസ് സീക്രട്ട് സര്‍വീസിന്റെ മേധാവി കിംബര്‍ലി ചീയറ്റില്‍ രാജിവെച്ചു. മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് നേരെയുണ്ടായ വധശ്രമം തടയുന്നതില്‍ സുരക്ഷ പാളിച്ചകള്‍ ഉണ്ടായി എന്ന പ്രാഥമിക നിഗമനത്തെ തുടര്‍ന്നാണ് രാജി. പതിറ്റാണ്ടുകള്‍ക്കിടയില്‍ തങ്ങളുടെ ഏജന്‍സിയുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ പിഴവാണ് ജൂലൈ 13ന് പെനിസില്‍വാനിയയില്‍ ഉണ്ടായതെന്ന് കിംബര്‍ലി ജനപ്രതിനിധി സഭാസമിതിക്ക് മുന്നില്‍ മൊഴി നല്‍കിയിരുന്നു.
◾https://dailynewslive.in/ ഏഷ്യാ കപ്പ് വനിതാ ക്രിക്കറ്റ് ടൂര്‍ണമെന്റിലെ മൂന്നാം മത്സരത്തില്‍ നേപ്പാളിനെ 82 റണ്‍സിന് വീഴ്ത്തി ഇന്ത്യ വിജയക്കുതിപ്പു തുടരുന്നു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സ് നേടിയപ്പോള്‍ നേപ്പാളിന്റെ മറുപടി 20 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 96 റണ്‍സില്‍ അവസാനിച്ചു.
◾https://dailynewslive.in/ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് വ്യവസായ മേഖലയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി എല്ലാ വിഭാഗത്തിലുള്ള നിക്ഷേപകര്‍ക്കും ഏഞ്ചല്‍ ടാക്‌സ് നിര്‍ത്തലാക്കി ബജറ്റില്‍ പ്രഖ്യാപനം. ലിസ്റ്റ് ചെയ്യപ്പെടാത്ത കമ്പനികള്‍ ഓഹരികള്‍ ഇഷ്യു ചെയ്യുന്നതിലൂടെ സമാഹരിക്കുന്ന മൂലധനത്തിനാണ് ഏഞ്ചല്‍ ടാക്സ് ചുമത്തുന്നത്. ഓഹരി വില കമ്പനിയുടെ ന്യായമായ വിപണി മൂല്യത്തേക്കാള്‍ കൂടുതലാണെങ്കില്‍ നിക്ഷേപകനില്‍ നിന്ന് ഈ നികുതി ഈടാക്കും. അധിക മുല്യം വരുമാനമായി കണക്കാക്കുകയും അതനുസരിച്ച് നികുതി ചുമത്തുകയും ചെയ്യുന്നു. രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും സംരംഭകത്വ മനോഭാവം വര്‍ദ്ധിപ്പിക്കുന്നതിനും സംരംഭകര്‍ നൂതന ആശയങ്ങള്‍ കൊണ്ടുവരുന്നത് പ്രോല്‍സാഹിപ്പിക്കുന്നതിനും എല്ലാ വിഭാഗത്തിലുള്ള നിക്ഷേപകര്‍ക്കും ഏഞ്ചല്‍ ടാക്‌സ് നിര്‍ത്തലാക്കാന്‍ നിര്‍ദ്ദേശിക്കുന്നുവെന്നാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ അറിയിച്ചത്. ഫണ്ട് കുറവായ യുവ സ്റ്റാര്‍ട്ടപ്പുകള്‍ക്ക്, കമ്പനിയുടെ പ്രവര്‍ത്തനച്ചെലവുകള്‍ക്ക് മുകളില്‍ എയ്ഞ്ചല്‍ ടാക്‌സ് മൂലമുണ്ടാകുന്ന അധിക നികുതി കടുത്ത ഭാരമായി അനുഭവപ്പെടും. അധിക നികുതി ബാധ്യത നിക്ഷേപത്തെ തടയുകയും സര്‍ക്കാര്‍ വ്യവസായ മേഖലയില്‍ പ്രോത്സാഹിപ്പിക്കാന്‍ ശ്രമിക്കുന്ന നവീകരണത്തെയും വളര്‍ച്ചയെയും