കാര്‍ത്തി നായകനാകുന്ന പുതിയ സിനിമയാണ് ‘സര്‍ദാര്‍’. പിഎസ് മിത്രന്‍ സംവിധാനം ചെയ്ത ‘സര്‍ദാര്‍’ ദീപാവലി റിലീസായി ഒക്ടോബര്‍ 28ന് പ്രദര്‍ശനത്തിനെത്തും. റാഷി ഖന്ന, രജീഷ വിജയന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജി വി പ്രകാശ് കുമാറാണ്. കാര്‍ത്തി ആലപിച്ച ‘യെരുമയിലേരി’ എന്ന് പേരിട്ടിരിക്കുന്ന ഒരു തനി ഗ്രാമീണ നാടോടി ഗാനം ചിത്രത്തിലേതായി പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. കാര്‍ത്തിയുടെ കരിയറിലെ ഏറ്റവും മുതല്‍മുടക്കിലുള്ള ചിത്രമായിരിക്കും ഇത്. ടീസര്‍ റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ആറ് മില്യണ്‍ പേരാണ് ടീസര്‍ യൂട്യൂബില്‍ കണ്ടത്. ഒരു സ്‌പൈ ആയിട്ടാണ് കാര്‍ത്തി ചിത്രത്തില്‍ അഭിനയിക്കുന്നത്. കാര്‍ത്തിയെ കൂടാതെ ചുങ്കെ പാണ്ഡെ, ലൈല, യൂകി സേതു, ദിനേശ് പ്രഭാകര്‍, മുനിഷ് കാന്ത്, യോഗ് ജേപ്പീ, മൊഹമ്മദ്അലി ബൈഗ്, ഇളവരശ്, മാസ്റ്റര്‍ ഋത്വിക്, അവിനാഷ്, ബാലാജി ശക്തിവേല്‍, ആതിരാ പാണ്ടിലക്ഷ്മി, സഹനാ വാസുദേവന്‍, മുരളി ശര്‍മ്മ, എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍.
ബോളിവുഡില്‍ അഭിനേതാവായി അരങ്ങേറാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍. ഹുമ ഖുറേഷിയെയും സൊനാക്ഷി സിന്‍ഹയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സത്‌റാം രമണി സംവിധാനം ചെയ്യുന്ന ഡബിള്‍ എക്‌സ്എല്‍ എന്ന ചിത്രത്തിലൂടെയാണ് ധവാന്റെ സിനിമാ അരങ്ങേറ്റം. കോമഡി ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം ഉയര്‍ന്ന ശരീരഭാരമുള്ള രണ്ട് സ്ത്രീകളുടെ ജീവിതയാത്രയാണ് ആവിഷ്‌കരിക്കുന്നത്. ശിഖര്‍ ധവാന്‍ ഉള്‍പ്പെടുന്ന, ചിത്രത്തിലെ ഒരു സ്റ്റില്‍ പുറത്തെത്തി. ഹുമ ഖുറേഷിക്കൊപ്പം നൃത്തം ചെയ്യുന്ന ധവാന്‍ ആണ് ചിത്രത്തില്‍. ഈ ചിത്രത്തിന്റെ കഥ സമൂഹത്തിന് ഒരു വലിയ സന്ദേശമാണ് നല്‍കുന്നതെന്നും അനേകം ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ചിത്രം സ്വാധീനിക്കുമെന്നാണ് താന്‍ കരുതുന്നതെന്നും അഭിനേതാവ് എന്ന നിലയില്‍ അരങ്ങേറാനുള്ള തീരുമാനത്തെക്കുറിച്ച് ശിഖര്‍ ധവാന്‍ പറഞ്ഞു. സഹീര്‍ ഇഖ്ബാലും മഹാത് രാഘവേന്ദ്രയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രം നവംബര്‍ 4 ന് നെറ്റ്ഫ്‌ലിക്‌സിലൂടെയാണ് എത്തുക.
