ചിങ്ങം പിറന്ന ശേഷം കഴിഞ്ഞ 10 ദിവസത്തെ കണക്കെടുത്താല്‍ കേരളീയര്‍ വാങ്ങിക്കൂട്ടിയത് 5,000 കോടിയോളം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍. കഴിഞ്ഞ വര്‍ഷം ഓണക്കാലത്തേക്കാള്‍ 20-25 ശതമാനം അധികം. കഴിഞ്ഞ ഓണത്തിന് 4,000-4,200 കോടി രൂപയുടെ വിറ്റുവരവാണുണ്ടായത്. സാധാരണ ദിവസങ്ങളില്‍ മലയാളികള്‍ ശരാശരി 600 കിലോഗ്രാം സ്വര്‍ണം വാങ്ങാറുണ്ടെങ്കില്‍ ഇത്തവണ ഓണനാളുകളില്‍ അത് 800 കിലോയ്ക്കും മേലെയാണ്. രണ്ട് ഗ്രാം മുതല്‍ 4 ഗ്രാം വരെയുള്ള ചെറിയ പര്‍ച്ചേസുകളാണ് ഇക്കുറി കൂടുതലും നടന്നത്. കഴിഞ്ഞ അക്ഷയതൃതീയയില്‍ പാതിയിലേറെയും എക്സ്ചേഞ്ച് പര്‍ച്ചേസുകളായിരുന്നു. എന്നാല്‍, ഈ ഓണത്തിന് എക്സ്ചേഞ്ചുകള്‍ പാതിയിലും താഴെയാണ്. കഴിഞ്ഞ മേയ് അഞ്ചിന് 45,760 രൂപയായിരുന്നു ഒരു പവന് വില; ഗ്രാമിന് 5,720 രൂപയും. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന വിലയായിരുന്നു അത്. എന്നാല്‍, ഓണമായപ്പോഴേക്കും വില പവന് 43,600 രൂപയും ഗ്രാമിന് 5,430 രൂപയുമാണ്. അതായത് പവന് 2,160 രൂപയും ഗ്രാമിന് 290 രൂപയും കുറഞ്ഞു. വില കുറഞ്ഞതോടെ ഒരു ഗ്രാം ആഭരണത്തിന് ഏറ്റവും കുറഞ്ഞത് 5,900 രൂപയും ഒരു പവന് ആഭരണത്തിന് 47,200 രൂപയും മതി. മേയ് മാസത്തെ അപേക്ഷിച്ച് ഗ്രാമിന് 300 രൂപയും പവന് 2,400 രൂപയും കുറവ്. ഇത്, ഉപയോക്താക്കള്‍ക്ക് വലിയ ആശ്വാസമായി.
ഓണക്കാലത്ത് വിറ്റ് പോയത് 5,000 കോടിയുടെ ആഭരണങ്ങള്‍!