തടസ്സപ്പെടുത്തുകയും ചെയ്യും. ലിസ്റ്റ് ചെയ്യപ്പെടാത്ത കമ്പനികളില്‍ നിക്ഷേപം നടത്തി മൂല്യം പെരുപ്പിച്ച് കാണിച്ച് കള്ളപ്പണം വെളുപ്പിക്കുന്നത് തടയാനാണ് 2012 ല്‍ ഇന്ത്യയില്‍ ഈ നികുതി ഏര്‍പ്പെടുത്തിയത്. സ്റ്റാര്‍ട്ടപ്പുകളെ സംബന്ധിച്ച് പ്രാരംഭ ഘട്ട നിക്ഷേപങ്ങള്‍ പലപ്പോഴും നിലവിലെ മൂല്യത്തേക്കാള്‍ ഭാവി സാധ്യതകളെ അടിസ്ഥാനമാക്കിയാണ് സംഭവിക്കുക. ഇത് സ്റ്റാര്‍ട്ടപ്പ് കമ്പനികളുടെ മൂല്യനിര്‍ണ്ണയത്തെ ന്യായീകരിക്കുന്നത് ബുദ്ധിമുട്ടാക്കുന്നു. ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കൂടുതല്‍ അനുകൂലമായ അന്തരീക്ഷം പ്രോത്സാഹിപ്പിക്കുന്നതിന് ഏഞ്ചല്‍ ടാക്സ് എടുത്തുകളയണമെന്ന് വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റുകളും വ്യവസായ വിദഗ്ധരും വളരെ കാലമായി ആവശ്യപ്പെടുകയാണ്.
◾https://dailynewslive.in/ ബേസില്‍ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘നുണക്കുഴി’ ഓഗസ്റ്റ് 15 ന് പ്രദര്‍ശനത്തിനെത്തുകയാണ്. മൂന്ന് ദിവസം മുന്‍പ് റിലീസ് ചെയ്ത ടീസര്‍ സോഷ്യല്‍ മാധ്യമങ്ങളില്‍ ട്രെന്‍ഡിങ് സ്ഥാനത്ത് തുടരുകയാണ്. ഇരുപത്തിയഞ്ച് ലക്ഷത്തോളമാണ് വ്യൂസ് നേടിയിരിക്കുന്നത്. സരിഗമ നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ട്വെല്‍ത്ത് മാന്‍, കൂമന്‍ എന്നീ ജീത്തു ജോസഫ് ചിത്രങ്ങള്‍ക്ക് തിരക്കഥ രചിച്ച കെ ആര്‍ കൃഷ്ണകുമാര്‍ ആണ് നുണക്കുഴിയുടെ തിരക്കഥ ഒരുക്കുന്നത്. മലയാള സിനിമയിലെ ഏറ്റവും വലിയ ഒരുപിടി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ ജീത്തു ജോസഫും തുടര്‍ച്ചയായ വിജയ ചിത്രങ്ങളോടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ ബേസില്‍ ജോസഫും ഒന്നിക്കുന്ന നുണക്കുഴി ഏറെ പ്രതീക്ഷ നല്‍കുന്ന വരും റീലീസുകളില്‍ ഒന്നാണ്. വലിയൊരു താരനിര ചിത്രത്തിന്റെ ഭാഗമാണ്. ഗ്രേസ് ആന്റണി, ബൈജു സന്തോഷ്, സിദിഖ്, മനോജ് കെ ജയന്‍, അജു വര്‍ഗീസ്, സൈജു കുറുപ്പ്, ബിനു പപ്പു, അസീസ് നെടുമങ്ങാട്, സെല്‍വരാജ്, അല്‍ത്താഫ് സലിം, സ്വാസിക, നിഖില വിമല്‍, ശ്യാം മോഹന്‍, ദിനേശ് പ്രഭാകര്‍, ലെന, കലാഭവന്‍ യുസഫ്, രാജേഷ് പറവൂര്‍, റിയാസ് നര്‍മ്മകല, അരുണ്‍ പുനലൂര്‍, ശ്യാം തൃക്കുന്നപുഴ, സന്തോഷ് ലക്ഷ്മണന്‍, കലാഭവന്‍ ജിന്റോ, സുന്ദര്‍ നായക് എന്നിവരാണ് നുണക്കുഴിയിലെ മറ്റു വേഷങ്ങളില്‍ എത്തുന്നത്. ആശിര്‍വാദ് റിലീസ് ചിത്രം തീയേറ്ററുകളില്‍ എത്തിക്കുന്നു.
