ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിലെ പ്രധാന പ്രതി ശ്യാംലാലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ശ്യാംലാലിനെ നാളെ കോടതിയിൽ ഹാജരാക്കുമെന്ന് ഡിജിപി പറഞ്ഞു. ശ്യാംലാലാണ് തട്ടിപ്പിന്റെ കിംഗ് പിൻ എന്ന് ഡിജിപി . കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘമാണ് ശ്യാംലാലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഉദ്യോഗാർത്ഥികളെ ഇൻറർവ്യൂ ചെയ്യുന്നതിനായി ടൈറ്റാനിയത്തിൽ എത്തിച്ചത് ശ്യാംലാലാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
ടൈറ്റാനിയത്തിലെ ലീഗൽ ഡിജിഎം ശശികുമാരൻ തമ്പിയുടെ സഹപാഠിയാണ് ശ്യാംലാൽ. മറ്റു പ്രതികൾക്കുള്ള തിരച്ചിൽ ഊർജ്ജിതമായി തുടരുന്നു എന്നും ഡിജിപി പറഞ്ഞു. ടൈറ്റാനിയം ജോലി തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതുവരെ രജിസ്റ്റർ ചെയ്ത 14 കേസുകളിലും പ്രതിയാണ് ശ്യാംലാൽ. ഇയാളെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്ത് വരികയാണ്. പ്രധാന ഇടനിലക്കാരി ദിവ്യ നായർ ഇടനിലക്കാരൻ അഭിലാഷ് എന്നിവരാണ് കേസിൽ നേരത്തെ പിടിയിലായ പ്രതികൾ. ഇവർ പിടിയിലായതോടെ മറ്റ് പ്രതികൾ ഒളിവിൽ പോകുകയായിരുന്നു.