അര്‍ജന്റീന ടീമിനെയും മെസ്സിയെയും കേരളത്തില്‍ എത്തിക്കുമെന്നു പ്രചരിപ്പിച്ച് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തു നടത്തിയ തട്ടിപ്പ് അന്വേഷിക്കാന്‍ എഡിജിപി പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. രണ്ട് എസ്പിമാര്‍ സംഘത്തിലുണ്ടാകും. ക്രൈംബ്രാഞ്ച്, വിജിലന്‍സ്, ലോക്കല്‍ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തും. തട്ടിപ്പില്‍ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാമെന്ന് നിയമോപദേശമുണ്ട്. മുന്‍ കായിക മന്ത്രി അബ്ദുറഹ്‌മാന്റെ വിദേശയാത്രയും അന്വേഷിക്കും.
നീറ്റ് പരീക്ഷകള്‍ കമ്പ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റ് രീതിയിലേക്ക് മാറ്റാന്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി വിപുലമായ തയ്യാറെടുപ്പുകള്‍ ആരംഭിച്ചു. രാജ്യത്തുടനീളം സുരക്ഷിതമായ പരീക്ഷാ കേന്ദ്രങ്ങള്‍ കണ്ടെത്തുന്നതിനായി ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എജ്യുക്കേഷന്റെ സഹായം തേടി. ചോദ്യപേപ്പര്‍ ചോര്‍ച്ച തടയുന്നതിനും കൂടുതല്‍ സുതാര്യമായി പരീക്ഷകള്‍ നടത്താനുമുള്ള സമഗ്ര പരിഷ്‌കാരങ്ങളുടെ ഭാഗമായാണ് നീറ്റ് പരീക്ഷ ഓണ്‍ലൈന്‍ കമ്പ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റ് രീതിയിലേക്ക് മാറ്റുന്നത്.
പ്രതിപക്ഷ ഉപനേതാവ് പദവിയില്‍ വിട്ട് വീഴ്ച ഇല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പ്രതിപക്ഷ ഉപ നേതാവ് പദവി ഒഴിച്ചിടുന്നു എന്ന വാര്‍ത്ത മാധ്യമങ്ങളില്‍ കണ്ടു. ഇത് സംബന്ധിച്ച് കൂടുതല്‍ അറിവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഐ – സിപിഐഎം ചര്‍ച്ച സംസ്ഥാന സെക്രട്ടറിമാര്‍ ദേശിയ സെക്രട്ടറിമാര്‍ തമ്മില്‍ ആകാമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ ഉപനേതാവ് പദവി തര്‍ക്കം മുന്നണി കെട്ടുറപ്പിനെ ബാധിക്കുന്നുണ്ടെന്ന് കേരളാ കോണ്‍ഗ്രസ്. തൊലിപ്പുറത്തെ ചികിത്സ കൊണ്ട് പ്രശ്നം പരിഹരിക്കാനാകില്ലെന്ന് ജോസ് കെ മാണി പ്രതികരിച്ചു. അതേസമയം പ്രശ്ന പരിഹാര ചര്‍ച്ചയാകാമെന്ന് പറയുന്ന ബിനോയ് വിശ്വം, ത്യാഗം ചെയ്യുന്നത് കൊണ്ടാണ് ഇടതുമുന്നണിയില്‍ സിപിഐ തുടരുന്നതെന്നും ഓര്‍മ്മിപ്പിച്ചു.
ഇന്നലെ നടന്ന എസ്എഫ്ഐയുടെ സെക്രട്ടേറിയേറ്റ് അതിക്രമത്തില്‍ ഒരു എസ്എഫ്ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. തിരുവനന്തപുരം എസ്എഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം മനേഷിനെയാണ് അറസ്റ്റു ചെയ്തത്.
എസ്എഫ്ഐ സമരത്തില്‍ പങ്കെടുത്തവരെ പൊലീസ് ലാത്തികൊണ്ടു പ്രധാന സ്ഥാനങ്ങളില്‍ നോക്കി മര്‍ദിച്ചെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. യുഡിഎഫ് സര്‍ക്കാര്‍ ആര്‍എസ്എസ് അനുകൂല നിലപാട് തുടരുന്നുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. വന്ദേമാതരത്തിന്റെ രണ്ടു ചരണം പാടിയാല്‍ മതിയെന്ന നിലപാടു മാറ്റി സര്‍വകലാശാലയില്‍ മുഴുവനായും പാടി. പൊലീസിനെ ഉപയോഗിച്ച് പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനാവില്ലെന്നും പിണറായി പറഞ്ഞു.
മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയില്‍ പരിശോധനക്കെത്തിയ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരെ അക്രമിച്ച കേസില്‍ 15 പ്രതികളുടെ വിരലടയാളം തിരിച്ചറിഞ്ഞു. ആക്രമിച്ച വാഹനം, ആക്രമിക്കാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ എന്നിവയില്‍ പ്രതികളുടെ വിരല്‍ അടയാളം കണ്ടെത്തിയിട്ടുണ്ട്.
ശബരിമലയില്‍ മൂവായിരം പേര്‍ക്ക് ഓണസദ്യ നല്‍കിയെന്നും ദേവസ്വം മന്ത്രി കെ മുരളീധരനെ ആരോ തെറ്റിദ്ധരിപ്പിച്ചതാകുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍. തിരുവോണ സദ്യ നല്‍കിയതില്‍ ഒരു വീഴ്ചയും ഉണ്ടായിട്ടില്ല. എല്ലാ മുന്നൊരുക്കങ്ങളും നടത്തിയതാണ്. ഓണസദ്യ നല്‍കാത്തതിനെക്കുറിച്ച് മന്ത്രി ദേവസ്വത്തോടു വിശദീകരണം തേടിയിരുന്നു.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിന് കൊല്ലം വിജിലന്‍സ് കോടതി ജാമ്യം അനുവദിച്ചു. ആരോഗ്യ പ്രശ്നങ്ങള്‍ പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്. ജൂലൈ 23 നാണ് പി എസ് പ്രശാന്തിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി ഉള്‍പ്പെടെ 46 ഏജന്‍സികളുടെ അക്രഡിറ്റേഷന്‍ കാലാവധി സര്‍ക്കാര്‍ നീട്ടി. ഓഗസ്റ്റ് ഒന്നു മുതല്‍ മുന്‍കാല പ്രാബല്യം നല്‍കിയാണ് കാലാവധി നീട്ടിയത്. ഊരാളുങ്കല്‍ ഉള്‍പ്പെടെ ആറ് സര്‍ക്കാര്‍ ഇതര ഏജന്‍സികള്‍ക്കാണ് പുതിയ ഉത്തരവുവരെ അക്രെഡിറ്റേഷന്‍ നീട്ടി നല്‍കിയത്.
എല്‍ഡിഎഫ് ഭരണകാലത്ത് കുന്നംകുളത്ത് പൊലീസ് മര്‍ദ്ദനത്തിനിരയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് വിഎസ് സുജിത്ത് നീതി വേണമെന്ന് കെപിസിസിയോട് തുറന്ന കത്തില്‍ ആവശ്യപ്പെട്ടു. വിവരാവകാശ നിയമ പ്രകാരം പൊലീസ് സ്റ്റേഷനിലെ മര്‍ദ്ദന ദൃശ്യങ്ങള്‍ ശേഖരിച്ച് ഒരു വര്‍ഷം തികയുമ്പോഴാണ് നീതി ലഭിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ച് സുജിത്ത് തുറന്ന കത്തെഴുതിയത്.
സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി. വൈകിട്ട് ഏഴ് മണിമുതല്‍ 12 മണി വരെയുള്ള സമയങ്ങളില്‍ 15 മിനിറ്റ് മുതല്‍ അരമണിക്കൂര്‍ വരെ വൈദ്യുതി തടസപ്പെട്ടേക്കും. 600 മുതല്‍ 700 മെഗാവാട്ടിന്റെ കുറവുണ്ടെന്ന് കെഎസ്ഇബി.
കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനയെ തള്ളി സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി. മതങ്ങള്‍ നിര്‍ഭാഗ്യവശാല്‍ സ്ത്രീ തുല്യത അംഗീകരിക്കുന്നതില്‍ വിമുഖത കാണിക്കുന്നുവെന്നും കാന്തപുരത്തിന്റെ പ്രതികരണം അതിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ക്ക് യാഥാസ്ഥിതിക കാഴ്ചപ്പാടാണുള്ളതെന്നും വ്യത്യസ്ത കാഴ്ചപ്പാട് സമൂഹത്തിനുണ്ടെന്നും മന്ത്രി ഷിബു ബേബി ജോണ്‍. യുക്തിപരമല്ലെന്ന് കാഴ്ചപ്പാടുളളവര്‍ എതിരെ പ്രതികരിക്കുമെന്നും മന്ത്രി പറഞ്ഞു.