ഒരു പുതിയ അപ്‌ഡേഷനുമായി വീണ്ടും എത്തിയിരിക്കുകയാണ് വാട്ട്‌സാപ്പ്. ഇക്കുറി ഒരു ഗ്രൂപ്പില്‍ 1024 പേരെ ചേര്‍ക്കാന്‍ കഴിയുന്ന അപ്‌ഡേഷനാണ് വാട്ട്‌സാപ്പ് പരീക്ഷിക്കുന്നത്. വാട്ട്‌സാപ്പ് ബീറ്റ ഉപയോക്താക്കള്‍ക്ക് ഈ അപ്‌ഡേറ്റ് ലഭ്യമാണ്. നിലവില്‍ 512 പേരെ വരെയാണ് ഒരു വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ ആഡ് ചെയ്യാനാകുക. ബീറ്റ ഉപയോക്താക്കള്‍ പങ്കിട്ട സ്‌ക്രീന്‍ഷോട്ട് അനുസരിച്ച് ഗ്രൂപ്പ് ഓപ്പണ്‍ ചെയ്യുമ്പോള്‍ ആഡ് കോണ്‍ടാക്ട് എന്ന ഓപ്ഷന് അരികിലായി ‘1024-ല്‍ 1’ എന്ന രീതിയില്‍ കോണ്‍ടാക്ടുകള് കാണാന്‍ കഴിയും. വാട്ട്‌സാപ്പ് ബീറ്റ ഉപയോക്താക്കള്‍ക്കാണ് നിലവില്‍ പ്രീമിയം ലഭ്യമായിട്ടുള്ളത്. സേവനം ഇതുവരെ ഒഫീഷ്യലി ആരംഭിച്ചിട്ടില്ല. പരീക്ഷണാടിസ്ഥാനത്തിലാണ് ബീറ്റ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കിയിരിക്കുന്നത്. ബീറ്റ ഉപയോക്താക്കള്‍ക്ക് മാത്രമേ എല്ലാ ഫീച്ചറുകളും ഉള്ള പ്രീമിയം മെനുവില്‍ പ്രവേശനമുള്ളൂ.
ഐഫോണ്‍ 14 മോഡലിനു പിന്നാലെ വയര്‍ലെസ് ഹെഡ്‌സെറ്റായ എയര്‍പോഡ്‌സും ആപ്പിള്‍ കമ്പനി ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുമെന്ന് കേന്ദ്ര ഐടി മന്ത്രാലയ വൃത്തങ്ങള്‍. ചെന്നൈയ്ക്കു സമീപം ശ്രീപെരുംപുത്തൂരിലെ ഫോക്സ്‌കോണ്‍ പ്ലാന്റിലാണ് ഐഫോണ്‍ 14 നിര്‍മിക്കുന്നത്. ഐഫോണ്‍ 11, 12, 13 എന്നിവ ഇതിനകം തന്നെ ഫോക്‌സ്‌കോണ്‍ പ്ലാന്റില്‍ നിര്‍മിക്കുന്നുണ്ട്. ഐഫോണ്‍ 12, എസ്ഇ, എസ്ഇ1 മോഡലുകള്‍ ബെംഗളൂരുവിലെ വിസ്‌ട്രോണിലാണ് നിര്‍മിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ ഐഫോണ്‍ 14 ഉല്‍പാദനത്തിന്റെ 5 ശതമാനം ഇന്ത്യയിലേക്ക് മാറ്റാനും 2025നുള്ളില്‍ 25 ശതമാനത്തില്‍ എത്തിക്കാനുമാണ് പദ്ധതി.