◾https://dailynewslive.in/ രാജ്യമൊട്ടാകെ കാത്തിരിക്കുന്ന ഒരു സൂര്യ ചിത്രമാണ് ‘കങ്കുവ’. സംവിധാനം നിര്‍വഹിക്കുന്നത് സിരുത്തൈ ശിവയാണ്. ആവേശം നിറയ്ക്കുന്ന ഗാനം പുറത്തുവിട്ടിരിക്കുകയാണ്. കങ്കുവയില്‍ സൂര്യ നിറഞ്ഞാടുമെന്നാണ് ഗാനത്തിന്റെ വീഡിയോ സൂചിപ്പിക്കുന്നു. സൂര്യ നായകനായ കങ്കുവയുടെ സംഗീത സംവിധാനം ദേവി ശ്രീ പ്രസാദാണ് നിര്‍വഹിച്ചിരിക്കുന്നത്. കങ്കുവ ഒന്നിനൊപ്പം രണ്ടാം ഭാഗത്തിന്റെയും കഥ പൂര്‍ത്തിയായിട്ടുണ്ട് എന്ന് നിര്‍മാതാവ് വ്യക്തമാക്കിയതും ചിത്രത്തില്‍ ആവേശമുണ്ടാക്കിയിട്ടുണ്ട്. കങ്കുവ 2 2026ല്‍ തീര്‍ക്കാനാണ് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്ന് കെ ഇ ഝാനവേല്‍ പറഞ്ഞതായും ഒരു റിപ്പോര്‍ട്ടുണ്ട്. സൂര്യ നായകനായ കങ്കുവയിലെ യുദ്ധ രംഗം വന്‍ ക്യാന്‍വാസിലാണ് ചിത്രീകരിച്ചതെന്നാണ് സൂചന. 10,000 ആള്‍ക്കാര്‍ ആ യുദ്ധ രംഗത്ത് വേഷമിടും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന കങ്കുവ ചിത്രം ത്രീഡിയിലാകുമെത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ നേരത്തെ സൂചിപ്പിച്ചത്. വമ്പന്‍മാരായ ആമസോണ്‍ പ്രൈം വീഡിയോയാണ് ഒടിടി റൈറ്റ്സ് നേടിയത് എന്നതും സൂര്യയുടെ ചിത്രം കങ്കുവയില്‍ വലിയ പ്രതീക്ഷകളുണ്ടാക്കിയിട്ടുണ്ട്.