അഷ്ടമി രോഹിണി ആഘോഷത്തിനൊരുങ്ങി ഗുരുവായൂര്‍ ക്ഷേത്രം. അഷ്ടമി രോഹിണി ദിവസമായ നാളെ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ നടക്കും. രാത്രി 8:30ന് സാംസ്‌കാരിക സമ്മേളനവും ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്ര കലാ പുരസ്‌കാര സമര്‍പ്പണവും ദേവസ്വം മന്ത്രി കെ മുരളീധരന്‍ ഉദ്ഘാടനം ചെയ്യും.
പഴയ സിപിഐ – യുഡിഎഫ് ബന്ധത്തിന്റെ സാധ്യത സംബന്ധിച്ച ചന്ദ്രികയിലെ ലേഖനം യുഡിഎഫിലേക്കുള്ള ക്ഷണമല്ലെന്നു മുസ്ലിം ലീഗ് നേതാവ് കെ എന്‍ എ ഖാദര്‍. സിപിഐയുമായി നേരത്തെ ഉണ്ടായിരുന്ന ബന്ധത്തിന്റെ നിരീക്ഷണത്തില്‍ നേരത്തെ എഴുതിയതാണെന്നും കെ എന്‍ എ ഖാദര്‍ പറഞ്ഞു.
സി.പി.എം. സംസ്ഥാന സമിതി അംഗവും എസ്.എഫ്.ഐ. മുന്‍ അഖിലേന്ത്യാ പ്രസിഡന്റുമായ വി.പി. സാനു വിവാഹിതനായി. മലപ്പുറം പെരിന്തല്‍മണ്ണ കട്ടുപ്പാറ മുഹമ്മദ് ഇഖ്ബാലിന്റെ മകള്‍ ഷെറിന്‍ ആണ് വധു.
അനധികൃതമായി പിടിച്ച മത്സ്യവുമായെത്തിയ ബോട്ട് അധികൃതര്‍ കസ്റ്റഡിയിലെടുത്തു. ഫിഷറീസ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ബേപ്പൂര്‍ ഹാര്‍ബറില്‍ നിന്നാണ് ബോട്ട് പിടികൂടിയത്. പവിഴം എന്ന പേരിലുള്ള ബോട്ടാണ് കഴിഞ്ഞ ദിവസം രാവിലെ ചെറുതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ അനേകം മത്സ്യങ്ങളുമായി എത്തിയത്.
പേരാവൂരില്‍ കല്യാണ വീട്ടിലെത്തിയവരെ അയല്‍വാസിയുടെ നേതൃത്വത്തില്‍ വെട്ടിയ സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പേരാവൂര്‍ സ്വദേശികളായ നിഖില്‍, സനില്‍, പ്രണവ് എന്നിവരാണ് പിടിയിലായത്.
ചെന്നൈയില്‍ ലോകോത്തര നിലവാരത്തിലുള്ള ‘തമിഴ്‌നാട് ഒളിമ്പിക് സിറ്റി’ നിര്‍മ്മിക്കുമെന്ന് മുഖ്യമന്ത്രി സി. ജോസഫ് വിജയ് നിയമസഭയില്‍ പ്രഖ്യാപിച്ചു. തമിഴ്‌നാട് സ്‌പോര്‍ട്‌സ് ഡെവലപ്‌മെന്റ് അതോറിറ്റിയുടെ മേല്‍നോട്ടത്തിലാണ് ഒളിമ്പിക് സിറ്റി യാഥാര്‍ത്ഥ്യമാക്കുക. ചെന്നൈയില്‍ പ്രത്യേക ‘മോട്ടോര്‍ സ്‌പോര്‍ട്‌സ് സിറ്റി’ സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
രാജസ്ഥാനിലും വിജയം കണ്ട് സിജെപി പ്രതിഷേധം. കുട്ടികള്‍ തൊഴുത്തിലിരുന്ന് പഠിക്കേണ്ടി വന്ന രാംപുര സ്‌കൂളില്‍ പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ 18 ലക്ഷം രൂപ രാജസ്ഥാന്‍ സര്‍ക്കാര്‍ അനുവദിച്ചു സ്‌കൂള്‍ ടീക് കരോ ക്യാമ്പയിനിന്റെ ഭാഗമായി സിജെപി പ്രതിനിധികള്‍ സ്‌കൂള്‍ സന്ദര്‍ശിച്ചിരുന്നു.
രാഹുല്‍ ഗാന്ധിയുടെ പൗരത്വം ചോദ്യം ചെയ്ത ഹര്‍ജി തള്ളി അലഹബാദ് ഹൈക്കോടതി. രാഹുല്‍ ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന ആരോപണം സാധൂകരിക്കുന്ന യാതൊരു തെളിവുകളും ഹാജരാക്കാന്‍ ഹര്‍ജിക്കാരന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.
