ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമിയുടെ പുതിയ ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഷവോമി 14 സിവിയുടെ അടിസ്ഥാനവില 39,999 രൂപയാണ്. കൂടുതല്‍ ഫീച്ചറുകള്‍ ഉള്ള മോഡലുകള്‍ക്ക് വില ഉയരും. ചൈനയില്‍ മാര്‍ച്ചില്‍ അവതരിപ്പിച്ച ഷവോമി സിവി 4 പ്രോയുടെ റീബാഡ്ജ്ഡ് വേര്‍ഷനാണിത്. സിനിമാറ്റിക് വിഷന്‍ എന്നതിന്റെ ചുരുക്കപ്പേരാണ് സിവി. ദൃശ്യങ്ങള്‍ കൂടുതല്‍ മിഴിവാര്‍ന്ന രൂപത്തില്‍ പകര്‍ത്താന്‍ കഴിയും എന്നതാണ് ഇതിന്റെ പ്രത്യേകത. സിനിമാറ്റിക് വിഷന്‍ ഫീച്ചറിന്റെ സഹായത്തോടെ ദൃശ്യങ്ങളുടെ കഥപറച്ചില്‍ വരെ സാധ്യമാക്കുന്ന തരത്തിലാണ് ഇതിലെ സാങ്കേതികവിദ്യ. 12ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള പ്രീമിയം ഫോണിന് 47,999 രൂപയാണ് വില വരിക. 8ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഇടത്തരം മോഡലിന് 42,999 രൂപ വേണം. 6.55 ഇഞ്ച് 1.5കെ അമോലെഡ് സ്‌ക്രീന്‍, 120ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ്, ക്വാല്‍ക്കം സ്നാപ്ഡ്രാഗണ്‍ 8എസ് ജെന്‍ ത്രീ ചിപ്പ്സെറ്റ് എന്നിവയാണ് മറ്റു പ്രത്യേകതകള്‍. ആന്‍ഡ്രോയിഡ് 14 ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണാണിത്. ലെയ്ക പിന്തുണയുള്ള ട്രിപ്പിള്‍ റിയര്‍ കാമറ യൂണിറ്റും ഒപ്പം ഡ്യുവല്‍ 32 മെഗാപിക്‌സല്‍ ഫ്രണ്ട് കാമറയുമാണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്.