ബിബിസിയുടെ രാജ്യദ്രോഹം
ഊഴമനുസരിച്ചാണെങ്കിലും ജി 20 അധ്യക്ഷ സ്ഥാനം ഇന്ത്യക്കു ലഭിച്ചതില്‍ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുന്ന മുഹൂര്‍ത്തമാണ്. ലോകരാജ്യങ്ങളുടെ നിറുകയില്‍ ഇന്ത്യയുണ്ടെന്ന് അഭിമാനംകൊള്ളുകയാണു നാം. ഇങ്ങനെ അഭിമാന പുളകിതരായിരിക്കുമ്പോഴാണ് ബിബിസി ഒരു ബോംബു പൊട്ടിച്ചത്. ബോംബൊന്നുമല്ല, വിവരമുള്ള എല്ലാ ഇന്ത്യക്കാര്‍ക്കും അറിയാവുന്ന കാര്യങ്ങളാണ് ബിബിസി പറഞ്ഞത്. തെളിവുകളില്ലാത്തതിനാല്‍ സുപ്രീം കോടതി തള്ളിക്കളഞ്ഞ വിഷയങ്ങളാണ്. സുപ്രീം കോടതി പറഞ്ഞതാണോ ബിബിസി പറഞ്ഞതാണോ നിങ്ങള്‍ വിശ്വസിക്കുന്നതെന്ന് ഇന്ത്യക്കാരോടു ചോദിച്ചാല്‍ സുപ്രീം കോടതി എന്നു പറയുന്നവര്‍ ധാരാളമുണ്ടാകും. എന്നാല്‍ ലോക ജനത അങ്ങനെ പറയുമോയെന്ന് അറിയില്ല. ഇന്ത്യക്കാര്‍ക്ക് അറിയാവുന്ന കാര്യങ്ങളെല്ലാം മാലോകമെല്ലാം ബിബിസിയിലൂടെ ഇപ്പോള്‍ അറിഞ്ഞെന്നു മാത്രം. തെളിവുകളായി ചിത്രങ്ങളും വീഡിയോകളും സാക്ഷ്യങ്ങളുമെല്ലാം നിരത്തിക്കൊണ്ടാണ് ബിബിസി രണ്ടു തവണയായി ഡോക്യുമെന്ററി തായാറാക്കിയത്. ഇന്ത്യയിലെ കോടതികള്‍ കാണാത്ത തെളിവുകളാണ് ബിബിസി ഇന്ത്യയില്‍നിന്നു ശേഖരിച്ചതെന്നതാണ് വിചിത്രമായ ഒരു കാര്യം. തെളിവുകള്‍ കോടതികള്‍ക്കു മുന്നില്‍ എത്താത്തതിനു ജുഡീഷ്യറിയെ കുറ്റപ്പെടുത്താനാവില്ല. തെളിവു ശേഖരിക്കേണ്ടതു പോലീസാണ്. ഭരണാധികാരികളുടെ ആജ്ഞാനുവര്‍ത്തികളായ പോലീസ് തെളിവുകളെല്ലാം നശിപ്പിച്ചു കോടതിയെ ഇരുട്ടില്‍നിര്‍ത്താനാകും. നീതിന്യായ വ്യവസ്ഥയുടെ ദുരന്താവസ്ഥയാണത്.
പ്രധാനമന്ത്രി നരേന്ദ്രമോദി ലോകരാജ്യങ്ങളില്‍ മുഖംമിനുക്കിക്കൊണ്ടിരിക്കുമ്പോ
പൗരത്വനിയമത്തിെനെതിരായ പ്രതിഷേധങ്ങളുടെ പേരില്‍ ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും രണ്ടു വര്‍ഷം മുമ്പവരെ നടത്തിയ നരനായാട്ടാണ് ബിബിസി സംപ്രേക്ഷണം ചെയ്ത ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗത്തിലുള്ളത്. നൂറോളം പേര്‍ കൊല്ലപ്പെടുകയും അമ്പതിനായിരത്തോളം പേര്‍ അറസ്റ്റിലാകുകയും ചെയ്ത സമരപരമ്പരകളെ അടിച്ചമര്‍ത്തിയ വിശേഷങ്ങള്‍. അവയുടെ നേര്‍കാഴ്ചകള്‍. വീഡിയോ ദൃശ്യങ്ങള്‍ക്കു പുറമേ, സാക്ഷിമൊഴികളുമെല്ലാം ഉണ്ട്. ജനങ്ങളെ ഹിന്ദുവെന്നും അഹിന്ദുക്കളെന്നും മുദ്രയടിച്ചും മതപരമായി വിഭജിച്ചും വിഘടിപ്പിച്ചും വേട്ടയാടിയും കൂട്ടക്കുരുതി നടത്തിയുമെല്ലാം മുന്നേറാന്‍ തടസമൊന്നുമില്ല. കൈയില്‍ ഭരണമുണ്ടല്ലോ. വേട്ടയാടുന്ന പോലീസുതന്നെ തെളിവും നശിപ്പിച്ചോളും. തെളിവില്ലാത്ത കേസുകളെല്ലാം തള്ളിക്കളയുമെന്ന് എല്ലാവര്‍ക്കും അറിയാം. ഗുജറാത്ത് കലാപക്കേസില്‍ തെളിവില്ലെന്നു സുപ്രീം കോടതി കഴിഞ്ഞ വര്‍ഷമാണു വിധി പ്രസ്താവിച്ചത്. വിധി വന്നതിനു പിറകേ, മോദിക്കെതിരേ പണ്ടു കേസെടുത്തതിന് അന്നത്തെ ഗുജറാത്ത് ഡിജിപി ആര്‍.ബി ശ്രീകുമാര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്ത് ജയിലിലടപ്പിച്ചു.
2002 ഗുജറാത്ത് കലാപകാലത്തെ കൂട്ടക്കൊല കേസില്‍ ഇന്നുപോലും 22 പ്രതികളെ കോടതി വെറുതെ വിട്ടു. ദിയോള്‍ ഗ്രാമത്തില്‍ മുസ്ലിം സമുദായത്തില്‍പ്പെട്ട 17 പേരെ കൂട്ടക്കൊല ചെയ്ത കേസിലാണ് പഞ്ചുമഹല്‍ ജില്ലാ സെഷന്‍സ് കോടതി വെറുതെ വിട്ടത്. മൃതദേഹങ്ങള്‍ കത്തിച്ചുകളഞ്ഞ കേസില്‍ രണ്ടു വര്‍ഷത്തിനുശേഷമാണു പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. മൃതദേഹങ്ങള്‍ കണ്ടെത്തനാകാത്ത ഈ കേസില്‍ ഒരു തെളിവും കോടതിക്കു മുന്നില്‍ പോലീസ് എത്തിച്ചില്ല. സ്വാതന്ത്ര്യസമര കാലത്ത് ദേശവിരുദ്ധരായിരുന്ന ഒരു കൂട്ടര്‍ ഇന്നു തങ്ങളാണ് ദേശസ്‌നേഹികളെന്നു വീമ്പിളക്കുന്നു. പഴയ ഇരുണ്ട ചരിത്രം തിരുത്താന്‍ സിനിമകളിറക്കിയും യൂണിവേഴ്‌സിറ്റി പാഠപുസ്തകങ്ങളില്‍ നുണക്കഥകള്‍ നിറയ്ക്കുകയാണ്. അപ്പോഴാണ് കൂട്ടക്കുരുതികളുടെ ചോരപുരണ്ട ചരിത്രം ബിബിസി ലോകത്തിനു മുന്നില്‍ വിളമ്പിയത്. ബിബിസിയുടെ ഡോക്യുമെന്ററി രാജ്യദ്രോഹമെന്നു വ്യാഖ്യാനിച്ച് അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തി. അതു കാണുന്നവരെ ആക്രമിക്കുന്നു. 2002 ല്‍ നരേന്ദ്ര മോദിയോടു രാജധര്‍മത്തെക്കുറിച്ച് ഓര്‍മിപ്പിച്ചത് മുന്‍പ്രധാനമന്ത്രി വാജ്‌പേയിയാണ്. കണ്ണുകള്‍ കെട്ടി, കൈയില്‍ തുലാസുമായി നില്‍ക്കുന്ന നീതിദേവത നമ്മെ ഓര്‍മിപ്പിക്കുന്നത് മുഖം നോക്കാതെ നീതി ഉറപ്പാണെന്നാണ്. കണ്ണു കെട്ടിയതിനര്‍ത്ഥം ഒന്നും കാണില്ലെന്നല്ല, മുഖംനോക്കാതെ നീതി നടപ്പാക്കുമെന്നാണ്.