ഇന്ത്യയില്‍ റീട്ടെയില്‍ പണപ്പെരുപ്പം ജൂണില്‍ നാല് മാസത്തെ ഉയര്‍ന്ന നിരക്കായ 5.08 ശതമാനത്തില്‍ എത്തി. ഭക്ഷ്യവിലപ്പെരുപ്പം 8.7 ശതമാനത്തിലെത്തിയിട്ടും പണപ്പെരുപ്പം കഴിഞ്ഞ മാസം 12 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 4.75 ശതമാനത്തിലേക്ക് താഴ്ന്നിരുന്നു. ഭക്ഷ്യവിലപ്പെരുപ്പം 8 ശതമാനത്തിലധികം രേഖപ്പെടുത്തുന്ന തുടര്‍ച്ചയായ എട്ടാം മാസമാണ് ജൂണ്‍. പണപ്പെരുപ്പം അളക്കാന്‍ ഉപയോഗിക്കുന്ന ഉപഭോക്തൃ വില സൂചിക മുന്‍ മാസത്തെ അപേക്ഷിച്ച് 1.33 ശതമാനം ഉയര്‍ന്നു, ഭക്ഷ്യ പണപ്പെരുപ്പത്തില്‍ 3.17 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. പച്ചക്കറികളുടെയും പയറുവര്‍ഗങ്ങളുടെയും പണപ്പെരുപ്പം യഥാക്രമം 29.3 ശതമാനവും 16.1 ശതമാനവും ഉയര്‍ന്ന് ഇരട്ട അക്കത്തില്‍ എത്തി. ഉരുളക്കിഴങ്ങിന്റെ വിലയില്‍ ഉണ്ടായിരിക്കുന്ന പണപ്പെരുപ്പം ജൂണില്‍ 57.6 ശതമാനവും ഉള്ളി വിലയില്‍ പണപ്പെരുപ്പം 58.5 ശതമാനവും തക്കാളി വിലയില്‍ പണപ്പെരുപ്പം 26.4 ശതമാനവുമാണ്. പയറുവര്‍ഗ്ഗങ്ങളുടെ പണപ്പെരുപ്പം തുടര്‍ച്ചയായി 13 മാസമായി ഇരട്ട അക്കത്തില്‍ തുടരുകയാണ്, അതേസമയം പച്ചക്കറി വിലക്കയറ്റം തുടര്‍ച്ചയായ എട്ടാം മാസമാണ് ഇരട്ട അക്കത്തില്‍ തുടരുന്നത്. മെയ്-ജൂണ്‍ മാസങ്ങളിലെ ഉഷ്ണതരംഗങ്ങളുടെ ആഘാതം, പച്ചക്കറികള്‍ കൂടുതല്‍ കാലം സൂക്ഷിച്ചു വെക്കാന്‍ പറ്റാത്ത അവസ്ഥ, കഴിഞ്ഞ മാസം ഉത്സവ സീസണില്‍ ഉയര്‍ന്ന ഡിമാന്‍ഡ് എന്നിവയെല്ലാം വില ക്രമാതീതമായി ഉയരാനുളള കാരണങ്ങളാണ്. ഉയര്‍ന്ന പണപ്പെരുപ്പം റിസര്‍വ് ബാങ്കിനെ പലിശ നിരക്ക് നിലനിര്‍ത്താനുള്ള നിലവിലെ നിലപാടില്‍ നിന്ന് പിന്തിരിപ്പിക്കാന് സാധ്യതയില്ല. ജൂലൈ മാസത്തില്‍ അനുകൂലമായ മണ്‍സൂണ്‍ ഭക്ഷ്യ പണപ്പെരുപ്പം പിടിച്ചു നിര്‍ത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അനുകൂലമായ അടിസ്ഥാന ഘടകങ്ങള്‍ ജൂലൈ-ഓഗസ്റ്റ് മാസങ്ങളിലെ പണപ്പെരുപ്പത്തില്‍ കുറവ് ഉണ്ടാക്കിയേക്കും.
ജൂണില്‍ പണപ്പെരുപ്പം 5.08 ശതമാനത്തില്‍ എത്തി
