ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. മദ്യ നയ കേസില്‍ ഇഡി ഇദ്ദേഹത്തിന്റെ വസതിയിലെത്തി ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഒരു മണിക്കൂര്‍ നേരം ഇഡി സംഘം കെജ്രിവാളിനെ ഇദ്ദേഹത്തിന്റെ വസതിയില്‍ വച്ച് ചോദ്യം ചെയ്തു. അറസ്റ്റ് രാഷ്ട്രീയ ഗൂഢാലോചനയെന്ന് വിമര്‍ശിച്ച ആം ആദ്മി പാര്‍ട്ടി, അറസ്റ്റ് ചെയ്ത് ജയിലിലടച്ചാലും അദ്ദേഹം മുഖ്യമന്ത്രിയായി തുടരുമെന്നും വ്യക്തമാക്കി. അതിനിടെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഡല്‍ഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജാമ്യാപേക്ഷയില്‍ അടിയന്തിരമായി കേസ് പരിഗണിക്കണമെന്ന എഎപി അഭിഭാഷകരുടെ ആവശ്യം സുപ്രീം കോടതി ഇന്നലെ തള്ളി. കേസ് ഇന്ന് പരിഗണിക്കാമെന്ന് സുപ്രീം കോടതി അറിയിച്ചു. അറസ്റ്റ് രേഖപ്പെടുത്തിയ ഇഡി സംഘം അരവിന്ദ് കെജ്രിവാളുമായി ഇഡി ഓഫീസിലേക്ക് പോയി.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിന്റെ പിന്നാലെ ഡല്‍ഹിയിലെ തെരുവുകള്‍ യുദ്ധസമാനം. ഡല്‍ഹി ക്ക് പുറത്തേക്കും, രാജ്യവ്യാപകമായി തന്നെയും പ്രതിഷേധം വ്യാപിക്കാന്‍ ആണ് പാര്‍ട്ടിയുടെ നീക്കം. വമ്പന്‍ പ്രതിഷേധം രാജ്യവ്യാപകമായി നടത്താനാണ് ഇന്ത്യ മുന്നണിയുടെ തീരുമാനമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ വ്യക്തമാക്കി.
അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റില്‍ രൂക്ഷമായി പ്രതികരിച്ച് പ്രതിപക്ഷ നേതാക്കള്‍. ഭീരുവായ ഏകാധിപതിക്ക് വേണ്ടത് നിര്‍ജ്ജീവമായ ജനാധിപത്യമെന്ന് രാഹുല്‍ ഗാന്ധി. സര്‍വ്വവും പിടിച്ചടക്കാന്‍ നോക്കുന്ന അസുര ശക്തി ഇപ്പോള്‍ മുഖ്യമന്ത്രിമാരെയും അറസ്റ്റ് ചെയ്യുന്നുവെന്നും ഇന്ത്യ അര്‍ഹമായ മറുപടി നല്‍കുമെന്നും രാഹുല്‍ പറഞ്ഞു. ബി ജെപിയുടെ പരാജയഭീതി വ്യക്തമായെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ. മോദിയും ബി ജെ പിയും പരാജയഭീതിയില്‍ പ്രതിപക്ഷവേട്ട നടത്തുകയാണെന്നും ജനരോഷം നേരിടാന്‍ ഒരുങ്ങിക്കോളൂവെന്നും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന ശേഷമുള്ള ഈ നടപടി രാജ്യത്തിന് തന്നെ നാണക്കേടാണെന്നും ഇന്ത്യയിലെ ജനങ്ങള്‍ ഈ ഗൂഢാലോചനയെ എതിര്‍ത്ത് തോല്‍പ്പിക്കുമെന്നും സി പി എം അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ച ഘട്ടത്തില്‍ എതിര്‍ശബ്ദങ്ങളെ തുറുങ്കില്‍ അടയ്ക്കാനുള്ള ത്വരയുടെ ഭാഗമാണ് ഈ നടപടിയെന്നും ജനാധിപത്യ പ്രക്രിയയെ ഭയപ്പെടുന്നവരുടെ ഭീരുത്വമാണ് ഇതില്‍ തെളിയുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു.
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് ഇഡി വ്യക്തമാക്കി. ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്നും ഇഡി അറിയിച്ചിട്ടുണ്ട്. കെജ്രിവാള്‍ ചോദ്യം ചെയ്യലിനോട് സഹകരിച്ചില്ലെന്നും അതിനാലാണ് സമയം ആവശ്യപ്പെടാന്‍ നീങ്ങുന്നതെന്നും ഇഡി അറിയിച്ചു.
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിന് പിന്നാലെ കെജ്രിവാളിന്റെ രാജി ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തി. ദില്ലി മുഖ്യമന്ത്രിയോട് രാജിവെക്കാന്‍ ആവശ്യപ്പെടണമെന്ന് ദില്ലി ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് നല്‍കിയ കത്തില്‍ ബിജെപി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള കത്ത് ലഭിച്ചതിന് പിന്നാലെ ഗവര്‍ണര്‍ നിയമോപദേശവും തേടിയിട്ടുണ്ട്. ജയിലില്‍ അടച്ചാലും കെജ്രിവാള്‍ മുഖ്യമന്ത്രിയായി തുടരുമെന്നും ജയിലില്‍ കിടന്ന് രാജ്യ തലസ്ഥാനം ഭരിക്കുമെന്നുമാണ് ആംആദ്മിയുടെ നിലപാട്. എന്നാല്‍ ജയിലില്‍ കിടന്ന് ഭരിക്കാന്‍ അനുവദിക്കില്ലെന്ന് ബിജെപിയും വ്യക്തമാക്കി.