20240305 175010 0000

ടോം ആൻഡ് ജെറി ഇഷ്ടമല്ലാത്തവരായി ആരും തന്നെ ഇല്ല. കുട്ടികളും മുതിർന്നവരും ഒരുപോലെ ആസ്വദിക്കുന്ന കാർട്ടൂൺ പരമ്പരയാണിത്. സൗഹൃദവും സ്നേഹവും പങ്കുവെക്കലുകളും അതിലുപരി വഴക്ക് കൂടൽ കൊണ്ട് നമ്മളെ പൊട്ടിച്ചിരിപ്പിക്കുന്ന രണ്ട് കഥാപാത്രങ്ങൾ. അവരാണ് ടോമും ജെറിയും. എത്ര ടെൻഷൻ ഉണ്ടെങ്കിലും ടോം ആൻഡ് ജെറി കുറച്ച് സമയം കണ്ടാൽ അതിനെക്കാൾ നല്ലൊരു ആശ്വാസം വേറെ കിട്ടാനില്ല… ടോമിനെയും ജെറിയും കുറിച്ച് നമുക്കൊന്ന് അന്വേഷിച്ചാലോ….!!!

എം ജി എം സ്റ്റുഡിയോയ്ക്ക് വേണ്ടി വില്ല്യം ഹന്നയും, ജോസഫ് ബാർബറയും ചേർന്ന്നിർമ്മിച്ച കാർട്ടൂണുകളാണ് ടോം ആൻഡ് ജെറി. ഒരു വീട്ടിലെ പൂച്ചയും എലിയും തമ്മിലുള്ള വഴക്കും തുടർന്നുണ്ടാവുന്ന തമാശ നിറഞ്ഞ സംഘട്ടനങ്ങളുമാണ് ഇതിലെ മുഖ്യ പ്രമേയം.പത്തൊൻപതാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിലെ ലണ്ടനിൽ മദ്യപാനം, ചൂതാട്ടം, ലഹള നിറഞ്ഞ ജീവിതം എന്നിവയ്ക്ക് യുവാക്കൾക്ക് നൽകപ്പെട്ട ഒരു സാധാരണ വാചകമായിരുന്നു “ടോം ആൻഡ് ജെറി”.

1937 ഓഗസ്റ്റിൽ, ആനിമേറ്ററും കഥാകാരനുമായ ജോസഫ് ബാർബെറ അന്ന് ഹോളിവുഡിലെ ഏറ്റവും വലിയ സ്റ്റുഡിയോ ആയിരുന്ന MGM-ൽ ജോലി ചെയ്യാൻ തുടങ്ങി. കാർട്ടൂൺ പരമ്പരകൾ വിജയിക്കാത്തതിനെ തുടർന്ന്, പുതിയ കാർട്ടൂൺ കഥാപാത്രങ്ങളെ വികസിപ്പിക്കാൻ സഹ ഉടമ ലൂയിസ് ബി മേയർ ആഗ്രഹിച്ചതായി അദ്ദേഹം മനസ്സിലാക്കി. ജാസ്പർ എന്ന പൂച്ചയും പേരിടാത്ത എലിയും തമ്മിലുള്ള കഥയാണ് ആദ്യം തയ്യാറാക്കിയത്. ആനിമേറ്റർ ജോൺ കാർ, ടോമിനെ പൂച്ചയായും ജെറിയായി എലിയെയും നിർദ്ദേശിച്ചു. 1932-ൽ ഡാമൺ റൺയോണിൻ്റെ കഥയിൽ നിന്നാണ് ഈ പേരുകൾ ഉരുത്തിരിഞ്ഞത് എന്ന് പറയപ്പെടുന്നുണ്ട്. എന്നാൽ 1821-ൽ വില്യം മോൺക്രീഫ് രചിച്ച ഒരു സ്റ്റേജ് നാടകത്തിലെ രണ്ട് കഥാപാത്രങ്ങളുടെ പേരുകളിൽ നിന്നാണ് ഈ പേരുകൾ ഉരുത്തിരിഞ്ഞത്. 1821-ലെ ഈഗൻ്റെ ലൈഫ് ഇൻ ലണ്ടൻ എന്ന പുസ്തകത്തിൻ്റെ ഒരു അഡാപ്റ്റേഷൻ ആണ് ഈ പേരുകൾ ഉത്ഭവിച്ചത്, ഇത് ജോർജ്ജ് ക്രൂക്‌ഷാങ്കിൻ്റെയും ഐസക് റോബർട്ട് ക്രൂക്‌ഷാങ്കിൻ്റെയും ഈഗൻ്റെയും സ്വന്തം കരിയറുകളെ അടിസ്ഥാനമാക്കിയുള്ളതാണ്.

