യാഗശാലയില്‍ രാക്ഷസക്കുരുതി
മിത്തുകള്‍ മുത്തുകള്‍ – 36
രാമായണക്കഥ
പുനരാഖ്യാനം:
ഫ്രാങ്കോ ലൂയിസ്
കോപിഷ്ഠനും ദുര്‍വാശിക്കാരനുമായ വിശ്വാമിത്ര മഹര്‍ഷി ഒരു ദിവസം അയോധ്യയിലെത്തി. കൊട്ടാരത്തില്‍ ദശരഥ മഹാരാജാവ് മഹര്‍ഷിക്ക് ഉജ്വല സ്വീകരണം നല്കി. അല്പസമയം വിശ്രമിച്ചശേഷം വിശ്വാമിത്രന്‍ ആഗമനോദ്ദേശ്യം വ്യക് തമാക്കി.
”വനത്തില്‍ രാക്ഷസന്മാര്‍ വന്ന് എന്റെ യാഗം മുടക്കുന്നു. യാഗം മുടക്കികളായ രാക്ഷസന്മാരെ വധിക്കണം. അങ്ങയുടെ മൂത്ത മകന്‍ രാമനെ എന്നോടൊപ്പം അയയ്ക്കുക. രാക്ഷസന്മാരെ കൊല്ലാന്‍ അവനെ ഏല്പിക്കണം.”
ദശരഥ മഹാരാജാവ് ഇതുകേട്ട് അമ്പരന്നുനിന്നു. വില്ലാളി വീരന്മാര്‍പോലും ഏറ്റുമുട്ടാന്‍ ഭയപ്പെടുന്ന രാക്ഷസന്മാരുമായി പൊരുതാന്‍ പതിനാറു വയസുള്ള മകന്‍ രാമനെ അയയ്ക്കണമെന്നോ? പറ്റില്ലെന്നു പറഞ്ഞാല്‍ വിശ്വാമിത്രന്‍ കോപിക്കും. ശാപവും ലഭിക്കും.
”രാമന്‍ ചെറിയൊരു ബാലനല്ലേ. രാക്ഷസന്മാരോട് യുദ്ധം ചെയ്യാന്‍ അവനു കഴിയില്ല. രാക്ഷസരുമായുള്ള യുദ്ധത്തിന് ഞാന്‍ എന്റെ മുഴുവന്‍ സൈന്യത്തേയും അയയ്ക്കാം’-ദശരഥന്‍ പറഞ്ഞു.
രാമനെ ഒഴിവാക്കാന്‍ ദശരഥന്‍ പറഞ്ഞ മുടന്തന്‍ ന്യായങ്ങളൊന്നും വിശ്വാമിത്രന്‍ ചെവിക്കൊണ്ടില്ല. രാമന്‍തന്നെ വേണം. മഹര്‍ഷി ശഠിച്ചു. ഇനിയും തര്‍ക്കിച്ചാല്‍ മഹര്‍ഷിയുടെ ശാപമേല്‍ക്കേണ്ടി വരുമെന്ന് രാജാവിനു ബോധ്യമായി. വിമ്മിട്ടത്തോടെ രാജാവ് സമ്മതം മൂളി.
യാഗം മുടക്കുന്ന രാക്ഷസന്മാരുമായുള്ള യുദ്ധത്തിനു തന്നെ നിയോഗിക്കുകയാണെന്ന് അറിഞ്ഞപ്പോള്‍ രാമന് ആഹ്ളാദമാണുണ്ടായത്. ബന്ധുക്കളും മിത്രങ്ങളുമെല്ലാം ദുഃഖിച്ചിരിക്കേ, രാമനും ലക്ഷ്മണനും വില്ലും ശരങ്ങളുമെല്ലാമെടുത്ത് വിശ്വാമിത്രനോടൊപ്പം വനത്തിലേക്കു യാത്രയായി.
യാത്രാമധ്യേ, സരയൂ നദീതീരത്തെത്തിയപ്പോള്‍ മഹര്‍ഷി ചിലര്‍ മന്ത്രങ്ങള്‍ രാമനെയും ലക്ഷ്മണനെയും പഠിപ്പിച്ചു. ‘ബല’, ‘അതിബല’ എന്നീ ദിവ്യമന്ത്രങ്ങളായിരുന്നു അവ. ഈ മന്ത്രങ്ങള്‍ പ്രയോഗിച്ചാല്‍, വിശപ്പും ദാഹവും ക്ഷീണവും തോന്നില്ല. മാത്രമല്ല, അതിശക്തരായിത്തീരും.
നദികടന്ന് അവര്‍ അതിഘോരമായ ദണ്ഡകാരണ്യ വനത്തിലെത്തി. അല്പദൂരം മുന്നോട്ടു നടന്നപ്പോഴേക്കും വിശ്വാമിത്രന്‍ രാമനോടു പറഞ്ഞു: ‘ഇവിടെയാണു താടക എന്ന രാക്ഷസിയുടെ ആവാസകേന്ദ്രം. ഏതു നിമിഷവും അവള്‍ യുദ്ധത്തി നായി നമുക്കു നേരെ ചീറിയടുക്കും. കരുതിയിരിക്കണം.”
”അങ്ങനെയാണോ? എന്നാല്‍, താടകയെ ഉടനേ ശരിപ്പെടുത്തണം”- രാമന്‍ വില്ലുകുലച്ചുകൊണ്ടു പറഞ്ഞു.
വില്ലൊച്ച കേട്ട് താടക കോപാക്രോശത്തോടെ ഗര്‍ജിച്ചു. ‘ആരവിടെ? എന്റെ കാട്ടില്‍വന്ന് വില്ലുകുലയ്ക്കാന്‍ ആര്‍ക്കാണിത്ര ധൈര്യം?’
