പ്രമുഖ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് സ്ഥാപനമായ ഷവോമിയുടെ റോബോട്ട് വാക്വം ക്ലീനര്‍ എക്സ് 10 ജൂലൈ 15ന് ഇന്ത്യന്‍ വിപണിയിലെത്തും. 29,999 രൂപയാണ് വില വരുന്നത്. പുതിയ റോബോട്ട് ക്ലീനര്‍ എക്‌സ്10 സീരീസ് പെട്ടെന്ന് തന്നെ പൊടി ശേഖരിച്ച് ക്ലീന്‍ ചെയ്യാന്‍ കഴിയുന്ന തരത്തിലുള്ള സാങ്കേതികവിദ്യയോടെയാണ് വരുന്നത്. ഇതിനായി പ്രത്യേക കളക്ഷന്‍ ടബ് ഇതില്‍ ക്രമീകരിച്ചിട്ടുണ്ട്. ഉയര്‍ന്ന ശേഷിയുള്ള 2.5 ലിറ്റര്‍ ഡിസ്പോസിബിള്‍ ബാഗ് ആണ് മറ്റൊന്ന്. പൂര്‍ണമായ 60 ക്ലിനിങ്ങിനെ പിന്തുണയ്ക്കുന്നതാണ് ഇതിലെ കളക്ഷന്‍ ടബ്. ദിവസത്തില്‍ രണ്ടുതവണ വൃത്തിയാക്കാന്‍ പ്രോഗ്രാം ചെയ്തുവെച്ചാലും മാസത്തില്‍ ഒരിക്കല്‍ മാത്രം ബാഗിലെ പൊടി എടുത്തുകളഞ്ഞാല്‍ മതി. ഇത് ഉപഭോക്താക്കളുടെ സമയം ലാഭിക്കാന്‍ സഹായിക്കുന്നതാണ്. കൃത്യമായ ക്ലീനിംഗ് കവറേജിനായി വീടിന്റെ തറ കൃത്യമായി മാപ്പ് ചെയ്യാന്‍ കഴിയുന്ന തരത്തിലുള്ള എല്‍ഡിഎസ് ലേസര്‍ നാവിഗേഷന്‍ ആണ് മറ്റൊരു സവിശേഷത. പൊടിപടലങ്ങള്‍ വലിച്ചെടുക്കാന്‍ 4000പിഎ സക്ഷന്‍ പവര്‍ ഇതിന് ഉണ്ട്. ഇത് വിവിധ ഉപരിതലങ്ങളില്‍ നിന്ന് അഴുക്കും അവശിഷ്ടങ്ങളും ഫലപ്രദമായി നീക്കം ചെയ്യാന്‍ സഹായിക്കുന്നു. 5200 എംഎഎച്ച് ബാറ്ററി ഉപയോഗിച്ച് നാലുമണിക്കൂര്‍ നേരം വരെ നീണ്ടുനില്‍ക്കുന്ന ക്ലീനിംഗ് നടത്താന്‍ സാധിക്കും. ഉപയോക്താക്കള്‍ക്ക് ഷവോമി ഹോം ആപ്പ് വഴി ഇത് നിയന്ത്രിക്കാനാകും.