വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന്റെ ഭാഗമായി തീരശോഷണത്തെക്കുറിച്ചു പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. തുറമുഖ നിര്‍മാണം നിര്‍ത്തിവയ്ക്കാനാവില്ല. ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ മല്‍സ്യത്തൊഴിലാളി സമരം പരിഹരിക്കണമെന്ന് സിപിഎം നേതാവ് മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. മത്സ്യ തൊഴിലാളികളെ ചിലര്‍ തെറ്റിദ്ധരിപ്പിച്ചെന്നാണു മുഖ്യമന്ത്രി പ്രതികരിച്ചത്. മല്‍സ്യത്തൊഴിലാളികള്‍ ഇന്നും തുറമുഖത്തെത്തി സമരം നടത്തി.
പേവിഷ ബാധയേറ്റ് ഈവര്‍ഷം 20 പേര്‍ മരിച്ചെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് നിയമസഭയില്‍. കുത്തിവയ്പ്പ് എടുത്തിട്ടും മരിച്ചതു ഗുരുതരമായിത്തന്നെ കാണുന്നു. എന്നാല്‍ പേവിഷ ബാധയേല്‍ക്കാല്‍ കൂടുതല്‍ സാധ്യതയുള്ള ഭാഗങ്ങളില്‍ മുറിവേറ്റവരാണ് അങ്ങനെ മരിച്ച അഞ്ചു പേര്‍. 15 പേര്‍ വാക്‌സീന്‍ എടുത്തിരുന്നില്ല. ഒരു വര്‍ഷത്തിനിടക്ക് ഒരു ലക്ഷത്തിലേറെ പേര്‍ക്ക് നായകളുടെ കടിയേറ്റെന്നും വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നും പി.കെ. ബഷീര്‍ ആവശ്യപ്പെട്ടു.
ഇടുക്കിയിലും വയനാട്ടിലും ഹൈആള്‍ട്ടിറ്റ്യൂഡ് റെസ്‌ക്യു ഹബ് തുടങ്ങുമെന്ന് റവന്യുമന്ത്രി കെ. രാജന്‍ നിയമസഭയില്‍. ഉരുള്‍പൊട്ടലിന് ഒരു സാധ്യതയും ഇല്ലാത്ത സ്ഥലത്താണ് അപകടമുണ്ടായത്. കാലാവസ്ഥാ പ്രവചനത്തിന് കൂടുതല്‍ ഡോപ്ലാര്‍ റഡാറുകള്‍ കേന്ദ്രസര്‍ക്കാരിനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. പ്രകൃതിക്ഷോഭം നേരിടാന്‍ സംസ്ഥാനത്ത് ഫലപ്രദമായ നടപടികളില്ലെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ആരോപണത്തോടു പ്രതികരിക്കുകയായിരുന്നു മന്ത്രി.
ശക്തമായ മഴ. എറണാകുളം നഗരം വെള്ളത്തില്‍ മുങ്ങി. റോഡ്, റെയില്‍ ഗതാഗതം സ്തംഭിച്ചു. ആറു ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും മറ്റിടങ്ങളില്‍ യെല്ലോ അലര്‍ട്ടും. ഉരുള്‍പൊട്ടല്‍ സാധ്യത നിലനില്‍ക്കുന്നതിനാല്‍ മലയോര മേഖലയിലേക്കുള്ള യാത്രയും കേരള തീരത്ത് മത്സ്യബന്ധനം വിലക്കി. കേരളത്തിന് സമീപത്തും ബംഗാള്‍ ഉള്‍ക്കടലിലും നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയാണ് മഴ ശക്തമാകാന്‍ കാരണം.
കനത്ത മഴയില്‍ എറണാകുളം വെള്ളത്തിനടിയിലായതോടെ റെയില്‍വേ സിംഗ്‌നലുകളുടെ പ്രവര്‍ത്തനം തകരാറില്‍. എറണാകുളം ടൗണ്‍, എറണാകുളം ജംഗ്ഷന്‍ സ്റ്റേഷനുകളില്‍ സിഗ്‌നലുകള്‍ പ്രവര്‍ത്തിക്കാതായതോടെ മിക്ക ട്രെയിനുകളും വൈകിയാണ് ഓടുന്നത്. ദീര്‍ഘദൂര ട്രെയിനുകളുംം വൈകി.