വ്യാജ അമേരിക്കന്‍ പ്രതിരോധക്കരാറിന്റെ പേരിലുള്ള നിക്ഷേപത്തട്ടിപ്പിന് വി.പി.വി.വി. കമ്പനി മേധാവിമാര്‍ക്കെതിരേ ഡല്‍ഹി പോലീസെടുത്ത കേസ് ഒത്തുതീര്‍പ്പായി. അറസ്റ്റിലായിരുന്ന വി.പി.വി.വി. കമ്പനി ചെയര്‍മാന്‍ കൊല്ലം സ്വദേശി വെങ്കിട്ട വെങ്കിട്, ഡയറക്ടര്‍മാരായ ഡല്‍ഹി സ്വദേശി ഹിതേഷ് കുമാര്‍, മലയാളി രാഹുല്‍ രാജീവ് നായര്‍ എന്നിവര്‍ക്ക് ഡല്‍ഹി പട്യാല ഹൗസ് കോടതി ജാമ്യം നല്‍കി. ഒന്നര കോടി രൂപ തട്ടിച്ചെന്ന കേസ് രണ്ടുകോടി രൂപയ്ക്ക് ഒത്തുതീര്‍പ്പാക്കിയെന്ന് പരാതിക്കാരും കമ്പനി പ്രതിനിധികളും കോടതിയെ അറിയിച്ചു.
സേലം ഓമല്ലൂരില്‍ ഇഷ്ടിക വ്യാപാരി വി. ഭൂപതിയുടെ മൃതദേഹം കാറിനകത്ത് കണ്ടെത്തിയ സംഭവത്തില്‍ ഭാര്യ വെളഗൗണ്ടന്നൂര്‍ സ്വദേശി സുജിതശ്രീ (31) അറസ്റ്റിലായി. കവര്‍ച്ചക്കാരായ
മൂന്നുപേര്‍ ചേര്‍ന്ന് ഭൂപതിയെ കുത്തിക്കൊന്ന് 12 പവന്‍ സ്വര്‍ണം കവര്‍ന്നെന്നാണ് ഭാര്യ സുജിതശ്രീ ഓമല്ലൂര്‍ പോലീസിന് ആദ്യം മൊഴി നല്‍കിയിരുന്നത്. സുജിതശ്രീക്ക് മറ്റൊരാളുമായുള്ള അടുപ്പം ഭൂപതി ചോദ്യം ചെയ്തതിനാണു കൊലപാതകമെന്നു പോലീസ്.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ മഴക്കെടുതിയില്‍ മരണം 20 കടന്നു. പല സംസ്ഥാങ്ങളിലേയും താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. കനത്ത മഴയില്‍ ഉത്തര്‍പ്രദേശില്‍ പതിനാറായിരം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.
ഭര്‍ത്താവിന്റെ ജോലിസ്ഥലത്ത് ഭാര്യയെ കൊണ്ടുപോകേണ്ടതില്ലെന്ന് മദ്രാസ് ഹൈക്കോടതി. ഭാര്യയ്ക്ക് അവിഹിതബന്ധം ഉണ്ടെന്ന് ആരോപിച്ച് 67 കാരന്‍ നല്‍കിയ വിവാഹമോചന കേസില്‍ മുംബൈയിലെ ജോലി സ്ഥലത്തേക്ക് ഭാര്യയെ കൊണ്ടുപോകാതിരുന്ന ഭര്‍ത്താവ് ദാമ്പത്യജീവിതത്തിലെ കടമകള്‍ നിറവേറ്റാതെ തെറ്റു ചെയ്തെന്ന ശിവഗംഗ കുടുംബ കോടതിയുടെ ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. സൈനികര്‍ ബാരക്കില്‍ ഭാര്യയെ താമസിപ്പിക്കുന്നില്ലലോ എന്നു കോടതി ചോദിച്ചു.
ഇന്ത്യന്‍ സൈന്യം ബാലാകോട്ട് ആക്രമണത്തിനിടെ പാക്കിസ്ഥാന്‍ കസ്റ്റഡിയിലെടുത്ത വിംങ് കമാന്‍ഡറായിരുന്ന അഭിനന്ദന്‍ വര്‍ധമാന്‍ ഇനി സ്വകാര്യ വിമാനക്കമ്പനിയില്‍ പൈലറ്റാകും. വ്യോമസേനയില്‍നിന്ന് വിആര്‍എസ് എടുത്ത അഭിനന്ദന്‍ വര്‍ധമാന്‍ ഗോവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിമാനക്കമ്പനിയായ ‘ഫ്ലൈ 91’ല്‍ കൊമേഴ്സ്യല്‍ പൈലറ്റായി പ്രവേശിച്ചു.
