ഒക്ടോബര്‍ 30 ന് നടക്കുന്ന ജപ്പാന്‍ മൊബിലിറ്റി ഷോയ്ക്ക് മുന്നോടിയായി പ്രമുഖ വാഹന നിര്‍മ്മാതാക്കളായ സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്‍ വിഷന്‍- ഇ- സ്‌കൈ ഇലക്ട്രിക് കാര്‍ കണ്‍സെപ്റ്റ് പുറത്തുവിട്ടു. താങ്ങാനാവുന്നതും ഒതുക്കമുള്ളതുമായ ഭാവി ഇലക്ട്രിക് വാഹനത്തെക്കുറിച്ചുള്ള കമ്പനിയുടെ കാഴ്ചപ്പാട് വെളിവാക്കുന്നതാണ് പുതിയ ഇലക്ട്രിക് കാറിന്റെ ചിത്രം. ഈ പ്ലാറ്റ്‌ഫോം അടുത്ത തലമുറ വാഗണ്‍-ആര്‍ ഇവിയാണോ എന്ന തരത്തില്‍ ചര്‍ച്ചകള്‍ കൊഴുക്കുന്നുണ്ട്. ടോള്‍ ബോയ്, ബോക്‌സി ഡിസൈനിലെത്തുന്ന സുസുക്കി വിഷന്‍ ഇ-സ്‌കൈ ഇലക്ട്രിക് കാറിന് വാഗണ്‍ ആറുമായി സാമ്യം ഏറെയാണ്. ജപ്പാനില്‍ സുസുക്കി വില്‍ക്കുന്ന പെട്രോള്‍ വാഗണ്‍ ആറിനോട് സമാനമായ രൂപമാണ് സുസുക്കി വിഷന്‍ ഇ-സ്‌കൈ കണ്‍സെപ്റ്റിനുള്ളത്. 3,395എംഎം നീളവും 1,475എംഎം വീതിയും 1,625 എംഎം ഉയരവുമുള്ള വാഹനമാണ് വിഷന്‍ ഇ-സ്‌കൈ. ഈ അളവുകളും ജപ്പാനിലെ വാഗണ്‍ ആറുമായി ചേര്‍ന്നു പോവുന്നതാണ്. വലിയ ടച്ച്‌സ്‌ക്രീനും ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റവും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും പ്രതീക്ഷിക്കാം. ഏതാണ്ട് 12 ഇഞ്ചിനോട് അടുത്ത വലിപ്പമുള്ളവയായിരിക്കും ഇവയെല്ലാം.
