ഹൃദയമിടിപ്പിന് ഏറ്റക്കുറച്ചിലും വ്യതിയാനവും സംഭവിക്കുന്ന അവസ്ഥയാണ് ഏട്രിയല്‍ ഫൈബ്രിലേഷന്‍. നിശബ്ദ കൊലയാളി എന്നാണ് ഈ അവസ്ഥയെ ആരോഗ്യവിദഗ്ധര്‍ വിശേഷിപ്പിക്കുന്നത്. ഇത് ഹൃദയത്തില്‍ രക്തം കട്ടപിടിക്കുന്നതിന് ഇടയാക്കാം. രോഗനിര്‍ണയം വൈകുന്നത് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള സങ്കീര്‍ണതകളിലേക്ക് നയിക്കാമെന്ന് വിദഗ്ധര്‍ പറയുന്നു. രാജ്യത്ത് ഏകദേശം 80 ലക്ഷത്തോളം ആളുകള്‍ ഏട്രിയല്‍ ഫൈബ്രിലേഷന്‍ എന്ന അവസ്ഥയുമായി ജീവിക്കുന്നുവെന്നാണ് ജിബിഡി കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഇതില്‍ ഭൂരിഭാഗം ആളുകള്‍ക്കും തങ്ങള്‍ക്ക് ഇത്തരം ഒരു അവസ്ഥയുണ്ടെന്ന് തിരിച്ചറിയാതെ പോകുന്നവെന്നതാണ് ആശങ്കയുണ്ടാക്കുന്ന മറ്റൊരു കാര്യം. ഇസിജി, ഹോള്‍ട്ടര്‍ മോണിറ്റര്‍ പരിശോധന തുടങ്ങിയവയിലൂടെ മാത്രമേ കണ്ടെത്താനാകൂ. അതിനാല്‍ തന്നെ പലപ്പോഴും ഏട്രിയല്‍ ഫൈബ്രിലേഷന്‍ തിരിച്ചറിയപ്പെടാതെ പോവുകയും ഗുരുതരാവസ്ഥയിലെത്തുമ്പോള്‍ മാത്രം രോഗസ്ഥിരീകരണം നടത്തുകയും ചെയ്യാറുണ്ട്. അമിതവേഗത്തിലുള്ള ഹൃദയമിടിപ്പ്, നെഞ്ചുവേദന, ക്ഷീണം, വ്യായാമം ചെയ്യാന്‍ കഴിയാതിരിക്കുക, ശ്വാസതടസ്സം, തളര്‍ച്ച എന്നിവയാണ് ലക്ഷണങ്ങള്‍. ചിലരില്‍ ഏതാനും മിനിറ്റുകള്‍ മുതല്‍ മണിക്കൂറുകള്‍ വരെ ലക്ഷണങ്ങളുണ്ടാകാം.
എന്താണ് ഏട്രിയല്‍ ഫൈബ്രിലേഷന്‍?