◾https://dailynewslive.in/ രാജ്യത്ത് ഏറ്റവും വേഗത്തില്‍ വിറ്റഴിയുന്ന എസ്യുവിയായ മാരുതി സുസുക്കി ഫ്രോങ്ക്‌സ് അതിന്റെ വ്യത്യസ്ത വേരിയന്റുകളില്‍ ബമ്പര്‍ കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നു. അതായത്, 2024 ജൂലൈയില്‍ മാരുതി സുസുക്കി ഫ്രോങ്ക്സ് വാങ്ങുന്നതിലൂടെ ഉപഭോക്താക്കള്‍ക്ക് പരമാവധി 85,500 രൂപയുടെ ആനുകൂല്യം ലഭിക്കും. ലോഞ്ച് ചെയ്ത് 10 മാസത്തിനുള്ളില്‍, മാരുതി സുസുക്കി ഇന്ത്യയില്‍ ഈ എസ്യുവിയുടെ ഒരുലക്ഷം യൂണിറ്റുകളുടെ വില്‍പ്പന നടത്തിയിരുന്നു. ജൂലൈ മാസത്തില്‍ മാരുതി സുസുക്കി ഫ്രോങ്ക്സിന്റെ ടര്‍ബോ പെട്രോള്‍ വേരിയന്റില്‍ ഉപഭോക്താക്കള്‍ക്ക് പരമാവധി 85,500 രൂപയുടെ ആനുകൂല്യം ലഭിക്കും. ജൂലൈ തുടക്കത്തില്‍ ഈ കിഴിവ് 75,000 രൂപ മാത്രമായിരുന്നു. ഈ ഓഫറില്‍ 32,500 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ട്, 10,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസ്, 43,000 രൂപയുടെ വെലോസിറ്റി എഡിഷന്‍ കിറ്റ് എന്നിവയും ഉള്‍പ്പെടുന്നു. ഇതിനുപുറമെ, മാരുതി സുസുക്കി ഫ്രോങ്ക്സിന്റെ പെട്രോള്‍ മാനുവല്‍ വേരിയന്റിന് 32,500 രൂപ കിഴിവ് ലഭ്യമാണ്. അതേസമയം ഓട്ടോമാറ്റിക് വേരിയന്റിന് 35,000 രൂപ കിഴിവ് ലഭിക്കുന്നു. ഇതുകൂടാതെ, മാരുതി സുസുക്കി ഫ്രോങ്ക്സിന്റെ സിഎന്‍ജി വേരിയന്റിന് ജൂലൈ മാസത്തില്‍ ഉപഭോക്താക്കള്‍ക്ക് 10,000 രൂപ കിഴിവ് ലഭിക്കും. വാഹനത്തിന്റെ പ്രാരംഭ എക്‌സ് ഷോറൂം വില 7.51 ലക്ഷം രൂപയില്‍ തുടങ്ങി മുന്‍നിര മോഡലിന് 13.04 ലക്ഷം രൂപ വരെയാണ്.
◾https://dailynewslive.in/ ഭാഷകളും ജനിച്ചദേശത്തുനിന്ന് പുറപ്പെട്ടുപോയ മനുഷ്യരും കലരുന്ന സ്ഥലങ്ങളിലാണ് അസാധാരണമായ കഥകളുള്ളത്. പൊനം അത്തരം കഥകളന്വേഷിച്ചുള്ള യാത്രയാണ്. അവയുടെ കെണിയില്‍പ്പെട്ടു പോവുകയാണ് ഇതിലെ എഴുത്തുകാരന്‍. കാടും ചോരക്കളിയും കാമവും നായക ജീവിതങ്ങളുടെ തകര്‍ച്ചയും മുന്‍പ് വായിച്ചിട്ടില്ലാത്ത വിധം നമ്മുടെ എഴുത്തിലേക്ക് കൊണ്ടുവരികയാണ് കെ.എന്‍. പ്രശാന്ത്. തീര്‍ച്ചയായും നമ്മുടെ ഭാഷയിലെ മികച്ച നോവലുകളിലൊന്നാണ് ‘പൊനം’. ഡിസി ബുക്സ്. വില 298 രൂപ.