ലോകായുക്ത ബില്‍ നിയമസഭയില്‍. സഭ അധികാരപ്പെടുത്താതെ പുതിയ ഭേദഗതി ചേര്‍ത്തത് ചട്ട വിരുദ്ധമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. എന്നാല്‍ ബില്ലില്‍ സബ്ജക്ട് കമ്മിറ്റിക്കു മാറ്റം വരുത്താമെന്നു പി രാജീവ് നിയമ മന്ത്രി പറഞ്ഞു. മന്ത്രിമാര്‍ക്ക് എതിരായ ലോകായുക്ത വിധി മുഖ്യമന്ത്രിക്കും എം എല്‍ എമാര്‍ക്ക് എതിരായ വിധി സ്പീക്കര്‍ക്കും പരിശോധിക്കാം. പ്രതിപക്ഷത്തിന്റെ വിയോജിപ്പോടെ ബില്‍ പാസാകും. നിയമസഭാ പാസാക്കിയശേഷം ഗവര്‍ണര്‍ ഒപ്പുവയ്ക്കണം.
ചോദ്യങ്ങള്‍ക്കു വ്യക്തമായ മറുപടി നല്‍കാത്തതിന് ആരോഗ്യമന്ത്രി വീണ ജോര്‍ജിന് സ്പീക്കര്‍ എംബി രാജേഷിന്റെ താക്കീത്. അവ്യക്തമായ മറുപടികള്‍ ആവര്‍ത്തിച്ച് നല്‍കരുതെന്ന് സ്പീക്കര്‍ നിര്‍ദേശിച്ചു. പി പി ഇകിറ്റ് അഴിമതി സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മന്ത്രി ഒരേ മറുപടി നല്‍കിയതിനെതിരേയാണു വിമര്‍ശനം.
കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കു ശമ്പളം നല്‍കാന്‍ 103 കോടി രൂപ അടിയന്തരമായി നല്‍കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കി. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളവും ഫെസ്റ്റിവല്‍ അലവന്‍സും നല്‍കാന്‍ 103 കോടി രൂപ നല്‍കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെയാണ് അപ്പീല്‍.
കോണ്‍ഗ്രസ് മതേതരത്വം പ്രസംഗിക്കുന്ന ഏക സംസ്ഥാനം കേരളമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മറ്റിടത്തെല്ലാം കോണ്‍ഗ്രസിന് മൃദു ഹിന്ദുത്വ സമീപനമാണ്. കൂടുതല്‍ പേര്‍ കോണ്‍ഗ്രസില്‍നിന്നു പുറത്തുപോകും. മതനിരപേക്ഷ ഉള്ളടക്കത്തോടെ വരുന്ന ആരെയും സ്വീകരിക്കുമെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.
മണ്ണുത്തി-ഇടപ്പള്ളി പാതയില്‍ അറ്റകുറ്റപണികള്‍ക്കുള്ള കരാര്‍ ഇ കെ കെ ഗ്രൂപ്പിന്. നിലവിലെ കരാറുകാരായ ഗുരുവായൂര്‍ ഇന്‍ഫ്രാസട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് റോഡിലെ കുഴികള്‍ അടയ്ക്കാതിരുന്നതിനാലാണ് മറ്റൊരു കമ്പനിക്കു കരാര്‍ നല്‍കിയത്. നിലവിലുള്ള കരാര്‍ കമ്പനിയില്‍നിന്ന് പിഴ ഈടാക്കിയാണു പുതിയ കമ്പനിക്കുള്ള കരാര്‍തുക നല്‍കുക.
വാളയാര്‍ സഹോദരിമാരുടെ ദുരൂഹമരണക്കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ പാലക്കാട് പോക്‌സോ കോടതിയുടെ പരിഗണനയില്‍. ഒന്നാംപ്രതി പാമ്പാംപള്ളം കല്ലംകാട് വി. മധു, ഇടുക്കി രാജാക്കാട് മാലുതൈക്കല്‍ വീട്ടില്‍ ഷിബു എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി പരിഗണിക്കുന്നത്.