1802 മുതൽ 1809 വരെ തിരുവിതാംകൂർ രാജ്യത്തെ ദളവ അഥവാ പ്രധാനമന്ത്രി ആയിരുന്നു വേലായുധൻ ചെമ്പകരാമൻ തമ്പി എന്ന വേലുത്തമ്പി….!!!
തിരുവിതാംകൂറിന്റെ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥപദവിയായ ദളവാ സ്ഥാനത്തേക്ക് അതിശയിപ്പിക്കുന്ന വേഗതയിൽ എത്തിച്ചേരുകയും (1802-1809) അതേ വേഗതയിൽ അത് നിരാകരിച്ച് ജനങ്ങൾക്ക് വേണ്ടി ബ്രിട്ടിഷുകാർക്കെതിരെ സമരം നയിക്കുകയും ചെയ്തു എന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ത്യാഗമായി വിവരിക്കപ്പെടുന്നത്. കേരളത്തിൽ അദ്ദേഹത്തെ ഒരു ഇതിഹാസ പുരുഷനായി ചിത്രീകരിച്ചു വരുന്നുണ്ട്. അന്ന് രാജ്യം ഭരിച്ചിരുന്ന അവിട്ടം തിരുനാൾ ബാലരാമവർമ്മ രാജാവിനെ ഭീഷണിപ്പെടുത്തി ദളവയായ വേലുത്തമ്പിയെ രാജ്യദ്രോഹിയായും വഞ്ചകനായും വിമർശിക്കുന്നവരും ഉണ്ട്.
1765 മേയ് 6 ൽ അന്നത്തെ തിരുവിതാംകൂർ സംസ്ഥാനത്തിന്റെ ഭാഗമായ ഇന്നത്തെ തമിഴ്നാടിന്റെ കന്യാകുമാരി ജില്ലയിൽ തലക്കുളം എന്ന ഗ്രാമത്തിലെ വലിയവീട്ടിൽ വേലുത്തമ്പി ജനിച്ചത്. വേലായുധൻ ചെമ്പകരാമൻ തമ്പി എന്നാണ് മുഴുവൻ പേർ. അച്ഛൻ മണക്കര കുഞ്ഞു മയാറ്റി പിള്ളയും അമ്മ തലക്കുളം വലിയ വീട്ടിൽ വള്ളിയമ്മ പിള്ള തങ്കച്ചിയും ആയിരുന്നു, അദ്ദേഹത്തിന്റെ മുത്തച്ഛൻ പർപ്പനാട് സ്വരൂപത്തിൽ പെട്ട തട്ടാരി കോവിലകത്തു ഉള്ള ഇത്തമർ വർമ്മ ആണ് .
മഹാരാജാവിൽ നിന്ന് ചെമ്പകരാമൻ എന്ന പട്ടം പരമ്പരാഗതമായി ലഭിച്ചിരുന്നവരായിരുന്നു അദ്ദേഹത്തിന്റെ കുടുംബക്കാർ. വേലുത്തമ്പി എന്നാണ് ചെറുപ്പം മുതൽക്കേ അദ്ദേഹം അറിയപ്പെട്ടിരുന്നത്. കൊല്ലവർഷം 959മാണ്ടിൽ കാർത്തികതിരുനാൾ മഹാരാജാവിന്റെ യാത്രാ മദ്ധ്യേ മറവന്മാർ അദ്ദേഹത്തിന്റെ സാധനങ്ങൾ കൊള്ളയടിക്കുകയുണ്ടായി. മോഷ്ടാക്കളെ കണ്ടുപിടിക്കാനുള്ള ശ്രമം വിഫലമായതിനെ തുടർന്ന് കാർത്തികതിരുനാൾ മഹാരാജാവ് വേലുത്തമ്പിയുടെ കുടുംബത്തിന്റെ സഹായം അഭ്യർത്ഥിക്കുകയും വേലുത്തമ്പിയുടെ സഹായത്താൽ കവർച്ചക്കാരെ പിടികൂടുകയും മോഷ്ടിക്കപ്പെട്ട സാധനങ്ങൾ കണ്ടെടുക്കയും ചെയ്തു.