◾https://dailynewslive.in/ ഏതു പ്രായക്കാരുടെയും പ്രധാന പ്രശ്നമാണ് മുടികൊഴിച്ചില്‍. എന്നാല്‍ നിങ്ങളുടെ പ്രായം 40 കഴിഞ്ഞെങ്കില്‍ അല്‍പം സൂക്ഷിക്കണം. കാരണം 40 കഴിഞ്ഞാല്‍ പൊതുവെ ബേബി ഹയര്‍ വളരാനുള്ള സാധ്യത കുറവാണ്. അതിനാല്‍ മുടികൊഴിച്ചില്‍ തടയാന്‍ ചില ആരോഗ്യകരമായ വഴികള്‍ തെരഞ്ഞെടുക്കാം. മുടിയുടെ ആരോഗ്യം മോശമാകുന്നതു കൊണ്ട് മുടികൊച്ചില്‍ വര്‍ധിക്കാന്‍ കാരണം. പ്രോട്ടീന്‍ അടങ്ങിയ പഴങ്ങളും പച്ചക്കറിയും കൂടാതെ പാല്‍, മുട്ട, മീന്‍, നട്സ്, വിത്തുകള്‍, ധാന്യങ്ങള്‍ തുടങ്ങിയവ ഡയറ്റില്‍ പതിവായി ഉള്‍പ്പെടുത്താന്‍ ശ്രമിക്കണം. കൂടാതെ ആരോഗ്യകരമായ ഭക്ഷണത്തിനൊപ്പം പുറമേയും മുടിയുടെ ആരോഗ്യം ബലപ്പെടുത്തേണ്ടതുണ്ട്. ഉള്ളി/സവോളയുടെ നീരില്‍ ആന്റി-ബാക്ടീരിയല്‍ ഗുണങ്ങളുണ്ട്. ഇവ അണുബാധ ചെറുക്കാനും രക്ത ചംക്രമണം വര്‍ധിപ്പിക്കാനും സഹായിക്കും. ഇത് മുടി കൊഴിച്ചില്‍ തടയാന്‍ സഹായിക്കും. ഉള്ളി നീര് നേരിട്ടോ എണ്ണയില്‍ ചേര്‍ത്തോ മുടിയില്‍ പുരട്ടാവുന്നതാണ്. വെളിച്ചെണ്ണ, തേങ്ങപ്പാല്‍ തുടങ്ങിയ നാളികേര ഉല്‍പന്നങ്ങള്‍ മുടിയുടെ ആരോഗ്യത്തിന് മികച്ചതാണ്. ആഴ്ചയില്‍ രണ്ട് ദിവസം തേങ്ങാപ്പാല്‍ എണ്ണയുമായി ചേര്‍ത്ത് തലയില്‍ 10 മിനിറ്റ നന്നായി തേച്ചുപിടിപ്പിച്ച ശേഷം മുടി കഴുകുന്നത് മുടി തിളക്കമുള്ളതും ആരോഗ്യമുള്ളതുമാകാന്‍ സഹായിക്കും. ഇത് മുടികൊഴിച്ചില്‍ തടയാനും സഹായിക്കും. മുറ്റത്തു നില്‍ക്കുന്ന ഒരു കറിവേപ്പില തണ്ടും കുറച്ച് വെളിച്ചെണ്ണയുമുണ്ടെങ്കില്‍ മികച്ചൊരു മുടിക്കൂട്ടുണ്ടാക്കാം. കറിവേപ്പില മുടിയുടെ ബലം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നതാണ്. കുളിക്കുന്നതിന് മുന്നോടിയായി വെളിച്ചെണ്ണയില്‍ കറിവേപ്പില ഇട്ടു തിളപ്പിച്ച് ആറ്റിയ എണ്ണ പുരട്ടി നന്നായി മസാജ് ചെയ്ത ശേഷം കഴുകി കളയാം. ഇത് മുടി കൊഴിച്ചില്‍ തടയാന്‍ മികച്ച മാര്‍ഗമാണ്.