1940 മുതൽ 1959 വരെയുള്ള കാലത്തിൽ ഹന്നയും ബാർബറയും ചേർന്ന് 114 ടോം ആൻഡ് ജെറി കാർട്ടൂണുകൾ സൃഷ്ടിച്ചു. ഈ കാർട്ടൂൺ പരമ്പര ഏഴു തവണ അക്കാഡമിക് അവാർഡ് നേടിയിട്ടുണ്ട്. പൂച്ചയും എലിയും തമ്മിലുള്ള വഴക്കിനെ മുൻനിർത്തിക്കൊണ്ടുള്ള, ടോമിന്റെയും ജെറിയുടെയും തമ്മിലടി ആരേയും ചിരിപ്പിക്കുന്ന രീതിയിൽ വളരെ ഹാസ്യാത്മകമായ് ടോം ആൻഡ് ജെറി പരമ്പരകളിൽ അവതരിപ്പിച്ചിരിക്കുന്നു. ജെറിയെ പിടികൂടാൻ ടോം കാട്ടിക്കൂട്ടുന്ന ശ്രമങ്ങളാണ് കഥകളുടെ പ്രമേയം. പക്ഷേ ചില കഥകളിൽ ഇവർ പരസ്പരം സ്നേഹത്തോടെ കഴിയുന്നതും കാണാൻ സാധിക്കും. ടോം ആൻഡ് ജെറി ലോണിയെ മറികടന്ന് അക്കാലത്തെ ഏറ്റവും കൂടുതൽ വരുമാനം നേടിയ ആനിമേറ്റഡ് ഷോർട്ട് ഫിലിം സീരീസായി മാറി. പരമ്പരയെ അടിസ്ഥാനമാക്കിയുള്ള ആദ്യത്തെ ഫീച്ചർ-ലെങ്ത് ഫിലിം പുറത്തിറങ്ങി. 2002 മുതൽ 13 ഡയറക്ട്-ടു-വീഡിയോ സിനിമകൾ നിർമ്മിക്കപ്പെട്ടു. 2021-ൽ ഒരു ലൈവ്-ആക്ഷൻ/ആനിമേറ്റഡ് ഹൈബ്രിഡ് ഫിലിം പുറത്തിറങ്ങി. 2019-ൽ, ടോം ആൻഡ് ജെറിയുടെ 80-ാം വാർഷികത്തിന് മുന്നോടിയായി, ടോം ആൻഡ് ജെറി: പുർ-ചാൻസ് ടു ഡ്രീം എന്ന പേരിൽ പരമ്പരയുടെ സംഗീത രൂപീകരണം ജപ്പാനിൽ അരങ്ങേറി.

നമുക്കിനി ടോമിനെ ഒന്ന് പരിചയപ്പെട്ടാലോ…???
ടോം വീട്ടിൽ വളർത്തുന്ന പൂച്ചയാണ്. നീലിച്ച ചാര നിറമുള്ള ഒരു പൂച്ച. ഇഷ്ടം പോലെ ആഹാരവും കിടക്കാൻ നല്ല മെത്തയും ഉള്ള ടോം ഒരു സുഖലോലുപ ജീവിതമാണ് നയിക്കുന്നത്. വളരെ വേഗത്തിൽ കോപിക്കുന്ന ടോം ഒരു ചെറിയ കാര്യം പോലും വലുതാക്കി മാത്രമേ കാണുകയുള്ളൂ. പൂച്ചകളുടെ ഇടയിലെ ഹീറോ കൂടിയാണ് ടോം. സുന്ദരികളായ പെൺ പൂച്ചകൾ ടോമിന്റെ ദൗർബല്യമാണ് . അവരെ കാണുമ്പോൾ ടോം ചൂളമടിക്കുന്നത് ഒരു പതിവാണ്. കാർട്ടൂൺ തുടങ്ങിയ കാലത്ത് ടോമിന്റെ പേരു ജാസ്പർ എന്നായിരുന്നു. പിന്നീട് ടോം എന്ന് മാറ്റുകയായിരുന്നു. ഇംഗ്ലിഷിൽ ആൺപൂച്ചക്ക് പൊതുവെ പറയുന്ന പേരാണു ടോം.

