നാക്കില്‍ നിന്നെടുക്കുന്ന സ്രവം ഉപയോഗിച്ച് ഒരു മണിക്കൂറിനുള്ളില്‍ തന്നെ ക്ഷയരോഗം കണ്ടെത്താന്‍ സാധിക്കുന്ന പുതുപരിശോധനകള്‍ക്ക് ശുപാര്‍ശ ചെയ്ത് ലോകാരോഗ്യ സംഘടന. നാക്കിന്റെ പ്രതലത്തില്‍ നിന്ന് 10 സെക്കന്‍ഡ് കൊണ്ട് ഈ പരിശോധനയ്ക്ക് ആവശ്യമായ സ്രവം എടുക്കാം. വളരെ വേഗത്തിലും വേദനയില്ലാതെയും എടുക്കാന്‍ സാധിക്കുമെന്നത് കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരുടെ രോഗനിര്‍ണ്ണയത്തില്‍ സഹായകമാകും. ക്ഷയരോഗം ഉണ്ടാക്കുന്ന മൈകോബാക്ടീരിയം ടൂബര്‍കുലോസിസിന്റെ സാന്നിധ്യം അറിയാനായി ഈ സാംപികളുകള്‍ മോളിക്യുലാര്‍ ടെസ്റ്റിങ് ഉപകരണങ്ങള്‍ ഉപയോഗിച്ച് പരിശോധിക്കും. അത്യാധുനിക ലാബ് സൗകര്യങ്ങള്‍ ഇല്ലാതെ തന്നെ ഒരു മണിക്കൂറില്‍ ഫലം അറിയാമെന്നതാണ് ഇതിന്റെ മറ്റൊരു മെച്ചം. ആഫ്രിക്ക, ഏഷ്യ ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളില്‍ ഉയര്‍ന്ന കൃത്യതയോടെ ക്ഷയരോഗം നിര്‍ണ്ണയിക്കാന്‍ ഈ സ്രവ പരിശോധനകളിലൂടെ സാധിച്ചിട്ടുണ്ട്. കൊണ്ട് നടക്കാവുന്ന ഈ മോളിക്യുലാര്‍ ടെസ്റ്റിങ് ഉപകരണം ബാറ്ററി ഉപയോഗിച്ചും പ്രവര്‍ത്തിപ്പിക്കാം. ക്ഷയരോഗ നിര്‍ണ്ണയത്തിനുള്ള ഇത്തരം പുതിയ ഉപകരണങ്ങള്‍ ജീവനുകള്‍ രക്ഷിക്കുമെന്നും രോഗപടര്‍ച്ച തടയുമെന്നും ചെലവ് കുറയ്ക്കുമെന്നും ലോകാരോഗ്യ സംഘടന അഭിപ്രായപ്പെടുന്നു. സ്രവം പരിശോധനിക്കാനുള്ള മോളിക്യുലാര്‍ ടെസ്റ്റിങ് ഉപകരണത്തിന് കഫം പരിശോധിക്കുന്ന പരമ്പരാഗത ഉപകരണങ്ങളെ അപേക്ഷിച്ച് നിര്‍മ്മാണ ചെലവും കുറവാണ്.
ഒരു മണിക്കൂറിനുള്ളില്‍ ക്ഷയരോഗം കണ്ടെത്താം
