പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി ഉയര്‍ത്തുന്ന ഫംഗല്‍ അണുബാധകളുടെ മുന്‍ഗണനാ പട്ടിക പുറത്ത് വിട്ട് ലോകാരോഗ്യ സംഘടന. ക്രിട്ടിക്കല്‍, ഹൈ, മീഡിയം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് മുന്‍ഗണനാ പട്ടികയില്‍പ്പെട്ട ഫംഗല്‍ രോഗാണുക്കളെ തരംതരിച്ചിരിക്കുന്നത്. ഓരോ മുന്‍ഗണനാ വിഭാഗത്തിലും പൊതുജനാരോഗ്യത്തില്‍ ഫംഗല്‍ അണുബാധകള്‍ ഉണ്ടാക്കുന്ന സ്വാധീനവും അവ മരുന്നുകളോട് കൈവരിക്കുന്ന പ്രതിരോധശേഷിയും വിലയിരുത്തിയാണ് റാങ്ക് ചെയ്തിരിക്കുന്നത്. ഓസ്ട്രേലിയയിലെ സിഡ്നി സര്‍വകലാശാലയില്‍ നടന്ന ഗവേഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ‘ഫംഗല്‍ പ്രിയോറിറ്റി പാത്തജന്‍സ് ലിസ്റ്റ്’ എന്ന പട്ടിക തയ്യാറാക്കിയത്. ലോകമെമ്പാടും ആശുപത്രികളില്‍ രോഗപകര്‍ച്ചക്ക് കാരണമായിട്ടുള്ള കാന്ഡിഡ ഔറിസ്, ക്രിപ്റ്റോകോക്കസ് നിയോഫോര്‍മാന്‍സ്, ആസ്പെര്‍ഗിലസ് ഫ്യുമിഗേറ്റസ്, കാന്ഡിഡ ആല്‍ബിക്കന്‍സ് എന്നീ ഫംഗസുകള്‍ ക്രിട്ടിക്കല്‍ വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കാന്ഡിഡ കുടുംബത്തില്‍പ്പെട്ട മറ്റ് ചില ഫംഗസുകളും മ്യൂകോര്‍മൈകോസിസിന് കാരണാകുന്ന മ്യൂകോറേല്‍സ് ഫംഗസുമെല്ലാം ഹൈ വിഭാഗത്തിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. മീഡിയം വിഭാഗത്തില്‍ കോക്കിഡിയോഡെസ് എസ്പിപി, ക്രിപ്റ്റോകോക്കസ് ഗാറ്റി പോലുള്ള ഫംഗസുകളാണുള്ളത്. ഗുരുതര രോഗം ബാധിച്ച ആളുകള്‍ക്കും പ്രതിരോധശേഷിയെ ബാധിക്കുന്ന രോഗങ്ങളുള്ളവര്‍ക്കും ഫംഗല്‍ അണുബാധയ്ക്ക് സാധ്യത കൂടുതലാണ്. അര്‍ബുദം, എയ്ഡ്സ്, മാറാത്ത ശ്വാസകോശ രോഗങ്ങള്‍, ക്ഷയരോഗം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്കും അവയവമാറ്റശസ്ത്രക്രിയക്ക് വിധേയരായവര്‍ക്കും ഫംഗല്‍ അണുബാധയുണ്ടാകാം.
ഫംഗല്‍ അണുബാധകളുടെ മുന്‍ഗണനാ പട്ടിക പുറത്ത് വിട്ട് ലോകാരോഗ്യ സംഘടന
