ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനത്തു നിന്ന് പി ജയരാജനെ പുറത്താക്കണമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് ബൽറാം ആവശ്യപ്പെട്ടു. അരിയിൽ ഷുക്കൂർ എന്ന ചെറുപ്പക്കാരനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ വിചാരണ നേരിടുന്ന ജയരാജന് ആ പദവിയിലിരിക്കാൻ അർഹതയില്ലെന്ന് ബൽറാം ഫേസ്ബുക്കിൽ കുറിച്ചു. അരിയിൽ ഷുക്കൂർ എന്ന ചെറുപ്പക്കാരനെ ആസൂത്രിതമായി ഗൂഢാലോചന നടത്തി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ സിപിഎം എന്ന ഭീകര സംഘടനയിലെ പി. ജയരാജൻ, ടി വി രാജേഷ് എന്നീ രണ്ട് പ്രധാന നേതാക്കൾ വിചാരണ നേരിടാൻ പോവുന്നു. ഇവരിലൊരാളാണ് മഹാത്മാഗാന്ധിയുടെ അഹിംസാ സിദ്ധാന്തവുമായി ഏറെ ബന്ധപ്പെട്ട ഖാദിയുടെ പ്രചരണത്തിനായുള്ള സർക്കാർ സംവിധാനത്തിന്റെ തലപ്പത്തിരിക്കുന്നത് എന്നതാണ് ഏറ്റവും വലിയ വൈരുദ്ധ്യമെന്നും ബൽറാമിൻ്റെ പോസ്റ്റിലുണ്ട്.