ഐസ്‌ക്രീം വിപണിയില്‍ പുതിയൊരു ബ്രാന്‍ഡ് കൂടി അവതരിപ്പിച്ച് റിലയന്‍സ്. ‘ബോംബെ ക്രീമറി’ എന്ന പേരിലാണ് റിലയന്‍സ് കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ് ലിമിറ്റഡ് പുതിയ ഐസ്‌ക്രീം ബ്രാന്‍ഡ് അവതരിപ്പിക്കുന്നത്. 10 രൂപ മുതലാണ് വില.
ഇന്ത്യയും ഇറാനും തമ്മില്‍ വ്യാപാര കരാര്‍ ഉണ്ടെന്ന് കരുതുന്നില്ലെന്നും ഇറാനെ സഹായിച്ചാല്‍ കടുത്ത ഉപരോധം ഏര്‍പ്പെടുത്തുമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. കിര്‍ഗിസ്ഥാനില്‍ നടന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ചു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മോസ്‌കോയില്‍ ഓഗസ്റ്റ് 25 -ന് ഇറങ്ങിയ അമേരിക്കന്‍ സൈനിക വിമാനത്തില്‍ സിഐഎ മേധാവി ജോണ്‍ റാറ്റ്ക്ലിഫ് ആയിരുന്നുവെന്ന് പുതിയ വിവരം. റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്താന്‍ എത്തിയതായിരുന്നെന്നാണു റിപ്പോര്‍ട്ടുകള്‍. വിമാനം മോസ്‌കോയില്‍ എത്തിയെന്ന വിവരം റഷ്യയോ അമേരിക്കയോ സ്ഥിരീകരിച്ചിരുന്നില്ല. സന്ദര്‍ശനത്തിന്റേയും കൂടിക്കാഴ്ചയിലെ ചര്‍ച്ചാവിഷയങ്ങളെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
ഇറാനും അമേരിക്കയും തമ്മിലുള്ള സൈനിക ഏറ്റുമുട്ടല്‍ രൂക്ഷമാകുന്നു. പുലര്‍ച്ചെ കുവൈറ്റിനു നേരെ ഇറാന്‍ നടത്തിയ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങളെ കുവൈറ്റ് വ്യോമപ്രതിരോധ സേന വിജയകരമായി തടഞ്ഞു. അതേസമയം കുവൈറ്റിലുള്ള അമേരിക്കന്‍ പൗരന്മാര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് യുഎസ് എംബസി സുരക്ഷാ മുന്നറിയിപ്പ് നല്‍കി. മേഖലയില്‍ നിലവിലുള്ള സാഹചര്യം അപ്രതീക്ഷിതമായി കൂടുതല്‍ രൂക്ഷമാകാനുള്ള സാധ്യതയുണ്ടെന്നും എംബസി മുന്നറിയിപ്പില്‍ പറയുന്നു. എന്നാല്‍ ഇറാനെ ആക്രമിക്കാന്‍ സജ്ജമെന്നും ഇപ്പോഴത്തെ യുദ്ധം അധികകാലം നീണ്ടു നില്‍ക്കില്ലെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി.
കളിമതിയാക്കാന്‍ താന്‍ ഇപ്പോള്‍ ഉദ്ദേശിക്കുന്നില്ലെന്ന ശക്തമായ സൂചനകളുമായി 41-കാരനായ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. സൗദി ക്ലബ്ബ് അല്‍ നസ്റിന്റെ പരിശീലന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ‘കീപ് പുഷിങ്’ എന്ന അടിക്കുറിപ്പെഴുതിയാണ് റൊണാള്‍ഡോ തന്റെ നിലപാട് വ്യക്തമാക്കിയത്.
ഫ്രഞ്ച് ഫുട്‌ബോള്‍ താരം കിലിയന്‍ എംബാപ്പയെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ട പതിനെട്ടുകാരന്‍ ഫ്രാന്‍സില്‍ പിടിയിലായി. ഫ്രഞ്ച്-സ്വിസ് പൗരത്വമുള്ള ക്ലെമന്റ് എല്‍ ആണ് പോലീസ് വലയിലായത്. ജയിലില്‍ കിടന്നുകൊണ്ടാണ് എംബാപ്പയെ തട്ടിക്കൊണ്ടുപോകാനും മോചനദ്രവ്യം ആവശ്യപ്പെടാനുമുള്ള ഗൂഢാലോചന നടത്തിയത്.
