2023 ജനുവരി 20 വരെ വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് പിന്‍വലിച്ചത് 15,236 കോടി രൂപ. 2022ല്‍ വിദേശ നിക്ഷേപകര്‍ 1.124 ലക്ഷം കോടി രൂപ ഓഹരി വിപണിയില്‍ നിന്ന് പിന്‍വലിച്ചിരുന്നു. കഴിഞ്ഞ ഡിസംബറില്‍ 11,119 കോടി രൂപയുടെ അറ്റ നിക്ഷേപം നടന്ന സ്ഥാനത്താണിത്. ആഗോള തലത്തില്‍ പലിശ നിരക്ക് ഉയര്‍ന്നത്, വിലക്കയറ്റം, ക്രൂഡ് ഓയില്‍ വിലയിലെ ഏറ്റക്കുറച്ചില്‍, റഷ്യ-യുക്രെയ്ന്‍ യുദ്ധം തുടങ്ങിയവയൊക്കെ 2022ലെ വില്‍പ്പനയെ സ്വാധീനിച്ച ഘടകങ്ങളായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ വില്‍പ്പനയുടെ പ്രധാന കാരണം, കോവിഡ് നിയന്ത്രണങ്ങള്‍ അവസാനിപ്പിച്ച ചൈനീസ് വിപിണി വീണ്ടും തുറന്നതാണ്. യുഎസ് സമ്പദ് വ്യവസ്ഥ മാന്ദ്യത്തിലേക്ക് വീഴുമെന്ന ആശങ്കയാണ് മറ്റൊരു ഘടകം. നിലവില്‍ ഡോളര്‍ ഇന്‍ഡക്ട് ക്രമേണ കുറയുകയാണ്. സാധാരണ രീതിയില്‍ ഈ സമയം വിദേശ നിക്ഷേപകര്‍ ഇന്ത്യയിലേക്ക് എത്തേണ്ടതാണ്. എന്നാല്‍ ഇടിഞ്ഞു നില്‍ക്കുന്ന ചൈനീസ്, ഹോങ്കോംഗ്, സൗത്ത് കൊറിയ, തായ്ലന്‍ഡ് തുടങ്ങിയ വിപണികളാണ് നിക്ഷേപകര്‍ തെരഞ്ഞെടുത്തത്. ഇന്ത്യയെ കൂടാതെ ഇന്തോനേഷ്യന്‍ വിപണിയിലും വിദേശ നിക്ഷേപകര്‍ വില്‍പ്പനയിലാണ്. കൂടുതല്‍ വില്‍പ്പന ഐടി, ടെലികോം, ഫിനാന്‍സ് മേഖലകളിലാണ്. ഓഹരികള്‍ക്ക് പുറമെ ഈ മാസം 1286 കോടിയുടെ കടപ്പത്രങ്ങളും വിദേശ നിക്ഷേപകര്‍ വിറ്റു.