ടാറ്റ മോട്ടോഴ്സിന്റെ ടിയാഗോ ഇവി ബുക്കിങ് ആരംഭിച്ച് ആദ്യ ദിനം വന്നത് 10,000 ഓര്‍ഡറുകള്‍. വന്‍ പ്രതികരണം ലഭിച്ചതിനെ തുടര്‍ന്ന്, 8.49 ലക്ഷം എന്ന പ്രാരംഭ വില അടുത്ത 10,000 ഉപഭോക്താക്കള്‍ക്കുകൂടി അനുവദിക്കുമെന്ന ടാറ്റ മോട്ടോഴ്സ് അറിയിച്ചു. രാജ്യത്തെ ഏറ്റവും കുറഞ്ഞ വിലയുള്ള ഇലക്ട്രിക് കാര്‍ എന്ന വിശേഷണത്തോടെയാണ് ടാറ്റ ടിയാഗോ എത്തുന്നത്. 21000 രൂപ നല്‍കി ടാറ്റ ഡീലര്‍ഷിപ്പ് വഴിയോ വെബ് സൈറ്റിലൂടെയോ വാഹനം ബുക്ക് ചെയ്യാം. ബുക്ക് ചെയ്ത സമയവും തീയതിയും വകഭേദവും നിറവും അനുസരിച്ചായിരിക്കും ഡെലിവറി തീരുമാനിക്കുക. നേരത്തെ ആദ്യം ബുക്ക് ചെയ്യുന്ന പതിനായിരം പേര്‍ക്കാണ് 8.49 ലക്ഷം രൂപ എന്ന പ്രാരംഭ വില പ്രഖ്യാപിച്ചിരുന്നത്. ഇപ്പോള്‍ വീണ്ടും 10000 ഉപഭോക്താക്കള്‍ക്ക് കൂടി ലഭ്യമാക്കുമെന്നാണ് അറിയിപ്പ്. രാജ്യത്തെ പ്രധാനപ്പെട്ട നഗരങ്ങളിലെ ഷോറൂമുകളില്‍ ഈ മാസം തന്നെ പ്രദര്‍ശന വാഹനങ്ങളെത്തും. 8.49 ലക്ഷത്തില്‍ തുടങ്ങി 11.79 ലക്ഷം വരെയാണ് വിവിധ മോഡലുകളുടെ വില.
മനുഷ്യന്‍ ആദ്യം പിറന്നുവീണത് കാട്ടിലായിരുന്നു. ആ കാട് മനുഷ്യന്റെ പ്രിയപ്പെട്ട അമ്മയായിരുന്നു. ആ കാട്ടിലെ പക്ഷിമൃഗാദികള്‍ മനുഷ്യന്റെ സഹജീവികളായിരുന്നു. ഈ നോവല്‍ മറ്റാര്‍ക്കും പരിചയപ്പെടുത്താനാവാത്തവിധം നിങ്ങള്‍ക്കു കാടിനെ പരിചയപ്പെടുത്തും. ഈ നോവല്‍ കാട്ടാനകളുടേയും കാട്ടിലെ താമസക്കാരായ പേരാച്ചികളുടേയും കഥയാണ്. അവരുടെ ഊഷ്മളമായ സ്‌നേഹബന്ധങ്ങളുടെ കഥയാണ്. ‘കാട്ടാനകളും പേരാച്ചികളും’. വിനോദ് നാരായണന്‍. നൈന ബുക്‌സ്. വില 95 രൂപ.
സാധാരണ ഗതിയില്‍ മാനസികാരോഗ്യ പ്രശ്‌നങ്ങളെ പറ്റി ആലോചിക്കുമ്പോള്‍ ഉയരുന്ന രക്തസമ്മര്‍ദവുമായി അവയെ കൂട്ടിവായിക്കാനുള്ള സാധ്യത കുറവാണ്. എന്നാല്‍ ഇവ തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്ന് മനഃശാസ്ത്രവിദഗ്ധര്‍ പറയുന്നു. ഹൈപ്പര്‍ടെന്‍ഷന്‍ ഉള്ളവര്‍ക്ക് സാധാരണ രക്തസമ്മര്‍ദം ഉള്ളവരെ അപേക്ഷിച്ച് ഉത്കണ്ഠ, വിഷാദരോഗം തുടങ്ങിയ പലതരം മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ക്ക് സാധ്യത കൂടുതലാണ്. ഉയര്‍ന്ന രക്തസമ്മര്‍ദം ഒരാള്‍ക്ക് ഉണ്ടെന്ന കണ്ടെത്തല്‍ തന്നെ മനസ്സിന്റെ സമാധാനത്തെ കെടുത്തി കളയുന്നതാണ്. ഇതിനു പുറമേ ഉയര്‍ന്ന രക്തസമ്മര്‍ദം ശരീരത്തിലുണ്ടാക്കുന്ന നീര്‍ക്കെട്ടുമായി ബന്ധപ്പെട്ട കെമിക്കലുകളും മാനസികാരോഗ്യത്തിന്റെ താളം തെറ്റിക്കും. ഹൈപ്പര്‍ടെന്‍ഷന്‍ ശരീരത്തില്‍ ചംക്രമണം ചെയ്യപ്പെടുന്ന സമ്മര്‍ദ്ദവുമായി ബന്ധപ്പെട്ട കെമിക്കലുകളുടെയും തോത് ഉയര്‍ത്തുന്നു. ഹൈപ്പര്‍ടെന്‍ഷന്‍ മാനസികാരോഗ്യത്തെ ബാധിക്കുന്നതു പോലെതന്നെ മാനസിക സമ്മര്‍ദം ഹെപ്പര്‍ടെന്‍ഷനെയും സ്വാധീനിക്കുന്നു. മാനസിക സമ്മര്‍ദം, അനിയന്ത്രിമായ തോതിലുള്ള ഭക്ഷണം കഴിപ്പ്, പുകവലി, അനാവശ്യമായ ദേഷ്യം, അലസമായ ജീവിതശൈലി, അമിതമായ ഉപ്പിന്റെയും മദ്യത്തിന്റെയും ഉപയോഗം, ആവശ്യത്തിന് ഉറക്കമില്ലായ്മ, വൃക്ക പ്രശ്‌നം, മാംസാഹാരത്തിന്റെ അമിതമായ തോതിലുള്ള ഉപയോഗം, ഭക്ഷണത്തില്‍ അമിതമായ എണ്ണ എന്നിവയെല്ലാം ഉയര്‍ന്ന രക്തസമ്മര്‍ദത്തിന് പിന്നിലുള്ള കാരണങ്ങളാണ്. ഉയര്‍ന്ന രക്തസമ്മര്‍ദം ഹൃദയാഘാതം, തലച്ചോറിനെ ബാധിക്കുന്ന പക്ഷാഘാതം, ചയാപചയ പ്രശ്‌നങ്ങള്‍, ധാരണശേഷിക്കുറവ്, ഓര്‍മക്കുറവ്, മറവിരോഗം തുടങ്ങിയ രോഗസങ്കീര്‍ണതകളിലേക്ക് നയിക്കുന്നു. തലവേദന, ശ്വാസംമുട്ടല്‍, നെഞ്ചു വേദന, മൂക്കില്‍ നിന്ന് രക്തമൊഴുക്ക്, തലകറക്കം എന്നിവ ഹൈപ്പര്‍ടെന്‍ഷന്‍ ലക്ഷണങ്ങളാണ്. ഭാരം കുറച്ചും ആരോഗ്യകരമായ ബോഡി മാസ് ഇന്‍ഡെക്‌സ് നിലനിര്‍ത്തിയും നിത്യവും വ്യായാമം ചെയ്തും ഉപ്പും മധുരവും കൊഴുപ്പും ഭക്ഷണത്തില്‍ നിന്ന് കുറച്ചും പുകവലിയും മദ്യപാനവും ഉപേക്ഷിച്ചും കഫൈന്‍ ചേര്‍ന്ന പാനീയങ്ങള്‍ ഒഴിവാക്കിയും ഉയര്‍ന്ന രക്തസമ്മര്‍ദത്തെ നിയന്ത്രിച്ച് നിര്‍ത്താവുന്നതാണ്.