*ശുഭദിനം*
*കവിത കണ്ണന്‍*
തന്റെ വീട്ടില്‍ ഒട്ടും ഇടമില്ല എന്നതായിരുന്നു അയാളുടെ പരാതി. അച്ഛനും അമ്മയ്ക്കും ഭാര്യക്കും രണ്ട് കുട്ടികള്‍ക്കും കൂടി താമസിക്കാനുളള സ്ഥലമില്ല. പരാതിയുമായി അയാള്‍ ഗുരുവിനടുത്തെത്തി. ഗുരു പറഞ്ഞു. ഞാന്‍ നിങ്ങളുടെ വീടിനെ വലുതാക്കാന്‍ സഹായിക്കാം. പക്ഷേ, ഞാന്‍ പറയുന്നത് പോലെ നിങ്ങള്‍ ചെയ്യണം. അയാള്‍ സമ്മതിച്ചു. നിങ്ങളുടെ കോഴികളെക്കൂടി വീടിനകത്തേക്ക് കൊണ്ടുപോകൂ.. അല്‍പം മടിച്ചിട്ടാണെങ്കിലും അയാള്‍ അങ്ങിനെ ചെയ്തു. പിറ്റേദിവസം അയാള്‍ ഗുരുവിനോട് പറഞ്ഞു: വീട്ടില്‍ ആകെ പ്രശ്‌നങ്ങളാണ്.. അപ്പോള്‍ ഗുരു പറഞ്ഞു: ശരി, എങ്കില്‍ ആടുകളെ കൂടി വീടിനകത്ത് കെട്ടൂ.. അങ്ങനെ ചെയ്തതിന്റെ പിറ്റേ ദിവസം അയാള്‍ വന്നുപറഞ്ഞു: എനിക്ക് ഭ്രാന്താണെന്ന് വീട്ടുകാര്‍ പറയുന്നു. പക്ഷേ, പശുവിനെകൂടി അകത്ത് കെട്ടാനായിരുന്നു ഗുരുവിന്റെ നിര്‍ദ്ദേശം. പാതി മനസ്സോടെ അയാള്‍ അപ്രകാരം ചെയ്തു. പിറ്റേ ദിവസം ഗുരുവിനെ കാണാനെത്തിയ അയാളോട് ഗുരു പറഞ്ഞു: ഇനി മൃഗങ്ങളെയെല്ലാം വീടിന് പുറത്താക്കൂ.. ഒരു മണിക്കൂര്‍ കഴിഞ്ഞ് അയാള്‍ മടങ്ങിവന്ന് പറഞ്ഞു: ഇപ്പോള്‍ വീട്ടില്‍ ധാരാളം ഇടമുണ്ട്… ആയിരിക്കുന്ന അവസ്ഥയുടെ സൗന്ദര്യം മനസ്സിലാക്കത്തവരെല്ലാം സാങ്കല്പിക സ്ഥലങ്ങളുടെ അഴകിന്റെ പിന്നാലെയായിരിക്കും. ഉള്ളതില്‍ സംതൃപ്തരാകില്ല.. പരിമിതികളെ ചുറ്റിപ്പറ്റിയാകും പ്രയാണം.. തങ്ങള്‍ക്കുള്ളവയെ ശരിയായി ഉപയോഗിക്കാന്‍ കഴിയുന്നില്ല എന്നതും അവയില്‍ സന്തോഷം കണ്ടെത്താന്‍ ആകുന്നില്ല എന്നതുമാണ് ഈ മാനസികാസ്വാസ്ഥ്യത്തിന്റെ അടിസ്ഥാനകാരണങ്ങള്‍. എന്തിനും അതിന്റേതായ അര്‍ത്ഥവും അലങ്കാരവുമുണ്ട്. അവയെ അനര്‍ത്ഥങ്ങളായി വ്യാഖ്യാനിച്ചാല്‍ ശരീരവും മനസ്സും അസ്വസ്ഥമാകും, അവയെ അനുഗ്രഹമായി കാണാന്‍ ശ്രമിച്ചാല്‍ ഒരോ നിമിഷവും ആഹ്ലാദമുണ്ടാകും.. അതെ, നമുക്ക് ഉളളവയില്‍ തൃപ്തിപ്പെടാന്‍ ശീലിക്കാം – ശുഭദിനം.