അടുത്തവര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പിന് തൊട്ടുമുമ്പ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏകദിന പരമ്പര കളിക്കാന്‍ ബിസിസിഐ ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയുമായി ചര്‍ച്ച ആരംഭിച്ചു. 2027 ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ദക്ഷിണാഫ്രിക്ക, സിംബാബ്വെ, നമീബിയ എന്നിവിടങ്ങളിലായാണ് ലോകകപ്പ് നടക്കുന്നത്.
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്. രണ്ടുദിവസത്തിനിടെ 3600 രൂപ കുറഞ്ഞ സ്വര്‍ണവില ഇന്ന് തിരിച്ചുകയറി. പവന് ഒറ്റയടിക്ക് 2440 രൂപയാണ് വര്‍ധിച്ചത്. 1,13,920 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 305 രൂപയാണ് കൂടിയത്. 14,240 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. അതുപോലെ 18 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു ഗ്രാമിന് 250 രൂപ വര്‍ധിച്ച് ഇന്നത്തെ വിപണി വിലയായി 11,700 രൂപ കുറിച്ചു. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ക്ക് ഏറെ ഉപയോഗിക്കുന്ന 14 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു ഗ്രാമിന് 190 രൂപ കൂടി പുതുക്കിയ വില 9,110 രൂപയായി. 9 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു ഗ്രാമിന് 125 രൂപ കൂടി ഇന്നത്തെ വില 5,875 രൂപയായും രേഖപ്പെടുത്തി. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.
നിര്‍മിതബുദ്ധിയില്‍ എതിരാളികളെ ഞെട്ടിച്ച് ശക്തമായ മുന്നേറ്റം നടത്തി ഗൂഗിള്‍. കോഡിങ്ങില്‍ മിന്നുന്ന പ്രകടനവുമായി ജെമിനി 3.8 ഫ്‌ളാഷ് കമ്പനി പുറത്തിറക്കി. ക്ലോഡ് ഓപ്പസ് 5, ജിപിടി-5.6 സോള്‍ തുടങ്ങിയ നൂതന മോഡലുകളുമായി ജെമിനി 3.8 ഫ്‌ളാഷിന് മത്സരിക്കാനാകുമെന്നും വളരെ കുറഞ്ഞ ചെലവില്‍ ഇത് സാധ്യമാക്കുമെന്നും ഗൂഗിള്‍ പറയുന്നു. കോഡിങ്ങില്‍ എതിരാളികളായ ഓപ്പണ്‍എഐക്കും ആന്ത്രോപിക്കിനും അല്‍പ്പം പിന്നിലാണ് ഗൂഗിളെന്ന് സിഇഓ സുന്ദര്‍ പിച്ചൈ തന്നെ നേരത്തെ സമ്മതിച്ചിരുന്നു. ഈ വിടവ് നികത്തുന്നതാണ് ജെമിനി 3.8 ഫ്‌ളാഷ് എന്നാണ് വിലയിരുത്തപ്പെടുന്നത്. വെറും ആറ് ആഴ്ചയ്ക്കുള്ളിലെ മൂന്നാമത്തെ ഫ്‌ളാഷ് റിലീസ് ആണ് ഇതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇവ പ്രവര്‍ത്തിപ്പിക്കാനും ചെലവ് കുറവാണ്.
റിമ കല്ലിങ്കലിനെ നായികയാക്കി സജിന്‍ ബാബു രചനയും സംവിധാനവും നിര്‍വഹിച്ച ‘തിയേറ്റര്‍-ദ മിത്ത് ഓഫ് റിയാലിറ്റി’ക്ക് അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ പുരസ്‌കാരത്തിളക്കം. വിദേശത്തും രാജ്യത്തുമായി ഒരേസമയം നടന്ന രണ്ട് പ്രമുഖ മേളകളില്‍നിന്നായി നാല് സുപ്രധാന പുരസ്‌കാരങ്ങളാണ് ഈ മലയാളചിത്രം സ്വന്തമാക്കി. അന്തരിച്ച പ്രമുഖ ബംഗാളി സംവിധായകന്‍ ഋതുപര്‍ണ ഘോഷിന്റെ സ്മരണാര്‍ഥം കല്‍ക്കത്തയില്‍ സംഘടിപ്പിച്ച ഒന്‍പതാമത് ഋതുരംഗം ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഇന്ത്യന്‍ ചിത്രമായി ‘തിയേറ്റര്‍’ തിരഞ്ഞെടുക്കപ്പെട്ടു. ചിത്രത്തിലെ അഭിനയത്തിന് റിമ കല്ലിങ്കല്‍ മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയപ്പോള്‍, ശ്യാമപ്രകാശ് എം.എസ്. മികച്ച ഛായാഗ്രാഹകനുള്ള അവാര്‍ഡിനും അര്‍ഹനായി. റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ നടന്ന ബിഗ് സിറ്റി ലൈറ്റ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലെ മികച്ച സംവിധായകനുള്ള പുരസ്‌കാരം സജിന്‍ ബാബുവിനാണ്. കഴിഞ്ഞമാസം റഷ്യയില്‍ നടന്ന വെസ്റ്റേണ്‍ ഗേറ്റ് ഫിലിം ഫെസ്റ്റിവലിലും ചിത്രം പുരസ്‌കാരം നേടിയിരുന്നു.
