പദ്മ പുരസ്കാരം നൽകുന്നതിന് മാനദണ്ഡം എന്താണെന്നും, പുരസ്കാരത്തിൽ നിന്ന് അർഹരെ തഴഞ്ഞുവെന്നുമുള്ള വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മമ്മൂട്ടിക്കും, ശ്രീകുമാരൻ തമ്പിക്കും പദ്മ പുരസ്കാരം ഇല്ലാതെ പോയത് എന്ത് കൊണ്ടെന്നും, 1998ൽ പദ്മശ്രീ കിട്ടിയ മമ്മൂട്ടി കാൽനൂറ്റാണ്ടിന് അപ്പുറവും അവിടെ തന്നെയോ എന്നും സതീശൻ ചോദിക്കുന്നു. ഏറ്റവും അർഹതപ്പെട്ട കരങ്ങളിൽ എത്തുമ്പോഴാണ് പുരസ്കാരത്തിന് വജ്ര ശോഭ കൈവരുന്നതെന്നും, ടി.പത്മനാഭൻ, സാനു മാഷ്, സി.രാധാകൃഷ്ണൻ, സാറാ ജോസഫ്, സജിതാ ശങ്കർ, സുജാതാ മോഹൻ,എം.എൻ കാരിശ്ശേരി, നെടുമുടി വേണു, ഡോ. എം.വി. പിള്ള, ദീപൻ ശിവരാമൻ, ഡോ. വി.എസ്. വിജയൻ തുടങ്ങി എത്രയെത്രയോ പ്രതിഭാശാലികളിൽ നിന്ന് ഇപ്പോഴും അകന്ന് നിൽക്കുകയാണ് പത്മ പുരസ്കാരങ്ങൾ. പ്രവർത്തന മേഖലകളിൽ അസാമാന്യ മികവും സ്വാതന്ത്ര്യ ബോധവും നല്ല ചിന്തകളും ജനാധിപത്യ മൂല്യങ്ങളും ഉയർത്തിപ്പിടിച്ചവരുടെ പട്ടിക ഇനിയും നീളുമെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
പദ്മ പുരസ്കാരത്തിൽ നിന്ന് അർഹരെ തഴഞ്ഞുവെന്ന വിമർശനവുമായി വിഡി സതീശൻ
