നമ്മുടെ ശരീരത്തില്‍ ഒരേ സമയം ഹോര്‍മോണ്‍ ആയും പോഷകമായും പ്രവര്‍ത്തിക്കുന്ന ഒന്നാണ് വിറ്റാമിന്‍ ഡി. ഇത് കൊഴുപ്പിനെ അലിയിക്കുന്നു. കാത്സ്യത്തിന്റെയും ഫോസ്ഫേറ്റിന്റെയും തോത് നിയന്ത്രിക്കാനും എല്ലുകളുടെയും പല്ലുകളുടെയും പ്രതിരോധ ശേഷിക്കും തലച്ചോറിന്റെ പ്രവര്‍ത്തനത്തിനും വളരെ ആവശ്യമായ ഒന്നാണ് വിറ്റാമിന്‍ ഡി. വിട്ടുമാറാത്ത ക്ഷീണം, തളര്‍ച്ച, ഉറക്കമില്ലായ്മ, വിഷാദം, ഉത്കണ്ഠ, മുടികൊഴിച്ചില്‍, എല്ലുകള്‍ക്കും പേശികള്‍ക്കും വേദന, വിശപ്പില്ലായ്മ, ഇടയ്ക്കിടെ പനിയും ജലദോഷം തുടങ്ങിയവയാണ് വിറ്റാമിന്‍ ഡിയുടെ അഭാവം മൂലമുണ്ടാകുന്ന ലക്ഷണങ്ങള്‍. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, അര്‍ബുദം, മള്‍ട്ടിപ്പിള്‍ സ്കളീറോസിസ് എന്നിങ്ങനെയുള്ള ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങളും വിറ്റമിന്‍ ഡിയുടെ അഭാവവുമായി ബന്ധമുണ്ട്. സൂര്യപ്രകാശമാണ് വിറ്റാമിന്‍ ഡിയുടെ പ്രധാന ഉറവിടം. കൂടാതെ ചില ഭക്ഷണങ്ങളിലും വിറ്റാമിന്‍ ഡി അടങ്ങിയിട്ടുണ്ട്. മത്തി, സാല്‍മണ്‍ പോലുള്ള എണ്ണമയമുള്ള മീനുകള്‍, റെഡ് മീറ്റ്, കരള്‍, മുട്ടയുടെ മഞ്ഞക്കരു, ഫോര്‍ട്ടിഫൈ ചെയ്യപ്പെട്ട ഭക്ഷണവിഭവങ്ങള്‍ എന്നിവയില്‍ വൈറ്റമിന്‍ ഡി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഭക്ഷണത്തില്‍ നിന്ന് ആവശ്യത്തിന് വൈറ്റമിന്‍ ഡി ലഭിക്കാത്തവര്‍ക്ക് സപ്ലിമെന്റുകളെയും ആശ്രയിക്കാം. വിറ്റാമിന്‍ ഡിയുടെ അളവ് നിങ്ങളുടെ പ്രായത്തെയും വിറ്റാമിന്‍ ഡി കുറവിനുള്ള സാധ്യതയെയും ആശ്രയിച്ചിരിക്കുന്നു. കുട്ടികളിലും മുതിര്‍ന്നവരിലും പ്രതിദിനം ഏകദേശം 600 ഐയു വിറ്റാമിന്‍ ഡി ആവശ്യമാണ്. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്നവര്‍ക്കും ഈ അളവ് ബാധകമാണ്. ഒരു വയസിന് താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് പ്രതിദിനം 400 ഐയു വിറ്റാമിന്‍ ഡി യും 70 വയസിനു മുകളിലുള്ള മുതിര്‍ന്നവര്‍ക്ക് പ്രതിദിനം 800 ഐയു വിറ്റാമിന്‍ ഡിയും ആവശ്യമാണ്. ഡോക്ടര്‍മാരുടെ നിര്‍ദേശമില്ലാതെ സപ്ലിമെന്റ്സ് കഴിക്കരുത്.
വിറ്റാമിന്‍ ഡിയുടെ അളവ് പ്രായത്തെ ആശ്രയിച്ചിരിക്കും