ജി.വി. പ്രകാശ് കുമാറും കയാദു ലോഹാറും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന തമിഴ് ചിത്രം ‘ഇമ്മോര്‍ട്ടല്‍’ നാളെ തിയേറ്ററുകളില്‍ എത്തും. സെന്‍സര്‍ ബോര്‍ഡില്‍ നിന്ന് യു /എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തിന്റെ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. മാരിയപ്പന്‍ ചിന്ന രചനയും സംവിധാനവും നിര്‍വ്വഹിച്ച ഈ ഹൊറര്‍ ചിത്രത്തിന് സാം സി എസ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ടി എം കാര്‍ത്തിക്, കുമാര്‍ നടരാജന്‍, ലൊല്ലു സഭാ മാരന്‍, ആദിത്യ കതിര്‍, അര്‍ഷു മഹാരാജന്‍, പെമ സാംചോ, സുനിത ശ്രേഷ്ഠ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. എ കെ ഫിലിം ഫാക്ടറിയുടെ ബാനറില്‍ അരുണ്‍കുമാര്‍ ധനശേഖരന്‍ നിര്‍മ്മിക്കുന്ന ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത് ബ്ലൂം ഇന്റര്‍നാഷണലിന്റെ ബാനറില്‍ വേണു ഗോപാലകൃഷ്ണന്‍ ആണ്.
സിംപിള്‍ എനര്‍ജിയുടെ പുതിയ ഫാമിലി ഇലക്ട്രിക് സ്‌കൂട്ടറായ ‘സിംപിള്‍ വേവ്’ പുറത്തിറങ്ങി. 1,09,999 രൂപ മുതലാണ് പ്രാരംഭ വില. ബ്രാന്‍ഡിന്റെ ആദ്യത്തെ ഫാമിലി-ഓറിയന്റഡ് ഇലക്ട്രിക് സ്‌കൂട്ടറാണിത്. ആകെ മൂന്ന് വേരിയന്റുകളില്‍ എത്തുന്ന ഈ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഡെലിവറി ഈ മാസം 25ന് ആരംഭിക്കും. കുടുംബങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുയോജ്യമായ രീതിയില്‍ 920 എംഎം നീളമുള്ള വലിയ സീറ്റും വിശാലമായ ഫ്‌ളോര്‍ബോര്‍ഡുമുണ്ട്. സീറ്റിനടിയില്‍ 70 ലിറ്ററിന്റെ അതിവിശാല സ്റ്റോറേജ് കപ്പാസിറ്റിയാണുള്ളത്. 6.4 കിലോവാട്ട് മോട്ടോറാണ് സ്‌കൂട്ടറിന് കരുത്ത് പകരുന്നത്. പരമാവധി വേഗത മണിക്കൂറില്‍ 90 കിലോമീറ്ററാണ്. വേവ്, വേവ് പ്ലസ് വേരിയന്റുകളില്‍ പൂജ്യത്തില്‍ നിന്ന് 40 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ 3.3 സെക്കന്‍ഡ് മാത്രം മതിയാകും.