ദിക്കുകളേഴും നടുങ്ങുന്ന അലറലുമായി അവള്‍ പാഞ്ഞടുത്തു. ദൂരെനിന്നുതന്നെ രാമ ലക്ഷ്മണന്മാരെയും വിശ്വാമിത്രനെയും കണ്ടപാടേ അവള്‍ കുറ്റന്‍ കല്ലു കള്‍ അവര്‍ക്കുനേരേ എറിയാന്‍ തുടങ്ങി. രാമനാകട്ടെ അമ്പെയ്ത് അവ യെല്ലാം ഭസ്മമാക്കി.
ഇതുകണ്ട താടക രാക്ഷസിക്ക് ഒരു കാര്യം മനസിലായി. ശത്രു അസാധാരണ കഴിവുള്ളയാളാണ്. ചിലപ്പോള്‍ ദിവ്യശക്തിയും കാണും. രാക്ഷസര്‍ക്കു രൂപം മാറ്റാനും അദൃശ്യരാകാനുമുള്ള കഴിവുണ്ട്. അവള്‍ അദൃശ്യയായി കല്ലേറ് തുടര്‍ന്നു.
രാക്ഷസി അദൃശ്യയായി യുദ്ധം ചെയ്യുന്നതിനാല്‍ രാമന്‍ ശബ്ദം മനസിലാക്കി കല്ലുകള്‍ക്കെതിരേ ശരപ്രയോഗം നടത്തി. ഇതിനിടെ രാമന്റെ അസ്ത്രമേറ്റ് അവളുടെ രണ്ടു കൈകളും അറ്റുപോയി. രാമനെയും ലക്ഷ്മണനെയും വകവരുത്താന്‍ അവള്‍ പാഞ്ഞടുത്തു. രാമനും ലക്ഷ്മണനും തൊടുത്ത ശരമേറ്റ് അവള്‍ പിടഞ്ഞുവീണു മരിച്ചു.
വിശ്വാമിത്രന് സന്തോഷമായി. അദ്ദേഹം അവര്‍ക്കു കുറേ അസ്ത്രങ്ങള്‍ സമ്മാനിച്ച് ചില മന്ത്രങ്ങള്‍ കൂടി പഠിപ്പിച്ചു. ആരെയും തോല്പിക്കാവുന്ന അസ്ത്രങ്ങളായിരുന്നു അവ.
അവര്‍ യാത്ര തുടര്‍ന്നു. ഒടുവില്‍ വിശ്വാമിത്രന്റെ ആശ്രമത്തിലെത്തി. പിറ്റേന്നു മഹര്‍ഷി യാഗം തുടങ്ങി. ആറു ദിവസം നീളുന്ന യാഗമാണ്. യാഗം മുടക്കാന്‍ വരുന്ന രാക്ഷസന്മാരെ നേരിടാന്‍ രാമലക്ഷ്മണന്മാര്‍ കരുതലോടെ കാവല്‍ നിന്നു.
ആദ്യത്തെ അഞ്ചുദിവസവും യാഗം മുടക്കാന്‍ ആരും വന്നില്ല. ആറാം ദിവസം പുലരും മുമ്പേ രാമ നും ലക്ഷ്മണനും കൂടുതല്‍ കരുതലോടെ നിന്നു.
‘യാഗം തീരുന്ന ദിവസമാണല്ലോ. രാക്ഷസന്മാര്‍ ഇന്നു തീര്‍ച്ചയായും വരും. ജാഗ്രത വേണം.’ രാമന്‍ ലക്ഷ്മണനെ ഓര്‍മിപ്പിച്ചു.
ആറാം ദിവസത്തെ യാഗം പുരോഗമിക്കുന്നതിനിടെ ആശ്രമപരിസരമാകെ ഇരുട്ടു വ്യാപിച്ചു. പ്രഭാതവെളിച്ചം മങ്ങി. യാഗാഗ് നിയിലേക്ക് രക്തത്തുള്ളികള്‍ വീഴുന്നു. രാമനും ലക്ഷ്മണനും മുകളിലേക്കു നോക്കി. യാഗം മുടക്കാന്‍ ഒരുസംഘം രാക്ഷസന്മാര്‍. ഭീമാകാരന്മാരായ രാക്ഷസശരീരംകൊണ്ടു സുര്യനെ മറച്ചതുമൂലമാണ് പ്രഭാതത്തിലും ഇരുള്‍ പരന്നതുപോലെയായത്.
വിശ്വാമിത്രന്‍ നല്കിയ അസ്ത്രങ്ങളെടുത്ത് രാമനും ലക്ഷ്മണനും പ്രയോഗിച്ചു. രാക്ഷസന്മാര്‍ തുരുതുരാ ചത്തുവീണു. രാക്ഷസ സംഘത്തിന്റെ തലവന്‍ മാരീചനായിരുന്നു. രാമന്റെ ശരമേറ്റ് മാരീച രാക്ഷസന്‍ കിലോമീറ്ററുകള്‍ അകലെയുള്ള കടലില്‍ ചെന്നുവീണു.
യാഗം പൂര്‍ത്തിയാക്കാന്‍ സഹായിച്ചതില്‍ രാമലക്ഷ്മണന്മാരോട് വിശ്വാമിത്രന്‍ വളരെ നന്ദിയും സന്തോഷവും പ്രകടിപ്പിച്ചു. യാഗംമുടക്കികളായ രാക്ഷസന്മാരെ വധിച്ച രാമനും ലക്ഷ്മണനും വിജയം ആഘോഷിച്ച് അയോധ്യയിലേക്കു മടങ്ങി.