ടോമിനെ മനസ്സിലായില്ലേ ഇനി ജെറിയെ നോക്കാം….!!!
കാപ്പി നിറമുള്ള ഒരു ചെറിയ എലിയാണ് ജെറി. ജെറിയുടെ താമസം എപ്പോഴും ടോമിന്റെ ചുറ്റുവട്ടത്ത് തന്നെയായിരിക്കും. ജെറി ഒരു സ്വതന്ത്രചിന്താഗതിക്കാരനും അവസരവാദിയുമാണ്. തന്റെ വണ്ണത്തിനും രൂപത്തിനും അതീതമായ ശക്തി ജെറിയുടെ പ്രത്യേകതയാണ്. വളരെ ഭാരം കൂടിയ വസ്തുക്കൾ അനായാസം ഉയർത്തുകയും അവ കൊണ്ടുള്ള ആക്രമണങ്ങൾ താങ്ങുകയും ചെയ്യുന്ന ജെറി കാർട്ടൂൺ പരമ്പരകളിലൂടെ തന്റെ ശക്തി തെളിയിക്കുന്നുണ്ട്. ടോം വളരെ ഊർജ്ജസ്വലനും നിശ്ചയദാർഡ്യമുള്ളവുനുമാണെങ്കിൽ കൂടി ജെറിയുടെ സൂത്രങ്ങൾക്കും കൂർമ്മബുദ്ധിക്കും മുൻപിൽ എന്നും പരാജയപ്പെടുന്നു. രണ്ട് പേരും സാഡിസ്റ്റിക് ടെണ്ടൻസി പ്രകടിപ്പിക്കാറുണ്ട്, അതായത് ഒരാൾക്ക് പരിക്കേൽക്കുമ്പോൾ മറ്റെയാൾ ആഹ്ലാദിക്കുന്നു. എന്നിരുന്നാലും ഒരാൾക്ക് വലിയ അപകടം വരുമ്പോൾ മറ്റേയാൾ സഹായിക്കാൻ എത്തുന്നു. അടികൂടലിനൊപ്പം സ്നേഹവും സൗഹൃദവും കൂടെ കൊണ്ടു നടക്കുന്നവരാണ് ടോമും ജെറിയും. അതായത് എത്ര അടി ഉണ്ടാക്കിയാലും ഒരാൾക്ക് ഒരു അപകടം വന്നാൽ മറ്റേയാൾ കൂടെയുണ്ടാകും.

ഇനി സ്പൈക്കും ടൈക്കും ആരാണെന്ന് നോക്കാം…!!!
ടോമും ജെറിയും താമസിക്കുന്ന വീട്ടിലെ ബുൾഡോഗിനത്തിലുള്ള ചാര നിറമുള്ള പട്ടിയാണ് സ്പൈക്ക്. സ്പൈക്കിന്റെ അരുമപ്പുത്രനാണ് ടൈക്ക്. ടോമിന്റെയും ജെറിയുടെയും വഴക്ക് എന്നും സ്പൈക്കിന് എന്തെങ്കിലും നാശനഷ്ടങ്ങളോ ബുദ്ധിമുട്ടുകളോ ഉണ്ടാക്കാറുണ്ട്. അതുകൊണ്ട് സ്പൈക്ക് ടോമിനെ ആക്രമിക്കാറുണ്ട് , എന്നാൽ നമ്മുടെ ജെറി ആകട്ടെ എല്ലാം ഒപ്പിച്ചു വെച്ചിട്ട് വിദഗ്ദ്ധമായ് രക്ഷപ്പെടുകയാണ് പതിവ്.

റ്റൂഡിൽസ് ഗെലർ
ഒരു സുന്ദരി പൂച്ച. ടോമിന്റെ പ്രേമഭാജനം എന്നും പറയാം.