പഴകുന്തോറും വിലപിടിപ്പുള്ളതായിത്തീരുന്നതാണ് ഈ കൃതി പങ്കുവയ്ക്കുന്ന മിക്ക ഓര്‍മകളും. തീര്‍ത്തും വീട്ടമ്മയായ ഒരു എഴുത്തുകാരി ഏറെക്കുറെ തന്റെ വീട്ടു പരിസരത്തെത്തുന്ന മനുഷ്യരെയും തിരക്കുകളെയും സസ്യലതാദികളെയും സൂക്ഷ്മതയോടെ കേള്‍ക്കുകയും കാണുകയും ചെയ്യുന്ന മനുഷ്യ സ്നേഹത്തിന്റെ ഭംഗിയാണ് ഈ കൃതിയുടെ കാതല്‍. ഓര്‍മകള്‍ അമൂല്യനിധികളാണെന്നും കടന്നു പോയ ഓരോ മനുഷ്യരും നമ്മുടെ ജീവിതത്തിന്റെ ഭാഗമാണെന്നും ഈ നോവല്‍ നമ്മെ ഉണര്‍ത്തുന്നു. ‘ചക്കരക്കഞ്ഞി’. ജസീല ഇഹ്ലാം. കൈരളി ബുക്സ്. വില 285 രൂപ.
മെലാടോണിന്റെ ദീര്‍ഘകാല ഉപയോഗം ഹൃദയസ്തംഭനം മുതല്‍ മരണത്തിനുവരെ കാരണമായേക്കാമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്. സ്വാഭാവികമായ ഉറക്കത്തിന് പലരും സ്വയം വാങ്ങിക്കഴിക്കുന്ന ഇത്തരം മരുന്നുകളുടെ സുരക്ഷയേക്കുറിച്ചാണ് പഠനം വിശകലനം ചെയ്തത്. മെലാടോണിന്‍ പാരാസിമ്പതറ്റിക് സിസ്റ്റത്തെ ആക്റ്റിവേറ്റ് ചെയ്യും. ഇതുമൂലം ഹൃദയമിടിപ്പും രക്തസമ്മര്‍ദവും കുറയും. നേരത്തേ ഹൃദയസംബന്ധമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവരും രക്തസമ്മര്‍ദത്തിന് മരുന്നു കഴിക്കുന്നവരുമൊക്കെ വീണ്ടും മെലാടോണിന്‍ അനിയന്ത്രിതമായി എടുക്കുന്നതിലൂടെ ഹൃദയമിടിപ്പിന്റെ താളംതെറ്റാനും രക്തസമ്മര്‍ദം കുറയാനും കാരണമാകും. ഇത് ശ്രദ്ധിച്ചില്ലെങ്കില്‍ ഹൃദ്രോഗങ്ങളിലേക്കും ഹൃദയസ്തംഭനത്തിലേക്കും നയിക്കുകയും ചെയ്യും. ന്യൂയോര്‍ക്കിലെ ബ്രൂക്ലിനില്‍ നിന്നുള്ള ടഡചഥ ഡൗണ്‍സ്റ്റേറ്റ് ഹെല്‍ത്ത് സയന്‍സസ് യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഗവേഷകരാണ് പഠനത്തിനു പിന്നില്‍. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ ജേര്‍ണലില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പഠനത്തില്‍ പങ്കാളികളായവരെ രണ്ടുവിഭാഗമായി തിരിച്ചാണ് ഗവേഷണം നടത്തിയത്. ഒരുവര്‍ഷത്തിലേറെയായി മെലാടോണിന്‍ ഉപയോഗിക്കുന്നവരില്‍ മെലാടോണിന്‍ ഉപയോഗിക്കാത്തവരെ അപേക്ഷിച്ച് ഹൃദയസംബന്ധമായ തകരാറുകള്‍ക്കുള്ള സാധ്യത 90ശതമാനം കൂടുതലാണെന്നു കണ്ടെത്തിയത്. പൂര്‍ണ്ണമായും ഹൃദയം പ്രവര്‍ത്തനം നിര്‍ത്തുകയല്ല മറിച്ച് ശരീരത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ആവശ്യമായ ഓക്സിജന്‍ അടങ്ങിയ രക്തം പമ്പ് ചെയ്യാന്‍ ഹൃദയത്തിന് കഴിയാതെ വരികയാണ് ചെയ്യുന്നതെന്ന് ഗവേഷകര്‍ പറയുന്നു.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 94.42, പൗണ്ട് – 127.42, യൂറോ – 109.63, സ്വിസ് ഫ്രാങ്ക് – 116.72, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 67.74, ബഹറിന്‍ ദിനാര്‍ – 250.77, കുവൈത്ത് ദിനാര്‍ -305.60, ഒമാനി റിയാല്‍ – 245.58, സൗദി റിയാല്‍ – 24.99, യു.എ.ഇ ദിര്‍ഹം – 25.73, ഖത്തര്‍ റിയാല്‍ – 25.94, കനേഡിയന്‍ ഡോളര്‍ – 68.34.