അങ്ങനെ കാർത്തികതിരുനാൾ മഹാരാജാവിനാൽ അനുഗൃഹീതനായ വേലുത്തമ്പിക്ക് കൊട്ടാരത്തിൽ കാര്യക്കാരനായി ജോലി ലഭിച്ചു. അന്ന് അദ്ദേഹത്തിന് 20 വയസ്സായിരുന്നു. രാജാ കേശവദാസായിരുന്നു അന്നത്തെ ദളവ.തിരുവനന്തപുരം തലസ്ഥാനമായിട്ടുള്ള ഒരു നാട്ടുരാജ്യമായിരുന്നു തിരുവിതാംകൂർ അഥവാ തിരുവിതാങ്കോട്.
തെക്കൻ കേരളത്തിലെ ഒട്ടുമിക്ക പ്രദേശങ്ങളും ഇപ്പോൾ തമിഴ്നാട്ടിലുള്ള കന്യാകുമാരി ജില്ലയും ചേർന്നതായിരുന്നു പുതിയ തിരുവിതാംകൂറിന്റെ വിസ്തൃതി.1798 ഫെബ്രുവരി 17 നു കാർത്തിക തിരുനാൾ രാമവർമ്മ രാജാവ് നാടുനീങ്ങിയപ്പോൾ 16 വയസ്സുണ്ടായിരുന്ന അവിട്ടം തിരുനാൾ രാമവർമ്മ രാജാവ് സ്ഥാനാരോഹണം ചെയ്തു. തിരുവിതാംകൂർ രാജാക്കന്മാരുടെ വംശപരമ്പരയിൽ ഏറ്റവും ദുർബലനും ഭരണകാര്യങ്ങളിൽ അറിവും വിവേകവും കുറഞ്ഞവനുമായാണ് അവിട്ടം തിരുനാൾ മഹാരാജാവിനെ കാണുന്നത്.
അദ്ദേഹം ഏതാനും കൊട്ടാര സേവകന്മാരുടെ വശംവദനായാണ് ഭരണം നിർവ്വഹിച്ചിരുന്നത്. അദ്ദേഹം സ്ഥാനമേറ്റ ആദ്യകാലത്താണ് വേലുത്തമ്പി കൊട്ടാരത്തിലെ കാര്യക്കാരനായി നിയമിതനാകുന്നത്. പ്രായം കുറഞ്ഞവനും ദുർബലനുമായിരുന്നു രാജാവെങ്കിലും ശക്തനായ രാജാ കേശവദാസ് ദിവാനായി ഉണ്ടായിരുന്നു.മഹാരാജാവിനെതിരെ അഭ്യന്തര ലഹള സംഘടിപ്പിക്കുമ്പോൾ വേലുത്തമ്പി കാര്യക്കാരനായ ഉദ്യോഗസ്ഥനായിരുന്നോ എന്നതിനു തെളിവില്ല. കാര്യക്കാർ സ്ഥാനത്തെക്കുറിച്ച് രണ്ട് അഭിപ്രായമാണ് ചരിത്രകാരന്മാർക്കിടയിൽ നിലനിൽക്കുന്നത്.
രാജാ കേശവദാസുമായി അഭിപ്രായവ്യത്യാസമുണ്ടായതായും, ടിപ്പു സുൽത്താനെതിരായി നടത്തിയ യുദ്ധത്തിനു ചെലവായ പണം പിരിക്കാൻ കാര്യക്കാരെ ചുമതലപ്പെടുത്തുകയും അത് പിരിക്കാതിരുന്നതിനോ പിരിച്ച പണം ഖജനാവിലടക്കാതെ സ്വന്തം കാര്യത്തിനായി ഉപയോഗിച്ചതിനാലോ ദിവാൻ തന്നെ അദ്ദേഹത്തെയും മറ്റു ചില കാര്യക്കാരേയും പിരിച്ചുവിട്ടതായി ചില ചരിത്രകാരന്മാർ സംശയിക്കുന്നു.