ബുച്ച്
തെരുവിലെ മാലിന്യങ്ങളിൽ ജീവിക്കുന്ന ഒരു കറുത്ത പൂച്ചയാണ് ബുച്ച്. ജെറിയെ ചെറിയ പിടിച്ച് തിന്നാനായി അവൻ സ്ഥിരമായി ശ്രമിക്കാറുണ്ട്. ടോമിന്റെ എതിരാളിയായി പലപ്പോഴും എത്തുന്നത് ബുച്ചാണ്. റ്റൂഡിൽസിനെ കിട്ടാൻ വേണ്ടിയാണ് പലപ്പോഴും ടോമിന്റെയും ബുച്ചിന്റെയും പോര്. എന്നാൽ ചില കാർട്ടൂണുകളിൽ അവർ ചങ്ങാതിമാരായി കൂട്ടുകൂടി നടക്കുന്നതും കാണാൻ സാധിക്കും.

നിബ്ബിൾസ് / ടഫ്ഫി
ജെറിയുടെ സ്വന്തക്കാരനായ കുട്ടിയെലി. ഒരു അനാഥനാണ് നിബ്ബിൾസ് (ചിലതിൽ ജെറിയുടെ അനന്തരവനായും ചിത്രീകരിച്ചിട്ടുണ്ട്). എപ്പോഴും വിശപ്പുള്ള നിബ്ബിൾസ് ഭയങ്കര തീറ്റക്കാരനാണ്. നിബ്ബിൾസിന്റെ അമിതാഹാരം മൂലം അവനെ മാതാപിതാക്കൾ ജെറിയുടെ പടിക്കൽ ഉപേക്ഷിച്ചതാണ്.

അങ്കിൾ പെക്കോസ്
കൌ ബോയ് തൊപ്പിയും ബൂട്ട്സും പിന്നെ കപ്പടാ മീശയുമുള്ള ജെറിയുടെ അമ്മാവൻ ആണ് അങ്കിൾ പെക്കോസ് . കയ്യിൽ എപ്പൊഴും ഒരു ഗിത്താർ ഉണ്ടാകും. ടോമിന്റെ മീശയാണ് പൊതുവെ ഗിത്താറിന്റെ കമ്പിയായി ഉപയോഗിക്കുക.

ലിറ്റിൽ ക്വാക്കർ
ജെറിയുടെ ചങ്ങാതിയായ കുട്ടി താറാവ്. കാണാൻ നല്ല ഭംഗിയാണ്.

ടോമിന്റെ ചങ്ങാതിക്കൂട്ടം
ടോമിന്റെ മൂന്ന് ചങ്ങാതികൾ അടങ്ങിയതാണ് ഈ സംഘം.
ബുച്ച്, ആണ്സംഘത്തലവൻ. മീറ്റ് ഹെഡ്, ചുവപ്പും കാപ്പിയും കലർന്ന നിറമുള്ള പൂച്ച. തലയിൽ മുടിയുണ്ടെന്ന് തോന്നിക്കും. ടോപ്പ്സി, മഞ്ഞ കലർന്ന ചാര നിറമുള്ള നീളം കുറഞ്ഞ പൂച്ച.ജോർജ്- ടോമിന്റെ അതേ ഛായയുള്ള മച്ചുനൻ പൂച്ച. എലികളെ പേടിയാണ് ഇവന്.മസ്സിൽസ് -അതിശക്ത്നായ ജെറിയുടെ മച്ചുനൻ എലി. കറുപ്പും മഞ്ഞയുമുള്ള ഗൗണും ഒരു ഹാറ്റും ആണ് വേഷം.

ഇത്രയും കഥാപാത്രങ്ങളെയാണ് ടോം ആൻഡ് ജെറി കാർട്ടൂണുകളിൽ നമ്മൾ കാണുന്നത്. എത്രയൊക്കെ അടികൂടിയാലും സ്നേഹത്തിന്റെ നൂലിഴകളാൽ കെട്ടിപ്പിണഞ്ഞു കിടക്കുകയാണ് ഇവരുടെ സൗഹൃദം. അടികൂടലുകൾക്കിടയിലും സ്നേഹത്തിന്റെ മനോഹര നിമിഷങ്ങളും ടോം ആൻഡ് ജെറി നമുക്ക് സമ്മാനിക്കുന്നുണ്ട്. ഏതു പ്രായക്കാരെയും ഒരുപോലെ ചിരിപ്പിക്കാൻ കഴിവുള്ള അന്നും ഇന്നും ഏവരും ഒരുപോലെ ഇഷ്ടപ്പെടുന്ന കാർട്ടൂൺ പരമ്പരയാണ് ടോം ആൻഡ് ജെറി.

 

തയ്യാറാക്കിയത്

നീതു ഷൈല

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *