ക്യൂബ്സ് എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിര്‍മ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ഉണ്ണി മുകുന്ദന് നായകനായ സൂപ്പര്‍ ഹിറ്റ് ചിത്രം ‘മാര്‍ക്കോ’ തിയേറ്ററുകളില്‍ 100 ദിനം പിന്നിട്ട് ചരിത്ര നേട്ടത്തിലേക്ക്. ആദ്യമായി നിര്‍മ്മിച്ച ചിത്രം തന്നെ 100 ദിവസം തിയേറ്ററുകളില്‍ പിന്നിട്ടുവെന്ന ചരിത്ര നേട്ടത്തിലെത്തിയിരിക്കുകയാണ് ഇതോടെ ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ്സ്. ചിത്രം നേരത്തെ തന്നെ 100 കോടി ക്ലബ്ബില്‍ കയറിയിരുന്നു. തിയേറ്ററുകളില്‍ വലിയ വിജയമായ ചിത്രം വാലന്റൈന്‍സ് ഡേയില്‍ ഒടിടിയില്‍ എത്തിയിരുന്നു. ഇപ്പോഴും തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശനം തുടരുന്നുണ്ട്. തൃശൂര്‍ വരാന്തരപ്പിള്ളിയിലെ ഡേവീസ് തിയേറ്ററിലാണ് ചിത്രം ഇപ്പോഴും പ്രദര്‍ശനം തുടരുന്നത്. സിനിമയുടേതായി ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്ന 100 ഡെയ്സ് പോസ്റ്റര്‍ സോഷ്യല്‍മീഡിയയില്‍ ഇതിനകം വൈറലായി കഴിഞ്ഞിട്ടുണ്ട്. മലയാളത്തിന് പുറമെ ഹിന്ദിയിലും തെലുങ്കിലും തമിഴിലും കന്നഡയിലും തിയേറ്റര്‍ റിലീസിന് ഗംഭീര വരവേല്‍പ്പാണ് ചിത്രത്തിന് ലഭിച്ചിരുന്നത്.
100 ദിനം പിന്നിട്ട് ഉണ്ണി മുകുന്ദന് ചിത്രം ‘മാര്‍ക്കോ’
